Image

കൊളോണില്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിച്ചു

Published on 10 June, 2016
കൊളോണില്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിച്ചു

 കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിച്ചു. മേയ് 26നു രാവിലെ ഒന്‍പതിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ ജര്‍മന്‍, ഘാന തുടങ്ങിയ രാജ്യക്കാര്‍ക്കൊപ്പം ഇന്ത്യന്‍ സമൂഹവും പങ്കെടുത്തു. 

ജര്‍മന്‍ വികാരി ഫാ.ക്രിസ്റ്റ്യാന്‍ വൈന്‍ഹാര്‍ഡിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ പങ്കാളിയായി. തുടര്‍ന്നു വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചുകൊണ്ടുള്ള റാസയിലും റൈന്‍ നദിയിലൂടെ നടത്തിയ കപ്പല്‍ പ്രദക്ഷിണവും നടന്നു. ജര്‍മനിയുടെ സംഗീത ബാന്റും കൊട്ടും മേളവും പതാകകളും കൂടാതെ ജര്‍മനി പാരമ്പര്യമായി പിന്തുടരുന്ന വസ്ത്രങ്ങളണിഞ്ഞ സ്വദേശികള്‍ക്കൊപ്പം ഇന്ത്യന്‍ പതാകയും പേപ്പല്‍ പതാകയും മുത്തുക്കുടകളും വഹിച്ചു കൊണ്ടാണ് പ്രദക്ഷിണത്തില്‍ ഇന്ത്യന്‍ സമൂഹം പങ്കെടുത്തത്. മ്യൂള്‍ഹൈമിലെ ക്ലമന്റ് ദേവാലയത്തിലാണു റാസ സമാപിച്ചത്. ഫാ.വൈന്‍ഹാര്‍ഡ് സമാപനാശീര്‍വാദം നല്‍കി. 

തുടര്‍ന്നു മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയ ഹാളില്‍ ഒരുമിച്ചുകൂടി ജര്‍മന്‍കാര്‍ക്കൊപ്പം സൗഹൃദം പങ്കുവച്ചു. അഗാപ്പെയും നടന്നു. ജര്‍മനിയുടെ പലഭാഗത്തുനിന്നുമുള്ള മലയാളികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക