Image

നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ ചൂഷണം ചെയ്യുന്നു: ഹൈക്കോടതി

Published on 02 February, 2012
നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ ചൂഷണം ചെയ്യുന്നു: ഹൈക്കോടതി
കൊച്ചി: നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ ചൂഷണം ചെയ്യുന്നു ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം ചൂഷണമാണ്‌ നഴ്‌സുമാരെ സമരത്തിന്‌ പ്രേരിപ്പിച്ചത്‌. ആശുപത്രി ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കുമാണ്‌ ഏറ്റവും കുറഞ്ഞ ശമ്പളം നല്‍കുന്നതെന്ന്‌ കരുതുന്നതായും കോടതി അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി 500 രൂപ മാത്രം ശമ്പളം വാങ്ങി സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുണ്ട്‌. യോഗ്യതയുള്ള ഡോക്ടര്‍ക്ക്‌ 2000 രൂപ മാത്രം ശമ്പളം നല്‍കുന്ന ആശുപത്രികളുമുണ്ട്‌. ആശുപത്രികളില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നത്‌ ഡോക്ടര്‍മാരും ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നത്‌ നഴ്‌സുമാരുമാണ്‌. എന്നാല്‍, അധികൃതരുടെ സ്വാര്‍ഥത മൂലം അര്‍ഹമായ പ്രതിഫലം നഴ്‌സുമാര്‍ക്ക്‌ ലഭിക്കുന്നില്ലെന്നും കോടതി കണ്ടെത്തി.

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ സമരം മൂലം ഡയാലിസിസിന്‌ തടസ്സം നേരിടുന്നുവെന്നും ആശുപത്രിക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കുന്നതിലൂടെ തനിക്ക്‌ ചികിത്സ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി തൊടുപുഴ വെള്ളിയാമറ്റം സ്വദേശി ജോസ്‌ മാത്യു നല്‍കിയ ഹരജിയിലാണ്‌ ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍, ജസ്റ്റിസ്‌ പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ്‌ വാക്കാല്‍ നിരീക്ഷണം നടത്തിയത്‌.
നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ ചൂഷണം ചെയ്യുന്നു: ഹൈക്കോടതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക