Image

പ്രതിയുടെ ചെരിപ്പ് സൂചനയായി; ഡി.എന്‍.എ ശക്തമായ തെളിവുമായി

Published on 16 June, 2016
പ്രതിയുടെ ചെരിപ്പ് സൂചനയായി; ഡി.എന്‍.എ ശക്തമായ  തെളിവുമായി
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനും ശ്രീപെരുമ്പത്തൂരിനും ഇടക്കു താമസിച്ചു വരുകയായിരുന്ന അമീറുല്‍ ഇസ്ലാമിനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് കണ്ടത്തെിയത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ജിഷയുടെ വീട്ടില്‍നിന്ന് ഏതാണ്ട് 300 മീറ്റര്‍ അകലെയാണ് ഇയാള്‍ താമസിച്ചിരുന്നത്.  പ്രതി ലൈംഗികപീഡനം എന്ന ലക്ഷ്യത്തോടെ ജിഷയെ നേരത്തേ ഉന്നംവെച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. പകല്‍ വീട്ടില്‍ ജിഷ ഒറ്റക്കാണെന്നും ഇയാള്‍ മനസ്സിലാക്കിയിരുന്നു.

ഒരു തവണ സ്ത്രീകളുടെ കുളിക്കടവില്‍ തെറ്റിക്കയറിയ ഇയാളെ ഒരു സ്ത്രീ കരണത്തടിച്ചിരുന്നു. ജിഷ കളിയാക്കിച്ചിരിക്കുകയും ചെയ്തു. 

സംഭവദിവസം രാവിലെ വീടിനുമുന്നിലൂടെ ഇയാള്‍ കടന്നുപോയി. ജിഷയെ കണ്ട് ചിരിക്കുകയും ചെയ്തു. എന്നാല്‍, ഇങ്ങോട്ടുവന്നാല്‍ ചെരിപ്പ് ഊരി അടിക്കുമെന്ന് ജിഷ പറഞ്ഞു. ചെരിപ്പുയര്‍ത്തി ആംഗ്യം കാണിക്കുകയും ചെയ്തു.

ഏപ്രില്‍ 28ന് വൈകുന്നേരം 5.40-ഓടെയാണ് ഇയാള്‍ ജിഷയുടെ വീട്ടിലത്തെുന്നത്. മദ്യപിച്ചാണ് ഇയാള്‍ സ്ഥലത്തത്തെിയത്.  മൂര്‍ച്ചയുള്ള കത്തി കൈവശമുണ്ടായിരുന്നു. കയറിപ്പിടിക്കാന്‍ ശ്രമിച്ചതോടെ ജിഷ ചെരിപ്പ് ഊരി അടിച്ചു.

പ്രകോപിതനായ പ്രതി ജിഷയുടെ കഴുത്തിന് ചുറ്റിപ്പിടിക്കുകയായിരുന്നു. പിന്നീട് മല്‍പിടിത്തത്തിനിടെ വീണ ജിഷയുടെ ദേഹത്ത് കയറിയിരുന്ന് ശ്വാസം മുട്ടിച്ചു. പിന്നീടാണ് കൈയില്‍ ഉണ്ടായിരുന്ന കത്തി കഴുത്തില്‍ കുത്തിയിറക്കിയത്. പിന്നീട് നെഞ്ചിലും വയറ്റത്തും കുത്തിയെന്നും പ്രതി പൊലീസില്‍ മൊഴിനല്‍കി.

ജിഷയുടെ വീടിന് സമീപത്തുനിന്ന് സിമന്റ് കട്ടപിടിച്ച നിലയില്‍ കണ്ടത്തെിയ കറുത്ത ചെരിപ്പ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ കൂട്ടുകാര്‍ തിരിച്ചറിഞ്ഞത് അറസ്റ്റിലേക്ക് വഴിയൊരുക്കി.

കൊല നടത്തിയശേഷം ഇയാള്‍ അസമിലേക്ക് മുങ്ങി. പിന്നീട് ബംഗാളില്‍ എത്തുകയും അവിടെനിന്ന് തമിഴ്‌നാട്ടില്‍ വരുകയുമായിരുന്നു. 

വീടുപണിക്ക് എത്തിയപ്പോഴാണ് അമീറുളുമായി ജിഷ സൗഹൃദത്തിലാകുന്നത്.

വീട് പണിയുടെ കൂലി സംബന്ധിച്ചും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

വീട് പണി ഇടയ്ക്കുവെച്ച് നിര്‍ത്തിയതോടെ ഇരുവരും കാണാറില്ലായിരുന്നു. ജിഷയുടെ ഫോണ്‍ നമ്പര്‍ കൈവശമുണ്ടായിരുന്ന അമീറുള്‍ പിന്നീട് പല തവണ അങ്ങോട്ടേക്ക് വിളിച്ചിരുന്നു.

ജിഷ വധക്കേസിന്റെ ഭാഗമായി 27 ലക്ഷത്തോളം ഫോണ്‍വിളികളാണ് പോലീസ് പരിശോധിച്ചത്. 1500 ലധികം പേരെ ചോദ്യം ചെയ്തിരുന്നു. 5000 ലധികം ആളുകളുടെ വിരലടയാളവും ശേഖരിച്ചിരുന്നു.

അന്യ സംസ്ഥാനക്കാരനായ ഒരാളാണ് പ്രതിയെന്ന നിഗമനത്തില്‍ പോലീസ് ബംഗാള്‍, അസം, ഒഡീഷ, ഛത്തിസ്ഗഢ്, ബിഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കെല്ലാം അന്വേഷണ സംഘത്തെ അയച്ചിരുന്നു.

കേരളത്തിലെ എല്ലാ ആസ്പത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ജിഷയുമായുള്ള മല്‍പിടിത്തത്തിനിടെ കൊലയാളിക്ക് പരിക്ക് പറ്റിയെന്ന ഉറപ്പിലായിരുന്നു ഇത്തരത്തിലുള്ള അന്വേഷണം.

ജിഷയുടെ ചുരിദാറില്‍ നിന്ന് കണ്ടെത്തിയ ഉമിനീരാണ് കൊലയാളിയുടെ ഡി.എന്‍.എ. കണ്ടെത്താന്‍ സഹായകമായത്.
പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലെ മുഴുവന്‍ പുരുഷന്‍മാരുടെയും വിരലടയാളം ശേഖരിച്ചിരുന്നു.

മൃതദേഹത്തില്‍ കടിയേറ്റ ഭാഗത്ത് നടത്തിയ പരിശോധനയിലൂടെ കൊലയാളിയുടെ പല്ലുകള്‍ക്കിടയിലെ വിടവും കണ്ടെത്താനായിരുന്നു. പച്ചമാങ്ങ കടിപ്പിച്ച് സംശയമുള്ള പലരില്‍ നിന്നും തെളിവുകളുണ്ടാക്കാനും പോലീസ് ശ്രമിച്ചിരുന്നു. 
Join WhatsApp News
police emaan 2016-06-16 15:18:28
പോലീസിന്റെ കേമത്തരം പറയുമ്പോള്‍ തന്നെ എത്ര നിരപരാധികളെ അവര്‍ ഇടിച്ചു പിഴിഞ്ഞു ജീവഛവമാക്കി എന്നു കൂടി അറിയണം. ഇത്തരം കേസുകളില്‍ ജനം പോലീസിന്റെ കൂടെ നില്‍ക്കും. ആരെയും തല്ലാനുള്ള ലൈസന്‍സായി പൊലീസ് അത് ഉപയോഗിക്കുകയും ചെയ്യും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക