Image

വില്‍പനയ്ക്കുണ്ട്, രാജ്യസഭ, മൊത്തമായും ചില്ലറയായും. (ഡല്‍ഹി കത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 12 June, 2016
വില്‍പനയ്ക്കുണ്ട്, രാജ്യസഭ, മൊത്തമായും ചില്ലറയായും.  (ഡല്‍ഹി കത്ത്: പി.വി.തോമസ്)
പാര്‍ലിമെന്റിന്റെ ഉപരിസഭയാണ് (അപ്പര്‍ ഹൗസ്) രാജ്യസഭ. ഇതിനെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നും ഹൗസ് ഓഫ് എല്‍ഡേര്‍സ് എന്നുമൊക്കെ വിളിക്കാറുണ്ട്. ലോകസഭയാകട്ടെ കീഴ്‌സഭയാണ്(ലോവര്‍ ഹൗസ്) ജനങ്ങളുടെ സഭയെന്നും ലോകസഭയെ വിളിക്കും. ഈ രണ്ട് സഭകളും ആണ് ഇന്‍ഡ്യയുടെ നിയമനിര്‍മ്മാണ പ്രക്രിയ നടത്തുന്നതും ജനങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്ന രാഷ്ട്രത്തിന്റെ ചരിത്രഗതിക്ക് ദിശാബോധം നല്‍കുന്നതും.

ലോകസഭയിലേക്കുള്ളത് നേരിട്ടുള്ള തെരഞ്ഞെടുപ്പാണ്. അതില്‍ പണത്തിനും കൈയ്യൂക്കിനും മദ്യത്തിനും പാരിതോഷികങ്ങള്‍ക്കും സൗജന്യവാഗ്ദാനങ്ങള്‍ക്കും ഉള്ള പങ്ക് കുപ്രസിദ്ധമാണ്. പിന്നെ അധോലോകാധിപത്യവും. നിയമലംഘകര്‍ നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള അനൗചത്യത്തെകുറിച്ച ഒട്ടേറെ ആക്ഷേപങ്ങളും കാലാകാലങ്ങളായി ഉയരുന്നതുമാണ്. ചില മുഖം മിനുക്കുകള്‍ നടത്തിയിട്ടുണ്ട് തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങള്‍ എന്ന പേരില്‍ എന്നതൊഴിച്ചാല്‍ കാര്യമായ നിയമനിര്‍മ്മാണം ഒന്നും പാര്‍ലിമെന്റ് നടത്തിയിട്ടില്ല എന്നതാണ് സത്യം. രാഷ്ട്രീയ പാര്‍ട്ടികളും കാതലായ ക്രിയാത്മക പരിഷ്‌ക്കരണങ്ങള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പരിധി കഴിഞ്ഞാല്‍ നിസഹായമാണ്.

 രാജ്യ സഭ തെരഞ്ഞെടുപ്പും കളങ്കപ്പെടുന്ന പ്രവണത ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. കോടികള്‍ കൊടുത്താല്‍ ആര്‍ക്കും രാജ്യസഭാഗം ആകാം! ജൂണ്‍ പതിനൊന്നിന് ഏഴ് സംസ്ഥാനങ്ങളിലായി 27 രാജ്യസീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വെളിച്ചത്തുവന്നത് കോടികളുടെ കച്ചവട കഥയാണ്. പ്രത്യേകിച്ചും കര്‍ണ്ണാടകയും ഹരിയാനയും. മറ്റു സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവ ആണ്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ജനതദള്‍(സെക്യൂലര്‍) എം.എല്‍.എ.മാര്‍ക്ക് 5 കോടിരൂപയാണത്രെ വില പറഞ്ഞത് ഇത് ഒരു ടെലിവിഷന്‍ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ വെളിയില്‍ വന്നതാണ്. ഏതായാലും കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് നേടി ജനതദള്‍(സെക്യൂലര്‍)എം.എല്‍.എ.മാര്‍ മറുകണ്ടം ചാടി. എന്താ അഞ്ചുകോടി രൂപ അത്രമോശം ആണോ? 

സത്യത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് കച്ചവടം ആണ്, മൊത്തമായും ചില്ലറയായും. കോടികള്‍ക്ക്്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ എം.എല്‍.എ.മാരും സ്വതന്ത്രരും ആണ് ഈ ജനാധിപത്യകച്ചവടത്തില്‍ കോടികള്‍ കൊയ്യുന്നത്്. ഈ കള്ളകച്ചവടത്തെ തുടര്‍ന്ന് രാജ്യസഭ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസും ബി.ജെ.പി.യും ഒഴിച്ചുള്ള രാഷ്ട്രീയ പാര്‍്ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടതാണ്. പക്ഷേ, നടന്നില്ല. തെരഞ്ഞെടുപ്പ് നടന്നു. എം.എല്‍.എ.മാര്‍ പണം വാരി. രാജ്യസഭക്ക് പുതിയ അംഗങ്ങളും ആയി. രാജ്യസഭ തെരഞ്ഞെടുപ്പു കാലം സ്വതന്ത്ര എം.എല്‍.എ.മാര്‍ക്ക് കോടികളുടെ കൊയ്ത്തുകാലം ആണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ എം.എല്‍.എ.മാരെ തട്ടിക്കൊണ്ട് പോകാതിരിക്കുവാനുള്ള തന്ത്രപ്പാടും ആണ്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് തട്ടിയെടുത്ത ജെ.ഡി.യു(സെക്യൂലര്‍) എം.എല്‍.എ.മാരെ സുരക്ഷിതമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ആണ് കുടിയും തീറ്റിയും കൊടുത്ത് പാര്‍പ്പിച്ചത്. ഉത്തര്‍പ്രദേശില്‍ മുലയംസിംങ്ങ് യാദവ് സമാജ് വാദി പാര്‍ട്ടി എം.എല്‍.എ.മാരെയും സുരക്ഷിതമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. ബഹുജന്‍ സമാജ്പാര്‍ട്ടി നേതാവ് മായാവതിയും ഇത് തന്നെ ചെയ്തു. അല്ലെങ്കില്‍ സാമാജികരെ വിലയ്‌ക്കെടുക്കും എതിര്‍കക്ഷികള്‍.

ഇങ്ങനെയുള്ള കച്ചവടത്തിലൂടെയാണ് വിജയ മാല്ല്യ എന്ന സാമ്പത്തിക തട്ടിപ്പുകാരന്‍ രണ്ട് തവണ രാജ്യസഭയില്‍ എത്തിയത്. ബി.ജെ.പി. അദ്ദേഹത്തെ ശരിക്കും സഹായിച്ചു. ഇന്ന് വിജയമാല്ല്യ രാജ്യസഭ എം.പി.ആയിരിക്കവെ തന്നെ ഇന്‍ഡ്യ വിട്ട് ലണ്ടനില്‍ ഒളിച്ച് താമസിക്കുകയാണ് പതിനായിരത്തിലേറെ കോടികള്‍ വിവിധ ബാങ്കുകളെ തട്ടിച്ചതിനുശേഷം. രാജ്യസഭ അംഗത്വം അദ്ദേഹത്തെ ഈ സാമ്പത്തിക അക്രമം നടത്തുന്നതിന് വളരെ സഹായിച്ചു. രക്ഷപ്പെടുന്നതിനും. ഇന്ന് അദ്ദേഹം ഇന്‍ഡ്യന്‍ നിയമത്തിനും ഇന്‍ഡ്യക്കും ഇന്‍ഡ്യന്‍ പാര്‍ലിമെന്റിനും അപ്രാപ്യന്‍ ആണ്. ലളിത് മോഡിയെ പോലെ. ചില സാമ്പത്തീക തട്ടിപ്പുകാര്‍ പണം കൊടുത്ത് രാജ്യസഭാഗത്വവും മറ്റും നേടി തട്ടിപ്പു നടത്തുന്നു. മറ്റു ചിലര്‍ സര്‍ക്കാരിനെതന്നെ വിലക്ക് വാങ്ങി തട്ടിപ്പ് നടത്തുന്നു. രാജ്യസഭയില്‍ പവന്‍ വര്‍മ്മ എന്ന അംഗം ഉന്നയിച്ച ഒരു കണക്ക് പ്രകാരം 1.4 ലക്ഷം കോടി രൂപയാണ് അഞ്ച് വ്യവസായികള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് തിരിച്ചടക്കുവാന്‍ ഉള്ളത്. ഇതില്‍ 72,000 കോടിരൂപ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്തത സഹചാരിയും സുഹൃത്തും ആയ ഗൗതം അഡാനിയുടെ അഡാനി ഗ്രൂപ്പ് ആണ് നല്‍കുവാനുള്ളത്. ഗൗതം അഡാനിയുടെ വ്യോമവ്യൂഹം ആണ് മോഡി അദ്ദേഹത്തിന്റെ 2014-ലെ ലോകസഭ തെരഞ്ഞെചുപ്പിന് ഉപയോഗിച്ചത്. പിന്നീട് നട്ന്ന നിയമ സഭ തെരഞ്ഞെടുപ്പുകളിലും. മോഡിയുടെ വിദേശപര്യടനങ്ങള്‍- ചൈന, ബ്രിട്ടന്‍, അമേരിക്ക, യൂറോപ്പ്, ജപ്പാന്‍- അഡാനി ഒരു സ്ഥിരസാന്നിദ്ധ്യം ആണ്.

രാജ്യസഭ തെരഞ്ഞെടുപ്പിലെ വ്യാപകമായ ധനസ്വാധീനത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജൂണില്‍ നിയമ മന്ത്രാലയത്തിന് ജനപ്രാതിനിധ്യ നിയമത്തില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ നടത്തണമെന്ന് കാണിച്ച് എഴുതുകയുണ്ടായി. ഇതില്‍ പ്രധാനം തെരഞ്ഞെടുപ്പ് റദ്ദാക്കുവാനുള്ള അധികാരം ആണ്. അതായത് എം.എല്‍.എ.മാര്‍ക്ക് പാര്‍ട്ടികളോ വ്യക്തികളോ കോഴവാഗ്ദാനം ചെയ്തതായി/കൊടുത്തതായി വ്യക്തമായ തെളിവുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുക. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ 58- ബി എന്നൊരു വകുപ്പ് കൂട്ടിചേര്‍ക്കുക. ഇപ്പോഴുള്ള 58-എ പ്രകാരം അക്രമവും ബൂത്ത് പിടിച്ചെടുക്കലും നടത്തിയാല്‍ മാത്രമെ തെരഞ്ഞെടുപ്പ് റദ്ദാക്കുവാന്‍ കമ്മീഷന് അധികാരം ഉള്ളൂ. അടുത്ത ചില വര്‍ഷങ്ങളായി രാജ്യസഭ തെരഞ്ഞെടുപ്പുകളെ പണം അട്ടിമറിക്കുന്നതായി കണ്ടെത്തിയതിനാലാണ് ഈ നിര്‍ദ്ദേശം വയ്ക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.

അഞ്ച് തൊട്ട് പത്ത് കോടി രൂപ വരെയാണ് ഒരു വോട്ട് വാങ്ങുവാനായി, മറിക്കുവാനായി പണച്ചാക്കുകളും രാഷ്ട്രീയപാര്‍ട്ടികളും രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ മുടക്കുന്നതെന്നാമ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഗമനം. 215 കോടി രൂപ ഉള്‍പ്പെട്ട ഝാര്‍ഖണ്ഡ് രാജ്യസഭ തെരഞ്ഞെടുപ്പാണ് അഴിമതിയുടെ പേരില്‍ ആദ്യമായും അവസാനമായും കമ്മീഷന്‍ റദ്ദാക്കിയത്. ഇത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. പക്ഷേ, കമ്മീഷന്‍ അതിനുശേഷം തെരഞ്ഞെടുപ്പ് റദ്ദാക്കുവാന്‍ മുതിര്‍ന്നിട്ടില്ല. ഇതിന് കാരണമായി പറയുന്നത് നിയമകുരുക്കാണ്. അതില്‍ തെളിവ് ഏറ്റവും പ്രധാനം ആണ്. ഇത് തെളിയിക്കുക എന്നത്- അതായത് പണം കൈമാറിയെന്നത്- ദുഷ്‌ക്കരം ആണ്. പണം വാഗ്ദാനം ചെയ്തു അല്ലെങ്കില്‍ പണം കൊടുത്ത് സ്വാധീനിക്കുവാന്‍ ശ്രമിച്ചുവെന്നത് മാത്രം ഒരു കുറ്റം അല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓരോ ഉത്തരവും നിയമവ്യവ്‌സഥയുടെ പരിശോധനക്ക് വിധേയം ആയതിനാല്‍ അതിന്റെ കൈകള്‍ കെട്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ കള്ളന്മാരും കള്ളപ്പണക്കാരും കൊലപാതകികളും രാജ്യസഭയെ വിലക്ക് വാങ്ങുവാന്‍ ശ്രമിക്കുന്നു. ചിലര്‍ വിജയശ്രീ ലാളിതരായി സ്വച്ഛന്ദം വിരാചിക്കുന്നു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിപ്പ് ലംഘിച്ച് വോട്ടുചെയ്താലും യാതൊരു നിയമനടപടിക്കും കമ്മീഷന്‍ അധികാരം ഇല്ല. കൂടി വന്നാല്‍ ബന്ധപ്പെട്ട പാര്‍ട്ടിക്ക് എം.എല്‍.എ. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാം. എന്നാല്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം കൂറുമാറ്റ വിരുദ്ധ ചട്ടം പോലെ ഒരു നിയമം നിലവില്‍ വരണം. എന്നാല്‍ വിപ്പ് ലംഘിക്കുന്ന സാമാജികന്‍ അയോഗ്യനാകും. അയാളുടെ വോട്ടും അയോഗ്യം ആകും. രാജ്യസഭ തെരഞ്ഞെടുപ്പിന്റെ സാധുതയും സുതാര്യതയും തെളിയിക്കുവാന്‍ ഇങ്ങനെയുള്ള നിയമങ്ങള്‍ ആവശ്യമാണ്. ജനാധിപത്യവിരുദ്ധമായ ഈ വക കുതിരകച്ചവടങ്ങളും കച്ചവടങ്ങളും നിറുത്തലാക്കി രാജ്യസഭയുടെ പവിത്രതയെ നിലനിറുത്തേണ്ടത് ആവശ്യം ആണ്.

രാജ്യസഭയും ലോകസഭയും ധനാഢ്യന്മാരായ കുറ്റവാളികള്‍ക്കു സാമ്പത്തീക തട്ടിപ്പുകാര്‍ക്കും വിഹരിക്കാവുന്ന്, വിലക്കുവാങ്ങിക്കാവുന്ന വേദികളാണെന്ന് വന്നാല്‍ അവയുടെ വിശ്വാസ്യത നഷ്ടപ്പെടും. ജനാധിപത്യത്തിന്റെ മൂല്യം തന്നെ നശിക്കും. ജനങ്ങള്‍ക്ക് ഈ ഭരണ വ്യവസ്ഥിതിയിലുള്ള വിശ്വാസവും തകരും. അതിന് ഇട വരുത്തരുത്. ഈ വക അവിശുദ്ധമായ ഇടപെടലുകള്‍ ഈ രണ്ട് ജനാധിപത്യ സ്ഥാപനങ്ങളുടെയും സര്‍ഗ്ഗസ്വഭാവം തന്നെ മാറ്റിമറിക്കും. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന നിയമങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടാതാകും. സാമ്പത്തീക തട്ടിപ്പുകാര്‍ക്കുനേരെ ഇവ കണ്ണടക്കും. കടക്കാരായ ശതകോടീശ്വരന്മാര്‍ക്ക് ഇവ അഭയം നല്‍കും. ഇവ ജനാധിപത്യത്തിന്റെ ശ്രീകോവിലുകള്‍ അല്ലാതാകും. അതുകൊണ്ട് ഈ കച്ചവടം അവസാനിപ്പിക്കുക.

Join WhatsApp News
Benoy Chethicot 2016-06-13 14:58:24
What is the point of this article? Mr. Thomas, we do not need any lecture from you about how the upper and lower houses of Indian parliament work. We learned that when we were in the 7th standard. Just for your information, money plays a huge role in every democracy. Even the idealist president Obama spent close to a billion dollars for his presidential election. So what is your point? Bribery and black money are rampant in democratic process. I know that you do not like the NDA government. In fact you have nothing good to write about India. I urge emalayalee should block this guy. Tired of seeing your trash-journalism in a well respected media like emalayalee.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക