Image

തോമായുടെ സുവിശേഷം (അപഗ്രഥനം-4)

ആന്‍ഡ്രൂസ്‌ സി. Published on 03 February, 2012
തോമായുടെ സുവിശേഷം (അപഗ്രഥനം-4)
വചനം 91 :- ശിഷ്യര്‍ അവനോടു പറഞ്ഞു; നിന്നെ ഞങ്ങള്‍ വിശ്വസിക്കേണ്ടതിന്‌ നീ ആരാകുന്നു എന്ന്‌ ഞങ്ങളോട്‌ പറയുക.
അവന്‍ അവരോട്‌ പറഞ്ഞു; നിങ്ങള്‍ ആകാശത്തിന്റെയും ഭൂമിയുടെയും ഉപരിതലത്തെ തിരയുന്നു. എന്നാല്‍ നിങ്ങള്‍ക്കു മുമ്പേ ഉളവായവനെ നിങ്ങള്‍ അറിയുന്നില്ല. അറിയുവാനുള്ള അവസരം നിങ്ങള്‍ ഉപയോഗിക്കുന്നുമില്ല.
വചനം 92 :- യേശു പറഞ്ഞു; അന്വേഷിക്കൂ നിങ്ങള്‍ കണ്ടെത്തും. നിങ്ങള്‍ നേരത്തെ എന്നോടു ചോദിച്ചവയും എന്നാല്‍ ഞാന്‍ മറുപടി പറയാത്തവയും ഇന്ന്‌ നിങ്ങളോട്‌ പറവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങളോ അന്വേഷിക്കുന്നില്ല.
വചനം 93 :- പരിശുദ്ധമായത്‌ നായ്‌ക്കള്‍ക്കു കൊടുക്കരുത്‌. അമേധ്യക്കുന്നുകളില്‍ അവ എറിയപ്പെടും. പന്നിയുടെ മുന്നില്‍ വിത്ത്‌ വിതറരുത്‌. അവ അവയെ ചെളിയില്‍ താഴ്‌ത്തും.
വചനം 94 :- യേശു പറഞ്ഞു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവന്‌ വാതില്‍ തുറക്കപ്പെടും.
വചനം 95 :- യേശു പറഞ്ഞു; നിങ്ങള്‍ക്ക്‌ കടം കൊടുക്കാന്‍ പണം ഉണ്ട്‌. എങ്കില്‍ പലിശയ്‌ക്കു കടം കൊടുക്കരുത്‌. എന്നാല്‍ പലിശ തരുവാന്‍ നിവൃത്തി ഇല്ലാത്തവനും കടം കൊടുക്കുക.
വചനം 96 :- യേശു പറഞ്ഞു; പിതാവിന്റെ രാജ്യം അല്‍പം പുളിച്ച മാവ്‌ ഒളിച്ചു വെച്ച സ്‌ത്രീയോടു സദൃശ്യം. അവള്‍ ആ മാവു കൊണ്ട്‌ വലിയ അപ്പങ്ങള്‍ ഉണ്ടാക്കി.
കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
വചനം 97 :- യേശു പറഞ്ഞു; വിദൂരതയില്‍നിന്നും ഒരു ഭരണി നിറയെ മാവ്‌ നിറച്ച്‌ സ്വന്തം വീട്ടിലേക്ക്‌ യാത്ര ചെയ്യുന്ന സ്‌ത്രീയോട്‌ പിതാവിന്റെ രാജ്യത്തെ ഉപമിക്കാം. വഴിയില്‍വെച്ച്‌ ഭരണിയുടെ പിടി അടര്‍ന്നു പോകുന്നു. പിടിയുടെ ദ്വാരത്തിലൂടെ മാവ്‌ കുറേശ്ശെ ചോര്‍ന്നു പോകുന്നു. എന്നാല്‍ ഇത്‌ സ്‌ത്രീ അറിയുന്നില്ല. അവള്‍ വീട്ടിലെത്തി ഭരണി നിലത്തു വയ്‌ക്കുന്നു. ശൂന്യമായ ഭരണി കാണുന്നു.
വചനം 98 :- യേശു പറഞ്ഞു; പിതാവിന്റെ രാജ്യം ഒരു ബലവാനെ കൊല്ലുവാന്‍ ശ്രമിച്ച മനുഷ്യനു സദൃശ്യം. അവന്‍ അവന്റെ വീട്ടില്‍ വാള്‌ ഭിത്തിയിലേക്ക്‌ കുത്തിക്കയറ്റി പരിശീലിക്കുന്നു. അങ്ങനെ അവന്‍ കരത്തിന്റെ ശക്തി ഉറപ്പു വരുത്തുന്നു. എന്നിട്ട്‌ ബലവാനെ കൊല്ലുന്നു.
വചനം 99 :- ശിഷ്യര്‍ അവനോട്‌ പറഞ്ഞു; നിന്റെ സഹോദരന്മാരും അമ്മയും നിന്നെ അന്വേഷിച്ച്‌ പുറത്ത്‌ നില്‌ക്കുന്നു.
അവന്‍ അവരോട്‌ പറഞ്ഞു; ഇവിടെ ഉള്ളവര്‍, എന്റെ പിതാവിന്റെ ഇഷ്‌ടം ചെയ്യുന്നവര്‍ എന്റെ മാതാവും സഹോദരന്മാരും ആകുന്നു. അവരാണ്‌ എന്റെ പിതാവിന്റെ രാജ്യത്തില്‍ പ്രവേശിക്കുന്നത്‌.
വചനം 100 :- അവര്‍ സ്വര്‍ണ്ണനാണയം കാട്ടി യേശുവിനോട്‌ പറഞ്ഞു; സീസറിന്റെ ആള്‍ക്കാര്‍ നമ്മോട്‌ കരം ചോദിക്കുന്നു.
അവന്‍ അവരോട്‌ പറഞ്ഞു; സീസറിനുള്ളത്‌ സീസറിനു കൊടുക്കുക. ദൈവത്തിനുള്ളത്‌ ദൈവത്തിന്‌ കൊടുക്കുക. എനിക്കുള്ളത്‌ എനിക്കും തരിക.
വചനം 101 :- എന്നെപ്പോലെ സ്വന്തം അപ്പനേയും അമ്മയേയും ത്യജിക്കാത്തവന്‌ എന്റെ ശിഷ്യനാകാന്‍ സാധിക്കുകയില്ല. അപ്പനെയും അമ്മയെയും സ്‌നേഹിക്കാത്തവനും എന്നെ അനുഗമിക്കാന്‍ സാധിക്കുകയില്ല. കാരണം ശരീരമുള്ള അമ്മയാണ്‌ എനിക്ക്‌ ജീവന്‍ നല്‌കിയത്‌.
വചനം 102 :- യേശു പറഞ്ഞു; പരീശന്മാര്‍ പുല്‍ത്തൊട്ടിയില്‍ ഉറങ്ങുന്ന നായ്‌ക്കള്‍ക്കു സമമാണ്‌. നായ്‌ക്കള്‍ പുല്ലു തിന്നുകയില്ല. തിന്നാന്‍ കാലികളെ അനുവദിക്കുകയും ഇല്ല.
വചനം 103 :- യേശു പറഞ്ഞു; ഏതു നാഴികയില്‍ തന്റെ ഭവനം കവര്‍ച്ച ചെയ്യും എന്നറിയാവുന്നവന്‍ ഭാഗ്യവാന്‍. അവന്‍ അരമുറുക്കി ഉണര്‍ന്നിരുന്ന്‌ അവന്റെ ഭവനവും ദ്രവ്യവും കാത്തു സൂക്ഷിക്കുന്നു.
വചനം 104 :- ശിഷ്യര്‍ യേശുവിനോട്‌ പറഞ്ഞു; വരൂ. നമുക്ക്‌ ഇന്ന്‌ ഉപവസിച്ചു പ്രാര്‍ത്ഥിക്കാം. യേശു പറഞ്ഞു. ഞാന്‍ എപ്പോഴാണ്‌ കുറ്റം ചെയ്യുകയോ വഴിതെറ്റുകയോ ചെയ്‌തത്‌. മണവാളന്‍ മണിയറയില്‍നിന്ന്‌ പുറത്തു വരുമ്പോള്‍ നമുക്ക്‌ ഉപവസിച്ച്‌ പ്രാര്‍ത്ഥിക്കാം.
വചനം 105 :- യേശു പറഞ്ഞു; സ്വന്തം അപ്പനെയും അമ്മയെയും അറിയാത്തവന്‍ വേശ്യയുടെ സന്തതി എന്നറിയപ്പെടും.
വചനം 106 :- യേശു പറഞ്ഞു; രണ്ടായിരിക്കുന്നത്‌ ഒന്നായി മാറുമ്പോള്‍ നിങ്ങള്‍ മനുഷ്യപുത്രന്മാരായി മാറുന്നു. അപ്പോള്‍ നിങ്ങള്‍ മലയോട്‌ മാറിപ്പോകുക എന്നു പറഞ്ഞാല്‍ അത്‌ മാറിപ്പോകുന്നു.
വചനം 107 :- യേശു പറഞ്ഞു; ദൈവരാജ്യം നൂറ്‌ ആടുകള്‍ ഉണ്ടായിരുന്ന ഇടയനോട്‌ സദൃശ്യം. അതില്‍ ഒന്ന്‌ പാത തെറ്റി അലയുന്നു. അവന്‍ തൊണ്ണൂറ്റി ഒമ്പതിനേയും വിട്ട്‌ വഴിതെറ്റിയ ആടിനെ തിരയുന്നു. അതിനെ കണ്ടുകിട്ടിയപ്പോള്‍ അതിനോടു പറയുന്നു. മറ്റു തൊണ്ണൂറ്റി ഒമ്പതിനേക്കാള്‍ ഉപരി നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.
വചനം 108 :- യേശു പറഞ്ഞു; എന്റെ വായിലെ വചനം കുടിക്കുന്നവന്‍ എന്നെപ്പോലെ ആകും. ഞാന്‍ അവനായി മാറും. രഹസ്യമായത്‌ അവന്‌ വെളിവാകും.
വചനം 109 :- യേശു പറഞ്ഞു; ദൈവരാജ്യം സ്വന്തം കൃഷിഭൂമിയില്‍ ഒളിഞ്ഞു കിടക്കുന്ന നിധി അറിയാത്ത മനുഷ്യനു സദൃശ്യം. അവന്‍ മരിച്ചതിനുശേഷം അവന്റെ മകന്‍ നിലത്തിന്‌ അവകാശി ആകുന്നു. പക്ഷെ അവനും നിധി കണ്ടെത്തുന്നില്ല. അവന്‍ നിലം വില്‌ക്കുന്നു. പുതിയ ഉടമ നിലം ഉഴുതപ്പോള്‍ നിധി കണ്ടെത്തുന്നു.
വചനം 110 :- യേശു പറഞ്ഞു; ലോകത്തെ കണ്ടെത്തിയവന്‍ ധനവാനാകുന്നു. എന്നാല്‍ അവന്‍ ലോകത്തെ ത്യജിക്കണം.
വചനം 111 :- യേശു പറഞ്ഞു; ആകാശവും ഭൂമിയും നിങ്ങളുടെ മുമ്പില്‍ ചുരുണ്ട്‌ മാറിപ്പോകും. നിത്യനായവനില്‍ ജനിക്കുന്നവന്‍ മരണം കാണുകയില്ല. സ്വയം കണ്ടെത്തിയവന്‍ ലോകത്തെ വ്യര്‍ത്ഥമായി കാണുന്നു എന്നത്‌ നിങ്ങള്‍ക്കും അറിയാവുന്നതാണല്ലോ.
വചനം 112 :- യേശു പറഞ്ഞു; ആത്മാവിനെ ആശ്രയിക്കുന്ന ജഢത്തിന്‌ കഷ്‌ടം. ജഢത്തെ ആശ്രയിക്കുന്ന ആത്മാവിനും കഷ്‌ടം.
വചനം 113 :- ശിഷ്യര്‍ ചോദിച്ചു; രാജ്യം എന്നുവരും? യേശു പറഞ്ഞു; നോക്കി കാത്തിരുന്നാല്‍ രാജ്യം വരികയില്ല. അതാ അവിടെ ഇതാ ഇവിടെ എന്നു പറയുകയില്ല. എന്നാല്‍ പിതാവിന്റെ രാജ്യം ലോകമാകെ നിറഞ്ഞു നില്‌ക്കുന്നു. മനുഷ്യര്‍ അത്‌ കാണുന്നില്ല.
വചനം 114 :- ശീമോന്‍ പത്രോസ്‌ അവരോട്‌ പറഞ്ഞു; മേരി നമ്മളെ വിട്ടുപോകട്ടെ. കാരണം സ്‌ത്രീകള്‍ ജീവിതം അര്‍ഹിക്കുന്നില്ല.
യേശു പറഞ്ഞു; നോക്കു! ഞാന്‍ അവളെ എന്നിലേക്കു സ്വീകരിക്കുന്നു. തന്‍നിമിത്തം അവള്‍ പുരുഷനായി രൂപാന്തരം പ്രാപിക്കുന്നു. അവള്‍ നിന്നെപ്പോലെ ജീവിക്കുന്നു. പുരുഷനായി മാറുന്നു. അവള്‍ ആത്മീയപുരുഷനായി മാറുന്നു. എന്നാല്‍ ഞാന്‍ നിന്നോടു പറയുന്നു. സ്വയം ആത്മീയപുരുഷ്വത്വം തേടുന്ന സ്‌ത്രീ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നു.
സുവിശേഷവ്യാഖ്യാനം
1-ാം നൂറ്റാണ്ടുമുതല്‍ തോമായുടെ സുവിശേഷം നിലവിലുണ്ടായിരുന്നു എന്ന്‌ അനുമാനിക്കാം. നമ്മുടെ നാഥന്റെ വചനങ്ങള്‍ , യേശുവിന്റെ പുതിയ വചനങ്ങള്‍, നഷ്‌ടപ്പെട്ട സുവിശേഷം എന്നിങ്ങനെ പല പേരുകളില്‍ തോമായുടെ സുവിശേഷം അറിയപ്പെട്ടിരുന്നു. CE- 3 നൂറ്റാണ്ടുകളില്‍ പല രീതിയിലുള്ള പരിഭാഷയില്‍ തോമായുടെ സുവിശേഷം നിലനിന്നിരുന്നു. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ തോമായുടെ സുവിശേഷത്തിന്‌ വളരെ പ്രചാരം ഉണ്ടായിരുന്നു. നിഖ്യ സുന്നഹദോസിനുശേഷം അനേകം സുവിശേഷങ്ങളും ലേഖനങ്ങളും വിലക്കപ്പെട്ടതോടുകൂടി തോമായുടെ സുവിശേഷവും അപ്രത്യക്ഷമായി.
തോമായുടെ സുവിശേഷത്തിന്റെ ശൈലി BC- 500 കാലഘട്ടം മുതലെങ്കിലും നിലനിന്നിരുന്നു. തത്വചിന്തകന്മാരുടെ വചനങ്ങളെ അവരുടെ ശിഷ്യര്‍ എഴുതി എടുത്ത്‌ കവലകളിലും ചന്തകളിലും പൊതു സ്ഥലങ്ങളിലും പ്രസംഗിച്ചിരുന്നു. ഇവ പൊതുവായി `ജ്ഞാനികളുടെ വചനങ്ങള്‍' (Logic Sophon) എന്നറിയപ്പെടുന്നു. പൈതഗോറസിന്റെ വചനങ്ങള്‍, സോക്രട്ടീസിന്റെ വചനങ്ങള്‍, അപ്പോലോനിയസിന്റെ വചനങ്ങള്‍, ഉത്തമഗീതം, സങ്കീര്‍ത്തനം, സദൃശ്യവാക്യങ്ങള്‍, ശലമോന്റെ ജ്ഞാനം, യേശുബെന്‍സേറായുടെ ജ്ഞാനം എന്നിവ ഉദാഹരണങ്ങളാണ്‌.
ശലമോന്റെ ജ്ഞാനം 7:27- ഓരോ തലമുറയില്‍ ജ്ഞാനദേവത ഇടക്കിടെ ചില ദിവ്യാത്മാക്കളെ തിരഞ്ഞെടുക്കുന്നു. അവരിലൂടെ ദൈവത്തെയും പ്രവാചകരെയും കൂട്ടി ഇണക്കി ആത്മാവിനെ പ്രസരിപ്പിക്കുന്നു. ഇത്തരം ഉന്നതസ്ഥാനം തോമായുടെ സുവിശേഷത്തിന്‌ ആദിമ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നു.
ജീവിക്കുന്ന യേശുവിന്റെ അജ്ഞാതമായ വാക്കുകള്‍ എഴുതിയത്‌ ദിദിമോസ്‌ ജൂഢാസ്‌ തോമസ്‌ എന്നാണ്‌ വചനം 1-ല്‍ പറയുന്നത്‌. ഇതില്‍ ജുഢാസ്‌ എന്നത്‌ മാത്രമാണ്‌ വ്യക്തിയുടെ പേര്‌ ആയി കണക്കാക്കാവുന്നത്‌. ദിദിമോസ്‌ എന്ന ഗ്രീക്കു വാക്കിന്റെയും തോമ എന്ന സെമിറ്റിക്‌ വാക്കിന്റെയും അര്‍ത്ഥം ഇരട്ട എന്നാണ്‌. തോമായുടെ അര്‍ത്ഥം ഗ്രീക്കുവായനക്കാരെ മനസിലാക്കാന്‍ ദിദിമോസ്‌ കൂട്ടി ചേര്‍ത്തു എന്ന്‌ അനുമാനിക്കാം. ജുഢാസ്‌ എന്ന വാക്കിനെ ഇരട്ട എന്ന്‌ തര്‍ജ്ജമ ചെയ്യാമെങ്കിലും ഇരട്ട എന്നറിയപ്പെടുന്ന ജുഢാസ്‌ ആണ്‌ എഴുത്തുകാരന്‍ എന്ന്‌ ആദിമ ക്രിസ്‌തീയവിഭാഗങ്ങള്‍ വിശ്വസിച്ചിരുന്നു. തോമായുടെ സുവിശേഷത്തിന്‌ ശ്രേഷ്‌ഠമായ സ്ഥാനം ഉണ്ടായിരുന്നതിന്റെ കാരണങ്ങളില്‍ ഒന്നും ഇതുതന്നെ.
ജുഢാസ്‌ തോമസ്‌, ജൂഢാസ്‌ ഇസ്‌കരിയോത്ത്‌ അല്ല. യോഹ11:16- ദിദിമോസ്‌ എന്ന പേരുള്ള തോമസ്‌ സഹശിഷ്യന്മാരോട്‌ അവനോടുകൂടി മരിക്കേണ്ടതിന്‌ നാമും പോക എന്നുപറഞ്ഞു. യോഹ 14: 5- തോമസ്‌ അവനോട്‌ കര്‍ത്താവേ നീ എവിടെ പോകുന്നു എന്ന്‌ ഞങ്ങള്‍ അറിയുന്നില്ല. യോഹ 14:2- ഇസ്‌കരിയോത്തല്ലാത്ത യൂദ. മര്‍ക്കോ 6:3- യേശുവിന്റെ സഹോദരങ്ങളുടെ പേരിന്റെ കൂട്ടത്തില്‍ തോമായും ഉണ്ട്‌. കൂടാതെ തോമായുടെ പ്രവൃത്തികളില്‍ (Acts of Thomas) യേശുവിനെ ജൂഢാസ്‌ തെറ്റിദ്ധരിക്കുന്നതു കാണാം. അപ്പോള്‍ യേശു പറയുന്നു; ഞാന്‍ തോമസ്‌ എന്നു വിളിക്കപ്പെടുന്ന ജൂഢാസ്‌ അല്ല. ഞാന്‍ അവന്റെ സഹോദരനാണ്‌. ഇവയുടെ വെളിച്ചത്തില്‍ യേശുവിന്റെ ശിഷ്യനും ഇരട്ടസഹോദരന്‍ എന്നറിയപ്പെടുന്നവനുമായ ജുഢാസ്‌ തോമസിന്റെ എഴുത്തുകള്‍ ആണ്‌ ഇവ എന്നും അനുമാനിക്കാവുന്നതാണ്‌.
എല്ലാ സുവിശേഷങ്ങളും അവയുടെ ആധികാരികത വര്‍ദ്ധിപ്പിക്കാന്‍ യേശുവിന്റെ ശിഷ്യന്മാരോട്‌ ബന്ധിപ്പിച്ചിരിക്കുന്നു. എന്നാല്‍ യേശുവിന്റെ ശിഷ്യര്‍ മരിച്ചതിന്‌ അനേകം വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ സുവിശേഷങ്ങള്‍ എഴുതപ്പെട്ടത്‌. ആദ്യം എഴുതപ്പെട്ട മര്‍ക്കോസിന്റെ സുവിശേഷം CE-70 നൂ ശേഷമാണ്‌ ഉത്ഭവിച്ചത്‌. പിന്നീട്‌ എഴുതപ്പെട്ട മത്തായി, ലൂക്കോസ്‌, യോഹന്നാന്‍ എന്നിവയുടെ ഉത്ഭവം CE -150 വരെയുള്ള കാലഘട്ടം എന്ന്‌ അനുമാനിക്കപ്പെടുന്നു.
എഴുത്തുകാരുടെ പേര്‌ ഉപയോഗിക്കാതെ അനേകം സുവിശേഷങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ നിഖ്യ സുന്നഹദോസിനു ശേഷം അനേകം സുവിശേഷങ്ങളെ ചവറുകളായി പുറംതള്ളുകയും അല്‌പം എങ്കിലും വിശ്വസനീയത തോന്നിക്കുന്ന മത്തായി, മര്‍ക്കോസ്‌, ലൂക്കോസ്‌, യോഹന്നാന്‍ എന്നിവയെ കാനോകികം എന്ന പേരില്‍ സ്വീകരിക്കുകയും ചെയ്‌തു. തുടക്കത്തില്‍ കാനോനിക സുവിശേഷങ്ങളും ഊമക്കത്തുകള്‍ ആയിരുന്നു. ആദിമ സഭാപിതാക്കന്മാര്‍ ആണ്‌ ഇവയെ മത്തായിയുടെയും മര്‍ക്കോസിന്റെയും യോഹന്നാന്റെയും ലൂക്കോസിന്റെയും പേരിനോട്‌ ബന്ധപ്പെടുത്തിയത്‌. അതുകൊണ്ടാണ്‌ Gospel Accrding to .... (പ്രകാരമുള്ള സുവിശേഷം) എന്ന്‌ ചേര്‍ത്തിരിക്കുന്നത്‌.
ആദിമ നൂറ്റാണ്ടുകളില്‍ പലവിധ ക്രിസ്‌തീയ വിഭാഗങ്ങളും ചിന്താഗതികളും (Schools of Thought) നിലനിന്നിരുന്നു. ഇത്തരം ചിന്താവിഭാഗങ്ങള്‍ക്ക്‌ അവരുടെ ആശയത്തെ പ്രചരിപ്പിക്കാനാണ്‌ സുവിശേഷങ്ങള്‍ രചിച്ചത്‌. മര്‍ക്കോസിന്റെ സുവിശേഷം അതേപടി മത്തായി കോപ്പി അടിക്കുന്നു. എങ്കിലും മര്‍ക്കോസിന്റെ സുവിശേഷത്തിലെ പല തെറ്റുകളും തിരുത്തുവനാണ്‌ മത്തായിയുടെ സുവിശേഷം എഴുതപ്പെട്ടത്‌. (വിശദാംശങ്ങള്‍ക്കായി സുവിശേഷങ്ങളിലെ വിഡ്‌ഢിത്തങ്ങളും കള്ളക്കഥകളും Vol IV വായിക്കുക.) കാനോനികം എന്നറിയപ്പെടുന്ന സുവിശേഷങ്ങളില്‍ കാണപ്പെടുന്ന യേശുവിന്‌ നാല്‌ വ്യത്യസ്‌ത വ്യക്തിത്വങ്ങള്‍ ആണുള്ളത്‌. മഗ്‌ദലന മേരിയുടെ യേശുവും (Vol I), തോമായുടെ യേശുവും (Vol II) വളരെ വ്യത്യസ്‌തരാണ്‌. ഈ സുവിശേഷങ്ങള്‍ എല്ലാംതന്നെ മാറി മാറി വന്ന ചിന്താഗതികള്‍ക്കനുസരണമായി മാറ്റി എഴുതപ്പെട്ടു. മര്‍ക്കോസിന്റെ 16:9 മുതലുള്ള ഭാഗവും യോഹന്നാന്റെ 21-ാം അദ്ധ്യായവും പൂര്‍ണ്ണമായും പിന്നീട്‌ കൂട്ടിച്ചേര്‍ത്തതാണ്‌. ഇന്നു കാണുന്ന യോഹന്നാന്റെ സുവിശേഷം കുറഞ്ഞത്‌ മൂന്ന്‌ എഴുത്തുകാരുടെ വാക്യങ്ങള്‍ കൂട്ടിക്കുഴച്ച്‌ എടുത്തതാണ്‌. ഈ കാര്യങ്ങള്‍ Vol IV ല്‍ വിശദമായി എഴുതിയിരിക്കുന്നു. കാനോനിക സുവിശേഷങ്ങള്‍ അനുഭവിച്ച ഗതികേട്‌ തോമായുടെ സുവിശേഷത്തിനും സംഭവിച്ചു എന്നു കാണാം.
114 വചനങ്ങളില്‍ നിങ്ങള്‍ വായിച്ച തോമായുടെ സുവിശേഷം അതിന്റെ മൂലകൃതിയില്‍ നിന്നും വളരെ വിഭിന്നം ആയിരിക്കണം. പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടതോ വെട്ടിത്തിരുത്തിയതോ ആണ്‌ എന്ന്‌ സ്‌പഷ്‌ടം. ജൂഢാസ്‌ തോമസ്‌ സിറിയന്‍ പ്രദേശങ്ങളുമായി വളരെ ബന്ധം പുലര്‍ത്തുന്നു. സിറിയന്‍ സഭാ പിതാവ്‌ എഫ്രയിമിന്റെ എഴുത്തുകളില്‍ തോമായും പരാമര്‍ശിക്കപ്പെടുന്നു. പത്രോസിനെ റോമിനോടും ജോണിനെ ഏഷ്യാമൈനറിനോടും ജെയിംസിനെ യെരുശലേമിനോടും ബന്ധിച്ചിരിക്കുന്നതുപോലെ തോമായെ സിറിയന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
തോമായുടെ സുവിശേഷം സിറിയന്‍ പ്രദേശങ്ങളില്‍നിന്നും ഉത്ഭവിച്ചതായി അനുമാനിക്കാം. Q എന്നപേരില്‍ അറിയപ്പെടുന്ന ആദ്യ സുവിശേഷവുമായി തോമായുടെ സുവിശേഷം രചനാരീതിയില്‍ സാദൃശ്യം പുലര്‍ത്തുന്നു. അതിനാല്‍ കാനോനിക സുവിശേഷങ്ങള്‍ക്കു മുമ്പുതന്നെ തോമായുടെ സുവിശേഷം എഴുതപ്പെട്ടു എന്ന്‌ അനുമാനിക്കപ്പെടുന്നു. യേശുവിന്റെ വാക്കുകളും വചനങ്ങളും വാമൊഴിയായി നിലനിന്നിരുന്ന കാലത്തിനു ശേഷമാണ്‌ കാനോനിക സുവിശേഷങ്ങള്‍ എഴുതപ്പെട്ടത്‌. അവയ്‌ക്ക്‌ മുമ്പ്‌ എഴുതപ്പെട്ട പൗലോസിന്റെ ലേഖനങ്ങളില്‍ യേശുവിന്റെ അത്ഭുത ജനനമോ കഥകളോ ഇല്ല എന്നതും ശ്രദ്ധിക്കുക. യേശുവിന്റെ ഉയര്‍പ്പ്‌ ജഢികമല്ലായിരുന്നു. ആത്മീയം മാത്രമായിരുന്നുവെന്നാണ്‌ പൗലോസ്‌ എഴുതിയിരിക്കുന്നത്‌. സുവിശേഷത്തില്‍ കാണുന്ന ദിവ്യജനനവും അത്ഭുത പ്രവൃത്തികളും പുരാണങ്ങളിലെ പുറജാതി ദൈവങ്ങളുടെ കഥയാണ്‌. പുറജാതികള്‍ യേശുപ്രസ്ഥാനത്തില്‍ ചേര്‍ന്നതോടുകൂടി അവരുടെ ദൈവങ്ങളേയും അവയുടെ പുരാണ കഥകളെയും ക്രിസ്‌തുമതവുമായി കൂട്ടിച്ചേര്‍ത്തു. യേശുവിന്റെ ജീവചരിത്രം എന്നു തോന്നിക്കുന്ന രീതിയില്‍ എഴുതിയിരിക്കുന്ന സുവിശേഷങ്ങള്‍ പുറജാതി പുരാണങ്ങളുടെ ക്രിസ്‌തീയ പതിപ്പ്‌ ആണ്‌. പുറജാതി ദൈവങ്ങളുടെ പേരിന്റെ സ്ഥാനത്ത്‌ യേശുവിന്റെയും അമ്മ മറിയയുടെയും പേരുകള്‍ ചേര്‍ത്തു എന്നുമാത്രം. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ദീര്‍ഘകാലം നിലനിന്നിരുന്ന ദേവതയാണ്‌ ഈശ. ഈശയുടെ മറ്റൊരു പേര്‌ മിറി എന്നാണ.്‌ ഈശ ദേവത ഹോറസ്‌ ദൈവത്തെ മുലകുടിപ്പിക്കുന്ന പ്രതിമയും മരിച്ച ഹോറസിനെ മടിയില്‍ കിടത്തിയ പ്രതിമയും പിന്നീട്‌ യേശുവിന്റെയും അമ്മ മറിയയുടെയും ആക്കി മാറ്റി. ദിവ്യജനനവും പീഡകള്‍ സഹിച്ചുള്ള മരണവും മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും ഹോറസിന്റെ മാത്രമല്ല പുരാണങ്ങളിലെ മറ്റു ദൈവങ്ങളുടെയും കഥയാണ്‌. പുറജാതി ദൈവങ്ങളുടെ അമ്പലങ്ങള്‍ അതേപടി ക്രിസ്‌തീയ ദേവാലയങ്ങള്‍ ആക്കി മാറ്റുകയും ചെയ്‌തു. (വിശദമായി മനസിലാക്കാന്‍ Vol IV- സുവിശേഷങ്ങളിലെ വിഡ്‌ഢിത്തങ്ങളും കെട്ടുകഥകളും വായിക്കുക)
കാനോനിക സുവിശേഷങ്ങളില്‍ യേശുവിന്റെ ശിഷ്യന്മാരുടെ പേര്‌ രക്ഷകര്‍ത്താക്കളായി ദത്തെടുത്തതുപോലെ തോമായുടെ സുവിശേഷവും ആരെങ്കിലും കൂട്ടിച്ചേര്‍ത്തതാകാം. തോമായുടെ സുവിശേഷത്തിന്റെ ആശയങ്ങളെ വിശകലനം ചെയ്‌താല്‍ അവ ഒന്നാം നൂറ്റാണ്ടിലെ യേശുപ്രസ്ഥാനവുമായി ബന്ധം പുലര്‍ത്തുന്നു എന്നു കാണാം. രഹസ്യജ്ഞാനക്കാരുടെ രീതി തോമായുടെ സുവിശേഷത്തിന്റെ പ്രത്യേകതയാണ്‌. പലസ്റ്റീന്‍ പ്രദേശങ്ങളില്‍ ചിതറി പാര്‍ത്തിരുന്ന അനേകം ഗുഢജ്ഞാനക്കാരുടെ സൃഷ്‌ടിയാണ്‌ തോമായുടെ സുവിശേഷം എന്നും അനുമാനിക്കാം. യഹൂദരില്‍നിന്നും ഈജിപ്‌തുകാരില്‍നിന്നും ഗ്രീക്കുകാരില്‍നിന്നും എല്ലാറ്റിലും ഉപരിയായി ബുദ്ധചിന്തയില്‍നിന്നും ഉത്ഭവിച്ച ജ്ഞാനവാദികളുടെ ചിന്താരീതി തോമായുടെ സുവിശേഷത്തില്‍ പ്രകടമാണ്‌.
ഗലാ 1:19- ല്‍ പറയുന്ന കര്‍ത്താവിന്റെ സഹോദരന്‍ ജെയിംസ്‌ (യാക്കോബ്‌) യെരുശലേമിലെ സഭയെ നയിച്ചിരുന്നു എന്നു കാണാം. തോമായുടെ 12-ാം വചനം നീതിമാനായ ജെയിംസിന്റെ അടുക്കല്‍ പോകുവാന്‍ പറയുന്നതു ശ്രദ്ധിക്കുക. തോമായുടെ ആദ്യ സുവിശേഷം യേരുശലേം പ്രദേശങ്ങളിലെ യേശുപ്രസ്ഥാനക്കാരില്‍നിന്ന്‌ ഉത്ഭവിച്ചതായും കണക്കാക്കാം. യേരുശലേമിലെ യേശു പ്രസ്ഥാനം യഹൂദര്‍ തുടങ്ങിയതും യേശുവിനെ മിശിഹാ എന്ന്‌ വിശ്വസിക്കുകയും ചെയ്‌തിരുന്ന ഒന്നാണ.്‌ യേശു മിശിഹാ ആയി തിരികെ വരും എന്ന്‌ യേശു പ്രസ്ഥാനക്കാര്‍ വിശ്വസിച്ചിരുന്നു. തോമായുടെ സുവിശേഷത്തിലേയും പ്രധാന പ്രതിപാദ്യം ദൈവരാജ്യമാണ്‌. യേരുശലേം പ്രദേശത്തെ രഹസ്യജ്ഞാനക്കാരില്‍നിന്നും സിറിയയിലെ യേശുപ്രസ്ഥാനക്കാര്‍ തോമായുടെ സുവിശേഷം ദത്ത്‌ എടുത്തത്‌ ആകാം.
തോമായുടെ സുവിശേഷം എന്ന്‌ എഴുതി എന്ന്‌ വ്യക്തമായി അനുമാനിക്കാന്‍ പ്രയാസമാണ്‌. കുറെ വാക്യങ്ങള്‍ 1-ാം നൂറ്റാണ്ടില്‍ തന്നെ എഴുതിയതാകാം. കാരണം യേരുശലേമിലെ യാക്കോബിന്റെ കാലം സി ഈ 50 കാലഘട്ടമാണ്‌. മറ്റു സുവിശേഷങ്ങളില്‍ കാണുന്ന തൊഴുത്തില്‍കുത്ത്‌ തോമായുടെ സുവിശേഷത്തിലും കാണാം, ഉദാഹരണമാണ്‌ വചനം 13. മറ്റു ശിഷ്യരേക്കാള്‍ ഉപരിയായി യേശു തോമായെ കണക്കാക്കുന്നു.
വചനം 114 :- പത്രോസ്‌ മേരിയെ തരംതാഴ്‌ത്തുന്നു. മേരിയുടെ സുവിശേഷം പൊതുവെ പത്രോസിനെ താഴ്‌ത്തികെട്ടുന്നു. അതിന്റെ കുറവ്‌ നികത്താന്‍ മത്തായിയുടെ സുവിശേഷം പത്രോസിനെ എല്ലാവരിലും ഉപരിയായി ഉയര്‍ത്തുന്നു. മത്തായിയുടെ സുവിശേഷം യേശുവിനെ കീര്‍ത്തിക്കുന്നതിലുപരി പത്രോസിനെ പുകഴ്‌ത്തുവാന്‍ എഴുതി എന്നു തോന്നും. യോഹന്നാന്റെ സുവിശേഷവും തുടക്കത്തില്‍ പത്രോസിനെ താഴ്‌ത്തി കെട്ടുന്നു. എന്നാല്‍ 21-ാം അദ്ധ്യായം കൂട്ടി ചേര്‍ത്ത്‌ എഴുത്തുകാരന്‍ പത്രോസിനെ പുകഴ്‌ത്തുന്നു. യോഹ. 20:24-29 ല്‍ തോമയ്‌ക്ക്‌ കിട്ടുന്ന പ്രതികരണം തോമായുടെ സുവിശേഷത്തെ പ്രോത്സാഹിപ്പിച്ച യേരുശലേം പ്രസ്ഥാനക്കാര്‍ക്കുള്ള പ്രഹരമാണ്‌.

തോമായുടെ സുവിശേഷം (അപഗ്രഥനം-1)

തോമായുടെ സുവിശേഷം (അപഗ്രഥനം-2)

തോമായുടെ സുവിശേഷം (അപഗ്രഥനം-3)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക