Image

രാജു മൈലപ്രയ്ക്ക് വിചാരവേദി സാഹിത്യ അവാര്‍ഡ് സമ്മാനിച്ചു

Published on 16 June, 2016
രാജു മൈലപ്രയ്ക്ക് വിചാരവേദി സാഹിത്യ അവാര്‍ഡ് സമ്മാനിച്ചു
ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി നര്‍മ്മത്തിലൂടെ അമേരിക്കന്‍ മലയാളികളെ  ചിരിപ്പിക്കുകയും, നേര്‍ത്ത പരിഹാസത്തിലൂടെ മുഖംമൂടികള്‍ പിച്ചിച്ചീന്തുകയും ചെയ്യുന്ന രാജു മൈലപ്രയെ 'വിചാരവേദി സാഹിത്യ അവാര്‍ഡ്' നല്‍കി ആദരിച്ചു. ക്വീന്‍സില്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ആസ്ഥാനത്ത് നടത്തിയ ചടങ്ങില്‍ ഡോ. എ.കെ.ബി പിള്ള അവാര്‍ഡ് സമ്മാനിച്ചു.  ഇതോടൊപ്പം രാജു മൈലപ്രയുടെ സംഭാവനകളെപ്പറ്റി എഴുത്തുകാരും നിരൂപകരും പ്രബന്ധങ്ങളും അവതരിപ്പിച്ചു.

കേരളത്തില്‍ എഴുതപ്പെടുന്ന സാഹിത്യത്തിന്റെ  വാലല്ല  അമേരിക്കന്‍ മലയാളി സാഹിത്യമെന്നു ഡോ.എ.കെ.ബി പറഞ്ഞു. സാഹിത്യരംഗത്ത് നര്‍മ്മത്തിനു വലിയ പ്രധാന്യം കിട്ടുന്നില്ല. മനുഷ്യന്‍ ചിരിക്കാന്‍ പോലും മറക്കുന്ന കാലമാണിത്. തന്റെ വീടിനു മുന്നിലൂടെ ഗൗരവത്തില്‍ എക്‌സിക്യൂട്ടീവുകള്‍ പോകുന്നതു കണ്ടപ്പോള്‍ അവരെ ഒന്നു പുഞ്ചിരിപ്പിക്കുന്നതെങ്ങനെയെന്നു  ഞാന്‍ ആലോചിച്ചു. ഒരു ദിവസം അവരോടൊപ്പം പോയി. ഗുഡ് മോര്‍ണിംഗ് പറഞ്ഞു. നാലഞ്ചു പേര്‍ തിരിച്ചുപറഞ്ഞു. ബാക്കിയുള്ളവര്‍ മൈന്‍ഡ് ചെയ്യാതെ പോയി.

ഇത് ഏതാനും ദിവസം തുടര്‍ന്നപ്പോള്‍ പുഞ്ചിരിയോടെ തിരിച്ചു ഗുഡ്‌മോര്‍ണിംഗ് പറയുന്നവരുടെ എണ്ണം കൂടി. ക്രമേണ മുഴുവന്‍ പേരും പുഞ്ചിരിക്കുകയും തിരിച്ച് വിഷ് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. യാഥാസ്ഥിതികരായ ഹാസിഡിക് സ്ത്രീകള്‍ പോലും പുഞ്ചിരിക്കും.

ഇതു തന്നെയാണ് നര്‍മ്മത്തിന്റെ ലക്ഷ്യവും. പരിഹാസത്തിലൂടെ അത് മനുഷ്യന്റെ സദ് വികാരങ്ങളെ ഉണര്‍ത്തുകയാണ്. ഷേക്സ്പിയര്‍ നാടകങ്ങളില്‍ എല്ലാം വിദൂഷകനുള്ള മുഖ്യ സ്ഥാനവും ഓര്‍ക്കണം.

അമേരിക്കയില്‍ സാഹിത്യം എന്നതു ആത്മപ്രശംസയാണെന്ന സ്ഥിതിയുണ്ടെന്നു പ്രൊഫ. ജോസഫ് ചെറുവേലി ചൂണ്ടിക്കാട്ടി. ആ ദൗര്‍ബല്യമില്ലാത്ത കഥാകാരന്മാരില്‍ ഒരാളാണ് രാജു മൈലപ്ര. തന്റെ മറ്റൊരു സുഹൃത്തായ അന്തരിച്ച ഡോ. ജോസഫ് പോള്‍സണും ആ ഗണത്തില്‍പ്പെടും.

ശുദ്ധനര്‍മ്മത്തിനു രണ്ട് ഉദാഹരണവും അദ്ധേഹം പറഞ്ഞു. ഡെവിള്‍സ് ഡിക്ഷണറിയില്‍ ക്രിസ്ത്യാനിക്കു നല്‍കിയ നിര്‍വചനം: തന്റെ ഭാര്യയെപ്പോലെ അന്യന്റെ ഭാര്യയേയും സ്‌നേഹിക്കുന്നയാള്‍.

അതുപോലെ മാര്‍ക്ക് ട്വയിന്‍ ഗലി
ലി തടാകത്തില്‍ വള്ളത്തില്‍ യാത്ര ചെയ്ത് മടങ്ങുമ്പോള്‍ വള്ളക്കാരന്‍ ടിപ്പ് ചോദിച്ചു. മാര്‍ക്ക് ട്വയിന്‍ ചിന്തിച്ചു- വെറുതെയല്ല യേശുക്രിസ്തു വെള്ളത്തിലൂടെ നടന്നുപോയത്.

രാജു മൈലപ്രയുടെ എഴുത്തിന്റെ ഉള്‍ക്കാഴ്ചയാണ് ബാബു പാറയ്ക്കല്‍ ചൂണ്ടിക്കാട്ടിയത്. പേഴ്‌സണ്‍ ഓഫ് ദി മില്ലേനിയം എന്ന കഥ അതിനു ഉദാഹരണം. ഈ മില്ലേനിയത്തിലെ ഏറ്റവും പ്രധാനപ്പെട്ട അമേരിക്കന്‍ മലയാളിയായി കഥാകാരന്‍ തെരഞ്ഞെടുത്തത് മലയാളി നഴ്‌സിനെയാണ്. അവരുടെ ആകുലതകളും ത്യാഗങ്ങളും അവര്‍ മുഖേന സമൂഹം പടുത്തുയര്‍ത്തിയ സൗഭാഗ്യങ്ങളുമെല്ലാം ആ ചെറിയ കഥയില്‍ വരച്ചുകാട്ടിയത് രാജുവിലെ മനുഷ്യസ്‌നേഹിയെ വെളിപ്പെടുത്തുന്നു.

ഡോ. നന്ദകുമാര്‍ ചാണയില്‍ (ലേഖനം കാണുക), ഡോ. ശശിധരന്‍ കൂട്ടാല, ജോണ്‍ വേറ്റം, ഡോ. എന്‍.പി. ഷീല എന്നിവരും പ്രഭാഷണങ്ങള്‍ നടത്തി.

വെരി റവ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ, ഫോമ നേതാവ് സണ്ണി കോന്നിയൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിചാരവേദി സാരഥി സാംസി കൊടുമണ്‍ ആമുഖ പ്രഭാഷണം നടത്തി. രാജു മൈലപ്രയുടെ സഹധര്‍മ്മിണി പുഷ്പ, കവയിത്രി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ജോസ് കാടാപ്പുറം തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടു­ത്തു.
രാജു മൈലപ്രയ്ക്ക് വിചാരവേദി സാഹിത്യ അവാര്‍ഡ് സമ്മാനിച്ചു
Join WhatsApp News
GJT 2016-06-17 09:40:35
Hearty congratulations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക