Image

പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണം

Published on 03 February, 2012
പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണം
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണം. കാനഡയിലെ ഒരു ദിനപത്രമാണ് അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെ എയര്‍ ഇന്ത്യയുടെ കരാര്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പൗരന്‍ കോഴ നല്‍കിയെന്നാണ് ആരോപണം.

കനേഡിയന്‍ കമ്പനിയായ ക്രിപ്‌റ്റോ മെട്രിക്‌സിന് എയര്‍ ഇന്ത്യയുടെ 10 കോടി ഡോളറിന്റെ കരാര്‍ ലഭിക്കുന്നതിനായി 2,50,000 ഡോളര്‍ പ്രഫുല്‍ പട്ടേലിനു കോഴ നല്‍കിയെന്നാണു കാനഡയിലെ ദ് ഗ്ലോബ് ആന്‍ഡ് മെയില്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പൗരന്‍ നസീര്‍ കരിഗറാണ് കോഴ നല്‍കിയത്. മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ലക്ഷ്മണ്‍ ദോബ്ലെ വഴിയാണ് കോഴ നല്‍കിയതെന്നാണ് ദിനപത്രം അവകാശപ്പെടുന്നത്. കോഴ നല്‍കിയെങ്കിലും ക്രിപ്‌റ്റോ മെട്രിക്‌സിന് കരാര്‍ ലഭിച്ചില്ല. കനേഡിയന്‍ നിയമ പ്രകാരം വിദേശ കരാറുകള്‍ ലഭിക്കുന്നതിനായി കോഴ വാഗ്ദാനം ചെയ്യുന്നതു പോലും അഴിമതിയാണെന്നിരിക്കെ നസീറിനെ പ്രോസിക്യൂട്ടു ചെയ്യാന്‍ അധികൃതര്‍ തയാറെടുക്കുകയാണെന്നും ദ് ഗ്ലോബ് ആന്‍ഡ് മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍ അഴിമതി ആരോപണം പ്രഫുല്‍ പട്ടേല്‍ നിക്ഷേധിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചു സത്യം പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തയച്ചതായി അദ്ദേഹം അറിയിച്ചു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെïന്നും എന്നാല്‍ ആരോപണം ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണു നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും പ്രഫുല്‍ പട്ടേല്‍ വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക