Image

കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ നഴ്‌സസ്‌ സമരം: പിയാനോയുടെ സാന്നിധ്യം ശ്രദ്ധേയമായി

ജോയിച്ചന്‍ പുതുക്കുളം Published on 03 February, 2012
കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ നഴ്‌സസ്‌ സമരം: പിയാനോയുടെ സാന്നിധ്യം ശ്രദ്ധേയമായി
സിറിയന്‍ -മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കീഴിലുള്ള കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രയിടെ സമര പന്തലില്‍ ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന `പിയാനോ'യുടെ സാന്നിധ്യം ശ്രദ്ധേയമായി. ഇതുവരെ പത്ര പ്രസ്‌താവനകളിലും, സാമ്പത്തിക സഹായങ്ങളിലും ഒതുങ്ങി നിന്ന `പിയാനോ'യുടെ പ്രവര്‍ത്തനം കേരളത്തിലെ നഴ്‌സുമാരുടെ സമരപന്തലിലേക്ക്‌ വ്യാപിച്ചുതുടങ്ങി.

ഇതോടെ അമേരിക്കയിലെ സംഘടനകള്‍ എന്തുചെയ്യുന്ന എന്ന ചോദ്യത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടു. ഫോമ, ഫൊക്കാന എന്നീ സംഘടനകളും നഴ്‌സുമാരുടെ സമര രംഗങ്ങളില്‍ സജീവമായി.

കേരളത്തിലെ നഴ്‌സുമാര്‍ ഞങ്ങളുടെ കുഞ്ഞനുജത്തിമാരാണെന്നും, അവരുടെ ജീവിത സമരത്തില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പിയാനോയുടെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ഇതിനിടെ, സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരേ `എസ്‌മ' (എസ്സന്‍ഷ്യല്‍ സര്‍വീസ്‌ മെയിന്റനന്‍സ്‌ ആക്‌ട്‌) പ്രയോഗിക്കണമെന്ന്‌ ഡോക്‌ടര്‍മാരുടെ സംഘടനയായ `ഐ.എം.എ' അഭിപ്രായപ്പെട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെ സമരം ചെയ്യുന്ന കേരളത്തിലെ ഡോക്‌ടര്‍മാര്‍ അവരുടെ തന്നെ കീശ വീര്‍പ്പിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ സമരം ചെയ്യുന്ന അടിമപ്പണിക്കാരായ നഴ്‌സുമാര്‍ക്കെതിരേ എസ്‌മ പ്രയോഗിക്കണമെന്ന ആവശ്യത്തിന്റെ ന്യായം മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്ന്‌ ഇന്ത്യന്‍ പ്രൈവറ്റ്‌ നഴ്‌സസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ലിജു വെങ്ങല്‍ തിരുവനന്തപുരത്ത്‌ നടത്തിയ പ്രസ്‌ ക്ലബ്‌ മീറ്റിംഗില്‍ വ്യക്തമാക്കി.

എസ്‌മ പ്രയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്‌ ഹൈക്കോടതിയെ സമീപിച്ച കോലഞ്ചേരി ആശുപത്രിയുടെ അപേക്ഷ കോടതി നിരുപാധികം തള്ളി. ഇന്നത്തെ പ്രശ്‌നങ്ങളുടെ മുഖ്യകാരണം വര്‍ഷങ്ങളായിട്ടുള്ള സ്വകാര്യ ആശുപത്രികളുടെ ചൂഷണ സ്വഭാവം കൊണ്ടാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. നഴ്‌സുമാരും, നഴ്‌സിംഗ്‌ സ്‌കൂളിലെ അധ്യാപകരും കാലാകാലങ്ങളായി ചൂഷണത്തിനിരയായിട്ടുണ്ടെന്ന്‌ കോടതി അഭിപ്രായപ്പെട്ടു. കോലഞ്ചേരി സമരം തുടരുകയാണ്‌. ലേക്‌ഷോര്‍ ആശുപത്രിയിലും ഇതുതന്നെ അവസ്ഥ.
കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ നഴ്‌സസ്‌ സമരം: പിയാനോയുടെ സാന്നിധ്യം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക