Image

മെട്രോ: പദ്ധതി രേഖ രണ്ടു ദിവസത്തിനകം നല്‍കും

Published on 03 February, 2012
മെട്രോ: പദ്ധതി രേഖ രണ്ടു ദിവസത്തിനകം നല്‍കും
ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ പുതുക്കിയ പദ്ധതിരേഖ രണ്ടു ദിവസത്തിനകം കേന്ദ്രത്തിന് നല്‍കുമെന്ന് ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍ അറിയിച്ചു. കോച്ചുകളുടെ എണ്ണം മൂന്നില്‍ നിന്ന് ആറാക്കി വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനേട് ആവശ്യപ്പെട്ടിരുന്നു. അവരുടെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം കേരളത്തിന് ലഭിക്കുമെന്നും അത് ലഭിച്ചാലുടന്‍ പദ്ധതി രേഖ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന്റെ മുന്നോടിയായുള്ള പൊതു-നിക്ഷേപകബോര്‍ഡി(പി.ഐ.ബി.)ന്റെ യോഗം ഉദ്യോഗസ്ഥതലത്തിലുള്ള നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ നടന്നിരുന്നില്ല.ജനവരി 31നുമുമ്പ് യോഗം വിളിക്കാന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.എന്നാല്‍, ഇത് അനന്തമായി നീളുമെന്നാണ് സൂചന. കേന്ദ്രധനമന്ത്രാലയത്തിനു കീഴില്‍ ചെലവുകാര്യസെക്രട്ടറി അധ്യക്ഷനായുള്ള സമിതിയാണ് പി.ഐ.ബി. ഈ സമിതിയുടെ ശുപാര്‍ശയനുസരിച്ചു മാത്രമേ കൊച്ചി മെട്രോപദ്ധതിക്ക് കേന്ദ്രമന്ത്രിസഭയ്ക്ക് അനുമതി നല്‍കാനാവൂ.

പി.ഐ.ബി. യോഗത്തിനുമുമ്പ് 23-ന് വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള പ്രതികരണറിപ്പോര്‍ട്ട് സ്വരൂപിക്കാന്‍ കേന്ദ്ര കാബിനറ്റ്‌സെക്രട്ടറി വിളിച്ച ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, വിവിധ മന്ത്രാലയങ്ങള്‍ക്ക് അയച്ചുകൊടുക്കാനുള്ള രൂപരേഖ തയ്യാറായതൊഴിച്ചാല്‍ മറ്റു നടപടികളൊന്നും മുന്നോട്ടു പോയില്ല. കേന്ദ്ര നഗരവികസനമന്ത്രാലയം തയ്യാറാക്കിയ രൂപരേഖയുടെ കുറിപ്പാവട്ടെ പ്രതികരണം തേടാനായി വിവിധ മന്ത്രാലയങ്ങള്‍ക്ക് ഇതുവരെയും വിതരണംചെയ്തിട്ടുമില്ല. കൊച്ചിമെട്രോയുടെ ചുമതലയുള്ള പ്രത്യേക ഉദ്യോഗസ്ഥന്‍ മറ്റു സംസ്ഥാനങ്ങളില്‍ പര്യടനത്തിലാണെന്ന് കേന്ദ്ര നഗരവികസനമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഈ ഉദ്യോഗസ്ഥന്‍ ഒപ്പിടാതെ വിവിധമന്ത്രാലയങ്ങള്‍ക്ക് കുറിപ്പ് അയയ്ക്കാനാവില്ല.

പി.ഐ.ബി. യോഗം ചേര്‍ന്നാല്‍ത്തന്നെ മന്ത്രിസഭയില്‍ അവതരിപ്പിക്കാനുള്ള കുറിപ്പ് തയ്യാറാക്കാന്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലുമെടുക്കുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ പദ്ധതിക്കുള്ള സാമ്പത്തികസഹായത്തിനായി ജപ്പാന്‍ അന്താരാഷ്ട്ര സഹകരണബാങ്കിന് (ജൈക്ക) അപേക്ഷ നല്‍കേണ്ടതുണ്ട്. ഔദ്യോഗികതലത്തിലുള്ള ഈ നടപടിക്രമവും പൂര്‍ത്തിയായെങ്കിലേ കൊച്ചിമെട്രോയുടെ പ്രവര്‍ത്തനം സജീവമാക്കാനാവൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക