Image

സാമൂഹ്യ സേവന സന്ദേശവുമായി ഗ്ലോസ്റ്റര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍

Published on 09 June, 2016
സാമൂഹ്യ സേവന സന്ദേശവുമായി ഗ്ലോസ്റ്റര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍

ഗ്ലോസ്റ്റര്‍: സമൂഹ പക്ഷാനുകൂല നിലപാടുകളും മതേതര കാഴ്ചപ്പാടുകളുമായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ട കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ മലയാളികള്‍ക്കും മറ്റു ഇതര സമൂഹങ്ങള്‍ക്കും മാതൃകയാവുന്നു. 

സങ്കുചിത മനോഭാവങ്ങളും സ്വജനപക്ഷപാതവും ആളിക്കത്തുന്ന സാഹചര്യങ്ങളെ ഒഴിവാക്കികൊണ്ട്, തികച്ചും മാനുഷികാവബോധം ഉളവാക്കുന്ന പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാനുള്ള അസോസിയേഷന്‍ തീരുമാനങ്ങള്‍ക്ക് വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നത്.

അസോസിയേഷന്‍ രൂപീകരണത്തിനുശേഷം വളരെ ചുരുങ്ങിയ കാലാവധിക്കുള്ളില്‍ പല കാര്യങ്ങളും തുടങ്ങി വയ്ക്കാനായി. ജനകീയ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സര്‍വാത്മനാ സ്വാഗതം ചെയ്യുന്ന വളരെ ചുരുക്കം അസോസിയേഷനുകളില്‍ ഒന്നായി മാറാന്‍ കഴിഞ്ഞതിലൂടെയാണ് തങ്ങള്‍ക്കു കൂടുതല്‍ വിശ്വാസ്യത കൈവരിക്കാനായതെന്നു പ്രസിഡന്റ് ജോണ്‍സന്‍ ഏബ്രാഹം, ജനറല്‍ സെക്രട്ടറി ജോജി തോമസ്, ട്രഷറര്‍ രാജേഷ് മാത്യു എന്നിവര്‍ അഭിപ്രായപെട്ടു. കഴിഞ്ഞ മാസാവസാനം കാഫോഡ് ചാരിറ്റിയുടെ ധനശേഖരണം ലക്ഷ്യമാക്കി നടത്തിയ 'കറി നിശ' യുടെ വന്‍ വിജയം ഇതിനുദാഹരണമാണ്.

നിസ്വാര്‍ഥമായ ജനപിന്തുണയും സജി തോമസ്, ലിന്‍സ്, സംസുദ്ദീന്‍, ജിജി ജോണ്‍, സോണി ജോര്‍ജ്, റോബി സെബാസ്റ്റ്യന്‍, ശശി ജോര്‍ജ് എന്നിവരുടെ നേതൃ പാടവവും ഒത്തു ചേര്‍ന്നപ്പോള്‍ 'കറി നൈറ്റ്' തികച്ചും അവിസ്മരണീയമായി. എണ്ണയാലൊടുങ്ങാത്ത വിഭവങ്ങളും അവ ആസ്വദിക്കാനെത്തിയ വ്യത്യസ്ത സമൂഹങ്ങളിലെ നൂറു കണക്കിനാളുകളും ചേര്‍ന്നപ്പോള്‍ പരിപാടി ഉദേശിച്ചതിലും ഗംഭീരമായി. അവിടെ നിന്നും സമാഹരിച്ച തുക കാഫോഡ് ചാരിറ്റിക്കു കൈമാറിയതോടുകൂടി അസോസിയേഷന്റെ സാമൂഹ്യാവബോധം പ്രകടമാക്കാനും കഴിഞ്ഞു. 

വൈസ് പ്രസിഡന്റ് ബിജി സജസ് ആണ് ചാരിറ്റിക്കു തുക കൈമാറിയത്. കാഫോദ് ചാരിറ്റിയുടെ പ്രതിനിധി അസോസിയേഷനു നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക