Image

സപ്ത സ്വരങ്ങളെ തൊട്ടിലാട്ടിയ പ്രതിഭയ്ക്ക് ഫൊക്കാനയുടെ ആദരം

അനില്‍ പെണ്ണുക്കര Published on 22 June, 2016
സപ്ത സ്വരങ്ങളെ തൊട്ടിലാട്ടിയ പ്രതിഭയ്ക്ക് ഫൊക്കാനയുടെ ആദരം
2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം തേടുന്നത്തിനു മറ്റൊരു കാരണം കാരണം കൊണ്ടു കൂടിയാകും .മാന്‍ മറഞ്ഞുപോയ സംഗീത പ്രതിഭകളുടെ പാട്ടുകള്‍ വീണ്ടും സംഗീത പ്രേമികളുടെ വേദിയില്‍ അവതരിപ്പിക്കുക .അതിനു കാനഡയിലെ കുറച്ചു ഊര്‍ജസ്വലരായ മലയാളികള്‍ നേതൃത്വം വഹിക്കുക .
ഈ ഗാന സന്ധ്യ നയിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും ആണ്.

തത്സമയ ലൈവ് 12 പീസ് ഓര്‍ക്കസ്ട്രയോട് കൂടെ അരങ്ങേറുന്ന ഈ ഗാന സന്ധ്യ ചിക്കാഗോ ആസ്ഥാനമായ ശ്രുതിലയ ഓര്‍ക്കസ്ട്രയും ഫോക്കാനയും ചേര്‍ന്നാണ് അവതരിപ്പികുന്നത്. മണ്മറഞ്ഞു പോയ മലയാളത്തിന്‍റെ സ്വന്തം സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ ഗാനങ്ങള്‍ ഫൊക്കാനാ വേദിയില്‍ അവതരിപ്പിക്കും
മലയാള ലളിതഗാനശാഖയിലും ചലച്ചിത്രഗാനശാഖയിലും എം ജി രാധാകൃഷ്ണനെ പോലെ ഒരാളെ കണ്ടെത്താന്‍ ആവുകയില്ല എന്ന് നിസ്സംശയം പറയാം.
1940 ജൂലായ് 29 ന് ഹരിപ്പാട് ശ്രീ മലബാര്‍ ഗോപാലന്‍ നായരുടേയും കമലാക്ഷി അമ്മയുടെയും സീമന്തപുത്രനായി ജനിച്ച ശ്രീ രാധാകൃഷ്ണന്‍ ആലപ്പുഴയിലും പിന്നീട് തിരുവനന്തപുരത്തും പഠിച്ചു. പ്രസിദ്ധ ശാസ്ത്രീയ സംഗീത വിദുഷി ശ്രീമതി കെ ഓമനക്കുട്ടി , ഗായകന്‍ എം ജി ശ്രീകുമാര്‍ എന്നിവര്‍ സഹോദരരാണ്­ . 2010 ജൂലായ് രണ്ടിന് കരള്‍ സംബന്ധമായ രോഗം ബാധിച്ച് ഈ ലോകം വിട്ടുപിരിഞ്ഞു
ആലപ്പുഴ എസ് ഡി കോളേജിലെ പഠനത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നും ഗാനഭൂഷണം നേടി. ആകാശവാണിയില്‍ സംഗീത സംവിധായകനായി ജോലിയില്‍ പ്രവേശിച്ചു.

അരവിന്ദന്റെ തമ്പിനു് സംഗീത സംവിധാനം നിര്‍വ്വഹിച്ചുകൊണ്ടു് ചലച്ചിത്രരംഗത്തെത്തി. രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ "മൗനമേ നിറയും മൗനമേ "എന്ന തകരയിലെ ഗാനത്തിനു് എസ് ജാനകിയ്ക്കു് സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. ദേശീയ പുരസ്ക്കാരം നേടിയ ചിത്ര, അരുന്ധതി, ബീന, വേണുഗോപാല്‍ തുടങ്ങിയവരെ ചലച്ചിത്രഗാനരംഗത്തേക്കു് കൊണ്ടുവന്നതു് രാധാകൃഷ്ണനാണു്.
തകര, ആരവം, ഞാന്‍ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോള്‍, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്‌നിദേവന്‍ തുടങ്ങി നാല്‍പ്പതിലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. കള്ളിച്ചെല്ലമ്മ, ശരശയ്യ എന്നീ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.

2001­ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2005­ല്‍ അനന്തഭദ്രം എന്ന ചിത്രത്തിനുമായി രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സിനിമാസംഗീതത്തിലും ലളിതസംഗീതത്തിലും തന്റേതായ മുഖമുദ്ര പതിപ്പിച്ചിരുന്നു എം.ജി രാധാകൃഷ്ണന്‍.
1962­ല്‍ തിരുവനന്തപുരത്ത് ആകാശവാണിയില്‍ ചേര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീതസപര്യ ആരംഭിക്കുന്നത്. ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, 2005 – മികച്ച സംഗീത സംവിധായകന്‍ – അനന്തഭദ്രം,
2001 – മികച്ച സംഗീത സംവിധായകന്‍ – അച്ഛനെയാണെനിക്കിഷ്ടം,
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം, 2005 – മികച്ച സംഗീത സംവിധായകന്‍ – അനന്തഭദ്രം, 2001 – മികച്ച സംഗീത സംവിധായകന്‍ – കാറ്റു വന്നു വിളിച്ചപ്പോള്‍.
നമുക്ക് കേരളത്തനിമയുള്ള ലളിതഗാനങ്ങളും അതിലേറെ ശ്രവണ സുന്ദരമായ ചലച്ചിത്രഗാനങ്ങളും സമ്മാനിച്ച ശ്രീ എം ജി രാധാകൃഷ്ണനെ ഫൊക്കാനാ വേദിയില്‍ സംഗീതാര്‍ച്ചന കൊണ്ടു ആദരിക്കുമ്പോള്‍ കാനഡയിലെ മലയാളികള്‍ ഒരു നിമിഷമെങ്കിലും നമ്ര ശിരസ്കരാകും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക