Image

ബിജുവിന്റെ കൈയ്യൊപ്പ് പതിഞ്ഞ മെഗാ പരിപാടികള്‍

Published on 28 June, 2016
ബിജുവിന്റെ കൈയ്യൊപ്പ് പതിഞ്ഞ മെഗാ പരിപാടികള്‍
ഫൊക്കാന കണ്‍വന്‍ഷനെ മെഗാ ഇവന്റാക്കുന്നത് എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമുകളാണ്. സൂപ്പര്‍ സ്റ്റാറുകളടക്കം രണ്ടു ഡസിനിലേറെ താരങ്ങളും കലാകാരന്മാരും ഗായകരും പങ്കെടുക്കുന്ന അവാര്‍ഡ് നൈറ്റ് തന്നെ പ്രധാന ഇനം. ഇത്തരമൊന്ന് ഇത്രയേറെ പേരെ പങ്കെടുപ്പിച്ച് അമേരിക്കന്‍ മണ്ണില്‍ മുമ്പുണ്ടായിട്ടില്ല.

പക്ഷെ ഇത് കണ്‍വന്‍ഷന്റെ ഒരു ഭാഗം മാത്രമാണെന്നു എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ ബിജു കട്ടത്തറ ചൂണ്ടിക്കാട്ടുന്നു. യു.എസിലും കാനഡയിലുമുള്ള ഗായകര്‍ മത്സരിച്ച സ്റ്റാര്‍സിംഗര്‍ പരിപാടിയുടെ ഫൈനല്‍ ഗ്രാമി അവാര്‍ഡ് മാതൃകയില്‍ ഉജ്വലമായിരിക്കും. ബാങ്ക്വറ്റ് നൈറ്റിലെ മിസ് ഫൊക്കാന ഷോയും വര്‍ണ്ണാഭമായ അപൂര്‍വ്വ സംഭവമായിരിക്കും.

ഒരു വര്‍ഷത്തിലേറെയായുള്ള കഠിനാധ്വാനം സാഫല്യത്തിലേക്ക് നീങ്ങുന്നതിന്റെ സന്തോഷത്തിലാണ് ബിജു. കാര്യങ്ങളെല്ലാം ഉദ്ദേശിച്ചപോലെ നീങ്ങുന്നു. കലാകാരന്മാര്‍ എത്തിത്തുടങ്ങി. ഫിലിം അവാര്‍ഡ് ഷോ 5 മണിക്കൂര്‍ നീളുന്ന പ്രോഗ്രാമാണ്. അവാര്‍ഡുകള്‍ സമ്മാനിക്കുന്നത് പ്രശസ്ത കലാകാരന്മരാണ്. 

ഒരു  ദശാബ്ദമായി നാട്ടില്‍ നിന്നു വിവിധ ഷോകള്‍ കൊണ്ടുവരുന്ന പരിചയമാണ് ഈ സാഹസത്തിനു നേതൃത്വം നല്കാന്‍ ബിജുവിനെ പ്രേരിപ്പിച്ചത്. ഒപ്പം ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അടക്കമുള്ളവര്‍ തന്ന നിര്‍ലോഭമായ സഹകരണവും. 

ആദ്യം പത്ത് അവാര്‍ഡുകള്‍ കൊടുക്കാനായിരുന്നു തീരുമാനം. പിന്നീടത് 15 ആക്കി. രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍- ദിലീപും, സുരേഷ് ഗോപിയും- ഒരേ വേദിയില്‍ വരുന്നത് കേരളത്തിനു വെളിയില്‍ ആദ്യമായാണ്.

സ്റ്റാര്‍ സിംഗറില്‍ വിജയിക്കുന്ന കുട്ടിക്ക് സിനിമയില്‍ പാടാന്‍ അവസരം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നു വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്. അതുപോലെ മിസ് ഫൊക്കാനയ്ക്ക് കേരളത്തില്‍ മിസ് കേരള മത്സരത്തിലേക്ക് പ്രവേശനം ലഭിക്കും. മിസ് കേരള മത്സരം നടത്തുന്നവരും കണ്‍വന്‍ഷന് എത്തുന്നുണ്ട്.

താരനിശയ്ക്കിടയില്‍ താരങ്ങള്‍ അവതരിപ്പിക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകള്‍ പുതിയൊരു അനുഭവമായിരിക്കും. കോമഡി പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നവരും കൂടെയുണ്ട്.

തുടക്കത്തില്‍ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും നല്ല രീതിയില്‍ രജിസ്‌ട്രേഷന്‍ ലഭിച്ചതും സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചതും കാര്യങ്ങള്‍ സുഗമമാക്കി. കാനഡയില്‍ പ്രത്യേകിച്ച് ടൊറന്റോയിലേ ഇത്തരം മെഗാ പരിപാടി നടക്കൂ എന്ന് തെല്ല് അഭിമാനത്തോടെ പറയാന്‍ കഴിയും.

സമ്മേളനത്തില്‍ കേരള ഭക്ഷണം വിളമ്പുന്നു എന്നതും പ്രത്യേകതയാണ്. കണ്‍വന്‍ഷന്‍ ടൊറന്റോ മലയാളി അസോസിയേഷന്റെ പൊന്‍തൂവലാണ്. അമേരിക്കയിലെ ആദ്യ മലയാളി സംഘടനയായ അസോസിയേഷനു സ്വന്തമായി മൂന്നു കെട്ടിടങ്ങളുണ്ട്. മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം. ജോണ്‍ പി. ജോണിന്റെ നേതൃത്വവും ജനസമ്മതിയുമാണ് പ്രവര്‍ത്തന മികവിന്റെ മറ്റൊരു കാരണം.

മലയാളി മങ്ക, ബെസ്റ്റ് കപ്പിള്‍, കവിയരങ്ങ്, ചിരിയരങ്ങ്, സെമിനാറുകള്‍ തുടങ്ങി പ്രോഗ്രാമുകള്‍കൊണ്ട് സമൃദ്ധമാണ് കണ്‍വന്‍ഷന്‍ ദിനങ്ങള്‍.

ആലപ്പുഴ സ്വദേശിയായ ബിജു ഐ.ടി രംഗത്തു പ്രവര്‍ത്തിക്കുന്നു. അതിനു പുറമെ 2008 മുതല്‍ നാട്ടില്‍ നിന്നു വിവിധ ഷോകള്‍ കൊണ്ടുവരുന്നു. ഫോമ കണ്‍വന്‍ഷന്‍ ചെയര്‍കൂടിയായ മാത്യു വര്‍ഗീസണ് ഈ രംഗത്തെ പങ്കാളി. 

സെപ്റ്റംബറില്‍ മംമ്ത മോഹന്‍ദാസ് - സുരാജ് വെഞ്ഞാറമൂടിന്റെ പ്രോഗ്രാം നടത്തുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക