Image

നെവാഡ പ്രൈമറി ഇന്ന്; വിജയം തുടരാന്‍ റോംനി; പുഷ്അപ്പില്‍ മിഷേലിനെ തോല്‍പ്പിക്കാനാവില്ല മക്കളെ...; ഇന്ത്യക്കാരന്‍ പ്രീത് ഭരാര ടൈമിന്റെ മുഖചിത്രത്തില്‍

Published on 03 February, 2012
നെവാഡ പ്രൈമറി ഇന്ന്; വിജയം തുടരാന്‍ റോംനി; പുഷ്അപ്പില്‍ മിഷേലിനെ തോല്‍പ്പിക്കാനാവില്ല മക്കളെ...; ഇന്ത്യക്കാരന്‍ പ്രീത് ഭരാര ടൈമിന്റെ മുഖചിത്രത്തില്‍
നെവാഡ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ സ്ഥനാര്‍ഥിയെ കണ്‌ടെത്തുന്നതിനായി നെവാഡയില്‍ ഇന്ന് പ്രൈമറി വോട്ടെടുപ്പ് നടക്കും. ഫ്‌ളോറിഡയിലെ വിജയത്തിളക്കവുമായെത്തുന്ന മുന്‍ മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനി തന്നെയാണ് നെവാഡയിലും അഭിപ്രായ സര്‍വെകളിലെല്ലാം മുന്നിലെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ സര്‍വെ അനുസരിച്ച് തൊട്ടടുത്ത എതിരാളി മുന്‍ ഹൗസ് സെനറ്റര്‍ ന്യൂട്ട് ഗിന്‍ഗ്രിച്ചിനെക്കാള്‍ ഇരട്ടിയിലധികം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ പിന്തുണയാണ് നെവാഡയില്‍ റോംനിയ്ക്കുള്ളത്.

50 ശതമാനം പിന്തുണ ഉറപ്പാക്കി റോംനി മുന്നേറ്റം തുടരുമ്പോള്‍ സൗത്ത് കരോലീന പ്രൈമറിയില്‍ അട്ടിമറി വിജയം നേടിയ ഗിന്‍ഗ്രിച്ചിന് 25 ശതമാനം വോട്ടര്‍മാരുടെ പിന്തുണ മാത്രമെ ഉറപ്പാക്കാനായിട്ടുള്ളൂ. 15 ശതമാനം പിന്തുണ ഉറപ്പാക്കിയ റോണ്‍ പോള്‍ മൂന്നാമതും എട്ടു ശതമാനം പിന്തുണ മാത്രമുള്ള റിക് സാന്റോറം നാലാമതുമാണ്.

പുഷ്അപ്പില്‍ മിഷേലിനെ തോല്‍പ്പിക്കാനാവില്ല മക്കളെ...

ലോസ് ഏയ്ഞ്ചല്‍സ്: ആരോഗ്യപ്രദ ഭക്ഷണക്രമവും ശാരീരിക ഫിറ്റ്‌നസും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മിഷേല്‍ ഒബാമ പുഷ്അപ് വെല്ലുവിളി ഏറ്റെടുത്ത് എതിരാളിയെ തോല്പിച്ചു. ടെലിവിഷന്‍ പരിപാടിക്കിടെ അവതാരക എല്ലന്‍ ഡിജെനര്‍സ് ആണ് മിഷേലിനെ വെല്ലുവിളിച്ചത്.

25 പുഷ്അപ് തികച്ച് എല്ലനെ മിഷേല്‍ തോല്പിച്ചു. ബുധനാഴ്ച പരിപാടി റെക്കോര്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ഇത്. യുഎസ് പ്രഥമവനിതയുടെ ആരോഗ്യക്ഷമതയ്ക്ക് സ്റ്റുഡിയോയിലെ കാഴ്ചക്കാര്‍ സാക്ഷ്യംവഹിച്ചു. അമ്പത്തിനാലിലെത്തിനില്‍ക്കുന്ന താന്‍ 48 വയസ് മാത്രം പ്രായമുള്ള മിഷേലിനെ തോല്പിക്കുന്നത് ശരിയല്ലെന്നു തോന്നിയതുകൊണ്ടു മത്സരം വിട്ടുകൊടുക്കുകയായിരുന്നുവെന്ന് എല്ലന്‍ തമാശയായി പ്രതികരിച്ചു.

ഇന്ത്യക്കാരന്‍ പ്രീത് ഭരാര ടൈമിന്റെ മുഖചിത്രത്തില്‍

വാഷിംഗ്ടണ്‍: യുഎസ് സാമ്പത്തിക ആസ്ഥാനമായ വോള്‍സ്ട്രീറ്റിലെ അഴിമതിക്കും ക്രമക്കേടിനും എതിരേ കുരിശുയുദ്ധം നടത്തുന്ന ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ പ്രീത് ഭരാരയാണ് ഇത്തവണ ടൈം വാരികയുടെ മുഖചിത്രം. ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലയുടെ യുഎസ് അറ്റോര്‍ണിയാണ് ഇദ്ദേഹം. സാമ്പത്തികലോകത്തിലെ പല പ്രമുഖരെയും പ്രീത് വീഴ്ത്തിയിട്ടുണെ്ടന്നു ബില്‍ സപോരിതോയും മാസിമോ കലാബ്രേസിയും എഴുതിയ കവര്‍ സ്റ്റോറിയില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ഫിറോസ്പുരില്‍ ജനിച്ച പ്രീത് ന്യൂജഴ്‌സിയിലാണു വളര്‍ന്നത്. ഹാര്‍വാര്‍ഡില്‍നിന്നു ബിരുദം നേടി. ന്യൂയോര്‍ക്കിലൈ തെക്കന്‍ ജില്ലയുടെ യുഎസ് അറ്റോര്‍ണിയായി പ്രസിഡന്റ് ഒബാമയാണ് അദ്ദേഹത്തെ നോമിനേറ്റു ചെയ്തത്. 2009 ഓഗസ്റ്റ് 13ന് സത്യപ്രതിജ്ഞ ചെയ്തു.

ഏപ്രിലില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന് പനേറ്റ

വാഷിംഗ്ടണ്‍: ഇറാനെതിരേ സൈനികാക്രമണത്തിന് ഇസ്രയേല്‍ ഒരുങ്ങുന്നതായി സൂചന. ഏപ്രില്‍ മാസത്തോടെ ആക്രമണം നടക്കാന്‍ സാധ്യതയുണെ്ടന്നു യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ കരുതുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

വൈകാതെ ഇറാന്‍ അണ്വായുധ നിര്‍മാണശേഷി കൈവരിക്കുമെന്നാണ് ഇസ്രേലികള്‍ കരുതുന്നത്. ഇതിനാവശ്യമായ സമ്പുഷ്ട യുറേനിയം അവര്‍ ഭൂഗര്‍ഭ നിലയത്തില്‍ ശേഖരിച്ചുവരികയാണ്. അണ്വായുധശേഷി കൈവരിച്ചാല്‍ പിന്നെ യുഎസിനു മാത്രമേ സൈനികമായി അവരെ നേരിടാനാവുകയുള്ളു. ഈ സാഹചര്യത്തില്‍ ഏപ്രിലിനും ജൂണിനും ഇടയ്ക്ക് ആക്രമണം നടത്താനാണ് ഇസ്രേലികള്‍ തയാറെടുക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളം എഴുത്തുകാരന്‍ ഡേവിഡ് ഇഗ്നേഷ്യസ് ചൂണ്ടിക്കാട്ടി. ഇസ്രേലി ആക്രമണ സാധ്യത വര്‍ധിച്ചെന്ന് പനേറ്റ കരുതുന്നതായി ഒബാമ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരും പറഞ്ഞു.

ഇസ്രയേലും അമേരിക്കയും ചേര്‍ന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന സൈനികാഭ്യാസ പ്രകടനം മാറ്റിവച്ചത് ഇറാനെതിരേയുള്ള ആക്രമണം ആസന്നമാണെന്നതിന്റെ സൂചനയാണെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞു. 6000 മൈല്‍ സഞ്ചരിച്ച് അമേരിക്കയില്‍ ചെന്നെത്താന്‍ കഴിവുള്ള മിസൈല്‍ ഇറാന്‍ വികസിപ്പിച്ചു വരുന്നതായി സൂചനയുണെ്ടന്ന് ഇസ്രേലി ഉപപ്രധാനമന്ത്രി മോഷെ യാലോണ്‍ വ്യക്തമാക്കി.

ഇതേസമയം, ഇസ്രയേല്‍ എന്ന അര്‍ബുദം വെട്ടിനീക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമേനി മുന്നറിയിപ്പു നല്‍കി. ഇസ്രയേലിന് എതിരേ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്കും രാജ്യങ്ങള്‍ക്കും എല്ലാ സഹായവും നല്‍കും. അമേരിക്കയ്ക്കും പാശ്ചാത്യരാജ്യങ്ങള്‍ക്കുമെതിരേ ഇറാന്‍ വിപ്‌ളവ വാര്‍ഷികത്തില്‍ നടത്തിയ ടിവി പ്രസംഗത്തില്‍ ഖമേനി ആഞ്ഞടിച്ചു

ഇറാനെതിരായ ഉപരോധം എണ്ണ വിപണിയെ ബാധിക്കില്ലെന്ന് യുഎസ്

വാഷിംഗ്ടണ്‍: ഇറാനെതിരായ ഉപരോധം ആഗോള എണ്ണ വിപണിയെ ബാധിക്കില്ലെന്ന് യുഎസ്. ഇതിനുളള നടപടികള്‍ കൈക്കൊള്ളുന്നുണ്‌ടെന്നും വൈറ്റ് ഹൗസ് വക്താവ് ജെയ് കാര്‍നി പറഞ്ഞു. എണ്ണവിപണിയെയോ സഖ്യകക്ഷികളെയോ പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാകും ഉപരോധം നടപ്പാക്കുകയെന്നും ജെയ് കാര്‍നി വ്യക്തമാക്കി.

ഇറാനെതിരായ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ യുഎസ് സെനറ്റ് ബാങ്കിംഗ് കമ്മറ്റി ഇന്നലെ അംഗീകരിച്ചിരുന്നു. യുഎസിനെക്കൂടാതെ യൂറോപ്യന്‍ യൂണിയനും ഇറാനെതിരേ കടുത്ത ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക