Image

വിയന്നയിലെ മലയാളിയുവാവ് നായകനാകുന്ന ഹ്രസ്വചിത്രം രാജ്യാന്തര മേളകളില്‍ പ്രദര്‍ശനത്തിന്

Published on 09 June, 2016
വിയന്നയിലെ മലയാളിയുവാവ് നായകനാകുന്ന ഹ്രസ്വചിത്രം രാജ്യാന്തര മേളകളില്‍ പ്രദര്‍ശനത്തിന്

 വിയന്ന: ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍നിന്നുള്ള സിമ്മി കൈലാത്ത് നായകനാകുന്ന ഹ്രസ്വചിത്രം 'നോറിക്കോ' അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെടുന്നു. 

ജൂലൈ നാലിനു ഹാന്‍ഡ്ല്‍സ്‌കൈയിലുള്ള മില്ലേനിയം സിറ്റിയിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇതിനോടകം തന്നെ ചിത്രം രണ്ടു പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ആംസ്റ്റര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ വാന്‍ ഗോഗ് പുരസ്‌കാരവും ലിത്വാനിയ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന ലാര്‍ഗൊ ഫിലിം അവാര്‍ഡിനും പൂനെ ഫിലിം ഫെസ്റ്റിവലിനും നോറിക്കോ തെരഞ്ഞെടുക്കപ്പെട്ടു. വിയന്ന ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും. 

മനുഷ്യ സംസ്‌കാരത്തിന്റെ അവസാനം സൂചിപ്പിക്കുന്ന കഥയാണു ചിത്രം പറയുന്നത്. തന്റെ ഭാര്യയെ നഷ്ടപ്പെടുന്ന കേസ്താസ് കുകുറിസ് എന്ന യുവാവ് നോറിക്കോ എക്‌സ് 13 റോബോട്ടിലൂടെ അവളെ തിരികെയെത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമയത്തിന്റെ നിറവില്‍ അനിവാര്യമായ നഷ്ടങ്ങളും ദുഃഖങ്ങളും ഉള്‍കൊള്ളാനാകാതെ മനുഷ്യന്‍ യാന്ത്രികനായി തീരാനുള്ള ശ്രമങ്ങള്‍ തന്നെയാണ് അവനു ഭാവിയില്‍ നേരിട്ടേക്കാവുന്ന ഏറ്റവും വലിയ ദുരന്തമെന്നും ചിത്രം ഓര്‍മപ്പെടുത്തുന്നു.

ക്രിസ്ത്യന്‍ ഇല്‍ക്ക കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പട്രിഷ്യ ലൂസിയാണ് നായിക. ലോവര്‍ ഓസ്ട്രിയയിലെ ക്രെംസിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ഓണ്‍ലൈനിലൂടെ നടന്ന കാസ്റ്റിംഗിലാണ് സിമ്മിക്ക് ചിത്രത്തിലേയ്ക്ക് ക്ഷണം ലഭിക്കുന്നതും നായകനായി തെരഞ്ഞെടുത്തതും. 

വിവരങ്ങള്‍ക്ക്: http://www.christianjilka.com/ simmykailath@hotmail.com

പ്രദര്‍ശന സമയം: 4 July, 2016, UCI Kinowelt Millennium Ctiy, Block 2, Time 18.00 – 21.00. Ticket Sale Starts at 17.00

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക