Image

ഡോ. സുകുമാര്‍ അഴീക്കോട്‌- പ്രഭാഷണകലയുടെ തമ്പുരാന്‍: ലാന

ജോയിച്ചന്‍ പുതുക്കുളം Published on 03 February, 2012
ഡോ. സുകുമാര്‍ അഴീക്കോട്‌- പ്രഭാഷണകലയുടെ തമ്പുരാന്‍: ലാന
ന്യൂയോര്‍ക്ക്‌: സാംസ്‌കാരിക കേരളത്തെ വാക്കുകളുടെ ശക്തികൊണ്ട്‌ ഉദ്ദീപിപ്പിച്ച മഹാത്മാവായിരുന്നു യശശ്ശരീരനായ ഡോ. സുകുമാര്‍ അഴീക്കോടെന്ന്‌ ലിറ്ററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) വിലയിരുത്തി. പണ്‌ഡിതനും പാമരനും ഒരുപോലെ ആസ്വദിച്ച അക്ഷര പ്രവാഹത്തിന്റെ ആ അനര്‍ഗ്ഗള നദി മലയാള ഭാഷയുടെ അമൂല്യ സമ്പത്തായിരുന്നു.

ഡോ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിക്കുവാന്‍ ലാനയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന അനുസ്‌മരണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അനശ്വരമായ അഴീക്കോടന്‍ ശൈലിയെ ആദരപൂര്‍വ്വം അനുസ്‌മരിച്ചു.

ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ അനവധി അക്ഷരസ്‌നേഹികള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രസിഡന്റ്‌ വാസുദേവ്‌ പുളിക്കല്‍ അധ്യക്ഷനായിരുന്നു.

ആത്മധൈര്യം, സ്വരദോഷങ്ങളില്ലാത്ത സമ്പുഷ്‌ടമായ ഉച്ഛാരണം, വാഗ്‌ദേവതയുടെ കടാക്ഷം തുടങ്ങി ഒരു പ്രസംഗകനുണ്ടായിരിക്കേണ്ട ഗുണങ്ങളെല്ലാം സമജ്ഞമായി സമ്മേളിച്ചതുകൊണ്ടാണ്‌ അഴീക്കോടിന്‌ ഉജ്വലനായ ഒരു പ്രഭാഷകനാകാന്‍ സാധിച്ചതെന്ന്‌ ലാന പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു. അഴീക്കോടിന്റെ വിജ്ഞാനവും, വിചാരവും നിറഞ്ഞ ശബ്‌ദധാര കേള്‍വിക്കാരുടെ മനസ്സിനെ ആകര്‍ഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്‌തു. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിച്ച്‌, തെറ്റുകള്‍ സധൈര്യം തിരുത്തി വലിയൊരു ആശയലോകം തുറന്നിടുന്നതില്‍ അഴീക്കോട്‌ വിജയിച്ചുവെന്ന്‌ സ്വാഗത പ്രസംഗം നടത്തിയ ലാന വൈസ്‌ പ്രസിഡന്റ്‌ സാംസി കൊടുമണ്‍ അഭിപ്രായപ്പെട്ടു.

സുകുമാര്‍ അഴീക്കോടിന്റെ ബാല്യകാല സുഹൃത്തും അയല്‍ക്കാരനുമായ പി.പി. ലക്ഷ്‌മണന്‍ അഴീക്കോടുമൊത്തുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചത്‌ ശ്രോതാക്കളില്‍ കൗതുകവും ഉദ്വേഗവും ജനിപ്പിച്ചു. അഴീക്കോടിന്റെ വളര്‍ച്ച കൂടെനിന്ന്‌ നോക്കികണ്ട പി.പി. ലക്ഷ്‌മണന്‍ ഗാന്ധിയനായി ജീവിച്ച്‌ ഗാന്ധിയനായി മരിച്ച മരിച്ച അഴീക്കോടിന്റെ ലളിത ജീവിതം വരച്ചുകാട്ടി. മലയാളിയുടെ മനസ്സില്‍ എന്നും അഴീക്കോട്‌ ജീവിക്കുമെന്ന്‌ പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കാടാപുറം പ്രസ്‌താവിച്ചു. പരശുരാമന്റെ മഴുവിന്റെ മൂര്‍ച്ചയും അര്‍ജ്ജുനന്റെ അമ്പിന്റെ തുളച്ചുകയറല്‍ ശേഷിയുള്ള വാക്കുകളുമായിരുന്നു അഴീക്കോടിന്റേതെന്ന്‌ പ്രസ്‌ ക്ലബ്‌ ജോയിന്റ്‌ സെക്രട്ടറി ജെ. മാത്യൂസ്‌ വിലയിരുത്തി.

ഡോ. ജോയി കുഞ്ഞാപ്പു, വിനോദ്‌ കെയാര്‍കെ. വര്‍ഗീസ്‌ ചുങ്കത്തില്‍, ത്രേസ്യാമ്മ നടാവള്ളി, ഡോ. നന്ദകുമാര്‍ ചാണയില്‍, മാമ്മന്‍ മാത്യു, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ജോണ്‍ വേറ്റം, രാജു തോമസ്‌, ബാബു പാറയ്‌ക്കല്‍, എന്‍.എസ്‌. തമ്പി, ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍, രാജഗോപാല്‍ കുന്നപ്പള്ളി. തോമസ്‌ കൂവള്ളൂര്‍, ഗോപാലന്‍ നായര്‍ എന്നിവരും ബഹുമാന്യനായ ഈ ബഹുമുഖ പ്രതിഭയുടെ മഹത്വചിത്രം അഭിമാനപൂര്‍വ്വം വരച്ചുകാട്ടി. വാക്കുകളുടെ മൂര്‍ച്ചയും, എഴുത്തിന്റെ കരുത്തും മലയാളിയുടെ സാംസ്‌കാരിക ഔന്നത്യത്തിന്റെ അടയാളമായി വളര്‍ത്തിയെടുത്ത അഴീക്കോടിന്റെ ഓര്‍മ്മയ്‌ക്കു മുന്നില്‍ ലാനയുടെ പ്രവര്‍ത്തകര്‍ ആദരാഞ്‌ലികള്‍ അര്‍പ്പിച്ചു. ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്‌.
ഡോ. സുകുമാര്‍ അഴീക്കോട്‌- പ്രഭാഷണകലയുടെ തമ്പുരാന്‍: ലാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക