Image

നാളെ റിലീസ് ചെയ്യാനിരിക്കേ "ഉഡ്താ പഞ്ചാബ്' ഓണ്‍ലൈനിലൂടെ ചോര്‍ന്നതായി പരാതി

Published on 16 June, 2016
നാളെ റിലീസ് ചെയ്യാനിരിക്കേ "ഉഡ്താ പഞ്ചാബ്' ഓണ്‍ലൈനിലൂടെ ചോര്‍ന്നതായി പരാതി
മുംബൈ: വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന വിവാദ ചിത്രം "ഉഡ്താ പഞ്ചാബ്' ഓണ്‍ലൈനിലൂടെ ചോര്‍ന്നു. ടൊറെന്റ് പോലുള്ള വെബ്‌സൈറ്റുകള്‍ വഴി ഇന്നലെ മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് മുംബൈ പോലീസിനു നല്‍കിയ പരാതിയില്‍ നിര്‍മാതാക്കള്‍ അറിയിച്ചു. സെന്‍സര്‍ ബോര്‍ഡിനു നല്‍കിയ കോപ്പിയാണ് ചോര്‍ന്നതെന്ന് നിര്‍മാതാക്കള്‍ പോലീസില്‍ അറിയിച്ചു. നേരത്തേ മലയാളചിത്രം പ്രേമത്തിന്റെ കോപ്പി സെന്‍സര്‍ ബോര്‍ഡിനു നല്‍കിയ കോപ്പി ചോര്‍ന്നതു ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഫാന്റം ഫിലിംസാണ് കോപ്പി ചോര്‍ന്നതെന്നു ചൂണ്ടിക്കാട്ടി ഇന്നലെ മുംബൈ സൈബര്‍ ക്രൈം പോലീസിനു പരാതി നല്‍കിയത്. അതേ സമയം പകര്‍പ്പവകാശ പരാതിയിന്‍മേല്‍ ഓണ്‍ലൈനില്‍ നിന്നു സിനിമ പിന്‍വലിക്കുന്നതായി പിന്നീട് വെബ്‌സൈറ്റുകള്‍ അറിയിച്ചു. മാത്രമല്ല സെന്‍സര്‍ ബോര്‍ഡ് വിയോജിച്ച സീനുകളുടെ കംപ്യൂട്ടര്‍ സഹായത്തോടെ തയ്യാറാക്കിയ എടുത്ത ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നെന്നും ആരോപണമുണ്ട്. ഇതാണ് സെന്‍സര്‍ ബോര്‍ഡിനു നല്‍കിയ കോപ്പിയില്‍ നിന്നാണ് ചിത്രം ചോര്‍ന്നതെന്നു കരുതാന്‍ കാരണം. ഓണ്‍ലൈനുകളില്‍ കണ്ടെത്തിയ ചിത്രത്തിനു രണ്ടു മണിക്കൂര്‍ ഇരുപത് മിനിട്ട് ദൈര്‍ഘ്യമുണ്ട്.

നേരത്തെ പഞ്ചാബിലെ ലഹരി മരുന്ന് ഉപയോഗം പ്രമേയമാക്കിയ ചിത്രത്തിലെ 89 സീനുകള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് വന്‍വിവാദമായിരുന്നു. തുടര്‍ന്ന് പ്രശ്‌നത്തിലിടപെട്ട ബോംബെ ഹൈക്കോടതി ഒരു സീന്‍ മാത്രം നീക്കം ചെയ്ത് എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഉത്തരവിടുകയുണ്ടായി. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്കു പോകുന്ന പഞ്ചാബില്‍ ഉഡ്താ പഞ്ചാഹ് എന്ന ചിത്രം രാഷ്ട്രീയ ആയുധമായി എതിരാളികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നാളെ റിലീസ് ചെയ്യാനിരിക്കേ "ഉഡ്താ പഞ്ചാബ്' ഓണ്‍ലൈനിലൂടെ ചോര്‍ന്നതായി പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക