Image

എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കുന്നത് പുനരാരംഭിച്ചു

Published on 03 February, 2012
എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കുന്നത് പുനരാരംഭിച്ചു
ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് പുനരാരംഭിച്ചു. കമ്പനികളോടുള്ള കടബാധ്യത വെള്ളിയാഴ്ചയോടെ തീര്‍ക്കാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതിനെ തുടര്‍ന്നാണിത്്. കടബാധ്യത തീര്‍ക്കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 8.30 വരെ എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കുന്നത് കമ്പനികള്‍ നിര്‍ത്തിയിരുന്നു. ഇതെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 25ഓളം വിമാനങ്ങള്‍ വൈകി. ഡല്‍ഹി, മുംബൈ, ചെന്നൈ, കല്‍ക്കത്ത, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലാണ് വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിയത്.

എയര്‍ ഇന്ത്യക്കെതിരെ എണ്ണക്കമ്പനികള്‍ ഇത്തരമൊരു നടപടിയെടുക്കുന്നത് ഇതാദ്യമല്ല. കടബാധ്യത തീര്‍ക്കാത്തതിനെ തുടര്‍ന്ന് എയര്‍ഇന്ത്യക്കും കിങ്ഫിഷര്‍ എയര്‍ലൈന്‍സിനും ഇന്ധനം നല്‍കുന്നത് മുമ്പ് രണ്ട് തവണ നിര്‍ത്തി വെച്ചിരുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികളാണ് ഇന്ധനം നല്‍കുന്നത് നിര്‍ത്തിയത്. 2012 ജനവരി 22 വരെയുള്ള കണക്കനുസരിച്ച് ഏകദേശം 270 കോടിയോളം രൂപയുടെ ബാധ്യതയാണ് എയര്‍ ഇന്ത്യക്ക് കമ്പനികളോടുള്ളത്. നവംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് വിമാന ഇന്ധനത്തിന് എയര്‍ ഇന്ത്യ നല്‍കാനുള്ള തുക 4,200 കോടി രൂപയുമാണ്. ഇതില്‍ പലിശ ഇനത്തില്‍ മാത്രം നല്‍കാനുള്ളത് 582.33 കോടി രൂപയും.

20,000 കോടി രൂപയോളം നഷ്ടം നേരിട്ട കമ്പനിയുടെ മൊത്തം കടബാധ്യത 43,000 കോടിയാണെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ പലിശ കൂടാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്‍കാനുള്ളത് 2,380.88 കോടി രൂപയും ഭാരത് പെട്രോളിയത്തിന് നല്‍കാനുള്ളത് 635.08 കോടി രൂപയുമാണ്. 573.01 കോടി രൂപയാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് നല്‍കാനുള്ള തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക