Image

"ഒഴിവു ദിവസത്തെ കളി' പ്രേക്ഷകര്‍ കാണേണ്ട കളി തന്നെ

ആശ പണിക്കര്‍ Published on 18 June, 2016
"ഒഴിവു ദിവസത്തെ കളി' പ്രേക്ഷകര്‍ കാണേണ്ട കളി തന്നെ
സിനിമയെ സംബന്ധിച്ച് എത്ര തവണ കേട്ടു പഴകിയ കഥയാണെങ്കിലും വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് കഥയ്ക്ക് പുതുമ നല്‍കുന്നത്. ഏതുഭാഷയിലായാലും ഇത്തരത്തില്‍ ധൈര്യപൂര്‍വം പരീക്ഷണം നടത്തിയ സംവിധായകരുടെ കലാസൃഷ്ടികള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഈ ശ്രേണിയില്‍ പെടുത്താവുന്ന അവിസ്മരണീയമായ ഒരു ദൃശ്യാനുഭവം എന്നു വിശേഷിപ്പിക്കാവുന്ന ചലച്ചിത്രമാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത" ഒഴിവു ദിവസത്തെ കളി'.

വളരെ കുറഞ്ഞ ബജറ്റില്‍ ഒട്ടും ആര്‍ഭാടമില്ലാതെ വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടു ചിത്രീകരിച്ച സിനിമ ശരിക്കും ഒരു അത്ഭുതം തന്നെയായാണെന്ന് കാണുമ്പോള്‍ മനസിലാകും. പ്രദര്‍ശനത്തിനു മുമ്പു തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം ചലച്ചിത്ര മേളകളിലും മറ്റും പ്രദര്‍ശിപ്പിച്ചപ്പോള്‍ അമ്പരപ്പിക്കുന്ന പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയെടുത്തത്. വിതരണക്കാരില്ലാതെ തിയേറ്ററുകളിലെത്താന്‍ കഷ്ടപ്പെട്ട സിനിമയ്ക്ക് തുണയായത് ആഷിക് അബു എന്ന സംവിധായകന്റെ സന്‍മനസാണ്. ചിത്രം കണ്ട ആഷിക്കിന് നല്ല സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷരില്‍ ഈ ചിത്രം എത്തണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഈ സിനിമയെ ഏറ്റെടുത്തത്.

ഉണ്ണി.ആറിന്റെ കഥയെ ആധാരമാക്കിയാണ് ഈ ചലച്ചിത്രം സൃഷ്ടിച്ചതെങ്കിലും സിനിമ കാണുന്ന പ്രേക്ഷകന് കഥയില്‍ നിന്നും വളരെയധികം വികാസം പ്രാപിച്ച അവസ്ഥയിലാണ് വെള്ളിത്തിരയിലെ ദൃശ്യഭാഷ്യമെന്നു മനസിലാക്കാന്‍ സാധിക്കും. ശക്തമായ തിരക്കഥയുടെ പിന്‍ബലമില്ലായെന്ന് അവകാശപ്പെടാന്‍ കഴിയുന്നതു തന്നെ വലിയ ധൈര്യമാണ്. പ്രത്യേകിച്ചും ചലച്ചിത്രനിര്‍മിതിക്ക് പരമ്പരാഗതമായ ചട്ടക്കൂടുകള്‍ നിലവിലുള്ളപ്പോള്‍. പക്ഷേ നല്ല ശക്തമായ കഥ കൈയ്യിലുളളപ്പോള്‍ തിരക്കഥയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് മാറിയെങ്കില്‍ അത് സംവിധായകന്റെ വൈദഗ്ധ്യം തന്നെയാണ്.

കഥയില്‍ തികച്ചും ഏച്ചുകെട്ടുകളില്ലാതെ സാധാരണ ഗ്രാമ്യഭാഷയില്‍ സംസാരിക്കുന്നവര്‍ മാത്രമാണുള്ളത്. സ്ത്രീകഥാപാത്രം വളരെ ശക്തവും നിര്‍ണായകവുമാണ് ഈ ചിത്രത്തില്‍. സൂപ്പര്‍താരപരിവേഷമുള്ളവരും വാണിജ്യസിനിമയുടെ മുഖ്യധാരയില്‍ നില്‍ക്കുന്ന നടീനടന്‍മാരും ആരും തന്നെ ഈ ചിത്രത്തിലില്ല. പക്ഷേ എല്ലാവരും തങ്ങളുടെ ഭാഗം വളരെ കൃത്യമായി അഭിനയിച്ചു പോരുന്നുണ്ട്. അഭിനയിക്കുകയാണെന്നു തോന്നാത്ത വിധം. എല്ലാ കഥാപാത്രങ്ങള്‍ക്കും തികച്ചും പ്രസക്തിയുമുണ്ട്. ഒട്ടും ബോറടിപ്പിക്കാതെ ഈ കഥാപാത്രങ്ങള്‍ സിനിമയുടെ അവസാന നിമിഷം വരെ നമ്മെ കൂട്ടികൊണ്ടു പോകും.

പുരുഷ കഥാപാത്രങ്ങളായ അഞ്ചു പേര്‍. യൗവ്വനത്തിന്റെ അവസാനഘട്ടത്തിലെത്തിയ അവര്‍ എല്ലാദിവസവും മദ്യപിക്കുന്നതിനായി ഒത്തുകൂടും. അവര്‍ പറയുന്ന കാര്യങ്ങളെല്ലാം തന്നെ ഇതു പോലെയുള്ള മദ്യപാന അവസരങ്ങളില്‍ പതിവായി കേള്‍ക്കാറുള്ളതു തന്നെ. ഉപതിരഞ്ഞെടുപ്പു ദിവസം. രാവിലെ പോയി വോട്ടു ചെയ്താല്‍ ബാക്കി ദിവസം ഒഴിവു ദിവസമായി മാറ്റാം. അവര്‍ അഞ്ചു പേരും ചേര്‍ന്ന് ഒരു പരിപാടി പ്‌ളാന്‍ ചെയ്യുന്നു. എവിടേക്കെങ്കിലും ഒരു യാത്ര. അതോടൊപ്പം മദ്യസേവ. ആ യാത്രയിലാണ് ഈ സിനിമയിലെ നായിക എന്നു പറയാവുന്ന കഥാപാത്രത്തെ അവര്‍ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സംഭവങ്ങളുടെ പ്രയാണമാണ്. ഒഴിവു ദിവസത്തെ തമാശക്ക് വേണ്ടി അവര്‍ ചെയ്യുന്ന കാര്യം ഗൗരവമാകവുകയാണ്. കഥയുടെ നിര്‍ണായകമായ ഈ വഴിത്തിരിവ് സംവിധായകന്‍ വളരെ രസകരമവും ഉദ്വേഗജനകവുമായ രീതിയിലാണ് അവസതരിപ്പിച്ചിട്ടുള്ളത്.

ഒഴിവുദിവസത്തെ കളിയുടെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ ക്‌ളൈമാക്‌സ് തന്നെ. സമീപകാലത്തൊന്നും ഇത്തരത്തില്‍ ഒരു തകര്‍പ്പന്‍ ക്‌ളൈമാക്‌സ് പ്രേക്ഷകര്‍ കണ്ടിട്ടില്ല. നമുക്കെല്ലാം ചിരപരിചിതമായ കഥാപരിസരങ്ങളും കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്. അതുകൊണ്ടു തന്നെ സിനിമ കാണുന്ന പ്രേക്ഷകന് കഥയും കഥാപാത്രങ്ങളും ഒട്ടും അപരിചിതരായി തോന്നുന്നുമില്ല.

ആകാംക്ഷയും പരിമുറുക്കവുമായി മുന്നേറുന്ന സിനിമയ്‌ക്കൊപ്പം കാണികള്‍ക്കും പോകാതെ വയ്യ. പക്ഷേ അവസാനരംഗത്തിലൂടെ പ്രേക്ഷകന് ഒരു വലിയ ഞെട്ടല്‍ നല്‍കിയാണ് സംവിധായകന്‍ ചിത്രം അവസാനിപ്പിക്കുന്നത്.

സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ചു നില്‍ക്കുന്നു. ഏക സ്ത്രീകഥാപാത്രത്തെ ഉജ്ജ്വലമാക്കിയത് അഭിജ ശിവകലയാണ്. ആക്ഷന്‍ ഹീറോ ബിജു, ലൗ 24 #ം 7 തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് അഭിജ. വെല്ലുവിളികള്‍ നിറഞ്ഞ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടിയാണ് താനെന്ന് അഭിജ തെളിയിച്ചിരിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, അരുണ്‍ കുമാര്‍, ഗിരീഷ് നായര്‍, നിസ്താര്‍ അഹ്ഹമ്മദ്, റെജു പിള്ള, പ്രദീപ് കുമാര്‍, ബൈജു നെട്ടോ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ പച്ചയായ മനുഷ്യരായി തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ട്.

മികച്ച കലാസൃഷ്ടികളാണ് പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ "ഒഴിവു ദിവസത്തെ കളി”'” തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടുന്ന ചിത്രങ്ങള്‍ പലതും പ്രേക്ഷകപ്രീതിയില്‍ പിന്നോട്ടു പോവുകയാണ് പതിവ്. അവാര്‍ഡ് സിനിമയല്ലേ, കാണാന്‍ രസമുണ്ടാകില്ല എന്ന മുന്‍ധാരണയാണ് പലര്‍ക്കും. ഈ മുന്‍ധാരണകള്‍ തിരുത്തിക്കുറിക്കേണ്ട ഉത്തരവാദിത്വം പ്രേക്ഷകര്‍ക്കുണ്ട്. വീണിജ്യ സിനിമകള്‍ക്കൊപ്പം കലാമൂല്യമുള്ള നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനുളള കടമ നിറവേറ്റേണ്ടതും പ്രേക്ഷകന്‍ തന്നെ. അതിനു നമുക്കു കഴിയുമെങ്കില്‍ തിയേറ്ററുകളിലെത്താന്‍ ഏറെ പ്രതിബന്ധങ്ങള്‍ നേടിട്ട ഈ മനോഹര ചലച്ചിതാവിഷ്ക്കാരം വലിയ സാമ്പത്തിക വിജയം നേടുമെന്നുറപ്പാണ്. കലാബോധമുള്ള പ്രേക്ഷകരാണ് അതിനു മനസു വയ്‌ക്കേണ്ട­ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക