Image

ഹൈന്ദവ മൂല്യങ്ങള്‍ അമേരിക്കന്‍ പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കും: സുരേന്ദ്രന്‍ നായര്‍

പി. ശ്രീകുമാര്‍ Published on 12 June, 2016
ഹൈന്ദവ മൂല്യങ്ങള്‍ അമേരിക്കന്‍ പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കും: സുരേന്ദ്രന്‍ നായര്‍
അമേരിക്കന്‍ വന്‍കരയിലെ മലയാളികളില്‍ സനാന ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒന്നര പരിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക. ഹൈന്ദവ അമേരിക്കയിലെ മുഴുവന്‍ മലയാളി ഹിന്ദു സമൂഹത്തേയും പ്രതിനിധീകരിക്കുന്ന പൊതു സംഘടന. ഹൈന്ദവധര്‍മ്മം മാനവ ധര്‍മ്മം എന്ന മുദ്രാവാക്യവുമായി 2001 മുതല്‍ പ്രവര്‍ത്തിക്കുന്ന കെഎച്ച് എന്‍എ പുതിയ തലമുറയുടെ സ്വഭാവ രൂപീകരണം ഹൈന്ദവ മൂല്യങ്ങളില്‍ അധിഷ്ഠിതമാകുന്നപരിപാടികളാണ് നടപ്പിലാക്കുന്നത്. ആത്മീയ നേതൃത്വം കെട്ടിപ്പെടുക്കുന്നതിനും കുടുംബബന്ധങ്ങള്‍ ദൃഢമാക്കുന്നതിനും പുരാണപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹൈന്ദവ തത്വചിന്തയിലേക്ക് ലോകം ആകാംക്ഷയോടെ നോക്കുന്ന കാലഘട്ടമാണിത്. 

സസ്യാഹാരം, യോഗ, വേദഗണിതം, സംസ്‌കൃതഭാഷ, ജ്യോതിശാസ്ത്രം, എന്നിവയെയൊക്കെ ലോകം പ്രകീര്‍ത്തിക്കുന്നു. ഹിന്ദു എന്നതില്‍ ഓരോരുത്തര്‍ക്കും അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന അവസ്ഥയാണിന്ന്. നിര്‍ണ്ണായക സമയത്ത് സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് ഡിട്രോയിറ്റില്‍ നിന്നുള്ള സുരേന്ദ്രന്‍ നായരാണ്. അമേരിക്കയില്‍ പ്രവാസിയായി എത്തി പതിറ്റാണ്ടുകള്‍ പിന്നിട്ട പാരമ്പര്യവും മികച്ച സാമ്പത്തിക ഭദ്രതയും ഉള്ളവര്‍ മാത്രം ഏറ്റെടുക്കാന്‍ ധൈര്യപ്പെട്ടിരുന്ന അധ്യക്ഷ പദവിയിലേക്ക് ഇതുരണ്ടും അവകാശപ്പെടാനില്ലാതെ, സംഘടനാപ്രവര്‍ത്തനത്തിന്റെ മാത്രം പിന്‍ബലത്തില്‍ ഒരാള്‍ അധ്യക്ഷനാകുന്നു. സംഘടനാ സംവിധാനം മികച്ചതാക്കുമെന്ന പ്രഖ്യാപനത്തോടെ.


കെഎച്ച്എന്‍എയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും തന്റെ മനസ്സിലെ ലക്ഷ്യങ്ങളെക്കുറിച്ചും സുരേന്ദ്രന്‍ വിശദീകരിക്കുന്നു

അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മലയാളി ഹിന്ദു കുടുബംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദ്വൈവാര്‍ഷിക കണ്‍വന്‍ഷനുകളാണ് കെ എച്ച് എന്‍ എയുടെ പ്രധാന പരിപാടി. കണ്‍വന്‍ഷനോടുബന്ധിച്ച നടത്തുന്ന വിവിധ പരിപാടികള്‍ ഹിന്ദു സംസ്‌ക്കാരത്തിന്റെ മഹത്വവും പാരമ്പര്യവും ഭാവി തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തില്‍ സംഘടിപ്പിക്കുന്നതിന് അതത് കാലത്തെ ഭാരവാഹികള്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ കെഎച്ച്എന്‍എ കണ്‍വന്‍ഷനുകള്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മതിപ്പുളവാക്കുന്നതായി. മറ്റ് മലയാളി സംഘടനകള്‍ക്ക മാതൃകയാക്കാവുന്ന കണ്‍വന്‍ഷനുകളായി പല കെഎച്ചഎന്‍എ കണ്‍വന്‍ഷനുകളും മാറി.അതിനൊപ്പം അമേരിക്കയിലും കേരളത്തിലും നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്കും കെഎച്ച്എന്‍എ നേതൃത്വം നല്‍കി. ഈ അടിത്തറയില്‍നിന്നുകൊണ്ടാകും തന്റേയും പ്രവര്‍ത്തനം.

നൂതന കര്‍മ്മ പരിപാടികള്‍

കെഎച്ചഎന്‍എയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കാനുതകുന്ന രീതിയിലുള്ള പല നൂതന പദ്ധതികളും നടപ്പാക്കണമെന്നുണ്ട് ഹൈന്ദവ ധര്‍മ്മമനുസരിച്ചുള്ള മൂല്യാധിഷ്ഠിത കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തുക, അറിവിന്റെ അക്ഷയ ഖനികളായ വേദോപനിഷത്തുകളുടെ സന്ദേശങ്ങള്‍ പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുക, അമേരിക്കയിലെ അതിഭൗതികതയും മതപരമായ സങ്കലനങ്ങളും സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളില്‍നിന്നും യുവാക്കളെ ആത്മവിശ്വാസമുള്ളവരായി മാറ്റിയെടുക്കുക, പല നഗരങ്ങളിലായി നിലവിലുള്ള ഹൈന്ദവ കൂട്ടായ്മകളുടേയും ദേവാലയങ്ങളേയും ബന്ധിപ്പിക്കുന്ന ഏകീകൃത ഹൈന്ദവ വീക്ഷണം രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഏറ്റെടുത്ത് സംഘടനയുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കും. മൂല്യാധിഷ്ടിത കുടുംബസങ്കല്പം ഉള്‍പ്പെടെ പലതിനും അമേരിക്കയില്‍ സ്വീകാര്യത ഏറുകയാണ്. 

സഹിഷ്ണതയുടെ വക്താക്കള്‍ ഹി്ന്ദുക്കളാണെന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ അമേരിക്കന്‍ പൊതുസമൂഹത്തില്‍ പ്രചരിപ്പാക്കാനൂം ശ്രമമുണ്ടാകും. ഹൈന്ദവചിന്തകളില്‍ കൂടുതല്‍ പഠനം, കുടുബ ബന്ധങ്ങള്‍ ശക്തമാക്കാനായി പ്രത്യേക ഫോറം രൂപീകരണം, കുട്ടികളുടെ ആത്മീയ വിദ്യാഭ്യാസവൈകാരിക പുരോഗതി എന്നിവയൊക്കെ
യാണ് ഉദ്ദേശിക്കുന്നത്. ഡോളറിന് ഒരു ഗീഥ എന്ന പദ്ധതിപ്രകാരം 5000 ത്തോളം ഭഗവത് ഗീത വിതരണം ചെയ്യുകയുണ്ടായി. സനാധന പ്രചരണത്തിന് സഹായകമായ സാഹിത്യ സൃ്ഷ്ടി നടത്തിയ ഒരാള്‍ക്ക് തത്വമസി സാഹിത്യ പുരസ്‌ക്കാരം നല്‍കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.

സംഘടനാ ശാക്തീകരണം

മികച്ച രീതിയില്‍ എട്ട് കണ്‍വന്‍ഷനുകള്‍ നടത്താന്‍ കഴിഞ്ഞെങ്കിലും സങ്കടനാപരമായ ചില വ്യവസ്ഥകള്‍കളുടെ കുറവ് പലരും ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ സംഘടനാ ശാക്തീകരണത്തിന് മുന്‍ തൂക്കം നല്‍കാന്‍ തുടക്കത്തിലേ തീരുമാനിച്ചിരുന്നു .ഇതിനായി ഭരണഘടനാ ഭേദഗതിയ്ക്കായുള്ള ശ്രമം അന്തിമഘട്ടത്തിലാണ്. 2020 ഓടെ അമേരിക്കയിലെ 50 സ്റ്റേറ്റുകളിലും കെഎച്ച എന്‍ എ അഫിലിയേഷനുള്ള യൂണിറ്റ് എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി 22 സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങി. പ്രഗ്ത്ഭരായ പ്രതിഭകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ദേശീയ പ്രാതിനിധ്യമുള്ള യുവ, വനിത, സാഹിത്യം, ആത്മീയം....തുടങ്ങി ഒരു ഡസനോളം സബ്കമ്മറ്റികള്‍ തുടക്കത്തിലേ രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

മാനവ സേവ മാധവ സേവ

മാനവ സേവ മാധവ സേവ എന്നത് ഭാരതീയ സങ്കല്‍പ്പത്തിലെ പ്രധാനകാര്യമാണ്. അതിനാല്‍തന്നെ കെഎച്ചഎന്‍എ യുടെ മുന്‍ നേതൃത്വങ്ങള്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതിനൊപ്പം സേവന പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. നിരാലംബരും നിര്‍ധനരുമായിതീര്‍ന്ന കുടുംബങ്ങളിലെ പഠിക്കാന്‍ സമര്‍ത്ഥരായവര്‍ക്ക് നല്‍കുന്ന കെഎച്ചഎന്‍എ സ്‌ക്കോളര്‍ഷിപ്പ് ഇന്ന് കേരളത്തില്‍ ഏറെ അറിയപ്പെടുന്ന ഒന്നാണ്. നിസ്സഹയരായ രോഗികള്‍, അനാഥമാകുന്ന ബാല്യം, വാര്‍ധക്യം തുടങ്ങി അര്‍ഹതയുള്ളവര്‍ക്കൊക്കെ കൈതാങ്ങിന് സംഘടന ശ്രമിച്ചിട്ടുണ്ട.അതെല്ലാം തുടരുന്നതിനൊപ്പം സേവനത്തിന്റെ പുതിയ ചില മേഖലകളിലേക്കും കടക്കും. ഒന്‍പതാമത് കണ്‍വന്‍ഷനാണ് അടുത്തത്. അതിനാല്‍ ഒന്‍പത് സേവാ പ്രവര്‍ത്തികള്‍ എന്നതാണ് ലക്ഷ്യം.

ആഗോള ഹിന്ദു കണ്‍വന്‍ഷന്‍

2017 ജൂലൈ ഒന്നുമുതല്‍ നാലുവരെ ഡിട്രോയിറ്റിലാണ് അടുത്ത കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍. അത് അക്ഷരാര്‍ത്ഥത്തില്‍ ആഗോള ഹിന്ദു കണ്‍വന്‍ഷന്‍ ആയി മാറ്റാണ് ഉദ്ദേശിക്കുന്നത്. ആധ്യാത്മികാചര്യന്മാരുടെ സന്നിധ്യം കൊണ്ടും ലോകോത്തര കലാകാരന്മാരുടെ പ്രകടനങ്ങള്‍ കൊണ്ടും ഹൈന്ദവ കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും യുവജന സാന്നിധ്യം കൊണ്ടും ഡിട്രോയിറ്റ് കണ്‍വന്‍ഷന്‍ കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ ചരിത്രത്തിന്റെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്

വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്ത് വാസുദേവന്‍ നായരുടേയും സുകുമാരിയമ്മയുടേയും മൂത്ത പുത്രനായ സുരേന്ദ്രന്‍ തിരുവനന്തപുരം സെന്റ് ജോസഫ് ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ പൊതു പ്രവര്‍ത്തനത്തിലേക്ക് വന്നിരുന്നു. കാട്ടക്കട കൃസ്ത്യന്‍ കോളേജില്‍ പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള്‍ കെ എസ് യു വിന്റെ സജിവപ്രവര്‍ത്തകനും കോളേജ് യൂണിയന്‍ ഭാരവാഹിയുമായി. യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു ബിരുദ പഠനം. 

അടിയന്തരാവസ്ഥയുടെ നാളുകളായിരുന്നതിനാല്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയുണ്ടായിരുന്നില്ല. പക്ഷേ സാഹിത്യ പ്രവര്‍ത്തനത്തില്‍ സജീവമായി. അക്കിത്തം, എം ടി, എസ് കെ പൊറ്റക്കാട് എന്നിവരൊക്കെയായിരുന്നു ഇഷ്ട എഴുത്തുകാര്‍. ചെറുപ്പകാലത്ത് ആര്‍ എസ് എസുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് 14 ദിവസം ജയിലിലും കിടന്നു. 

തപസ്യ സാഹിത്യ സംഘടനയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു. നിയമ ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും സിവിള്‍ സപ്‌ളൈസ് കോര്‍പ്പറേഷനില്‍ ജോലികിട്ടിയതിനാല്‍ പൂര്‍ത്തിയാക്കിയില്ല. എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ എന്‍ഡിപി ഉണ്ടാക്കിയപ്പോള്‍ അതിന്റെ യുവജന വിഭാഗമായ എന്‍ഡിവൈഎഫിന്റെ സംസ്ഥാന അധ്യക്ഷനായി നിയമിതനായി. രാജ് ഭവനില്‍ നേഴ്‌സായിരുന്ന ഭാര്യ ജയയ്‌ക്കൊപ്പം കുടുംബസമേതം 2003 ല്‍ അമേരിക്കയിലേക്ക്. അമേരിക്കയിലെത്തിയിട്ടും സാമൂഹ്യപ്രവര്‍ത്തനത്തിലും സാഹിത്യപ്രവര്‍ത്തനത്തിലും സജീവം. അമേരിക്കന്‍ മലയാളികളുടെ സാഹിത്യസംഘടനയായ ലാനയുടെ റീജണല്‍ വൈസ് പ്രസിഡന്റായിരുന്നു.കേരളത്തില്‍ നിന്ന് നിരവധി സാഹിത്യ നായകന്മാരെ അമേരിക്കയില്‍ എത്തിച്ച് സാഹിത്യ സംവാദം ഒരുക്കുന്നതില്‍ മുന്‍കൈ എടുത്തു. 

അമേരിക്കയിലെത്തിയതുമുതല്‍ കെഎച്ച്എന്‍എ യുടെ പ്രവര്‍ത്തനത്തില്‍ സജീവം. കഴിഞ്ഞതവണ വൈസ് പ്രസിഡന്റ്. ഇപ്പോള്‍ അധ്യക്ഷനും.
പാട്ടുകാരിയായ നീതുവും എഴുത്തൂകാരനായ ശബരിയുമാണ് സുരേന്ദ്രന്റെ മക്കള്‍
ഹൈന്ദവ മൂല്യങ്ങള്‍ അമേരിക്കന്‍ പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കും: സുരേന്ദ്രന്‍ നായര്‍
Join WhatsApp News
കീലേരി ഗോപാലന്‍ 2016-06-14 13:54:35
ഇങ്ങ് അമേരിക്കയില്‍ വന്നിട്ടും  ജാതിയുടെ അടയാളമായ വാലും പേറി നടക്കുന്നവര്‍ എന്ത്  ഹൈന്ദവമൂല്യമാണ് ഇവിടെ പ്രചരിപ്പിക്കാന്‍ പോകുന്നത്. ഞങ്ങള്‍ ഹിന്ദുക്കളൊക്കെ ഒന്നാണ് പക്ഷെ ഞാന്‍ ജാതിശ്രേണിയില്‍ അല്പം പൊക്കത്തിലാണ്. 
Mohan Parakovil 2016-06-14 13:19:54
അമേരിക്കയിൽ ഈ മൂല്യങ്ങൾ അവതരിപ്പിക്കുക
പ്രയാസമായിരിക്കും.  ജാതി വ്യ വ സ്ഥ യിൽ
അദ്ധിഷ്ഠിതമായ ഒരു മതത്തെ എങ്ങനെ ഘോഷിക്കും. നിങ്ങൾ ഒരു നായരും വേറൊരാൾ
ഒരു നമ്പൂതിരിയും , പിള്ളയും , മാരാരും
അങ്ങനെ  അങ്ങനെ  അതിനിടയിൽ ഒരു
ഗങ്ങാധരനോ, നാണുവോ , വാസുദേവനോ
നിങ്ങളെ പോലെ അരഞ്ഞാണമില്ലാത്തവർ . ഒരു കാര്യം ചെയ്യ് മിസ്റ്റർ നായർ മറ്റു ജാതിക്കാരോട്
പേരിനുശേഷം ചോവൻ, പുലയൻ, പറയൻ, വാലൻ എന്നൊക്കെ എഴുതാൻ ഈ ഹിന്ദു
സംഘടന നിര്ബന്ധിക്കുക , ഗംഗാധര ചോവൻ , നാണു പുലയൻ , വാസുദേവ് പറയൻ ... എന്താ
കുഴപ്പമുണ്ടോ? അമേരിക്ക പോലുള്ള ദൈവത്തിന്റെ നാടെന്ന വിശേഷണത്തിനർഹമായ
രാജ്യത്ത് നിങ്ങൾ എന്തിനാണു ഈ ജാതിയും കൊണ്ട് നടക്കുന്നത് . സനാതന ധർമ്മത്തിൽ നായരുണ്ടായിരുന്നോ?  എനിക്കും ഒരു സവർണ്ണ വാലുണ്ട് . ഞങ്ങൾ കേരളത്തിനു
വടക്കുള്ളവർ അതെഴുതാറില്ല.    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക