Image

ദിനേശ് പി. തമ്പിക്ക് ഹംഗറി സര്‍ക്കാരിന്റെ പുരസ്‌കാരം

Published on 09 June, 2016
ദിനേശ് പി. തമ്പിക്ക് ഹംഗറി സര്‍ക്കാരിന്റെ പുരസ്‌കാരം

  ബുഡാപെസ്റ്റ്: രാജ്യത്തിന്റെ വ്യവസായ മേഖലയ്ക്കു നല്‍കുന്ന സംഭാവനകളെ മാനിച്ചു ഹംഗറി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 'നൈറ്റ്‌സ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മെറിറ്റ്' ഹംഗറിയിലെ ടിസിഎസ് (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ഗ്ലോബല്‍ ഡെലിവറി സെന്ററിന്റെ മുന്‍ മേധാവി ദിനേശ് പി. തമ്പിക്കു ലഭിച്ചു.

ബഹുരാഷ്ട്ര കമ്പനിയായ ടിസിഎസ് ഗ്ലോബല്‍ ഡെലിവറി സെന്ററിലൂടെ അദ്ദേഹം ഹംഗറിയുടെ വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിനും ആദര്‍ശപരമായ കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയതും പരിഗണിച്ചാണ് അവാര്‍ഡ്. ടിസിഎസിന്റെ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ കമ്പനിയുടെ ബിസിനസ് ഉദ്യമങ്ങളില്‍ വിദ്യാഭ്യാസ, പരിസ്ഥിതി പരിപാടികള്‍ക്കും കായിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കി സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിച്ചതും പുരസ്‌കാര വേളയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ഇന്ത്യയും ഹംഗറിയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ ദിനേശ് തമ്പി നല്കിയ സംഭാവനകള്‍ ഏറെ വിലപ്പെട്ടതും അനന്യവുമായിരുന്നുവെന്നു ചടങ്ങില്‍ വിലയിരുത്തി. 



മൂന്നു പതിറ്റാണേ്ടാളമായി കോര്‍പറേറ്റ് സെക്ടറില്‍ സേവനം അനുഷ്ഠിക്കുന്ന അദ്ദേഹം 1992ലാണ് ടിസിഎസില്‍ എത്തുന്നത്. അമേരിക്കയും ബ്രിട്ടനുമടക്കം വിവിധ രാജ്യങ്ങളുമായി കമ്പനിയെ ബന്ധിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച അദ്ദേഹം 2009 ലാണ് ഹംഗറിയിലെ കമ്പനിയുടെ ചുമതല ഏറ്റെടുക്കുന്നത്. അസാമാന്യമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കമ്പനിയിലൂടെ രാജ്യത്ത് അവതരിപ്പിച്ചത്. നൂറു കണക്കിനു തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. ടിസിഎസിന്റെ വാര്‍ഷിക ബിസിനസ് അവാര്‍ഡ് ചടങ്ങില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഗ്ലോബല്‍ ഡെലിവറി സെന്ററിന്റെ പുരസ്‌കാരവും ഹംഗറിക്കു നേടികൊടുത്തതും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ആയിരുന്നു. കേരളത്തിലെ ടിസിഎസിന്റെ വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ മേധാവിയുമാണ് ഇപ്പോള്‍ ദിനേശ്. 

ഹംഗറിയുടെ വിദേശകാര്യ മന്ത്രാലയം ബുഡാപെസ്റ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തികസഹകരണത്തിനുള്ള ജോയിന്റ് കമ്മീഷന്റെ ഉപാധ്യക്ഷന്‍ ഡോ. ലാസ്ലോ സ്ലാബൊ അദ്ദേഹത്തിനു അവാര്‍ഡ് സമ്മാനിച്ചു. ഹംഗറി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും നിരവധി ഉദ്യോഗസ്ഥരും, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ളവരും ഇന്ത്യയിലെ ഹംഗറി നയതന്ത്രകാര്യാലത്തിന്റെ സ്ഥാനപതിയും നിരവധി മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക