Image

കരസേനാ മേധാവിയുടെ പ്രായവിവാദം: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

Published on 03 February, 2012
കരസേനാ മേധാവിയുടെ പ്രായവിവാദം: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: ജനനത്തിയതി വിവാദത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫിബ്രവരി 10 ലേക്ക് മാറ്റി. വിഷയം കൈകാര്യം ചെയ്യുന്നതില്‍ പ്രതിരോധമന്ത്രാലയത്തിന് പറ്റിയ വീഴ്ചയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.ജനനത്തിയതി തിരുത്തണമെന്ന ജനറലിന്റെ ആവശ്യം നിരാകരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാനും സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു. കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാന്‍ ഇരുകക്ഷികള്‍ക്കും സമയം ലഭിക്കുന്നതിനാണ് കേസ് 10 വരെ മാറ്റിവെച്ചത്.

തന്റെ ജനനത്തീയതി 1951 മെയ് പത്തായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനറല്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. കരസേനയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ജനനത്തീയതിയടക്കമുള്ള രേഖകള്‍ സൂക്ഷിക്കുന്നത് അഡ്ജുട്ടന്റ് ജനറല്‍ (എ. ജി.) വിഭാഗത്തിലാണ്. ഇവിടത്തെ രേഖകള്‍ പ്രകാരം ജനറല്‍ സിങ്ങിന്റെ ജനനത്തീയതി 1951 മെയ് പത്താണ്. എന്നാല്‍, മിലിട്ടറി സെക്രട്ടറി (എം.എസ്.) വിഭാഗത്തില്‍ ജനനത്തീയതി, സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ 1950 മെയ് പത്താണ്. ഇതേത്തുടര്‍ന്ന് ജനനത്തീയതി തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം എ. ജി. വിഭാഗത്തിന് കത്തയച്ചിരുന്നു.ഇതിനെതിരെയാണ് ജനറല്‍ വി.കെ. സിങ് കോടതിയെ സമീപിച്ചത്.

തന്റെ ജനനത്തീയതി 1951 ആയി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സിങ് നല്‍കിയ അപേക്ഷ തള്ളിയ സര്‍ക്കാര്‍, ജൂലായ് 21-ന് പുറപ്പെടുവിച്ച ആദ്യത്തെ ഉത്തരവില്‍ എ.ജി.വിഭാഗത്തോട് ജനനത്തീയതി 1950 ആക്കാന്‍ നിര്‍ദേശിച്ചിരുന്നു. 1951 എന്ന് എ.ജി.വിഭാഗം നിശ്ചയിച്ചത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ ഉത്തരവിനെത്തുടര്‍ന്നാണ് ജനറല്‍ സിങ് പ്രതിരോധ മന്ത്രി എ.കെ.ആന്റണിക്ക് അപേക്ഷ നല്‍കിയത്. പ്രതിരോധ മന്ത്രിയും സിങ്ങിന്റെ ആവശ്യം തള്ളി. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ജനനത്തീയതിയടക്കമുള്ള വിഷയങ്ങളില്‍ തീര്‍പ്പു കല്പിക്കുന്നതിന് അധികാരമില്ലാത്ത എം.എസ്. വിഭാഗത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രാലയം തീരുമാനമെടുത്തതെന്ന് സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

വരുന്ന മെയ് പത്തിന് വിരമിക്കണമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെയാണ് ജന. സിങ് കോടതിയില്‍ ചോദ്യം ചെയ്തത്. 1951 മെയ് പത്താണ് സിങ്ങിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും മറ്റുമുള്ളത്. എന്നാല്‍, നാഷണല്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്ന സമയത്തുള്ള രേഖ പ്രകാരം 1950 മെയ് പത്താണ് ജനനത്തീയതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ തീയതി തന്റെ ഔദ്യോഗിക പ്രായമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ജനറല്‍ സിങ് നല്‍കിയ കത്ത് പ്രധാനമന്ത്രി പ്രതിരോധ മന്ത്രാലയത്തിന് അയച്ചു കൊടുത്തു.

നാഷണല്‍ മിലിട്ടറി അക്കാദമിയില്‍ ചേരുന്നതിനുള്ള യു. പി.എസ്.സി.യുടെ അപേക്ഷയില്‍ 1950 ആണ് ജനനത്തീയതിയായി സിങ് ചേര്‍ത്തതെന്ന് പ്രതിരോധ മന്ത്രാലയം കണ്ടെത്തി. ഇതു പ്രകാരം ഇക്കൊല്ലം മെയ് പത്തിന് അദ്ദേഹം വിരമിക്കണം.

മെയ് പത്തിന് ജനറല്‍ സിങ് വിരമിച്ചാല്‍ കിഴക്കന്‍ മേഖലാ മേധാവി ലെഫ്: ജനറല്‍ ബിക്രം സിങ് മേധാവിയാകും. എന്നാല്‍, സിങ്ങിന്റെ ആവശ്യം അംഗീകരിച്ചാല്‍ അദ്ദേഹം അടുത്ത മാര്‍ച്ച് 13-നേ വിരമിക്കൂ. അങ്ങനെ വരുമ്പോള്‍, വടക്കന്‍ സേനാ കമാന്‍ഡര്‍ ലെഫ്: ജനറല്‍ കെ.ടി. പര്‍ണിയായിരിക്കും സേനാ മേധാവിയുടെ പദവിയിലേക്ക് പരിഗണിക്കപ്പെടുക. ഇക്കൊല്ലം മെയ് 31-ന് മുമ്പ് സിങ് രാജിവെക്കുകയോ സര്‍ക്കാര്‍ അദ്ദേഹത്തെ നീക്കുകയോ ചെയ്താല്‍ പശ്ചിമമേഖലയിലെ ലെഫ്. ജനറല്‍ എസ്. ആര്‍. ഘോഷായിരിക്കും സേനയുടെ തലപ്പത്തെത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക