Image

ശങ്കറിന്റെ തലവര മാറ്റി എഴുതിയ മോഹന്‍ലാലും മമ്മൂട്ടിയും

Published on 26 June, 2016
ശങ്കറിന്റെ തലവര മാറ്റി എഴുതിയ മോഹന്‍ലാലും മമ്മൂട്ടിയും
മോഹന്‍ലാലിനെയും മമ്മൂട്ടിയെും കേന്ദ്ര കഥാപാത്രങ്ങളാക്കി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് വാര്‍ത്ത. മലയാളത്തില്‍ ഒരു വന്‍ വിജയം തീര്‍ത്ത ചിത്രം.
മലയാളത്തിലെ നേട്ടം മാത്രമല്ല, ഇന്ന് ഇന്ത്യയിലെ പ്രമുഖ സംവിധായകരില്‍ ഒരാളായ ശങ്കറിന്റെ തലവര മാറ്റി മറിച്ചതും ഈ മോഹന്‍ലാല്‍ - മമ്മൂട്ടി ചിത്രമാണ്. 

തമിഴില്‍ കൊടിപാറിച്ച സംവിധായകനും നടനും ഇളയദളപതി വിജയ് യുടെ അച്ഛനുമായ എസ് എ ചന്ദ്രശേഖരന് വാര്‍ത്ത എന്ന ചിത്രം ഒരുപാട് ഇഷ്ടമായി. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ അതിന് മുമ്പ് ചെയ്യാമെന്നേറ്റ മറ്റ് ചിത്രങ്ങളുടെ തിരക്കു കാരണം ചന്ദ്ര ശേഖരന് വാര്‍ത്ത തമിഴില്‍ റീമേക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. അതേ സമയം പ്രഭുവിനെ നായകനാക്കി പലൈവാന റോജാക്കള്‍ എന്ന പേരില്‍ മറ്റൊരു സംവിധായകന്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു.

പക്ഷെ വാര്‍ത്ത കൈവിട്ടുകളയാന്‍ ചന്ദ്രശേഖറിന് മനസ്സു വന്നില്ല. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു. സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്നയായിരുന്നു നായകന്‍. അന്ന് ചന്ദ്ര ശേഖറിനെ അസിസ്റ്റ് ചെയ്തത് ഇന്നത്തെ ഇന്ത്യന്‍ സിനിമയിലെ ഷോ മാനായ ശങ്കറാണ്.

ജയ് ജയ് ശിവശങ്കര്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നതിനിടെ മറ്റൊരു ചിത്രത്തിന്റെ ഫിനിഷിന് വര്‍ക്ക് തീര്‍ക്കാനായി ചന്ദ്ര ശേഖറിന് മദ്രാസിലേക്ക് വരേണ്ടി വന്നു. സംവിധാന ചുമതല ശങ്കറിനെ ഏല്‍പിച്ച് അദ്ദേഹം മദ്രാസിലേക്ക് വന്നു. മൂന്ന് ദിവസത്തെ ശങ്കറിന്റെ സംവിധാന മികവ് കണ്ട് രാജേഷ് ഖന്ന അത്ഭുതപ്പെട്ടു. ബോളിവുഡില്‍ അറിയപ്പെടുന്ന താരങ്ങളെയെല്ലാം വിളിച്ച് രാജേഷ് ഖന്ന ശങ്കരിനെ കുറിച്ച് പറഞ്ഞു.

ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഏത് ഭാഷയില്‍ ആണെങ്കിലും അത് നിര്‍മിയ്ക്കാം എന്ന് രാജേഷ് ഖന്ന വാക്ക് കൊടുത്തു. എന്നാല്‍ ജയ് ജയ് ശിവശങ്കര്‍ റിലീസ് ചെയ്യുന്നതിന് മുമ്പെ തന്നെ കെ.ടി കുഞ്ഞിമോന്‍ ശങ്കറിനെ കരാര്‍ ചെയ്തു കഴിഞ്ഞിരുന്നു. അത് ശങ്കറിന്റെ തുടക്കമായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക