Image

ബിനീഷ് കോടിയേരിക്ക് പാസ്‌പോര്‍ട്ടിനായി പൊലീസ് ഒത്തുകളിച്ചുവെന്ന് റിപ്പോര്‍ട്ട്

Published on 03 February, 2012
ബിനീഷ് കോടിയേരിക്ക് പാസ്‌പോര്‍ട്ടിനായി പൊലീസ് ഒത്തുകളിച്ചുവെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് മകന്‍ ബിനീഷ് കോടിയേരിക്ക് പാസ്‌പോര്‍ട്ട് തരപ്പെടുത്താന്‍ സംസ്ഥാനത്തെ പൊലീസ് സംവിധാനം ഒന്നടങ്കം ഒത്തുകളിച്ചുവെന്ന് വ്യക്തമായി. വധശ്രമം അടക്കം 18 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ബിനീഷിന് പാസ്‌പോര്‍ട്ട് അനുവദിച്ചതിന്റെ വഴികള്‍ വിശദീകരിച്ച് പൊലീസ് തന്നെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്. 

കോളജ് വിദ്യാഭ്യാസകാലത്തും പിന്നീടും തലസ്ഥാനത്ത് സ്ഥിരതാമസമാക്കിയിരുന്ന ബിനീഷ് കോടിയേരി, കണ്ണൂരില്‍ സ്ഥിരതാമസമാണെന്ന് കാണിച്ചാണ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ 2007 ഫെബ്രുവരി 20ന് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. തല്‍കാല്‍ വ്യവസ്ഥയില്‍ അപേക്ഷിച്ചതിനാല്‍ ആറാം ദിവസം പാസ്‌പോര്‍ട്ട് കിട്ടി. തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് അയച്ചുനല്‍കിയ അപേക്ഷപ്രകാരം പൊലീസ് വെരിഫിക്കേഷന്‍ തുടങ്ങി. ആഭ്യന്തരമന്ത്രിയുടെ മകനെ തീരെ അറിയാത്ത കണ്ണൂരിലെ പൊലീസുകാര്‍ തലശേരി മൂഴിക്കരയിലെ വിലാസത്തില്‍ പറഞ്ഞ വീട്ടിലെത്തി രേഖകളെല്ലാം കണ്ടുബോധിച്ചു. 

താമസം അവിടെ തന്നെയെന്നും പേരില്‍ ഒരു കേസു പോലുമില്ലെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കി. തൊട്ടുപിന്നാലെ തലസ്ഥാനത്തുനിന്ന് രഹസ്യാന്വേഷണക്കാരുടെ റിപ്പോര്‍ട്ടുമെത്തി. സംസ്ഥാനം മുഴുവന്‍ നിരീക്ഷണ സംവിധാനമുള്ള സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് സിഐഡി വിഭാഗം പരിശോധിച്ചിട്ടും കേസുകളൊന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. അപേക്ഷകന് പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് ഒരു തടസവുമില്ലെന്ന് അറിയിച്ചുകൊണ്ട് സെക്യൂരിറ്റി എസ്പിയാണ് 2007 മാര്‍ച്ച് ഒന്നിന് ഈ റിപ്പോര്‍ട്ട് അയച്ചത്. ഇതിനെല്ലാം ഒടുവില്‍ ഭരണം മാറിയശേഷമാണ് കേസുകളെല്ലാം പൊലീസിന്റെ കണ്ണില്‍പെട്ടത്. 

ഇന്റലിജന്‍സ് മേധാവി നടത്തിയ അന്വേഷണത്തില്‍ ബിനീഷ് കോടിയേരിയുടെ പേരില്‍ 19 ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയെന്നാണ് കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണ്‍ ഇപ്പോള്‍ ലോകായുക്തയെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ മനോജ് എബ്രഹാമാണ് മുന്‍ ആഭ്യന്തരമന്ത്രിയുടെ മകന്റെ പേരിലുള്ള 19 ക്രിമിനല്‍ കേസുകളുടെ പട്ടിക ആദ്യം നല്‍കിയത്. ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി വി.കെ.രാജു ലോകായുക്തയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക