Image

ലേക്ക്‌ ഷോറും ആസ്‌ത്മയും

ശ്രീകുമാര്‍ പുരുഷോത്തമന്‍ Published on 04 February, 2012
ലേക്ക്‌ ഷോറും ആസ്‌ത്മയും
സ്വന്തം മനസ്സും ശരീരവും ആതുരശുശ്രൂഷക്കായി സമര്‍പ്പിച്ച നഴ്‌സുമാര്‍ ഇന്ന്‌ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്‌. കേരളത്തിന്റെ പുറത്തു പൊട്ടിപ്പുറപ്പെട്ട സമരം ഇന്ന്‌ കേരളത്തെയാകെ ഗ്രസിച്ചിരിക്കുന്നു. അതെ, അവര്‍ നിലനില്‍പ്പിനായി അവസാന കച്ചിതുരുമ്പ്‌ തേടുകയാണ്‌ . അമൃതയിലും എലൈറ്റിലും കത്തിപ്പടര്‍ന്നു ഇപ്പോള്‍ കേരളത്തിലെ ഫൈവ്‌ സ്റ്റാര്‍ ആശുപത്രിയായ ലേക്ക്‌ ഷോറില്‍ എത്തി നില്‍ക്കുന്നു .നാളെയുടെ പ്രഭാതം പൊട്ടിവിടരുമ്പോള്‍ ഇത്‌ മറ്റു സ്ഥലങ്ങളിലേക്കും പടരും എന്ന്‌ ഉറപ്പ്‌ .

ഈ മാലാഖമാര്‍ എന്താണ്‌ ആവശ്യപ്പെടുന്നത്‌? െ്രെപവറ്റ്‌ പ്രാക്ടീസ്‌ വേണമെന്നാണോ ? അല്ല . നേരെ മറിച്ച്‌ മാറിയ സാമ്പത്തിക സാഹചര്യത്തില്‍ ജീവിക്കാന്‍ ആവശ്യമായ മിനിമം വേതനം വേണം എന്നാണ്‌.

കൊച്ചിയിലെ തെരുവോരത്ത്‌ പാട്ടപെറുക്കി ജീവിക്കുന്ന നാടോടികള്‍ മാസം സമ്പാദിക്കുന്നത്‌ പോലും 4000 രൂപയില്‍ കൂടുതല്‍ ആണ്‌. ഈതുക ഒരു നഴ്‌സിന്‌ കിട്ടുമ്പോള്‍ അത്‌ അവര്‍ക്ക്‌ വസ്‌ത്രം വെളുപ്പിക്കാന്‍ പോലും തികയില്ല എന്ന്‌ ഈ മുതലാളിമാര്‍ക്ക്‌ അറിയാം . എല്ലാക്കാലവും ഇവര്‍ അടിമകളായി കാല്‍ച്ചുവട്ടില്‍ കിടന്നുകൊള്ളും എന്ന ഇവരുടെ ധാര്‍ഷ്ട്യം സംഘടിത ശക്തിക്ക്‌ മുന്നില്‍ പൊറാട്ട്‌ നാടകമായി മാറുന്നു . ഈ സമര വീഥിയില്‍ ദിനംപ്രതി കോമാളികളായി മാറിക്കൊണ്ടിരിക്കുന്ന നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ട്‌ .

ഇന്നത്തെ ഏറ്റവും വലിയ ഫലിതം എന്താണെന്നു വടക്കേലെ ജാനു എന്നോട്‌
ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്‌ IMA യുടെ പ്രസ്‌താവന ആണെന്നാണ്‌ . അവരുടെ ആവശ്യം നഴ്‌സുമാരുടെ സമരത്തെ എസ്‌മയുടെ പരിധിയില്‍ കൊണ്ടുവരണം എന്നാണ്‌. ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം , വസ്‌ത്രം , പാര്‍പ്പിടം എന്നിവയ്‌ക്കുവേണ്ടി മുറവിളി കൂട്ടുന്ന ഈ മാലാഖമാരുടെ സമരത്തെ എസ്‌മയുടെ പരിധിയില്‍ കൊണ്ടുവരണം പോലും !!!. എത്ര വലിയ തമാശ ? പഞ്ച നക്ഷത്ര ദന്തഗോപുരങ്ങളില്‍ ഇരുന്നു ജോണി വാക്കറും ഷിവാസും വീശി
പ്രസ്‌താവന ഇറക്കി ഗീര്‍വാണം വിട്ടു പോകുന്ന ഇവര്‍ ഒരു കാര്യം മറക്കുന്നു : ഇവരുടെ പുറകെ ചാര്‍ട്ടും തൂക്കി നടക്കുന്ന നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങളെ. IMAകേരളത്തില്‍ നടത്തിയ സമരങ്ങളെ ഇവര്‍ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുന്നു . കേരളത്തിലെ പല സ്ഥലങ്ങളിലും ആശുപത്രികള്‍ സ്‌തംഭിപ്പിച്ചുകൊണ്ട്‌ നിങ്ങള്‍ നടത്തിയ സമരങ്ങളെ നിങ്ങളോര്‍ക്കുന്നോ? നിങ്ങളുടെ സമരം മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ എത്രപെരെന്നു നിങ്ങള്‍ക്കറിയുമോ? അമിത ശമ്പളവും ആനുകൂല്യവും കൈപ്പറ്റി അതും പോരാതെ സാധുരോഗികളുടെ കയ്യില്‍ നിന്നും പടി വാങ്ങിയിട്ടും നിങ്ങളുടെ ആര്‍ത്തി അടങ്ങുന്നില്ല . െ്രെപവറ്റ്‌ പ്രാക്ടീസ്‌ അനുവദിക്കണം എന്ന ആവശ്യമുന്നയിച്ചു നിങ്ങള്‍ സമരം നടത്തിയത്‌ കേരള ജനത മറന്നുവെന്നു കരുതുന്നുണ്ടോ? ഇവരുടെ മനസ്സിന്‌ ആസ്‌ത്മ ബാധിച്ചതുകൊണ്ടാണ്‌ ഇവര്‍ എസ്‌മയെ കുറിച്ച്‌ പ്രസംഗിക്കുന്നത്‌ . എങ്ങനെയാണു സുഹൃത്തേ , നിങ്ങള്‍ ചെയ്യുമ്പോള്‍ അത്‌ സമരവും നഴ്‌സുമാര്‍ നടത്തുമ്പോള്‍ അത്‌ മനുഷ്യത്തഹീനവും ആകുന്നതു ?

അമ്മ സ്വന്തം കരള്‍ പകുത്തു നല്‍കിയിട്ടും ആരോടും പരിഭവമില്ലാതെ ആതിര യാത്രയായി . 16 മണിക്കൂര്‍ നീണ്ടു നിന്ന ശാസ്‌തക്രിയക്ക്‌ 22 ലക്ഷം രൂപ ചിലവായി എന്നാണ്‌ പത്രമാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്‌ . ഇതില്‍ 16 മണിക്കൂര്‍ ഓപെരഷന്‍ തിയേറ്ററില്‍ ജാഗരൂകരായി പണിയെടുത്ത നഴ്‌സുമാര്‍ക്ക്‌ എന്ത്‌ കിട്ടിക്കാണും? അഴീക്കോടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ `റിട്ടയര്‍ ചെയ്‌ത കുടവയറന്‍മാരെ ആശ്ലേഷിക്കുന്ന അമ്മ', നഴ്‌സുമാരുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിച്ചു. സമരനേതാവിനെ ഗുണ്ടകള്‍ ചേര്‍ന്ന്‌ തല്ലി ചതച്ചപ്പോള്‍ അമൃതവാണിയൊന്നും കേരളക്കര കേട്ടില്ല.

ഈ സമരത്തോടുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ഇരട്ടത്താപ്പ്‌ പകല്‍പോലെ വ്യക്തം . ബോംബയില്‍ നഴ്‌സുമാര്‍ സമരം അരംഭിച്ചപോള്‍ അത്‌ ഒത്തു തീര്‍പ്പാക്കാന്‍ ബോംബയ്‌ക്ക്‌ പറന്ന നേതാക്കന്മാരെ ഓര്‍ത്തു കേരളക്കര രോമാഞ്ചം കൊണ്ടിട്ടുണ്ടാകാം. എന്നാല്‍ കേരളത്തില്‍ അവരുടെയൊന്നും നിഴല്‍പോലും കാണ്മാനില്ല . എന്തേ , ഒരേ വിഷയത്തോട്‌ രണ്ടു കാഴ്‌ചപ്പാട്‌ ? മുല്ലപ്പെരിയാര്‍ സമരം മറ്റുള്ളവര്‍ ഹൈജാക്ക്‌ ചെയ്യുമോ എന്ന്‌ ഭയന്ന്‌ നേരത്തെ ആഹാരം ഉപേക്ഷിച്ച കുഞ്ഞുമാണിക്ക്‌ ലേക്ക്‌ ഷോറില്‍ മുണ്ട്‌ തലയില്‍ ഇട്ടെങ്കിലും ഒന്ന്‌ ചെന്ന്‌ കൂടായിരുന്നോ? കേരളത്തിലെ യുവജനങ്ങളെ ഒരു കാലത്ത്‌ കോരിത്തരിപ്പിച്ച പി .ടി തോമസിന്‌ ലേക്ക്‌ ഷോര്‍ ഒത്തിരി ദൂരത്താണോ? യേശുവിനെ വിപ്ലവകാരിയായി പ്രഖ്യാപിച്ചു ചരിത്രമെഴുതിയ പിണറായീ , ഇത്‌ കയ്യൂരും കരിവെള്ളൂരും ഒന്നുമല്ലെങ്കിലും ജീവിക്കാന്‍ ആശിക്കന്നവരുടെ സമരമായെങ്കിലും കണ്ടുകൂടെ ? അങ്ങേക്ക്‌ പോകുവാന്‍ പറ്റിയില്ലേല്‍ , അങ്ങയുടെ െ്രെഡവറെ എങ്കിലും ഒന്ന്‌ പറഞ്ഞുവിട്ടു കൂടായിരുന്നോ ? ഒരു മിനിറ്റ്‌ വാചകം നീട്ടി 10 മിനിറ്റ്‌ ആക്കുന്ന അച്ചുതാന്ദന്‍ എന്ന സമരനായകന്റെ ഒരു പ്രസ്‌താവനയും കണ്ടില്ലലോ ? കാഷയധാരികള്‍ എല്ലാം പ്രതികരണ ശേഷി നഷ്ടപെട്ടു പളനിയില്‍ തല മുണ്ഡനം ചെയ്യാന്‍ പോയോ എന്ന്‌ കേരളക്കര സംശയിക്കുന്നു . എന്താണ്‌ ഈ ഇരട്ടതാപ്പിനു കാരണം ? ഈ സമരത്തെ അനുകൂലിച്ചാല്‍ , ആശുപത്രി മുതലാളിമാര്‍ കയ്യയച്ചു നല്‍കുന്ന തിരഞ്ഞെടുപ്പ്‌ ഫണ്ട്‌ നിന്നുപോകുമോ എന്ന്‌ ഇവര്‍ ഭയപ്പെടുന്നു . ഇവര്‍ സൗകര്യപൂര്‍വ്വം മറന്നു പോകുന്ന ഒരു കാര്യമുണ്ട്‌ . കേരളത്തിനകത്തും പുറത്തും ജീവിക്കുന്ന ലക്ഷക്കണക്കിന്‌ നഴ്‌സുമാരും അവരുടെ ബന്ധുക്കളും ഒറ്റക്കെട്ടായി നിന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ആരെ ജയിപ്പിക്കണം , ആരെ തോല്‌പിക്കണം എന്ന്‌ തീരുമാനിക്കാന്‍ കഴിയും .ആ സമയമാകുമ്പോള്‍ ആട്ടിന്‍ തോലിട്ട ചെന്നായയെ പോലെ രക്ഷകരായി അവതരിക്കരുതെന്നു അപേക്ഷ .

കേരളത്തിലെ പത്രമാധ്യമങ്ങളെ വിസ്‌മരിക്കുന്നതെങ്ങനെ? അരൂര്‍ പാലത്തിനു സമീപം ഒരു ബൈക്കും കാറും കൂടിയിടികുക്‌മ്പോള്‍ , കാര്‍ വന്ന വഴി, ബൈക്ക്‌ പോയ വഴി എന്ന രീതിയില്‍ രേഖാചിത്രതോടെ വാര്‍ത്ത! ആഘോഷമാക്കുന്ന മാധ്യമ ഭീമന്മാര്‍ ഈ സമരത്തോട്‌ ഷണ്ടത പുലര്‍ത്തുന്നു . മുന്‍പേജില്‍ പോയിട്ട്‌ ഉള്ളിലെ പേജില്‍ പോലും ഇതിനെക്കുറിച്ച്‌ ഒരു വാര്‍ത്ത! പ്രതീക്ഷിക്കുന്നത്‌ ശുദ്ധ അസംബന്ധം . ബോംബെ സമരം നടന്നപോള്‍ ഫ്‌ലൈറ്റ്‌ ചാര്‍ട്ട്‌അര്‍ ചെയ്‌തു പോയി തല്‍സമയ വിവരണം നല്‍കിയ ദൃശ്യ മാധ്യമങ്ങള്‍ പിന്നാമ്പുറത്ത്‌ എവിടെയോ കാറ്റ്‌ കൊണ്ടിരിക്കുന്നു . എന്നാല്‍ ന്യൂനതകള്‍ ഏറെയുണ്ടെങ്കിലും വാര്‍ത്തകള്‍ സൌഹൃദങ്ങളില്‍ നിന്നും സൌഹൃദങ്ങളിലേക്ക്‌ എത്തിക്കുന്ന സോഷ്യല്‍ മീഡിയകള്‍ അതിന്റെ പങ്കു ഭംഗിയായി നിര്‍വഹിക്കുന്നു എന്ന്‌ പറയാതെ വയ്യ . ഇത്‌ നോക്കുകൂലിക്ക്‌ വേണ്ടിയുള്ള സമരമല്ല . ഇതൊരു ജീവന്മരണ പോരാട്ടമാണ്‌ . ഇതിനെ കേരള ജനത ഒട്ടാകെ , വിശിഷ്യ സാംസ്‌കാരിക നായകര്‍ , പത്ര പ്രവര്‍ത്തകര്‍ , രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങള്‍ , മത മേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ ഒറ്റ മനസ്സോടെ പിന്തുണച്ച്‌ചില്ലെങ്കില്‍ ആതുര രംഗത്തെ ഈ മാലാഖമാര്‍ നമുക്ക്‌ മാപ്പ്‌ തരില്ല .

sreekumar.purushothaman@gmail.com
ലേക്ക്‌ ഷോറും ആസ്‌ത്മയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക