Image

ഫൊക്കാനയും ഫോമയും പിന്നെ ഞാനും (എ. സി ജോര്‍ജ്)

Published on 13 June, 2016
ഫൊക്കാനയും ഫോമയും പിന്നെ ഞാനും (എ. സി ജോര്‍ജ്)
(നര്‍മ്മ ചിത്രീകരണം)
ഹ്യൂസ്റ്റനിലെ മര്‍ഫി റോഡിലെ സാമാന്യം വലിപ്പമുള്ള ഒരു ഗ്രോസറി സൂപ്പര്‍ മാര്‍ക്കറ്റാണ് ''തുമാരാ ഗ്രോസ്രേര്‍സ് സൂപ്പര്‍മാര്‍ക്കറ്റ്''. ഞാന്‍ അതിനടുത്തുള്ള ചൈനീസ് സുന്ദരിയുടെ സൂഫര്‍ ഹെയര്‍കട്ട് സലൂണില്‍ കേറി ഒരു കട്ടിംഗും ഡൈയിംഗും നടത്തി. നല്ല പ്ലം പഴത്തിന്റെ നിറമുള്ള ചൈനീസ് സുന്ദരി ''ചിംഗ് ചാങ്ങിന്റെ്'' സൂഫര്‍ കട്ടും മുട്ടും തട്ടും സൂഫര്‍ തലോടലുമായി ഹെയര്‍ കട്ട് സലൂണിലെ ഇപ്രാവശ്യത്തെ ചടങ്ങ് അവസാനിച്ചു. തിരുമ്മലും ഉരുമ്മലും പിന്നീടാകാം...ഒരുസുഖം ഒരു നിര്‍വതി... ഒരു കോള്‍മയിര്‍...

ഇനി ഭാര്യയുടെ കല്ലേല്‍ പിളര്‍ക്കുന്ന ഓര്‍ഡര്‍ പ്രകാരം കുറച്ച് മീന്‍ വാങ്ങാനായി തുമാരാ ഗ്രോസര്‍സ് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഞാന്‍ വച്ചടിച്ചു. മീന്‍ സെക്ഷനിലെത്തി. ഓ... ഒരു ഫൊക്കാനാ നേതാവ്.. ഫൊക്കാനയുടെ പൊക്കത്തിലും ഒരു ആന ഗമയിലും മീന്‍ കണ്ട
പൂച്ചയെപ്പോലെ മണത്ത് മണത്ത് ഓരോ മീന്‍ ഫ്രിഡ്ജ് അലമാരകളും തുറന്നു നോക്കുന്നു. കൂടെ തന്നെ ഫോമാ നേതാവായ ഭാര്യയും അണിഞ്ഞൊരുങ്ങി ഒരു ആമാ ഫോമാ ചന്തത്തില്‍ മെല്ലെ മെല്ലെ ഒരു പൂമ്പാറ്റപോലെ അനുഗമിക്കുന്നു. 

അമേരിക്കയിലെ വന്‍ വടവൃക്ഷ അമ്പ്രെല്ലാ അസോസിയേഷന്‍ വളര്‍ന്നു... വളര്‍ന്നു...പിളര്‍ന്നപ്പോള്‍ ഭാര്യ ഫോമയിലും ഭര്‍ത്താവ് ഫൊക്കാനയിലും ആയിപ്പോയതാണ്. പഴയ കേരള രാഷ്ട്രീയത്തിലെ ദമ്പതി നേതാക്കളായ ടി.വി.തോമസും കെ.ആര്‍.ഗൗരിയും പോലെ ഇവരും ഒരു ഒത്തുതീര്‍പ്പും ഒത്തു കളിയുമായി ഇരുസംഘടനയിലുമായി നില ഉറപ്പിച്ചു. അങ്ങിനെ രണ്ടിടത്തുമായി ഓരോ പിടിവള്ളി ആ കുടുംബത്തിനുണ്ടാവുന്നത് നല്ലതല്ലെ. ഇരുവരും തിരിഞ്ഞുനോക്കിയപ്പോള്‍ ഞാനവരുടെ ദൃഷ്ടിയില്‍ പെട്ടു. ഹലോ ജോര്‍ജ്.... എന്താ ഇവിടെ? മീന്‍ തപ്പി ഇറങ്ങിയതാവും.. ശരിയാ ..കുറച്ച് കൊല്ലം മക്രീല്‍ വാങ്ങണം. ഞാന്‍ പറഞ്ഞു. അല്ലേലും എ.സി.ജോര്‍ജെ.. നിങ്ങള്‍ ഏതാ..ഏതിലാ.. ഫൊക്കാനയോ ഫോമയോ.. ഞാന്‍ പ്രത്യേകിച്ച് ഫണ്ടമെന്റലായി ഒന്നിലുമില്ല. ഏന്നാല്‍ രണ്ടിലും അല്‍പ്പാല്‍പം ഉണ്ട് താനും. രണ്ടു സംഘടനയിലും എനിക്കു സുഹൃത്തുക്കളുണ്ട്. 

പിന്നെ ഞാനിപ്പോള്‍ വസിക്കുന്ന ഹ്യൂസ്റ്റന്‍ സിറ്റിയില്‍ വല്ല സംഘടനാ കണ്‍വെന്‍ഷനോ ഇലക്ഷനോ ഉണ്ടെങ്കില്‍ അതും എനിക്ക് സൗകര്യപ്പെട്ടാല്‍ കേറി പോകും അത്രതന്നെ. പക്ഷെ ജോര്‍ജെ രണ്ടുവള്ളത്തില്‍ ചവിട്ടരുത് കേട്ടോ.. അതു ശരി.. നിങ്ങള്‍ ഭാര്യയും ഭര്‍ത്താവും രണ്ടുവള്ളത്തിലാണല്ലോ ചവിട്ടി നില്‍ക്കുന്നത് എന്നു പറയാന്‍ നാവു പൊന്തിയതാണ്. പക്ഷെ പറഞ്ഞില്ലാ.. എന്തിനാ ഈ നിസാര കാര്യത്തിന് ഒരു വാഗ്വാദം.. പക്ഷെ ജോര്‍ജെ വന്നാലും ഇല്ലെങ്കിലും ഞങ്ങള്‍ക്കു കുറെ വോട്ടു പിടിച്ചു തരണം. അതിന് ജോര്‍ജിന് നല്ല പരിചയക്കാരും ഇന്‍ഫ്‌ളുവന്‍സുമൊക്കെ ഉണ്ടല്ലോ.. ഞാന്‍ ഒന്നു ചിരിക്കുക മാത്രം ചെയ്തു. ഇവര്‍ക്ക് എപ്പോഴും അധികാര കസേരയില്‍ കുത്തിയിരുന്ന് സേവിക്കണം... ഒരു വട്ടമല്ല പലവട്ടം പല തസ്തികയില്‍ കുത്തിയിരുന്ന് സേവിക്കണം. കസേരകള്‍ കൈവിടാതെ ഗ്ലൂ അടിച്ച് തന്നെ കസേരകള്‍ ആസനത്തില്‍ കൊണ്ടു നടക്കണം... ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഫിഷ് ക്യാഷ് കൗണ്ടറിന്റെ ബാക്കില്‍ നിന്നൊരു അശരീരി. ഫൊക്കാനയും ഫോമയും എഴുത്തുകാരനും ഒക്കെ ഉണ്ടല്ലൊ... തുമാരാ ബസാറിലെ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ മത്തിമത്തായിയുടേതാണ് ആ അശരീരി. ഈ ആഴ്ചത്തെ മലയാളം പ്രവാസി ടൈംസ് പ്രസിദ്ധീകരണം അഞ്ചാറെണ്ണം വിടര്‍ത്തിയിട്ട് അതിന്മേല്‍ ഒരു വമ്പന്‍ സ്രാവിന്റെ വയറു കീറി കുടലും പണ്ടവും വളരെ മെഡിക്കല്‍ സയന്റിഫിക്കായി ഒരു സര്‍ജ്ജന്റെ ചതുരതയോടെ നീക്കിക്കൊണ്ടിരിക്കുകയാണ് മത്തിമത്തായി. ഈ പ്രോസസിനെ നാടന്‍ രീതിയില്‍ മീന്‍വെട്ട് എന്നു പറയുമെങ്കിലും ഡോക്ടര്‍ ധരിക്കുന്ന വെള്ള ഓവര്‍കോട്ടുമണിഞ്ഞ് സര്‍ജിക്കല്‍ കത്തിയുമായി നില്‍ക്കുന്ന മത്തിമത്തായിയെ കണ്ടാല്‍ മീന്‍ കട്ടിംഗില്‍ ഒരു എം.എയൊ ഡോക്ടറേറ്റോ കൊടുക്കാന്‍ തോന്നും. 

 ഇപ്പോ ഏതു പട്ടീടെ വാലേലും ഡോക്ടറേറ്റ് തുന്നിച്ചേര്‍ക്കാമെന്നായിട്ടുണ്ടല്ലൊ. ഇനി മുതല്‍ ഫോമയും ഫൊക്കാനയും നല്ല സംഭാവനകള്‍ തുകയായി വാങ്ങിയിട്ട് ഫലകങ്ങള്‍ക്കും പൊന്നാടകള്‍ക്കും പുറമെ അപാര പഠനത്തിനൊ, വിശിഷ്ട സേവനത്തിനൊ അല്ലെങ്കില്‍ മറ്റ് നല്ല പേരുകള്‍ എന്തെങ്കിലും കണ്ടുപിടിച്ച് ഏതാനും പേര്‍ക്ക് ഡോക്ടറേറ്റ് നല്‍കിയാല്‍ നന്നായിരുന്നു. കാരണം ഇത് ഇലക്കും മുള്ളിനും ദോഷമില്ലാത്ത നല്ല ഒരു വഴി അല്ലേ എന്ന് ഈയുള്ളവന്‍ ചിന്തിച്ചു പോയി. കൊടുക്കുന്നവനും സന്തോഷം വാങ്ങുന്നവനും സന്തോഷം. കൊടുത്താല്‍ കൊല്ലത്തും കിട്ടും.
ഇതെന്ത് ഏര്‍പ്പാടാ മത്തായി. 

ഈ ഫോമാ-ഫൊക്കാനാ നേതാക്കന്മാരുടെ ചിത്രങ്ങളും വാര്‍ത്തകളും വിളംബരങ്ങളുമുള്ള പ്രവാസി ടൈംസിന്റെ പുറത്ത് വച്ച് തന്നെ വേണൊ ഈ മീന്‍ വെട്ട്? ഞാന്‍ പ്രതിഷേധമറിയിച്ചു. എന്റെ ജോര്‍ജ് സാറെ... മീന്‍ വെച്ച് വെട്ടാനെങ്കിലും ഈ വാരിക ഉപകരിക്കട്ടെ... ഈ ചവറൊക്കെ ആരു വായിക്കാനാ... സാറെ... അതിന് ആര്‍ക്കാണിവിടെ നേരം... ടൈം..ഈസ് മണി എന്നല്ലെ?... അതു കൊണ്ട് നാട്ടിലെ ചുമട്ടുകാര്‍ക്ക് നോക്കുകൂലി കൊടുക്കുന്നതുപോലെ വായനകൂലി കൊടുത്താല്‍ വല്ല തൊഴിലില്ലാത്ത വിഡ്ഡി പൊട്ടന്മാര്‍ വായിക്കുമായിരിക്കും... ഒരക്ഷരസ്‌നേഹിയായ എനിക്കുണ്ടായ കോപം ഞാന്‍ ഉള്ളിലൊതുക്കി. ഞാന്‍ പ്രകോപിതനായിരുന്നെങ്കില്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ മാതിരി ശോഷിച്ച ശരീര പ്രകൃതിയുള്ള എന്നെ മത്തിമത്തായി ആ പ്രസിദ്ധീകരണ പേപ്പറിന്റെ മീതെ കിടത്തി ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി തന്നെ നടത്തിയേനെ. ഏഷ്യാനെറ്റിലെ സ്ത്രീധനം സീരിയലിലെ മത്തി സുകുവിന്റേയും ചാള മേരിയുടേയും വാചക കസര്‍ത്തുകളും ദുഷ്ടപ്രവര്‍ത്തികളും കൂടി എന്റെ സ്മൃതിപഥത്തില്‍ തെളിഞ്ഞു വന്നു. അപ്പോഴേക്കും കോഴിക്കോടന്‍ മത്തി നിറച്ച ഷോപ്പിംഗ് കുട്ടയുമായി വില കുത്തിക്കാനായി ഫിഷ് ക്യാഷ് കൗണ്ടറിലെത്തിയ ഫോമാ-ഫൊക്കാനാ ദമ്പതികളുടെ നേരെ തിരിഞ്ഞ് മത്തിമത്തായി കുശലം പറയാന്‍ തുടങ്ങി. ഇത്തവണത്തെ കണ്‍വെന്‍ഷനുകളും കലാപരിപാടികളും ഇലക്ഷനും എല്ലാം രണ്ടു കൂട്ടരും പൊടിപൊടിക്കുമെന്നു കേട്ടല്ലൊ...

അതു ശരിയാ... ഇപ്രാവശ്യം പുതുതായി ധാരാളം സിനിമാക്കാരും സ്റ്റാര്‍നൈറ്റും സിനിമാ അവാര്‍ഡുകളും ഉണ്ടാകും. പിന്നെ സാഹിത്യകാരന്മാരും, മന്ത്രിമാരും മുട്ടന്‍ സ്വാമിമാരും മുട്ടന്‍ തിരുമേനിമാരും ധാരാളമായി വരുന്നുണ്ട്. അവരെല്ലാം പുതിയ പുതിയ ഐറ്റംസും കൈവേലകളും കാണിക്കും. സംഗതി ത്രസിപ്പിക്കും...
ഹൊ അതുശരി... വരുന്നവര്‍ പുതിയ പുതിയ വേലത്തരം കാണിക്കും... അല്ലെ, ഇതൊക്കെ എത്ര കണ്ടതാ... ഭീമമായ ഇത്രയധികം തുക കൊടുത്ത് എവന്മാരേയും എവളുമാരേയും കൊണ്ടു വന്നിട്ട് എന്നാ കിട്ടാനാ... പഴയ വിഡ്ഡി കോമാളിത്തങ്ങളും വളിപ്പും കുറച്ച് കുലുകുലുക്കും, ചുണ്ടനക്കല്‍ ലാലിസവും... അതിന് ഒരാള്‍ മുടക്കുന്ന കാശുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പത്തു കൊല്ലത്തേക്ക് വല്ല ക്വയിലോണ്‍ കിംഗ് ഫിഷൊ, കൊച്ചിന്‍ മക്രീലൊ വാങ്ങി കഴിക്കാം. അതു നമ്മുടെ ശരീരത്തിലെങ്കിലും കിടക്കും.. അല്ലെങ്കില്‍ വല്ല ലോക്കല്‍ ടാലന്റുകളേയും പ്രമോട്ട് ചെയ്യ് സാറെ... അതുമല്ലെങ്കില്‍ വല്ല പട്ടിണിപാവങ്ങള്‍ക്കും കഞ്ഞികുടിക്കാനായി സംഭാവന ചെയ്യ് സാറെ... മത്തിമത്തായി ആവേശഭരിതനായി. 

മത്തി മത്തായി പറഞ്ഞതിലും കാര്യമുണ്ട്. ഞാന്‍ ചിന്തിച്ചു. പിന്നെ കൂടുതല്‍ നേരം ഞാനവിടെ നിന്നില്ല. കൊല്ലം അയില മീനിന്റെ വില ക്രെഡിറ്റ് കാര്‍ഡില്‍ ചാര്‍ജ് ചെയ്തിട്ട് ഞാന്‍ പാര്‍ക്കിംഗ് ലോട്ടിലോട്ടു നടന്നു. മര്‍ഫിറോഡും പരിസരവും ഇവിടുത്തെ മലയാളികളുടെ ഒരു ഈവനിംഗ് സമ്മേളന ഏരിയ ആണ്. അതാ ഒരു മലയാളി കൂട്ടം... ചിലരുടെ കാറിന്റെ ഡിക്കി പൊക്കിവെച്ചിരിക്കുന്നു. ചിലര്‍ പ്ലാസ്റ്റിക് കപ്പില്‍ എന്തോ വീര്യമുള്ള ദ്രാവകം മോന്തുന്നു. ചിക്കന്‍ കാല്‍ കടിച്ചു പറിക്കുന്നു. അവിടം മലയാളികളുടെ ഒരു ഹാംഗോവര്‍ കേന്ദ്രം അല്ലെങ്കില്‍ ഒരു മലയാളി അധോലോകം... ഫോമാക്കാര്‍ ഒരിടത്തും ഫൊക്കാനാക്കാര്‍ അല്‍പം മാറി മറ്റൊരിടത്തും സമ്മേളിച്ചിരിക്കുന്നു. 

അടുത്ത കണ്‍വെന്‍ഷനുകളില്‍ വച്ചാണല്ലോ ഈ വമ്പന്‍ മലയാളി തിമിംഗല സംഘടനയിലെ തെരഞ്ഞെടുപ്പ്. വെള്ളം കുടിയും സ്ഥാനാര്‍ത്ഥികളുടെ വോട്ടുപിടുത്തവും തിരുതകൃതിയായി നടക്കുകയാണവിടെ. കഴിഞ്ഞ മെയ് മാസത്തില്‍ കേരളാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അതേ ചൂടും ചൂരും ഉള്‍ക്കൊണ്ടാണിവിടത്തെ ഇലക്ഷന്‍ പ്രചാരണ പ്രക്രീയയും. മലയാളി സാന്നിദ്ധ്യമുള്ള പറ്റുന്നിടത്തൊക്കെ സ്ഥാനാര്‍ത്ഥികളുടെ വാള്‍പോസ്റ്റര്‍ ഒട്ടിക്കണം, കട്ടൗട്ടുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും വെയ്ക്കണം. അമേരിക്കന്‍ പോലീസിന്റെ കണ്ണുവെട്ടിച്ചുള്ള ചുവരെഴുത്തുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യക്ഷപ്പെടണം. അമേരിക്ക ആയതുകൊണ്ട് കുറച്ച് ഹില്ലാരി-ട്രംമ്പ് മോഡലാക്കി വോട്ടുപിടിക്കാന്‍ പുതുമയുള്ള പലതും ചെയ്യണം. പ്രചാരണത്തിനായി സോഷ്യല്‍ മീഡിയയിലും നുഴഞ്ഞു കേറണം.

എന്റെ തല കണ്ടപ്പോള്‍ ഫൊക്കാനക്കാരായ മാക്രി കാലായില്‍ തോമായും ആനക്കുഴി വാസുവും അടുത്തേക്കു വന്നിട്ടു പറഞ്ഞു. എ.സി.ജോര്‍ജെ... താന്‍ വല്ലപ്പോഴും ഏതാണ്ടൊക്കെ കുത്തിക്കുറിക്കാറുണ്ടല്ലൊ...നമ്മുടെ ഇലക്ഷന്‍ വിജയത്തിനായി നല്ല കുറിക്കു കൊള്ളുന്ന ഒരു പാരഡി ഗാനം തയ്യാറാക്കണം. അത് ഹിറ്റാകണം. പിന്നെ ഞങ്ങടെ യോഗത്തില്‍ വന്ന് നല്ല ഉശിരായിട്ട് ഒരു തൊള്ളതൊരപ്പന്‍ സപ്പോര്‍ട്ട് പ്രസംഗം നടത്തണം. അതും ഹിറ്റാകണം. പിന്നെ ഹിറ്റുകിട്ടാതെയും നോക്കണം.

വെറുതെ എതിരാളികളുടെ എതിര്‍പ്പൊ ഒരുപക്ഷെ ഇരുട്ടടിയൊ എന്തിനു ഞാന്‍ വാങ്ങണം എന്നായിരുന്ന എന്റെ ചിന്ത. വേലിയേലിരിക്കുന്ന പാമ്പിനെ പിടിച്ച് കൗപീനത്തില്‍ വെച്ച് ഞാനെന്തിന് കടിമേടിക്കണം, എന്ന ചിന്തയോടെ ഞാന്‍ മുടന്തന്‍ ഒഴിവുകഴിവും പറഞ്ഞ് ആ സാഹസങ്ങളില്‍ നിന്നു പിന്‍മാറി. പക്ഷെ ഈ സംഘടന സംഘടിത കുടിയന്മാരെ ഒന്നു ചൊറിയാനും മാന്താനും എന്നില്‍ മോഹമുദിച്ചു. നിങ്ങളൊക്കെ കേരളാ അസംബ്ലി ഇലക്ഷനും, ആര്‍ഷ ഭാരതസംസ്‌കാരം (ആ.ഭാ.സം) ഒക്കെ ഫോളോ ചെയ്യാനാണല്ലൊ ശ്രമം? കേരളാ ഇലക്ഷനില്‍ ചോദിച്ചപോലെ നിങ്ങടെ സംഘടനയിലെ പ്രകടനപത്രികയിലും മാനിഫെസ്റ്റോയിലും ചേര്‍ത്തിരിക്കുന്ന മദ്യനയം എന്താണ്? സമ്പൂര്‍ണ്ണ മദ്യനിരോധനമാണൊ, അതോ ഘട്ടംഘട്ടമായുള്ള മദ്യവര്‍ജനമോ, മദ്യവിസര്‍ജനമൊ?. അമേരിക്കന്‍ മലയാളി സോളാര്‍ വിവാദത്തില്‍ നിങ്ങളുടെ പങ്ക് എന്ത്? അമേരിക്കന്‍ മലയാളി സരിത ലിസ്റ്റില്‍ നിങ്ങളുടെ പേരുണ്ടൊ എന്നതൊക്കെ ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്. എന്റെ കുരുട്ട് ചോദ്യത്തിന് ഉത്തരമായി മാക്രി കാലായില്‍ തോമാ ഒരു ശ്രൃംഗാരചിരിയോടെ പറഞ്ഞു. വേണ്ടി വന്നാല്‍ കേരളാ സരിതയെ തന്നെ ഒരു പ്രശസ്താതിഥിയായി ഫൊക്കാന പൊക്കി കൊണ്ടു വരും. നോക്കിക്കോ.

ഫൊക്കാനയും ഫോമയും ഒരമ്മ പെറ്റ രണ്ടു മക്കള്‍. ഫൊക്കാനയോട് സംസാരിച്ച സ്ഥിതിക്ക് ഇനി ഫോമായോടും സംസാരിച്ചേ തീരൂ. തിരിച്ചു വേദം- ഡിസ്‌ക്രിമിനേഷന്‍ പാടില്ലല്ലൊ. പാര്‍ക്കിംഗ് ലോട്ടിലെ സൗത്ത് വെസ്റ്റ് ഭാഗത്തു നിന്നാണ് ഫോമയുടെ തെരഞ്ഞെടുപ്പ് റാലി. ഇവിടെ ഡബ്ല്യു.എം.സി. (വേള്‍ഡ് മദ്യ കൗണ്‍സില്‍) വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്ല - ന്റെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് തന്ത്രം മിനയുകമാണ്. ഫോമയുടെ ആമകുഴിയില്‍ വറീത,് കഴുതക്കാലില്‍ ഏലമ്മ, പാമ്പിന്‍ മാളത്തില്‍, ഗോപാലന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമാണ്. എല്ലാ അംഗസംഘടനയിലേയും ഡെലിഗേറ്റുകളുമായി ബന്ധപ്പെട്ട് ഓരോ വോട്ടും ഉറപ്പാക്കണം. 

ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററിലെ അമല (അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലവ്), യോംഗേര്‍സിലെ മാമാ (മലയാളി മങ്ക), മാക്കാനാ (മലയാളി കേരളായിറ്റ്‌സ് ഇന്‍ നോര്‍ത്ത് അമേരിക്ക, മേരിലാന്റിലെ ഉമാ (യുനൈറ്റഡ് മലയാളീസ്) ചിക്കാഗോയിലെ ഓമനാ (ഓള്‍ മലയാളി അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക, എരുമാ (ഓള്‍ റോഡ് ഐലന്റ് മലയാളീസ്), ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ്, ലോംഗ് ഐലന്റ്, ഷോര്‍ട്ട് ഐലന്റ് മലയാളി അസോസിയേഷനില്‍ നിന്നൊക്കൊ ഒടമ്പിന്റെ പാര്‍ട്ടുകള്‍ ദ്രവിച്ചു പോയ പടുകിഴവന്‍ ഡെലിഗേറ്റുകളെ മാറ്റി ചുറുചുറുക്കുള്ള ചെറുപ്പക്കാരായ ഡെലിഗേറ്റുകളാണ് വേണ്ടത്. ശരിയായ ഒറ്റ വ്യക്തികളോ പാനലോ ജയിച്ചു കേറണം. അല്ലെങ്കില്‍ പിന്നെ കാമാ, (കേരളാ അസംതൃപ്തി മലയാളി അസോസിയേഷനുകള്‍) ധാരാളമായി വിജയിക്കും അല്ലെങ്കില്‍ സംഘടനകളെ പറ്റി ഒരു രസികന്‍ പറഞ്ഞപോലെ ഫൊക്കാനാ എന്നാല്‍ (ഫ്രന്റ്‌സ് ഒരുമിച്ച് കള്ള് അടിക്കാന്‍ നല്ല അവസരം). ഫോമാ എന്നാല്‍ (ഫ്രന്റ്‌സ് ഒരുമിച്ച് മദ്യം അടിക്കാന്‍ അവസരം) എന്നൊക്കെ ആയി പറയേണ്ടി വരും. 

ഏതായാലും ഇപ്രാവശ്യത്തെ ഫോമാ-ഫൊക്കാനാ കണ്‍വെന്‍ഷനുകളില്‍ ഒരു ഗുഡ് ന്യൂസ് ഉള്ളത് പരലോകത്തെ മലയാളികളെ പ്രതിനിധീകരിച്ച് കുറച്ചു പേര്‍ അഖില മോക്ഷവാസി മലയാളി സംഘടനയില്‍ നിന്നും വേറെ കുറച്ചു പേര്‍ അഖില നരകവാസി മലയാളി സംഘടനയില്‍ നിന്നും എത്തുന്നു എന്നുള്ളതാണ്.
വളരെ പെട്ടെന്നാണ് അതു സംഭവിച്ചത്. മര്‍ഫി റോഡിലെ പാര്‍ക്കിംഗ് ഏരിയായിലെ സെന്ററല്‍ പോയിന്റില്‍ എന്തോ സംഭവിച്ചു. ഭയങ്കര ഒച്ചപ്പാട്. വെടിയും പുകയും. വല്ല ഫോമാ-ഫോക്കാനാ സംഘടനമോ ദ്വന്ദ്വയുദ്ധമോ ഇലക്ഷന്‍, സ്ഥാനാര്‍ത്തി തല്ലൊ വല്ലതുമാണോ? ടെക്‌സാസ് സ്റ്റെയിറ്റിലാണെങ്കില്‍ ഓരോരുത്തന്റേയും അരയില്‍ തോക്കാണ്. 'ഡോന്റ് മെസ് വിത്ത് ടെക്‌സാസ്' എന്ന മുദ്രാവാക്യം പോലുമുണ്ട്. പോലീസ് വാഹനങ്ങളും ഫയര്‍ എന്‍ജിനും എമര്‍ജന്‍സി മെഡിക്കല്‍ വാഹനങ്ങളും വന്നു നിരന്നു. 

മെത്തോഡിസ്റ്റു ഹോസ്പിറ്റലിലെ മലയാളി ഹെഡ് നഴ്‌സ് എലിവാലില്‍ ഏലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമാണ് എത്തിയിരിക്കുന്നത്. കടലാസു പുലികളും ആനകളും ആമകളും തത്തി തത്തി നുഴഞ്ഞു കേറി. ഹ്യൂസ്റ്റനിലെ ദൂരവാണി മലയാളി ടെലിവിഷന്‍ ചാനലിലെ ആങ്കര്‍മാനും ആങ്കര്‍ ഗേള്‍സും ക്യാമറയുടെ അകമ്പടിയോടെ സംഭവസ്ഥലത്തേക്ക് ഇടിച്ചു കേറി. സംഭവം നിരന്തരം നിര്‍ഭയം കവര്‍ ചെയ്യേണ്ടെ... അതുപോലെ ഹ്യൂസ്റ്റനിലെ ചില തലമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും, ഛോട്ടാ ബഡാ പ്രസ് ക്ലബ് അംഗങ്ങളും കടലാസുകളും പേനകളും ടെലിപ്രിന്ററുകളുമായി സംഭവസ്ഥലത്തേക്ക് ഇരച്ചു കേറി. നല്ല ചൂടുള്ള വല്ലതും സംഭവിച്ചിരിക്കും. തല്‍സമയ റിപ്പോര്‍ട്ടിംഗ് വേണ്ടെ.. 

എന്റെ ഉള്ളു പിടയാന്‍ തുടങ്ങി. കാലും കയ്യും വിറക്കാന്‍ തുടങ്ങി. മേല്‍ശ്വാസവും കീഴ്ശ്വാസവും പോകാന്‍ തുടങ്ങി. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുക തന്നെ..വല്ല വെടിവെയ്‌പോ.. കൊലയോ.. ആണെങ്കില്‍ സാക്ഷി പറയാന്‍ നില്‍ക്കണ്ടെ. പിന്നെ തുമാരാ ബസാറില്‍ നിന്നു വാങ്ങി വണ്ടിയുടെ ഡിക്കിയില്‍ വെച്ചിരിക്കുന്ന കൊല്ലം മക്രീല്‍ മീന്‍ ഡിഫ്രോസ്റ്റായി ചീയാനും സാധ്യതയുള്ളതിനാല്‍ ഞാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി സ്ഥലം വിട്ടു. അങ്ങനെ സംഭവത്തില്‍ നിന്നു തടി ഊരി രക്ഷപ്പെട്ടു. (ശുഭം)
Join WhatsApp News
Mohan Parakovil 2016-06-14 08:38:19
അമേരിക്കൻ മലയാളികൾ കോമാളികൾ എന്ന് പറഞ്ഞ നമ്മുടെ താരം ശ്രീനിവാസൻ ഇ മലയാളി
വായിക്കേണ്ടതാണ്. അവരിൽ നോവലിസ്റ്റുകൾ ഉണ്ട് . ബുക്കർ സമ്മാനം പകുതിയോളം ലഭിച്ചവരുണ്ട്, കഥാ ക്രുത്തുക്കൾ, കവികൾ, ഹാസ്യ രചനക്കാർ, സിനിമ താരങ്ങൾ സീരിയൽ
താരങ്ങൾ, ലേഖകർ, കുഞ്ചാൻ നംബ്യാർമാർ, ഇരയിമ്മൻ തമ്പികൾ (നടന മികവിന്റെ
സാക്ഷാൽ താരം ശ്രീ തമ്പി ആന്റണി സാർ), മലയാള സാഹിത്യം അമ്മാനമാടുന്ന എ . സി ജോർജ് സാർ,  മീൻ വെട്ടുന്ന സർജൻ മത്തായികുട്ടിമാർ , ഹോ , ഒട്ടല്ല ഹോ
ബഹുമുഖ പ്രതിഭയുള്ളോർ ... കൂടാതെ
ആനകൾ , ഓട്ട പന്തയത്തിൽ ജയിച്ച ആമകൾ
പിന്നെ ഊരും പേരും ജാതിയും മതവും , പഠിച്ച സ്കൂളും , ജോലി ചെയ്ത സ്ഥാപനവും
ഒക്കെ ചേർത്തുണ്ടാക്കിയ എണ്ണമറ്റ സംഘടനകൾ , അമേരിക്കൻ മലയാളി നീ തന്നെ  സത്യം
നീ തന്നെ ശിവം നീ തന്നെ സുന്ദരം   .. ഇത്രയൊക്കെ
പ്രതിഭ രത്നങ്ങൽക്കിടയിൽ     പാഷാണം
പോലെ കൃമികൾ തിളക്കുന്നു അവർ എഴുത്തുകാരെ , സംഘാടകരെ , നേതാക്കളെ  കുറ്റം പറയുന്നു .  അവിടത്തെ  ഒരു എഴുത്തുകാരന്റെ ഭാഷ കടമെടുക്കുന്നു , പരദൂഷണ വീരന്മാർ വിശ്രമമില്ലാതെ  മറ്റുള്ളവരെ ഭള്ളു പറയുന്നു .ശ്രീ  എ സി ജോര്ജ് താങ്കള്ക്ക്
വന്ദനം  ,  നര്മ്മ രസം കര കവിയും രചനകൾ
പാഷാണത്തിലെ കൃമികൾ പോലും ചിരിക്കട്ടെ
വിദ്യാധരൻ 2016-06-14 10:44:03
 ഫൊക്കാന ഫോമ ഓട്ടംതുള്ളൽ 

കൊള്ളാം നിന്നുടെ ആക്ഷേപങ്ങൾ 
കള്ളന്മാർക്കത് ഏൽക്കുകയില്ല 
'ആന'തോലിയും 'ആമ'തൊലിയും 
പോത്തിൻ തൊലിയും ഒരുപോലല്ലേ?
മട്ടുംവേഷോം കണ്ടാൽ തോന്നും 
ഈ രാജ്യത്തിൻ പ്രസിഡണ്ടെന്ന് 
എന്നാൽ  ആ വായ് ഒന്ന് തുറന്നൽ 
വങ്കത്തത്തിൻ ഘോഷം തന്നെ 
നിന്നുടെ നിന്ദ പരിഹാസങ്ങൾ 
അവരുടെ ആസന അന്തർഭാഗേ 
വളരും ഒരു  വടവൃക്ഷംപോലെ 
ആ തണലിൽ അവർ തിന്നുകുടിക്കും  
അധികാരത്തിൻ അപ്പകഷണം 
ഒരിക്കൽ ഒന്ന് ഭുജിച്ചു കഴിഞ്ഞാൽ 
പിന്നേം പിന്നേം തിന്നാനായി 
അവരുടെ ഉള്ളിൽ മോഹം ഉദിക്കും 
അധികാരത്തിൻ പീഠത്തിന്മേൽ 
വവ്വാൽ പോലവർ ഞാന്നു കിടക്കും 
അവരുടെ ചന്തികൾ  പരിശോധിക്കിൽ 
വജ്ജ്രപശയവശിഷ്ടം കാണാം
എത്രയിവരെ പ്രഹരിച്ചാലും 
ശിവ! ശിവ ! യീവർഗ്ഗം ചാകുകയില്ല
ഇങ്ങെനെ ഒക്കെ ആണെന്നാലും 
ഇടയ്ക്കിടെ ഇവരെ പ്രഹരിക്കേണം 
അഥവാ അവർ തിരികെ  അടിച്ചാൽ 
പോകുക നീ 'ചൈനാ സുന്ദരി'യരികിൽ 
അവളുടെ തടവും തിരുമും പകരും 
വീണ്ടും 'അടിക്കാ'ൻ ഉന്മേഷത്തെ 
പറവാനുണ്ട് ഒത്തിരി ഏറെ 
പറയാം ആയത് പിന്നൊരു സമയം

മണി 2016-06-14 13:15:28
ഒരു മൊത്തം മണിയടിയാണല്ലോ പറക്കോവിലേ! അമേരിക്ക സന്ദർശിക്കാൻ പരിപാടിയുണ്ടോ?
സംശയം 2016-06-15 08:03:08
ബാക്കി ഇരുന്ന നർമ്മം വികടകവി എന്ന പേരിൽ ജോർജ്ജു തന്നെ കേറ്റി വിട്ടതാണോ ?
പൊക്കാന 2016-06-15 08:42:03
ഞങ്ങളെ നിങ്ങൾ ഒതുക്കാൻ നോക്കണ്ട 
ഞങ്ങൾ ചാരത്തിൽ നിന്ന് മുളച്ചു വന്നോരാ 
അമേരിക്കയിൽ ഫൊക്കാന ഉണ്ടാവട്ടെ എന്ന് 
'ഗണപതി' ദൈവന്റെ അരുളപ്പാടാണ്  
ഗണപതി ഞങ്ങൾക്ക് കാവലായുണ്ടല്ലോ 
ഫോമയാം ആമയെ  ചവുട്ടി പപ്പടം ആക്കുവാൻ 
 ആനപ്പുറത്തു നിന്ന് തെറിച്ചുപോയവർ ചേർന്ന് 
തീർത്തതാ ഇത്തിരി ഇല്ലാത്ത ആമകൾ 
കൂർമം  ഒരുവതാരം എങ്കിലും 
ട്രമ്പ്‌ പറയുംപോലെ 'എനർജി' ഇല്ലൊട്ടുമെ 
ഇഴഞ്ഞു വലിഞ്ഞു എത്തുവാൻ ഒത്തിരി 
കാലങ്ങൾ കാത്തിരിക്കേണ്ടി വരും കേട്ടോ 
ആയതാൽ ജോര്ജ്ജു ചേട്ടൻ ഫൊക്കാന പുറത്തു 
കേറുവാൻ നോക്കണം 
ഖചാനജി, സെക്രട്ടറി പ്രസിഡ ണ്ട് കൂടാതെ 
സാഹിത്യ സംവാദ കോർഡിനേട്ടരാക്കാം 
അല്ലെങ്കിൽ എഴുനേറ്റു നിന്ന് ചിരിപ്പിക്കുന്ന 
കോമഡി വീരനാക്കാം
വേണ്ട കരയേണ്ടാ ചേട്ടാ നിങ്ങളെ ഞങ്ങൾ 
ആനപ്പുറത്തിരുത്തി നഗരം കാണിക്കാം 

sudhirpanikkaveetil@gmail.com 2016-06-14 17:51:03
ജോര്ജ് സാർ നന്നായി... മോതിരവിരൽ കൊണ്ടടി വാങ്ങണമെന്നാണു, ഈ സംഘടനകളെ ഹാസ്യ
രൂപേണ  ഒന്ന്  തോണ്ടാൻ താങ്കളുടെ വിരലിലെ തൂലിക ഉപയോഗിച്ചത് രസകരമായി.  വിദ്യാധരൻ മാഷും
പാറ ക്കോവിലും അതിനു കൂടുതൽ രസം പകർന്നു..

വികിട കവി 2016-06-14 20:39:33
ഫൊക്കാന എന്നൊരാനയും 
ഫോമ എന്നൊരാമയും 
നാട്ടിൽ നാശം വരുത്തി വച്ചീടുന്നു 
കാട്ടിൽ കിടക്കുമി മൂളി കുരുങ്ങുകൾ 
പാവമാ ജോർജ്ജിനെ വേട്ടയാടീടുന്നു
വായിൽ വരുന്നത് വിളിച്ചു പറയുന്ന 
പാവമാണദ്ദേഹം വെറുതെ വിടേണമെ
തുംമരാ ഗ്രോസറി സ്റ്റോറിലെ 
ഓണറെ കേൾക്കണേ 
ഭാര്യയും ഭർത്താവും ഒന്നിച്ചു വന്നിട്ട് 
പാവമാ ജോർജജിനെ വട്ടം കറക്കുന്നോ ?
ഇല്ല വിടില്ല ഞങ്ങളീ നാട്ടുകാർ 
ദേഹത്ത് തൊട്ട് കളിച്ചീടിൽ തീർച്ചയായി 
ചുട്ടു പൊരിച്ചടിക്കും കോഴിപോൽ
പിന്നെ പറഞ്ഞിട്ട് കാര്യമില്ലേതുമേ  
ഫൊക്കാനയൊ ന്നോർക്കണം പണ്ടത്തെ കാര്യങ്ങൾ 
ആമയും മുയലും പന്തയം വച്ചത് 
ഫൊക്കാന പൊങ്ങച്ചം പറഞ്ഞു രസിക്കുമ്പോൾ 
ഫോമയാം ആമ വിജയം വരിച്ചിടും
അങ്ങനെ സംഭവിക്കാതിരിക്കുവാനാന
മസ്തകം കൊണ്ട് കുത്തണം ആമയെ 
ആമ ഇറച്ചി കരപ്പന് നല്ലെതെന്നാ-
രോ പറഞ്ഞതായി ഓർക്കുന്നു ഞാനിന്നു 
കരപ്പൻ പിടിച്ച നേതാക്കന്മാരൊക്കയും
പരസ്പരം മാന്തി ചൊറിഞ്ഞു കരയുന്നു 
അങ്ങനെ കരയുന്ന നേതാക്കന്മാരുടെ മുറിവിൽ 
അൽപ്പം ഉപ്പും മുളകും പുരട്ടണം 
മാനിഫെസ്റ്റൊ പൊക്കി കാട്ടി ചിലരെല്ലാം 
നാണം കെടുത്തുന്നു നമ്മളെ ഇങ്ങനെ 
അണ്ടർവെയർ ഇല്ലാതെ മുണ്ടും പൊക്കുംപോലെ 
ഖജാൻജി ആകാൻ ചില കള്ളന്മാർക്ക് മോഹം 
പ്രസിഡണ്ടാകാൻ ചില കസ്മലന്മാർക്കും 
ഇങ്ങനെ ദുർഗതി നമ്മൾക്ക്  ഭവിക്കുവാൻ 
സംഗതി ആയതെന്തേ മലയാളി മക്കളെ
ചർമ്മത്തിന് കട്ടിയുണ്ടെങ്കിൽ 
നർമ്മം കൊണ്ടെന്തു ഫലം?  
ചമ്മട്ടികൊണ്ടടിക്കണം ഇവരുടെ 
ചന്തി ചമ്മന്തി ആക്കി മാറ്റീടേണം 
കള്ള തിരുമാലികൾ കൂട്ടമായി വന്നിട്ട് 
കൊള്ളയടിക്കുന്നു കോണകം വരെയും 
ഇങ്ങനെ നമ്മളെ കൊള്ളയടിച്ചീടിൽ 
പള്ളക്ക് ചവിട്ടണം മുൻ പിൻ നോക്കാതെ 
നാട്ടിൽ തേരാ പാരാ കറങ്ങിനടന്നവർ  
ഇവിടെ വന്നിട്ട് ആള് കളിക്കുന്നുവോ ശെടാ! 
നല്ല കള്ളടിച്ചു തലയ്ക്കു പിടിക്കുമ്പോൾ 
ഹിന്ദു ധർമ്മം പടിപ്പികണം പോലും 
ഇങ്ങനെയുള്ള സു =രേന്ദ്രന്മാരെയുടൻ 
നാട്കടത്തണം ട്രമ്പിനെ കൂട്ട് പിടിച്ചായാലുമുടൻ 
ഇന്ന് പറയുന്നതല്ല നാളെ പറയുന്നതെങ്കിലും 
ട്രംപിനെ നമ്മ്ൾക്കായുധം മാക്കണം 
വിശ്വസിക്കാനാവില്ലവാനാ കള്ളനെ 
അത്രയ്ക്ക് പരനാറിയാണവാൻ 
നന്നാ ഉറക്കം വരുന്നത് കൊണ്ട് ഞാനിക്കഥ 
ഇവിടെ നിറുത്തുന്നു ഗുഡ് നൈട്ട് എല്ലാർക്കും 
സരസൻ മത്തായി 2018-06-21 03:48:12
ഇന്ന്  ഫോമാ ഫൊക്കാന  പ്രചാരണം  എല്ലാം ഒരു കൊട്ടിക്കലാശം  നടക്കുകയാണ്‌ . അനേകം  കുപ്പികൾ  പൊട്ടിക്കപ്പെടും , പലയിടത്തും  അടി ഇടി  കൊടുക്കപെടും  ഒപ്പം  വാങ്ങപ്പെടും .  നല്ല  സ്ഥാനാർത്ഥികൾ  ഇല്ല   എന്നതാണ്  പ്രശനം . എല്ലാം  ഒരുമാതിരി  തേർഡ്  റേറ്റഡ്  സ്ഥാനാർത്ഥികൾ  മാത്രം . ബുദ്ധിമാന്മാരും  കഴിവുള്ളവരും  രംഗത്തക്കു  വരുന്നില്ല . സരസൻ  മത്തായി  എല്ലാം  നോക്കുന്നുണ്ട് . ജയിക്കുന്നവരെ  പടക്കം  പൊട്ടിച്ചും  പൊന്നാട  അണിയിച്ചും  മുത്തം  തന്നും  സീകരിക്കാം . ജയിച്ചു  വന്നാൽ  എല്ലാരേയും  ഒന്ന്  ഉത്തരിച്ചു  തന്നാൽ മതി . എനിക്കു  രണ്ടിടത്തും  വോട്ടുണ്ട് .  ചിലവിനു  ചില്ലറ  തന്ന  കാന്റിഡേറ്റീസിനു   എന്റ  വോട്ട്  കിടക്കും .  എന്ടാ  പൊണ്ടാട്ടിക്കും . അവൾക്കു  സാരിയും  ജമ്പറും  പൂവാടയും  വാങ്കികൊടുത്താൽ  അവൾ  വോട്ട്  കുത്തും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക