Image

വിശ്രമവേളയിലെ വിനോദമല്ല എനിക്ക് എഴുത്ത് (പ്രിന്‍സ് മര്‍ക്കോസ്)

Published on 15 June, 2016
വിശ്രമവേളയിലെ വിനോദമല്ല എനിക്ക് എഴുത്ത് (പ്രിന്‍സ് മര്‍ക്കോസ്)
ഇ-മലയാളിയുടെ പ്രത്യേക അംഗീകാരം നേടിയ പ്രിന്‍സ് മര്‍ക്കോസ്‌ 

? ആദ്യമായി അഭിനന്ദനം. നിങ്ങള്‍ക്കാണു അംഗീകാരം എന്നറിഞ്ഞപ്പോള്‍ എന്തു തോന്നി.
$ അംഗീകാരം ലഭിച്ചെന്നറിഞ്ഞപ്പോള്‍ എന്ത് തോന്നി തുടങ്ങിയ ചോദ്യങ്ങള്‍ വല്ല മിമിക്രി ആര്‍ട്ടിസ്റ്റുകളോടോ മറ്റോ ചോദിച്ചു കൊള്ളു. എഴുത്തുകാരെ അത്തരം മണ്ടന്‍ അന്വേഷണങ്ങളില്‍ നിന്ന് ഒഴിവാക്കണം.

?എഴുത്തുകാര്‍ക്ക് അവാര്‍ഡ്/അംഗീകാരം കൊടുക്കുന്നതിനെ അമേരിക്കന്‍ മലയാളികള്‍ എതിര്‍ക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്നുണ്ടല്ലോ? അതേക്കുറിച്ച് എന്തു പറയുന്നു.?
$എഴുത്തുകാര്‍ക്ക് കിട്ടുന്ന അവാര്‍ഡുകള്‍ എന്ന് പറഞ്ഞാല്‍ മനുഷ്യന്റെ മസ്തിഷ്‌കപ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. എന്നുവെച്ചാല്‍ മറ്റു ജീവജാലങ്ങളേക്കാള്‍ മനുഷ്യന്‍ ഉന്നതനാണെന്ന വസ്തുതയെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന വ്യവഹാരം. ഇതിനെ ആരെങ്കിലും എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ അവരുടെ മനുഷ്യസ്വത്വം റദ്ദാക്കുകയാണെന്നര്‍ഥം. യാന്ത്രികമായ തൊഴിലുകളില്‍ പെട്ട് സര്‍ഗ്ഗപരമോ ചിന്താപരമോ ആയ ശേഷികള്‍ മുരടിച്ചതിന്റെ അപകര്‍ഷതാബോധത്തില്‍ നിന്ന് കൂടിയാണ് ചിലര്‍ ഇത്തരം പ്രലപനങ്ങള്‍ നടത്തുന്നത്. നമുക്ക് അവരോട് സഹതപിക്കാം.

? പ്രസ്തുത മനോഭാവമുള്ള ഒരു സമൂഹത്തില്‍ ഇത്തരം അംഗീകാരങ്ങള്‍ നിരസിക്കണമെന്നു തോന്നിയിട്ടുണ്ടൊ?
$ പ്രസ്തുത മനോരോഗം ഏതെങ്കിലും മലയാളി സമൂഹത്തിനുണ്ടെങ്കില്‍ അതിനെ ചികിത്സിക്കുകയാണ് നമ്മള്‍ വേണ്ടത്.

? അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ എന്ന് അറിയപ്പെടുന്നതോ, മലയാളത്തിലെ എഴുത്തുകാരന്‍ എന്നു അറിയപ്പെടുന്നതോ തൃപ്തികരമായി കണക്കാക്കുന്നു?
$മലയാളത്തില്‍ എഴുതുന്നതിനാല്‍ ഞാനൊരു മലയാളം റൈറ്ററാണ്. അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ എന്നത് ഒരു നിന്ദാവിശേഷണമായി ഉപയോഗിക്കാറുണ്ട്. ഞാനത് സ്വീകരിക്കുന്നില്ല.

? അംഗീകാരങ്ങള്‍/വിമര്‍ശനങ്ങള്‍/നിരൂപണങ്ങള്‍/പരാതികള്‍/അഭിനന്ദനങ്ങള്‍ ഇവയില്‍ ഏതാണു നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു എഴുത്തുകാരനു പ്രോത്സാഹനമാകുക?
$ സത്യസന്ധമായ വിമര്‍ശനങ്ങളും നിരൂപണങ്ങളുമാണ് സത്യത്തില്‍ ഒരു എഴുത്തുകാരനെ വളര്‍ത്തുന്നത്. സത്യസന്ധമല്ലെങ്കില്‍ അവ വിപരീതഫലം ചെയ്യും. ഉള്ളില്‍ തട്ടിയുള്ള അഭിനന്ദനങ്ങള്‍ അംഗീകാരങ്ങളേക്കാള്‍ ഊര്‍ജ്ജദായകമാണ്.

? അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ കഥകള്‍ എഴുതണം അവര്‍ വിട്ടിട്ട് പോന്ന നാടിനെക്കുറിച്ചുള്ള ഗ്രഹാതുരത്വമല്ല എന്നു പറയുന്നതിനോട് യോജിക്കുന്നുണ്ടോ? 
$ അങ്ങനെയൊരു നിയമമൊന്നും വെക്കുന്നതില്‍ അര്‍ഥമില്ല. എന്നാലും പ്രവാസികളായ മലയാളികള്‍ തങ്ങളുടെ പ്രവാസജീവിത പരിസരങ്ങളെ സാഹിത്യമാക്കുമ്പോഴാണ് അപൂര്‍വ്വതയുടെ ചാരുത ലഭിക്കുന്നത്. വ്യത്യസ്ത കള്‍ച്ചറല്‍ റജിസ്റ്ററുകള്‍ ആവിഷ്‌ക്കരിക്കുന്നതിലൂടെ മലയാള ഭാഷയുടെ ശേഷിയും വര്‍ദ്ധിക്കുന്നു. അമേരിക്കന്‍ ലോകം മലയാളത്തിലൂടെ പൊട്ടിവിടരുമ്പോഴാണ് നാം അമേരിക്കയെ ശരിക്കും സ്വന്തമാക്കി അനുഭവിക്കുന്നത്. അതുവരെ എന്ത് ഗ്രീന്‍ കാര്‍ഡുണ്ടായാലും അത് സായിപ്പിന്റേത് മാത്രമാണ്.

? കഥ, കവിത, ലേഖനം, നിരൂപണം, സഞ്ചാരസാഹിത്യം, നര്‍മ്മം അങ്ങനെ സാഹിത്യശാഖയിലെ മിക്ക മേഖലകളും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ മാത്രം കാണുന്ന ഒരു വിശേഷതയാണു എന്താണു ഒരു മേഖലയില്‍ മാത്രം കാലൂന്നി അതില്‍ വിജയം നേടാന്‍ ശ്രമിക്കാത്തത്. താങ്കള്‍ ഏത് കാറ്റഗറിയില്‍പ്പെടുന്നു.
$ വ്യത്യസ്ത സാഹിത്യശാഖകള്‍ ഒരേ എഴുത്തുകാരന്‍ തന്നെ കൈകാര്യം ചെയ്യുന്ന രീതി ഇന്ത്യയിലെ മറ്റ് ഭാഷകളിലെല്ലാം സര്‍വ്വസാധാരണമാണ്. മലയാളം എഴുത്തുകാരാണ് സ്‌പെഷലൈസേഷന്റെ രീതിയിലേക്ക് പെട്ടെന്ന് പ്രവേശിക്കുന്നത്. തനിക്ക് അനുയോജ്യമായ സാഹിത്യരൂപത്തെ കണ്ടെത്തി അതിലൂടെ സ്വയം ആവിഷ്‌ക്കരിക്കുന്നതില്‍ സര്‍ഗ്ഗാത്മകമായൊരു അനുഭൂതിയുണ്ട്. ഒന്നിലധികം രൂപങ്ങളില്‍ സര്‍ഗ്ഗാത്മകമായ അനുഭൂതി ലഭിക്കുമെങ്കില്‍ വ്യത്യസ്ത സാഹിത്യശാഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ തെറ്റില്ല. അല്ലാതെ ഓരോന്നിലും മാറി മാറി  ഭാഗ്യം പരീക്ഷണം നടത്തുന്നവര്‍ എവിടെയും എത്തുകയില്ല. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ കഥയും കവിതയും ലേഖനവും നിരൂപണവും സഞ്ചാരസാഹിത്യവുമെല്ലാം പയറ്റുന്നതില്‍ ഏതെങ്കിലും ഒന്നില്‍ സര്‍ഗ്ഗാത്മകനിര്‍വ്വഹണം കണ്ടെത്താന്‍ പറ്റാത്ത പരിമിതികള്‍ കൊണ്ടാണ്.

? നിങ്ങള്‍ക്കിഷ്ടമുള്ള സാഹിത്യകൃതി? എഴുത്തുകാരന്‍? 
സൂഫി പറഞ്ഞ കഥ, ജീവിതത്തിന്റെ പുസ്തകം, ദൈവത്തിന്റെ പുസ്തകം. എഴുത്തുകാരന്‍  കെ.പി രാമനുണ്ണി.

?നിങ്ങളുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പുരോഗതി എവിടെ എത്തിനില്‍ക്കുന്നു?
$ അമേരിക്കയെ ശരിക്കും സ്വന്തമാക്കി അനുഭവിപ്പിക്കുന്ന മലയാള സാഹിത്യം ഇനിയും വളര്‍ച്ച പ്രാപിക്കേണ്ടതുണ്ട്.

? അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ആരുടെ രചനയൊക്കെ നിങ്ങള്‍ വായിച്ചിട്ടുണ്ട്. അവയില്‍ നിങ്ങള്‍ക്കിഷ്ടമായവ.?
$ഇവിടെ നല്ല എഴുത്തുകാരും നല്ല വായനക്കാരുമുണ്ട്. പക്ഷെ കൊട്ടിഘോഷിക്കപ്പെടുന്നത് മിമിക്രിക്കാരും വളിപ്പ് വില്‍ക്കുന്നവരുമാണ്.

? ഇ മലയാളിയില്‍ എഴുതുന്നവരുടെ രചനകളെക്കുറിച്ച് തൂലികനാമത്തില്‍ കമന്റ് എഴുതുന്നവരെകുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? അത് തുടരുന്നത് നല്ലതാണൊ? അതോ നിറുത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവൊ?
ഒളിച്ചിരുന്ന് കല്ലെറിയാനായി തൂലികാനാമം ഉപയോഗിക്കുന്നത് ആശാവഹമല്ല. സ്വന്തം കര്‍തൃത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ധൈര്യമില്ലാത്തവന്‍ എഴുത്തുകാരനല്ല. ഭീരുവാണ്.

? നിങ്ങള്‍ പൂര്‍ണ്ണസമയ എഴുത്തുകാരനോ അതോ സമയമുള്ളപ്പോള്‍ കുത്തിക്കുറിക്കുന്നയാളോ? എഴുത്തിനെ ഗൗരവമായി കാണുന്നുണ്ടോ? അതോ ജോലിതിരക്കില്‍ നിന്നും വീണുകിട്ടുന്ന സമയം സാഹിത്യത്തിനു പയോഗിക്കാമെന്ന ചിന്തയാണോ?
$ മറ്റ് മേഖലകളിലെല്ലാം ജോലിയെടുക്കുന്നുണ്ടെങ്കിലും എഴുത്തിനെ ഗൗരവമായാണ് കാണുന്നത്. വിശ്രമവേളയിലെ വിനോദപ്രവൃത്തിയല്ല എനിക്ക് എഴുത്ത്.

? എഴുത്തുകാരുടെ മനസ്സില്‍ ഒരു ശൂന്യത വരാറുണ്ട്. അപ്പോള്‍ അവര്‍ക്ക് ഒന്നുമെഴുതാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടൊ? എങ്കില്‍ അതിനെ എങ്ങനെ തരണം ചെയ്തു?
എഴുത്തുകാരന്റെ മനസ്സില്‍ ശൂന്യത നിറഞ്ഞ് എഴുതാന്‍ പറ്റാത്ത അവസ്ഥയെ റൈറ്റേഴ്‌സ് ബ്ലോക്ക് എന്ന് പറയാറുണ്ട്. വാജീകരണക്ഷമമായ പൂതകണ്ണുകളോടെ ലോകത്തെ നോക്കിക്കാണുന്നതാണ് റൈറ്റേഴ്‌സ് ബ്ലോക്ക് ഒഴിഞ്ഞ് കിട്ടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം.

? 200 എഴുത്തുകാരും 7 വായനക്കാരുമാണു അമേര്‍ക്കന്‍ മലയാളി സാഹിത്യരംഗത്ത് എന്ന് ഒരു എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ അതെക്കുറിച്ച് എന്തു പറയുന്നു?
$എന്നാല്‍ 200 എഴുത്തുകാരും 207 വായനക്കാരും എന്ന് പറയേണ്ടിവരും. എഴുത്തുകാര്‍ ചുരുങ്ങിയ പക്ഷം അവര്‍ എഴുതിയതെങ്കിലും വായിക്കുമല്ലോ.

? പ്രതിദിനം അമേരിക്കന്‍ മലയാളികളില്‍ പുതിയ പുതിയ എഴുത്തുകാര്‍, ചിലരൊക്കെ അറുപതും എഴുപതും കടന്നവര്‍ പ്രത്യക്ഷപ്പെടുന്നു. അവരൊക്കെ ശരിക്കും സര്‍ഗ്ഗ പ്രതിഭയുള്ളവരായിരിക്കുമോ? അത്തരക്കാരുടെ കടന്നാക്രമണം സാഹിത്യത്തെ ദുഷിപ്പിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും.
$ പ്രായമേറിയ ശേഷം എഴുത്തിലേക്ക് വരുന്നതില്‍ കാര്യമില്ലെന്ന് പറയരുത്. കസാന്റ് സാക്കീസെല്ലാം അറുപതിനോടടുത്താണ് എഴുത്ത് തന്നെ തുടങ്ങി ലോകക്ലാസിക്കുകള്‍ രചിച്ചത്.

?അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ ഒരു കോക്കസ്സ് വര്‍ക്ക് ചെയ്യുന്നുണ്ടോ? അതായത് ചിലര്‍ എഴുതുന്നത് നല്ലത് എന്നു പറയാന്‍, അയാളെ സഹായിക്കുന്നവര്‍. ചിലര്‍ എത്ര നല്ല രചന നടത്തിയാലും അതിനെക്കുറിച്ച് മോശം പറയുന്നവര്‍. ഇതെപ്പറ്റി എന്തഭിപ്രായം.?
കോക്കസ്സു കളി അമേരിക്കന്‍ മലയാളസാഹിത്യത്തിലും കേരള മലയാള സാഹിത്യത്തിലും എല്ലാം ഉണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല. നല്ല എഴുത്ത് മാത്രമേ രക്ഷപ്പെടൂ. ദോഷൈകദൃക്കുകള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.

? നിരൂപണമെന്നാല്‍ എഴുത്തുകാരനെ ആക്ഷേപിക്കുന്നതാണോ? രചനയിലെ നന്മകള്‍ കണ്ടെത്തി എഴുത്തുകാരനു പ്രോത്സാഹനം നല്‍കുന്ന നിരൂപണരീതി നല്ലതോ ചീത്തയോ? ചീത്തയെങ്കില്‍ എന്തുകൊണ്ട്?
$ നിരൂപണമെന്ന് പറഞ്ഞാല്‍ എഴുത്തുകാരനെ അധിക്ഷേപിക്കലോ പുകഴ്ത്തലോ അല്ല. സര്‍ഗ്ഗാത്മകമായ പുതിയൊരു വായന സൃഷ്ടിക്കലാണ്. അത്തരം നിരൂപണങ്ങള്‍ എഴുത്തുകാരനും സമൂഹത്തിനും ഗുണം ചെയ്യും. 

വിശ്രമവേളയിലെ വിനോദമല്ല എനിക്ക് എഴുത്ത് (പ്രിന്‍സ് മര്‍ക്കോസ്)
Join WhatsApp News
ETTam vaayanakaaran 2016-06-16 04:38:24
പ്രിയ പ്രിൻസേ.. കണക്കിൽ ഒരു പ്രശ്നമുണ്ട്. 200 എഴുത്തുക്കാരും ഏഴു വായനക്കാരും , അത്  താങ്കൾ എഴുതിയപോലെ 207
വായനകാർ ആകുകയില്ല . കാരണം എഴുതുന്നവർ
അവർ വായിക്കുന്നത് മാത്രമാണു വായിക്കുന്നത്
അത്കൊണ്ട് മൊത്തം എഴുത്തുകാരുടെ എണ്ണം എട്ട്
എന്ന് പറഞ്ഞാൽ ശരിയായിരിക്കാം    നിരൂപകശ്രേഷ്ടനായ താങ്കൾ
ഇതൊക്കെ നല്ലവണ്ണം മനസ്സിലാക്കി കാണുമല്ലോ?
മിമിക്രി വാസു 2016-06-16 06:16:48
മമ്മൂട്ടിയും മിമിക്രിയാ, ദിലീപും മിമിക്രിയാ,  ജയറാമും മിമിക്രിയാ, കോട്ടയം നസീറും മിമിക്രിയാ ! ഞാനും മിമിക്രിയാ 

mathew V. Zacharia. Pioneer Keralite of New YORK. 2016-06-16 06:43:21

Congratulation. Best books: BIBLE and the Pilgrim's Progress by John Bunyon. I respect your humility and graceful approach.

Mathew V. Zacharia.Pioneer keralite of NY

Vaayanakkaaran 2016-06-16 12:58:02
തൂലിക നാമത്തിൽ എഴുതുന്നവർ ഭീരുക്കളാണെന്ന വാദത്തോട് യോജിക്കാൻ കഴിയില്ല.  ഒളിപ്പോരുകാർ, ചാരന്മാർ, ആകാശത്തിൽ മറഞ്ഞിരുന്നു നമ്മളുടെ ചെയ്തികളെ നോക്കി കാണുന്ന യന്ത്രങ്ങൾ , സ്റ്റെൽത്ത് ബോംബേഴ്‌സ് ഇവയെല്ലാം ഭീരുത്തത്തിൽ നിന്നു ഉണ്ടായതാണെന്ന വാദിക്കുന്നവരാണ് ഭീരുക്കൾ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .  എഴുത്ത്കാരെന്നു അവകാശത്തപ്പെടുന്ന പല അമേരിക്കൻ മലയാളികളും അവരുടെ എഴുത്തിനെയോ അതിന്റെ  പിന്നിലെ യുക്തിയേയോ ചോദ്യം ചെയ്യുമ്പോൾ അവരുടെ രൂപഭാവങ്ങൾ മാറും. "മസ്തിഷ്ക്കം ഉപയോഗിച്ച് എഴുതുന്ന എന്നെ ചോദ്യം ചെയ്യാൻ നീ ആരെടാ ?" എന്ന ഭാവമാണ് .  ഇത് ശരിക്കറിയാവുന്ന സൈകോളജിസ്റുകളാണ് തൂലിക നാമത്തിൽ എഴുതുന്നത്.  അതിൽ പ്രഗല്ഭനാണ് ഡോ . വിദ്യാധരൻ.  ഡോ. എന്ന പദവി ഞാൻ നൽകിയതാണ് അദ്ദേഹം ആരാണെന്ന് എനിക്കറിയില്ല . അതറിയണ്ട ആവശ്യവും ഇല്ല .   പക്ഷെ അദ്ദേഹത്തിന്റെ വിമർശനവും അഭിനന്ദനവും ചിലർക്ക് അസ്വസ്ഥതയും മറ്റു ചിലർക്ക് ഉന്മേഷവും നൽകുന്നുണ്ട്.  അതുപോലെ അവാർഡ് നിരസിക്കുന്നവരുടെ മാനസിക അവസ്ഥയും ശരിയല്ല എന്നു പറയുന്നതിനോടും യോജിക്കാൻ കഴിയില്ല .  അവാർഡ് നിരസിക്കുന്നതു നിലനിൽക്കുന്ന ചില ദുഷിച്ച സംമ്പ്രതയങ്ങളോടുള്ള പ്രതിഷേധമായിരിക്കാം . വിമർശനവും പരിഹാസവും എല്ലാം മലയാള ഭാഷയെ ശുദ്ധമാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് .  അതിനെ അതിജീവിക്കാൻ നല്ലൊരു എഴുത്തുകാരനും എഴുത്തുകാരിയും സന്നദ്ധരായിരിക്കണം.   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക