Image

ടു ജി കേസ്: എ.രാജ ജയിലിലെത്തിയിട്ട് ഒരുവര്‍ഷം

Published on 02 February, 2012
ടു ജി കേസ്: എ.രാജ ജയിലിലെത്തിയിട്ട് ഒരുവര്‍ഷം
ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജ ജയിലിലായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാവുന്ന രാഷ്ട്രീയ നേതാവായിരുന്നു രാജ. മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറയ്‌ക്കൊപ്പം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിനായിരുന്നു രാജയുടെ അറസ്റ്റ്. 

കേസില്‍ അറസ്റ്റിലായ കനിമൊഴി അടക്കമുള്ള മറ്റു പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ രാജ മാത്രം ഇതുവരെ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. രാജയ്ക്കു പുറമെ അദ്ദേഹത്തിനൊപ്പം അറസ്റ്റിലായ ബെഹൂറയുടെ ജാമ്യാപേക്ഷ കോടതി നിരസിക്കുകയും ചെയ്തു. ഇരുവരും മാത്രമാണ് കേസില്‍ ഇനി ജാമ്യം നേടി പുറത്തിറങ്ങാനുള്ളത്. 

രാജയ്ക്കും കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍ക്കുമെതിരെ വിചാരണക്കോടതി കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 22ന് അഴിമതി നിരോധന നിയമപ്രകാരം ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന വിശ്വാസവഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. 

ടു ജി കേസില്‍ രാജയുടെ കാലത്ത് അനുവദിച്ച 122 ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കാന്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിനുപുറമെ മന്ത്രിസഭയിലെ പ്രമുഖനായ പി.ചിദംബരത്തിനെതിരെ അന്വേഷണം തുടരുന്ന കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക