Image

വാഴ്‌വേമായത്തില്‍ ലാലും കാവ്യയും

Published on 03 February, 2012
വാഴ്‌വേമായത്തില്‍ ലാലും കാവ്യയും
നാലു പതിറ്റാണ്ടുകള്‍ക്കു ശേഷം 'വാഴ്‌വേമായം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുനര്‍ജനിക്കുമ്പോള്‍ അനശ്വരനടന്‍ സത്യന്‍ അഭിനയിച്ച റോള്‍ ലാലിന്. ഷീലയുടെ നായികാകഥാപാത്രം കാവ്യാമാധവനും. സത്യനും ഷീലയ്ക്കും പുറമേ ഉമ്മര്‍, ഗോവിന്ദന്‍കുട്ടി, ശങ്കരാടി, കെപിഎസി ലളിത, ബഹദൂര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍. ഉമ്മറിന്റെ കഥാപാത്രം കുഞ്ചാക്കോ ബോബനും, ഗോവിന്ദന്‍കുട്ടിയുടേത് ബാബുരാജും, ശങ്കരാടിയുടേത് ബിജുമേനോനും, കെപിഎസി ലളിതയുടേത് തെസ്‌നി ഖാനും, ബഹദൂറിന്റേത് ഹരിശ്രീ അശോകനും അഭിനയിക്കുമെന്നാണ് ആദ്യവിവരം. ബാബുജനാര്‍ദനന്‍- ഷാജൂണ്‍ കാര്യാല്‍ കൂട്ടുകെട്ടില്‍ പഴയ വാഴ്‌വേമായം അതേ പേരില്‍ തന്നെയാണ് പുനരാവിഷ്‌കരിക്കുന്നത്. ഡിസ്‌കോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഒവി മാത്യുവാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 

1970 ലാണ് കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത 'വാഴ്‌വേമായം' റിലീസായത്. 'ഗ്‌ളാമറസായ നായകസങ്കല്‍പ്പങ്ങളെ ഭാവതീവ്രമായ അഭിനയത്തിലൂടെ പിന്നിലാക്കിയ സത്യന്‍, നായകകഥാപാത്രങ്ങള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കുകയായിരുന്നു. സുധി എന്ന സംശയരോഗിയായ ഭര്‍ത്താവിന്റെ വേഷമായിരുന്നു വാഴ്‌വേമായത്തില്‍ സത്യന്. താന്‍ സൗന്ദര്യം കുറഞ്ഞ ഭര്‍ത്താവാണെന്ന അപകര്‍ഷതാബോധം അലട്ടിയിരുന്ന സത്യന്റെ കഥാപാത്രം പരുക്കന്‍ നായകവേഷങ്ങളില്‍ തിളങ്ങുന്ന ലാലിന്റെ കരിയറില്‍ വഴിത്തിരിവായേക്കും. ഷീലയുടെ കഥാപാത്രം ഗദ്ദാമയ്ക്കു ശേഷം കാവ്യയ്ക്ക് ലഭിക്കുന്ന മികച്ച അവസരമാണ്. ശങ്കരാടിക്ക് മികച്ച രണ്ടാമത്തെ കഥാപാത്രത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്ത കഥാപാത്രമാണ് ബിജു മേനോനു ലഭിച്ചിരിക്കുന്നത്. 

പത്രോസ് അയ്യനേത്ത് എന്ന പി. അയ്യനേത്തിന്റെ നോവലിസ്റ്റിന്റെ കഥയാണ് അതേ പേരില്‍തന്നെ സിനിമയാക്കിയത്. മൂന്നുവര്‍ഷം മുമ്പ് അയ്യനേത്ത് വാഹനാപകടത്തില്‍ മരിച്ചു. മലയാളത്തില്‍ അന്ന് സൂപ്പര്‍ഹിറ്റായ ഈ ചിത്രം 1982ല്‍ തമിഴിലേക്കു റീമേക്ക് ചെയ്തപ്പോള്‍ കമല്‍ഹാസന്‍-ശ്രീദേവി ടീമായിരുന്നു  നായികാനായകന്‍മാരായഭിനയിച്ചത്. തോപ്പില്‍ഭാസി രചിച്ച തിരക്കഥ ആനുകാലികമാറ്റങ്ങളോടെയാണ് ഇപ്പോള്‍ പുനര്‍ജനിക്കുന്നത്.

വാഴ്‌വേമായത്തില്‍ ലാലും കാവ്യയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക