Image

വളച്ചോളൂ, ഒടിക്കരുത്! ഇനിയൊരു പിളര്‍പ്പിനു ത്രാണിയില്ല (പകല്‍ക്കിനാവ്-7) ജോര്‍ജ് തുമ്പയില്‍

ജോര്‍ജ് തുമ്പയില്‍ Published on 18 June, 2016
വളച്ചോളൂ, ഒടിക്കരുത്! ഇനിയൊരു പിളര്‍പ്പിനു ത്രാണിയില്ല (പകല്‍ക്കിനാവ്-7) ജോര്‍ജ് തുമ്പയില്‍
ദയവു ചെയ്ത അമേരിക്കന്‍ മലയാളികള്‍ക്ക് ഇപ്പോഴുള്ള അന്തസ്സും ആഭിജാത്യവും നാട്ടുകാരുടെ മുന്നില്‍ കളഞ്ഞു കുളിക്കരുത് എന്നുള്ള ഒരു വിനീതമായ അഭ്യര്‍ത്ഥനയോടെ തുടങ്ങട്ടെ. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരാള്‍ തലയ്ക്ക് മുകളിലുണ്ടെന്ന ഓര്‍മ്മപ്പെടുത്തലില്‍ ഇങ്ങ് താഴെ ഭൂമിയിലുള്ള ഒരാള്‍ ഇതെല്ലാം കണ്ട് വിനയപൂര്‍വ്വം കുറച്ചു കാര്യങ്ങള്‍ കണ്ടതു മാത്രം തുറന്നു പറഞ്ഞു കൊള്ളട്ടെ.

ആദിയില്‍ നമുക്ക് ഫൊക്കാന മാത്രമാണ് ഉണ്ടായിരുന്നതെന്ന നഗ്നസത്യം എല്ലാവരും അംഗീകരിക്കുന്നുണ്ട്. പിന്നീടത് വളര്‍ച്ചയുടെ പാതയില്‍ വേള്‍ഡ് മലയാളിയായി രണ്ടു വഴിയായി പിരിഞ്ഞൊഴുകി. കാലം നീണ്ടില്ല, വളരും തോറും പിളരുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആപ്തവാക്യം ഉള്‍ക്കൊണ്ട വേള്‍ഡ് മലയാളി പിന്നെ രണ്ട് ശാഖകളായി വഴി മാറി കുറെ ഒഴുകിയെങ്കിലും നാളുകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ വര്‍ഷം അവര്‍ ചക്കയും ചുളയും പിന്നെയും കെട്ടിപിടിച്ച് ഒന്നിച്ചു. ഒന്നിച്ചു എന്നു വിളിച്ചു പറയുന്നുണ്ടെങ്കിലും സത്യമെന്താണെന്ന് ഇനിയും നാട്ടുകാര്‍ അറിഞ്ഞിട്ടില്ല. ഇലക്ഷന്‍ കമ്മീഷണര്‍ സോമന്റെ വാര്‍ത്താക്കുറിപ്പ് പ്രകാരം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാനലുകളോ നിരവധി മത്സരാര്‍ത്ഥികളോ ഇല്ലാതെ ഐക്യകണ്‌ഠേന ഭാരവാഹികളെ തെരഞ്ഞെടുക്കുവാനാണ് സാധ്യത എന്നു കേള്‍ക്കുന്നു. സോ ഫാര്‍, സോ ഗുഡ്.

ഇനി ഫൊക്കാനയിലേക്ക് തിരിച്ചു വരാം. വളരെ ശക്തവും കെട്ടുറപ്പോടും കൂടി കുറേ നാളുകളായി അമേരിക്കന്‍ മലയാളികളെ മുന്നില്‍ നിന്നു നയിച്ച ഫൊക്കാന ഫ്‌ളോറിഡ കണ്‍വന്‍ഷനില്‍ വച്ച് പിന്നെയും വഴി പിരിഞ്ഞു. കാരണങ്ങള്‍ രണ്ടു കൂട്ടര്‍ക്കും പറയാനുണ്ടായിരിക്കും. ന്യായ അന്യായങ്ങളും ഒട്ടേറെ പ്രതിപാദിക്കാനുണ്ടായിരിക്കും. അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തില്‍ കഠാര കുത്തിയിറക്കിയ ഒരു സംഭവമായിരുന്നു അവിടെ അരങ്ങേറിയത്. അങ്ങനെ, അമേരിക്കന്‍ മലയാളികളടെ ഹൃദയത്തിലേക്ക് ചോര ചിന്തി പിളര്‍ന്നു പൊന്തിയ സംഘടനയാണ് ഫോമ.

തലേന്നു വരെ തോളില്‍ കയ്യിട്ടു നടന്നവരൊക്കെ കീരിയും പാമ്പും പോലെ പിന്നീട് കണ്ടാല്‍ മിണ്ടാത്ത ബദ്ധശത്രുക്കളായി. ഒരു പാത്രത്തില്‍ ഉണ്ടിരുന്നവരൊക്കെയും പരസ്പരം കണ്ടാല്‍ പാത്രമെടുത്തു മുഖത്തേക്ക് എറിയുന്നവരായി. ഉദാരമതികളും സുമനസ്സുകളുമായ അമേരിക്കന്‍ മലയാളികള്‍ കുറേ സമയമെടുത്ത് ആ ദുരന്ത പിളരലിനെയും മനസ്സില്ലാമനസ്സോടെ ഉള്‍ക്കൊണ്ടു. രണ്ടു ചേരിയില്‍ നിന്നവര്‍ കാലം കുറേ ഉരുണ്ടതോടെ കഴിഞ്ഞതെല്ലാം മറന്ന് ഹായ് എന്നു പറയുന്ന ഘട്ടം വരെ എത്തി. 

ഇതിനിടയില്‍ പടലപിണക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ ഇലയ്ക്കും മുള്ളിനും കോട്ടമില്ലാതെ തുടരുകയായിരുന്നു. ഹഡ്‌സണ്‍ നദിയിലൂടെ വെള്ളം കുറേയേറെ ഒഴുകിനീങ്ങി. കാലചക്രം ഉരുണ്ടു. പിന്നീടത് 2016-ന്റെ സൂര്യശോഭയില്‍ തെളിഞ്ഞതോടെ പലരുടെയും മുഖം സൂര്യതാപമേറ്റ് കരുവാളിച്ചു. അതിന്റെ ആഘാതത്തില്‍ ആശയ സംവിധാനങ്ങളിലും ചിന്താധാരകളിലും മാറ്റം ഉണ്ടായി. പലരുടെയും എന്നു പറഞ്ഞത് ശരിയാണെന്നു തോന്നുന്നില്ല. നേതാക്കള്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി. കസേര തന്നെയായിരുന്നു പിന്നെയും താത്വികമായ പ്രശ്‌നം.

ജൂലൈ ഒന്നും രണ്ടും വാരങ്ങളായി ഫൊക്കാനയുടെയും ഫോമയുടെയും കണ്‍വന്‍ഷനുകള്‍ നടക്കുന്നു. രണ്ടിന്റെ നേതൃ രംഗങ്ങളില്‍ ഉള്ളവരും കമ്മിറ്റിയംഗങ്ങളും അഭ്യുദയകാംക്ഷികളും സാദാ ജനങ്ങളുമൊക്കെ കണ്‍വന്‍ഷന്‍ വേദികളില്‍ അരങ്ങേറാന്‍ പോകുന്ന നല്ല പരിപാടികളെ പറ്റിയുള്ള വാര്‍ത്താക്കുറിപ്പുകള്‍ കണ്ട് ആഹ്ലാദപുരസരമിരിക്കുന്ന സമയം. 

അതിന്റയൊക്കെ ശോഭ കെടുത്തുമാറ് അതാ വരുന്നു ഇലക്ഷന്‍ സ്റ്റണ്ടുകള്‍. ഫൊക്കാനയില്‍ ചേരി തിരിഞ്ഞ് രണ്ടു ടീം. ഫോമയിലും തഥൈവ. രണ്ട് ടീമിലുള്ളവരും നേതൃനിരയിലേക്ക് ഉയര്‍ന്നുവരാന്‍ സര്‍വ്വാത്മന യോഗ്യതയുള്ളവര്‍ തന്നെ. കണ്‍വന്‍ഷന്‍ തങ്ങളുടെ സ്ഥലങ്ങളിലേക്ക് വരണമെന്നു വാശി പിടിക്കുന്നവരാണ് ഇരു കൂട്ടരും. തല മുതിര്‍ന്നവര്‍ നേതൃത്വത്തില്‍ നിന്നും മാറി നില്‍ക്കണമെന്നു പറയുന്നവരും യുവജനങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കണമെന്നു വിലപിക്കുന്ന നാലു കൂട്ടരും. പിന്നെ, യുക്തിക്ക് നിരക്കാത്തതും സാധാരണക്കാര്‍ക്ക് മനസ്സിലാകാത്തതുമായ വാദഗതികളുടെ ഘോഷയാത്രയും. ചുരുക്കത്തില്‍ ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടളവില്‍... എന്നു ജ്ഞാനപാനയില്‍ പൂന്താനം പാടിയതു പോലെ അമേരിക്കന്‍ മലയാളികളെ വിഘടിപ്പിച്ച് മലീമസപ്പെടുത്തി നാട്ടുകാരുടെ മുന്നില്‍ നാണം കെടുത്താനുള്ള ചവിട്ടുനാടകങ്ങള്‍ അരങ്ങേറുകയായി. സംഘടന ഏതുമാകട്ടെ, ഇനിയൊരു പിളര്‍പ്പിനുള്ള ശേഷിയും ശേമുഷിയും അമേരിക്കന്‍ മലയാളികള്‍ക്കില്ല. അതു കൊണ്ട് തത്ക്കാലം വളച്ചാല്‍ മതി; ഒടിക്കേണ്ട!

ഇതിപ്പോ വന്നു വന്ന് ആര്‍ക്കും ആരെയും വിശ്വസിക്കാനാവുന്നില്ല. വിശ്വാസം, അതല്ലേ എല്ലാം എന്നു പറഞ്ഞു നടക്കുന്നുണ്ടെങ്കിലും എന്തിനാണെന്ന് അറിയില്ല, ഇതിനൊക്കെ ചൂട്ടു പിടിക്കാന്‍ കുറേ പേര്‍ അങ്ങനെയും ഇങ്ങനെയും ഓടിനടക്കുന്നു. എല്ലാവര്‍ക്കും പൊതുജനങ്ങളെ സേവിക്കണം. അമേരിക്കന്‍ മലയാളികളേ ഊട്ടിക്കണം, കൂടെ കൊണ്ടു നടത്തണം. സര്‍വ്വാത്മനാ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ഗ്രീന്‍ കാര്‍ഡ് നേരിട്ട് നല്‍കണം. 

സത്യത്തില്‍ ഇതൊക്കെ എന്തിനാണ്? അമേരിക്കന്‍ മലയാളികള്‍ മലര്‍ന്നു കിടന്നു തുപ്പുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു. ഇതൊക്കെയും കണ്ട് മറ്റുള്ളവര്‍ ഒരു പക്ഷേ ഭാഷ മനസ്സിലാകാത്തതു കൊണ്ട് ചിരിക്കുന്നുണ്ടാവില്ല. എന്നാല്‍ മുകളില്‍ ഒരാളും താഴെ ഈയുള്ളവനും എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ പറഞ്ഞു കൊള്ളട്ടെ, എല്ലാവരും ഒന്നിച്ചു നില്‍ക്കുകയും പരസ്പരം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന അമേരിക്കന്‍ മലയാളികളെയാണ് എല്ലാവര്‍ക്കും ഇഷ്ടം. അതിന്റെ നാന്ദിയായി ഈ തെരഞ്ഞെടുപ്പുകള്‍ മാറട്ടെ എന്നു മാത്രം ആശിക്കുന്നു. എല്ലാവര്‍ക്കും വിജയാശംസകള്‍ !
വളച്ചോളൂ, ഒടിക്കരുത്! ഇനിയൊരു പിളര്‍പ്പിനു ത്രാണിയില്ല (പകല്‍ക്കിനാവ്-7) ജോര്‍ജ് തുമ്പയില്‍
Join WhatsApp News
gkuttickal 2016-06-18 18:36:57
Ear  parayunna aal ellaam thikanjayaalaano? ningalil kuttamillaaathavar aadyathe kalleriyatte!


Alex vilanilam Koshy 2016-06-18 22:45:16
Dear George:

The so called \\\'leaders\\\' are blind and deaf! There are thousands [90%] of Pravasis like you who are fed up of these leaders! The media and its spoke persons like you should write like this and help the public to promote unity movement for all Pravasis.
As you know I am retired from my official job and public life in USA and trying to settle back in our motherland quietly. I strongly recommend all community leaders to retire and serve the public/community without running after for \\\'positions\\\', and making themselves a \\\'laughing stock\\\' among Pravasis.
Aniyankunju 2016-06-19 05:48:47
Dear Mr. Thumpayil, Your Quote: 
"Onnaayi ninneyiha randennu kandalavi, 
Yundaayi orindal batha mindaavathalla mama,  
Pande kanakku varuvan nin krupa valikal,
Undaakayengaliha naaraayanaaya nama."

is from Ezhtthachan's 'Hari Nama Keerthanam', which means:
"My salutations to that Narayana, With a request from humble self,
To make me see him as one reality, For I was made sad extreme,
To see that the indivisible one, has been split into two".
[Ezhuthachan continues to tell us that though the god is one, we are made to believe that we as persons(antharatma) we are different from the all pervading reality (Paramathma)]


ജോര്‍ജ് തുമ്പയില്‍ 2016-06-26 10:55:13
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത, മിണ്ടാവതല്ല മമ, പണ്ടേക്കണക്കെ വരുവാന്‍ നിന്‍കൃപാവലിക ളുണ്ടാകയെങ്കലിഹ; നാരായണായ നമഃ

ഈ വരികള്‍ എഴുത്തച്ഛന്റേതാണ്. ഹരിനാമകീര്‍ത്തനത്തിലെ രണ്ടാം ശ്ലോകമാണിത്. ഇത് കുട്ടികള്‍ക്ക് അക്ഷരമുറപ്പിക്കാന്‍ അക്ഷരമാലാക്രമത്തില്‍ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവള്‍ക്കോ സന്ധ്യാസമയങ്ങളില്‍ ജപിക്കുന്നതിന് വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ് ഹരിനാമകീര്‍ത്തനം എന്നു കരുതുന്നവരാണ് ഭൂരിഭാഗവും.
-തെറ്റു പറ്റിയതില്‍ ഖേദിക്കുന്നു. (ജോര്‍ജ് തുമ്പയില്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക