Image

കേരളത്തിലെ നഴ്‌സുമാരുടെ സമരം കാലഘട്ടത്തിന്റെ ആവശ്യം: ശ്രീലേഖ ഐ.പി.എസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 04 February, 2012
കേരളത്തിലെ നഴ്‌സുമാരുടെ സമരം കാലഘട്ടത്തിന്റെ ആവശ്യം: ശ്രീലേഖ ഐ.പി.എസ്‌
കൊച്ചി: കേരളത്തിലെ നഴ്‌സുമാരുടെ സമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ കേരളാ പോലീസ്‌ അഡീഷണല്‍ ഡി.ഡി.പി ശ്രീമതി ശ്രീലേഖ ഐ.പി.എസ്‌ അഭിപ്രായപ്പെട്ടു. പുറംലോകത്തേക്ക്‌ പോകാനുള്ള വാതിലുകള്‍ അടഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ ഇന്നത്തെ സമരങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ഫിലാഡല്‍ഫിയയില്‍ നിന്നുള്ള വിന്‍സെന്റ്‌ ഇമ്മാനുവേലിന്‌ അനുവദിച്ച ഒരു അഭിമുഖത്തിലാണ്‌ ശ്രീലേഖ ഇക്കാര്യം വ്യക്തമാക്കിയത്‌.

നഴ്‌സുമാര്‍ ചൂഷണത്തിനും പീഡനത്തിനുമെതിരേ ശബ്‌ദമുയര്‍ത്തുന്ന മാലാഖമാരാണെന്നും, ഇന്ന്‌ അവര്‍ ഒരു നിവൃത്തിയുമില്ലാത്തതിനാലാണ്‌ സമരത്തിന്റെ പാതയിലേക്ക്‌ നീങ്ങിയതെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. സമരങ്ങള്‍ തെറ്റല്ലെന്നും ന്യായമായ അവകാശങ്ങള്‍ പലപ്പോഴും സമരങ്ങളില്‍ക്കൂടി മാത്രമേ നേടിയെടുക്കാന്‍ കഴിയുകയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ രാഷ്‌ട്ര പിതാവായ ഗാന്ധിജി പോലും സമരത്തിന്റെ വഴികള്‍ സ്വീകരിക്കേണ്ടിവന്നത്‌ ഇതുകൊണ്ടാണ്‌. സമരം ചെയ്യുന്ന നഴ്‌സുമാര്‍ ട്രാഫിക്‌ ബ്ലോക്ക്‌ ചെയ്യരുതെന്നും അക്രമവും, അന്യായവും കാട്ടരുതെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.

പുരുഷന്മാര്‍ കൂടുതലുള്ള പോലീസ്‌ രംഗത്ത്‌ ആദ്യത്തെ ഐ.പി.എസ്‌ ഓഫീസറായി കേരളത്തിലേക്കു വന്ന ശ്രീലേഖയെ പോലീസ്‌ സഹപ്രവര്‍ത്തകരും, മേലധികാരികളും ആശങ്കയോടെയാണ്‌ നോക്കി കണ്ടത്‌. 1993-ല്‍ ശബരിമലയ്‌ക്കടുത്തുള്ള പത്തനംതിട്ടയില്‍ 11 പോലീസ്‌ ഓഫീസേഴ്‌സ്‌ അടങ്ങുന്ന ഒരു യൂണീറ്റില്‍ ജോലി ചെയ്‌തപ്പോള്‍ ശ്രീലേഖ യൂണീറ്റ്‌ റെയ്‌ഡ്‌ ചെയ്‌തു. യമഹ സുരേന്ദ്രന്‍, അയ്യായിരം മുതല്‍ അമ്പതിനായിരം വരെ മാസപ്പടി നല്‍കിയിരുന്നത്‌ തൊണ്ടിസഹിതം പിടികൂടി. പക്ഷെ, ഇതോടെ രംഗം മാറി. ശ്രീലേഖയെ ഒറ്റപ്പെടുത്താനായിരുന്നു പിന്നീടുള്ള ശ്രമം. ഇതിനുശേഷം ഇവര്‍ അനുഭവിച്ച യാതനകള്‍, മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം, ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമം ഇവയെല്ലാം ഇതിന്റെ പരിണിത ഫലമാണ്‌. ശ്രീലേഖ തൊണ്ടിസഹിതം പിടികൂടിയ കേസ്‌ തള്ളിപ്പോകുകയാണുണ്ടായത്‌.

ഇങ്ങനെയൊക്കെയാണെങ്കിലും പോലീസ്‌ സേനയില്‍ അവര്‍ പടിപടിയായി ഉയര്‍ന്നു. ഇന്ന്‌ കേരളത്തിലെ ക്ലീന്‍ ഇമേജുള്ള പോലീസ്‌ മേധാവിയായി അവര്‍ ഉയരുകയും ചെയ്‌തു. പൊതുവെ സാമര്‍ത്ഥ്യമുള്ള മലയാളി പെണ്‍കുട്ടികള്‍ ഒരു പരിധിവരെ എല്ലാം അടക്കിവെച്ച്‌ മുന്നോട്ടുവന്ന്‌ പ്രവര്‍ത്തിക്കാതിരിക്കുന്നതിന്റെ കാരണം ഇതൊക്കെതന്നെയാണെന്ന്‌ വ്യക്തമാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഭരണ കേന്ദ്രങ്ങളില്‍ ശ്രീലേഖയെപ്പോലുള്ളവര്‍ അമരത്തുണ്ടല്ലോ എന്ന സമാധാനത്തോടെയാണ്‌ ഈ ലേഖകന്‍ പോലീസ്‌ കേന്ദ്രത്തില്‍ നിന്നും പടിയിറങ്ങിയത്‌.
വിന്‍സെന്റ്‌ ഇമ്മാനുവേല്‍ (സെല്‍-ഇന്ത്യ 9947 815569)
കേരളത്തിലെ നഴ്‌സുമാരുടെ സമരം കാലഘട്ടത്തിന്റെ ആവശ്യം: ശ്രീലേഖ ഐ.പി.എസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക