Image

സര്‍വേകള്‍ ഹിലരിക്ക് സാധ്യത കല്‍പ്പിക്കുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 21 June, 2016
സര്‍വേകള്‍ ഹിലരിക്ക് സാധ്യത കല്‍പ്പിക്കുന്നു (ഏബ്രഹാം തോമസ്)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാലരമാസം മാത്രം ശേഷിക്കെ രാഷ്ട്രീയ പണ്ഡിതര്‍ കൂട്ടലും കിഴിക്കലും വിശകലനങ്ങളും പ്രവചനങ്ങളും നടത്തുകയാണ്. ഇടയ്ക്കിടെ നടക്കുന്ന അഭിപ്രായ സര്‍വേകള്‍ക്ക് ഇവയില്‍ പ്രധാന പങ്കുണ്ട്. ദേശാന്തരത്തില്‍ നടന്നുവരുന്ന സര്‍വേകള്‍ തിരഞ്ഞെടുപ്പു ഫലം കൃത്യമായി മുന്‍കൂട്ടി പറയുവാന്‍ സഹായിക്കുമോ എന്നറിയില്ല.
എന്നാല്‍ കഴിഞ്ഞ കുറെ ആഴ്ചകളായി പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമരത്തിരിക്കുന്നവരെ ആശങ്കാകുലരാക്കേണ്ടതാണ്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാവും എന്ന് കരുതപ്പെടുന്ന ഡൊണാള്‍ഡ് ട്രമ്പ് ഈ ഫലങ്ങളില്‍ നിന്ന് എന്തെങ്കിലും പാഠം ഉള്‍ക്കൊണ്ട് ഒരു നല്ല നടത്തത്തിന് ശ്രമിക്കും എന്ന പ്രതീക്ഷ പലര്‍ക്കും ഇല്ല. ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുവാന്‍ സഹായിച്ചേക്കും.

മെയ് മാസത്തിലെ സര്‍വേകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രിസംപ്റ്റീവ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും ട്രമ്പും തമ്മില്‍ കടുത്ത മത്സരം പ്രവചിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം നടത്തിയ സര്‍വേകള്‍ ട്രമ്പിന്റെ നില പരുങ്ങലിലാണ് എന്ന സൂചനയാണ് നല്‍കുന്നത്. ഹിലരിയുമായുള്ള അന്തരം അത്ര വേഗം നികത്താനും കഴിയില്ല എന്ന് ഇവ പറയുന്നു.

റിയര്‍ ക്ലിയര്‍ പൊളിറ്റിക്‌സ് ആവറേജ് ഹിലരിയുടെ ജനപിന്തുണ ട്രമ്പിനെക്കാള്‍ ആറ് പോയിന്റ് കൂടുതലാണെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ മാസത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കണ്ടെത്തലാണിത്. ജൂണില്‍ ഈ സ്ഥാപനം നടത്തിയ എല്ലാ സര്‍വ്വേകളും ഹിലരി മുന്നിലാണെന്ന് കണ്ടെത്തി. മെയ്യില്‍ ചില സര്‍വേകളേങ്കിലും ട്രമ്പാണ് മുന്നിലെന്ന് പറഞ്ഞിരുന്നു. 

കഴിഞ്ഞ രണ്ടാഴ്ച ട്രമ്പ് കടന്നുപോയ വിമര്‍ശനങ്ങള്‍ ഏറെ ഏറ്റുവാങ്ങിയ സാഹചര്യം കൂടി കണക്കിലെടുത്താല്‍ ജനപിന്തുണയുടെ കുറവ് വര്‍ദ്ധിച്ചിട്ടേ ഉണ്ടാവാന്‍ സാധ്യതയുള്ളൂ എന്ന് ആര്‍സിപി കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ നാല് സര്‍വേകളിലെ ഹിലരിയുടെ ലീഡ് 12,9,5,6 പോയിന്റുകളാണ്. ജൂണ്‍ ആദ്യം നടത്തിയ 4 പോളുകളില്‍ 3,4,8,3 പോയിന്റുകളായിരുന്നു. 

ഇലക്ട്രല്‍ മാപ്പ് നോക്കിയാല്‍ പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയരും. 2012 ല്‍ മറ്റ് റോംനി പരാജയപ്പെട്ട ഏതെങ്കിലും സംസ്ഥാനം ഇത്തവണ ട്രമ്പിനെ പിന്തുണയ്ക്കുമോ?  കഴിഞ്ഞ തവണ റോംനി നേടിയ ഏതെങ്കിലും സംസ്ഥാനങ്ങള്‍ ഇത്തവണ ഹിലരി നേടുമോ? 
സര്‍വേകളില്‍ നിന്ന് വ്യക്തമാവാത്ത ചില കാര്യങ്ങളുണ്ട്. ആര്‍ക്കാണ് വോട്ടു ചെയ്യുക എന്ന് തീരുമാനിച്ചിട്ടില്ല എന്ന് പറഞ്ഞ വിഭാഗം വളരെ വലുതാണ്. താല്‍പര്യം വ്യക്തമാക്കിയവര്‍ പോലും നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം (ഭൂരിഭാഗം വോട്ടര്‍മാരും) അവധിയെടുത്ത് വോട്ടു ചെയ്യണമെന്നില്ല.

സര്‍വേകളിലെ ചോദ്യം ആരെയാണ് ഇഷ്ടപ്പെടുന്നത്(ഇഷ്ടപ്പെടാത്തത്) എന്നായിരുന്നു. പലര്‍ക്കും തമ്മില്‍ ഭേദം എന്നു തോന്നിയ ഉത്തരമാണ് നല്‍കിയത്. ഹിലരിക്ക് ലഭിച്ച അനുകൂലാഭിപ്രായം 43 ശതമാനവും എതിര്‍പ്പ് 55 ശതമാനവും ആയിരുന്നു. ട്രമ്പിനെ 29 ശതമാനവും അനുകൂലിച്ചപ്പോള്‍ 70 ശതമാനവും എതിര്‍ത്തു. മുതിര്‍ന്നവരില്‍ 56 ശതമാനവും ട്രമ്പിനോട് എതിര്‍പ്പാണ് ഉണ്ടായിരുന്നത്. റിപ്പബ്ലിക്കന്‍ അനുകൂലികളില്‍ 20 ശതമാനം ട്രമ്പിന് എതിരാണെന്ന് പറഞ്ഞു. ഇതില്‍ നിന്ന് വ്യക്തമാവുന്നത് ട്രമ്പിനെ എതിര്‍ക്കുന്നവരില്‍ ഒരു വലിയ വിഭാഗം ഡെമോക്രാറ്റുകള്‍ ആണെന്നാണ്. ഇത് പ്രതീക്ഷിക്കാവുന്ന സര്‍വേ ഫലം. സര്‍വേ ഫലം പൂര്‍ണ്ണമായി ആശ്രയിക്കാമോ എന്ന ചോദ്യം ന്യായമായും ഉയരും. 

തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക ലറ്റിനോ , കറുത്ത വര്‍ഗ്ഗക്കാരുടെ വോട്ടുകളാണ്. ലറ്റിനോകളെ ചൊടിപ്പിക്കുവാന്‍ ട്രമ്പ് ഇടയ്ക്കിടെ നടത്തുന്ന പ്രസ്താവനകള്‍ കാരണമാവുന്നു. ഇവര്‍ ട്രമ്പിനെ അനുകൂലിച്ചു വോട്ടുചെയ്യുവാന്‍ സാധ്യത കുറവാണ്. കറുത്ത വര്‍ഗക്കാരെ പിണക്കുന്ന പ്രസ്താവനകള്‍ ട്രമ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇവരുടെ വോട്ടുകള്‍ ലക്ഷ്യമാക്കി നടത്തുന്ന രാഷ്ട്രീയ തന്ത്രമായി ഇത് വിലയിരുത്താം.


Join WhatsApp News
Anthappan 2016-06-22 08:40:11
Hillary on Trump

A few days ago, he said, 'I'm going to do for the country what I did for my business,'" Clinton said during her speech in the crucial battleground state of Ohio. "So let's take a look at what he has done. He's written a lot of books about business -- they all seem to end at Chapter 11."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക