Image

ജോയി വധം: ഷെറിന്റെ ബെംഗളൂരു ജോലിക്കാര്യം പച്ചക്കള്ളം

Published on 08 June, 2016
ജോയി വധം: ഷെറിന്റെ ബെംഗളൂരു ജോലിക്കാര്യം പച്ചക്കള്ളം
ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളി ജോയി ജോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി, മകന്‍ ഷെറിന്‍ പറഞ്ഞ തന്റെ ബെംഗളൂരു കണക്ഷന്‍ കെട്ടുകഥ. ഇതു സംബന്ധിച്ച് ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം എത്തി അന്വേഷണം ആരംഭിച്ച പോലീസ് സംഘത്തിന് ആദ്യ ദിവസംതന്നെ ഇത് നുണക്കഥയാണെന്ന് ബോധ്യപ്പെട്ടു. ബെംഗളൂരുവില്‍ ഐ.ടി കമ്പനിയില്‍ ജോലിയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്. 

നഗരത്തില്‍ നിന്നു വിട്ട് ഗ്രാമീണ അന്തരീക്ഷത്തിലുള്ള രാമമൂര്‍ത്തി നഗറില്‍ താമസത്തിന് ഇയാള്‍ പത്താം നമ്പര്‍ ഫഌറ്റെടുത്തിരുന്നു. മൂന്നു മാസത്തിനിടെ പലപ്പോഴായി പത്തോളം ദിവസമേ ഷെറിന്‍ ഇവിടെ താമസിച്ചിട്ടുള്ളൂവെന്ന് അന്വേഷണത്തില്‍ അറിവായി. അപ്പാര്‍ട്ട്‌മെന്റ് ഉടമയ്ക്ക് വാടകയിനത്തില്‍ പണം നല്‍കാനുമുണ്ട്. മുമ്പ് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജുകളിലും പോലീസ് അന്വേഷിച്ചു. അവിടെനിന്ന് െ്രെഡവിങ് ലൈസന്‍സടക്കം ചില രേഖകളേ കിട്ടിയുള്ളൂ. ഷെറിന്റെ ഒരു വനിതാ സുഹൃത്ത് അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തു. ബെംഗളൂരുവില്‍ ഒഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റ് എടുത്ത് താമസിച്ചതെന്തിനെന്ന ചോദ്യം പോലീസില്‍ സംശയം ജനിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് എസ്.ഐ. ബി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവില്‍ അന്വേഷണം തുടരുകയാണ്. 

അതേസമയം സി.ഐ. ജി അജയനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, ഷെറിന്‍ മുമ്പ് താമസിച്ചിരുന്ന കോട്ടയത്തെ ചില ഹോട്ടലുകളില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഷെറിനെയും കൂട്ടി പോലീസ് കോട്ടയത്തെ ഹോട്ടലില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് വീണ്ടും പരിശോധന നടത്തിയത്. താമസിച്ച ഹോട്ടലുകളിലെല്ലാം തന്നെ ചെല്ലുമ്പോള്‍ ആഡംബര ജീവിതത്തിന്റെ പുത്തന്‍ കഥകളാണ് പോലീസ് അറിയുന്നത്. ബെംഗളൂരുവില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചയേ പ്രതിയെ കോടതിയില്‍ ഹാജരാക്കൂവെന്ന് പോലീസ് പറഞ്ഞു

ഇതിനിടെ ഷെറിന്‍ യു.എസില്‍ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയാണെന്ന വിവരം കേരള പോലീസിന് ലഭിച്ചു. യു.എസിലെ ഒരു പ്രമുഖ ക്രിമിനല്‍ സംഘത്തിലെ കണ്ണിയാണത്രേ ഇയാള്‍. ചെക്കുകള്‍ മോഷ്ടിച്ച് തിരുത്തി സാമ്പത്തിക തിരിമറി നടത്തിയ കേസിലും മോഷ്ടിച്ച കാറില്‍ സഞ്ചരിക്കുമ്പോഴും അമേരിക്കന്‍ പോലീസ് ഷെറിനെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ചെക്കുകള്‍ സൂത്രത്തില്‍ കൈക്കലാക്കി തുകയും ഒപ്പും വ്യാജമായി ചേര്‍ത്ത് തുക ഇയാള്‍ തട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഷെറിന്‍ രണ്ടു കൊല്ലക്കാലം ജയിലിലായിരുന്നു. പുറത്തിറങ്ങിയ ശേഷം വീണ്ടും വ്യാജ ചെക്കുവഴി പണംതട്ടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് പിടികൂടും മുന്‍പ് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. സഹോദരിയുടെ വിവാഹം ആണെന്ന് കാട്ടി അടിയന്തര വിസയിലാണ് നാട്ടിലേക്ക് വിമാനം കയറിയത്. ഇയാള്‍ക്കായി യു.എസ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

യു.എസ് സിറ്റിസണായ ഷെറിന്റെ അവിടത്തെ വഴിവിട്ട നടപടികള്‍ കാരണം പേരിന്റെയും രൂപത്തിന്റെയും സാദൃശ്യം വെച്ച് അനിയന്‍ ഡോ. ഷെറിലും ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ ഡോ. ഡേവിഡ് ജോണ്‍ എന്ന് ഷെറില്‍ ഔദ്യോഗികമായി പേര് മാറ്റുകയായിരുന്നു. 

ജോയിയുടെ മൃതദേഹത്തിനു വേണ്ടിയുള്ള അന്വേഷണം നടക്കവെ,  ഇന്ത്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് വൈസ്‌കോണ്‍സല്‍ പീറ്റര്‍ ജോണ്‍ തെയ്‌സ്, അസിസ്റ്റന്റ് സ്വപ്‌ന ജോണ്‍ എന്നിവര്‍ ചെങ്ങന്നൂരിലെത്തി നല്‍കിയ മൊഴികളിലൂടെയാണ് ഈ വിവരങ്ങള്‍ കേരള പോലീസിന് ലഭിച്ചത്. അമേരിക്കയില്‍ കാലുകുത്തിയാല്‍ ഉടന്‍ അറസ്റ്റ് അറിയാവുന്നതിനാലാണ് ഷെറിന്‍ 2003 മുതല്‍ ഇന്ത്യയില്‍  തങ്ങിയിരുന്നത്. കേസില്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക