Image

പ്രിയ പങ്കാളിത്തത്തിലേയ്ക്ക് വളര്‍ന്ന ഇന്ത്യ-യു.എസ് ചങ്ങാത്തം (എ.എസ് ശ്രീകുമാര്‍)

Published on 11 June, 2016
പ്രിയ പങ്കാളിത്തത്തിലേയ്ക്ക് വളര്‍ന്ന ഇന്ത്യ-യു.എസ് ചങ്ങാത്തം (എ.എസ് ശ്രീകുമാര്‍)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറക്കുകയാണ്, അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും മുമ്പെ. 2014 മെയ് മാസത്തില്‍ അധികാരമേറ്റ മോദി ആദ്യ രണ്ടു വര്‍ഷങ്ങളില്‍ 35 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. എന്നാല്‍ 2009 ജനുവരിയില്‍ പ്രസിഡന്റായ ഒബാമയ്ക്ക് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ 25 രാഷ്ട്രങ്ങളിലാണ് പോകാന്‍ സാധിച്ചത്. ഇക്കാലയളവില്‍ ഒബാമ 1,56,336 മൈലുകള്‍ യാത്ര ചെയതപ്പോള്‍ മോദി പറപറന്നത് 1,64,187 മൈലുകളാണ്. ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ചൈന, ദക്ഷിണ കൊറിയ, റഷ്യ, ബ്രിട്ടന്‍, തുര്‍ക്കി, സിംഗപ്പൂര്‍, അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചിട്ടുണ്ട്. മോദി സന്ദര്‍ശിച്ച 35 രാജ്യങ്ങളില്‍ 21ഉം ഏഷ്യന്‍ രാഷ്ട്രങ്ങളും ഏഴെണ്ണം യൂറോപ്യന്‍ രാജ്യങ്ങളുമാണ്. രണ്ടുവീതം ഉത്തര അമേരിക്കന്‍, ഓഷ്യേന്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളും ഒരു ദക്ഷിണ അമേരിക്കന്‍ രാജ്യവുമാണ്. അമേരിക്കയില്‍ മോദി നാലുതവണ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫ്രാന്‍സ്, നേപ്പാള്‍, റഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ രണ്ടുവര്‍ഷത്തിനിടെ രണ്ടുതവണയും സന്ദര്‍ശിച്ചു....ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങലിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വൈറലായ വാര്‍ത്തയാണിത്.

അധികാരത്തിന്റെ മൂന്നാം വര്‍ഷത്തിലേയ്ക്ക് താമരമാലയിട്ട് പ്രവേശിച്ച മോദി ഇതിനിടയില്‍ നാലു വട്ടമാണ് അമേരിക്കയിലെത്തിയത്. വന്‍ വരവേല്‍പ്പ് ലഭിച്ച ഈ സന്ദര്‍ശനവേളകളില്‍ മോദി രണ്ടു തവണ ഒബാമയുമായി വൈറ്റ് ഹൗസില്‍ വച്ച് ചര്‍ച്ച നടത്തി. ലോകയാത്രയ്ക്കിടയില്‍ പലയിടങ്ങളിലായി ഏഴു പ്രാവശ്യമാണ് മോദി ഒബാമയുമായി കണ്ടുമുട്ടി സംഭാഷണങ്ങളിലേര്‍പ്പെട്ടത്. മോദിയുടെ ആഗോളസഞ്ചാരത്തിന്റെയും മോദി-ഒബാമ ആശ്ലേഷ കൂടിക്കാഴ്ചകളുടെയും ഫലപ്രാപ്തിയെന്തായിരിക്കുമെന്നറിയാന്‍ കുറേക്കൂടികാത്തിരിക്കണം. പ്രത്യേകിച്ച് അമേരിക്കയില്‍ ഭരണ മാറ്റം ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍. ഏതായാലും മോദി വാഴ്ചയില്‍ മുമ്പെങ്ങുമില്ലാത്ത വിധം  ഇന്ത്യാ-അമേരിക്ക സൗഹൃദം, കേവലം ഔപചാരികമായ കെട്ടിപ്പിടിത്തങ്ങള്‍ക്കും ഷേക്ഹാന്‍ഡുകള്‍ക്കും അപ്പുറത്തേയ്ക്ക് മാനസികമായ ഒരടുപ്പത്തിന്റെ വിശാലതലത്തിലേയ്ക്കും ഊഷ്മളതയിലേയ്ക്കും കടന്നിരിക്കുന്നുവെന്ന് വേണം ഇപ്പോള്‍ മനസിലാക്കാന്‍.

മറ്റൊരു വിദേശ സഞ്ചാരത്തിന് കോപ്പു കൂട്ടി അമേരിക്ക, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മോദി ഇന്നലെ (ജൂണ്‍ 10) ഇന്ത്യയില്‍ മടങ്ങിയെത്തി. സമകാലിക ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്നു, സാമ്പത്തിക ശക്തിയായി മാത്രമല്ല, എല്ലാത്തരത്തിലും ശാക്തിക രാഷ്ട്രമാണിന്ന് ഇന്ത്യ. അതിനാല്‍ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ മോദി നടത്തിയ പ്രസംഗം ആഗോളതലത്തില്‍ തന്നെ ഇന്ത്യയ്ക്ക് ഇതുവരെ ഇല്ലാതിരുന്ന ഒരു സ്ഥാനം നേടിക്കൊടുക്കാന്‍ പര്യാപ്തമായി എന്ന് നിരീക്ഷിക്കപ്പെടുന്നു. മോദിയും ഒബാമയും വീണ്ടുമൊരിക്കല്‍ കൂടി സൗഹൃദത്തിന്റെ കൈ കൊടുക്കുമ്പോള്‍ പ്രതിരോധം, സുരക്ഷ, ഊര്‍ജം, പരിസ്ഥിതി, സമുദ്രം, ജനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സംയുക്ത സഹകരണത്തിന്റെ മാര്‍ഗരേഖ തെളിഞ്ഞു വന്നത്.

ഇതില്‍ ഏറ്റവും പ്രധാനം പ്രതിരോധ മേഖലയിലെ കൂട്ടായ്മയ്ക്കുള്ള ധാരണയാണ്. അമേരിക്കയുടെ ‘പ്രിയ പ്രതിരോധ പങ്കാളി’എന്ന സ്ഥാനം ഇന്ത്യയ്ക്ക് ചാര്‍ത്തിക്കിട്ടിയിരിക്കുന്നു. ഈ നേട്ടത്തിലൂടെ അമേരിക്ക തങ്ങളുടെ ഏറ്റവുമടുത്ത സഖ്യരാഷ്ട്രങ്ങളുമായി പങ്കുവയ്ക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയ്ക്കും ലഭ്യമാക്കുന്ന വിധത്തില്‍ രൂപരേഖ തയ്യാറാവുകയാണ്. സൈനിക അഭ്യാസങ്ങള്‍, പരിശീലനം, തുറമുഖ സന്ദര്‍ശനങ്ങള്‍ തുടങ്ങി സേനാപരമായി ഇരു രാജ്യങ്ങളും പരസ്പരം ഉപയോഗിക്കുന്ന കാര്യങ്ങളടങ്ങുന്ന ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റില്‍ ഉടന്‍ ഒപ്പു വയ്ക്കും. ഇതോടെ അമേരിക്കയുടെ സൈനിക സഖ്യരാഷ്ട്രങ്ങളുടെ ഗണത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള രാജ്യമായി ഇന്ത്യ മാറുകയും അത് നമ്മുടെ പ്രതിരോധമേഖലയ്ക്ക് വന്‍ കുതിപ്പേകുകയും ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിരോധ രംഗത്ത് പരസ്പര പങ്കാളിത്തമുള്ള മറ്റ് ആറിനം രേഖകളുണ്ട്.

ഇവിടെ ഒരു കാര്യം വളരെ പ്രസക്തമാണ്. അമേരിക്കയെന്നാല്‍ ഒരു കുത്തക മുതലാളിത്ത രാഷ്ട്രം. ലോക പോലീസ്, വന്‍ സാമ്രാജ്യത്വശക്തി എന്നൊക്കെ കേട്ടറിഞ്ഞും പറഞ്ഞു വിശ്വസിപ്പിച്ചും നിലനിര്‍ത്തിയ പഴയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് ഇന്ത്യ അമ്പേ മാറിയിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ നയങ്ങളും നിലപാടുകളും മാറി. നെഹ്‌റൂവിയന്‍ കാലഘട്ടത്തിലെ സമീപനമല്ല ഇപ്പോള്‍ അവര്‍ക്ക് അമേരിക്കയോട്. സമീപകാല തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ച് ബി.ജെ.പി വടവൃക്ഷമായപ്പോള്‍ മോദി ആഗോളതലത്തില്‍ തന്നെ താരമായി. ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ വൈരാഗ്യത്തിന് മൂര്‍ഛ കൂടുന്ന കാലത്താണല്ലോ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചേരിചേരാ നയവും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുമെല്ലാം വിദേശ ബന്ധത്തിന്റെ ആഴവും പരപ്പും നിശ്ചയിച്ചിരുന്നത്. 

അന്നത്തെ അമേരിക്കന്‍ വിരുദ്ധ സമീപനത്തിന് കാരണമുണ്ടായിരുന്നു. അത് അമേരിക്കയുടെ പാകിസ്ഥാന്‍ സ്‌നേഹമാണ്. അമേരിക്ക, പാകിസ്ഥാനെ ഏറ്റവും വലിയ ആയുധകമ്പോളമാക്കി. ആയുധ വാണിഭം പൊടിപൊടിച്ചു. ഇതേ സമയം പാകിസ്ഥാന്‍ കേന്ദ്രമാക്കിയുള്ള തീവ്രവാദ പ്രര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ഉറക്കം കെടുത്തുകയും ചെയ്തു. ഇപ്പോഴത്തെ ഈ പ്രിയ പ്രതിരോധ പങ്കാളിത്തത്തിലൂടെ കാര്യങ്ങള്‍ മാറ്റിയെഴുതപ്പെടുമെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇന്ത്യയ്ക്കും പാകിസ്ഥാനും യഥേഷ്ടം ആയുധം വില്‍ക്കുന്ന കച്ചവട തന്ത്രത്തിന്റെ മുന്നൊരുക്കമാവില്ല ഈ പങ്കാളിത്ത തീരുമാനമെന്ന് കരുതാം. ഇന്ത്യയില്‍ ഭീകരവാദത്തിന്റെ വിത്തെറിയുന്ന അയല്‍ രാജ്യത്തിനിത് അക്ഷരാര്‍ത്ഥത്തില്‍ താക്കീതാവുകയും വേണം. അതേ സമയം പാകിസ്ഥാന്‍ കേന്ദ്രീകൃതമായ ഭീകരസംഘടനകളെ അമര്‍ച്ചചെയ്യുന്നതിനുള്ള പോരാട്ടത്തില്‍ അമേരിക്കയെക്കൊണ്ട് നിലപാട് തറ ഉറപ്പിക്കാന്‍ മോദിക്കു കഴിഞ്ഞുവെന്നത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

ഊര്‍ജരംഗത്തെ പങ്കാളിത്തവും ആവശ്യമുള്ളതുതന്നെ. സംശുദ്ധ ഊര്‍ജ പദ്ധതികള്‍ക്കായി ആറുകോടി യു.എസ് ഡോളറിന്റെ രണ്ടു സാമ്പത്തിക സഹായ പദ്ധതികളില്‍ ഇന്തോ-യു.എസ് സംയുക്ത സംരഭമുണ്ട്. 2020ഓടെ പത്തു ലക്ഷം വീടുകളില്‍ സംശുദ്ധവും വീണ്ടും ഉപയോഗിക്കാവുന്നതുമായ ഊര്‍ജം എത്തിക്കുക, ഗ്രാമീണ മേഖലകളില്‍ പുനരുപയോഗ ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുക എന്നിവയാണ് ലക്ഷ്യം. ഊര്‍ജോല്‍പ്പാദനത്തിനായി അമേരിക്കയിലെ വെസ്റ്റിങ് ഹൗസ് ഇന്ത്യയില്‍ ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇതു സംബന്ധിച്ച കരാറില്‍ ഇന്ത്യയിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനുമായി കരാറൊപ്പുവയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. സൗരോര്‍ജ ഉത്പാദനം, വിതരണം എന്നിവയ്ക്ക് പ്രോത്സാഹനവും ഗതിവേഗവും നര്‍കുന്ന ആഗോള സംഘടനയായ ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സ് വിപുലപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും കൈകോര്‍ത്ത് മുന്നിട്ടിറങ്ങും. സംഘടനയുടെ സ്ഥാപന ഉച്ചകോടിക്ക് സെപ്റ്റംബറില്‍ ഇന്ത്യ വേദിയൊരുക്കും.

വിദേശ സന്ദര്‍ശകര്‍ക്ക് പുതിയ വിസ, യാത്രാ പ്ലാനുകള്‍ മുതലായവ ഉറപ്പാക്കി, യുഎസ് നിക്ഷേപകരെ മോദി സ്വാഗതം ചെയ്തു. ഉഭയകക്ഷി വ്യാപാരം ഇപ്പോഴത്തെ 100 ബില്യണ്‍ ഡോളറിന്റെ അഞ്ചിരട്ടിയാക്കാനും ധാരണയായി. നിക്ഷേപകരുടെയും കോര്‍പ്പറേറ്റുകളുടെയും സൗകര്യാര്‍ത്ഥം ഇന്ത്യ-യുഎസ് നിക്ഷേപ പദ്ധതിയും സ്മാര്‍ട്ട്‌സിറ്റി വികസനത്തില്‍ പങ്കാളിത്തവും നല്‍കാമെന്നും പ്രഖ്യാപിക്കപ്പെട്ടു.

വ്യാപാരരംഗത്തെ സഹകരണത്തിനും ഊന്നല്‍ നല്‍കുന്നതായിരുന്നു യു.എസ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലെ മോഡിയുടെ പ്രസംഗം. 2009ല്‍ വ്യാപാരം ആറായിരം കോടി ഡോളറായിരുന്നത് 2015ല്‍ 10,700 കോടി ഡോളറായി വര്‍ദ്ധിച്ചു. അടുത്ത വര്‍ഷം ഇരു രാജ്യങ്ങളും യാത്ര, ടൂറിസം പങ്കാളി രാഷ്ട്രങ്ങളാവും. പൗരന്മാര്‍ക്ക് വിസ നല്‍കുന്നതിലെ സങ്കീര്‍ണതകള്‍ ഈ കാലയളവില്‍ മാറിക്കിട്ടും. അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനസൗകര്യങ്ങളൊരുക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുകയാണ്. ഇത് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ചിനുള്ള വേദിയാകുമെന്നുറപ്പാണ്. അമേരിക്കയിലെ ഇന്ത്യയുടെ ആറാമത്തെ കോണ്‍സുലേറ്റ് സിയാറ്റിലില്‍ തുറക്കും. അമേരിക്കയും ഇന്ത്യയില്‍ കൂടുതല്‍ കോണ്‍സുലേറ്റുകള്‍ ആരംഭിക്കും. അമേരിക്കന്‍-ഇന്ത്യന്‍ ജനതകള്‍ തമ്മിലുള്ള ബന്ധം പുഷ്‌കലമായാലേ ഇത്തരം പ്രിയപങ്കാളിത്തങ്ങള്‍ കൊണ്ടുള്ള ലക്ഷ്യം കൈവരിക്കാനൊക്കൂ. അതിന് ഇരു രാഷ്ട്രങ്ങളും തമ്മില്‍ തുല്യതയുടെ തലത്തിലുള്ള സഹകരണമാണ് അനിവാര്യം. വിദേശബന്ധങ്ങളെ എങ്ങനെ ഇന്ത്യയ്ക്ക് പ്രയോജനകരമാക്കാമെന്ന മാതൃക മോദി കാണിച്ചുകൊടുക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്തോ-അമേരിക്കന്‍ ബന്ധത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സൗഹൃദമെന്ന് കല്‍പ്പിക്കപ്പെടുന്നത്.

പ്രിയ പങ്കാളിത്തത്തിലേയ്ക്ക് വളര്‍ന്ന ഇന്ത്യ-യു.എസ് ചങ്ങാത്തം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
bijuny 2016-06-11 14:22:57
Excellent.
ഒരു രാഷ്ട്ര നേതാവായാൽ ഇങ്ങനെ വേണം.  നമുക്കും അടുത്ത ജെനെരഷനും ഇതിന്റെയെല്ലാം പ്രയോജനം കിട്ടും എന്ന് വിചാരിക്കാം .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക