Image

ക്രിസ്തു സ്‌നേഹം പ്രവൃത്തിയിലൂടെ പകര്‍ന്നു നല്കിയ ഇടയശ്രേഷ്ഠന്‍ - ബിഷപ്പ് ജോര്‍ജ് നൈ­നാന്‍

റോയി ചിക്കാഗോ Published on 08 June, 2016
ക്രിസ്തു സ്‌നേഹം പ്രവൃത്തിയിലൂടെ പകര്‍ന്നു നല്കിയ ഇടയശ്രേഷ്ഠന്‍ - ബിഷപ്പ് ജോര്‍ജ് നൈ­നാന്‍
ദക്ഷിണേഷ്യാസഭയുടെ സഹോദരി സഭയായ സി.എന്‍.ഐ. നാസിക്ക് മഹായിടവകയുടെ മുന്‍ ബിഷപ്പ് ജോര്‍ജ് നൈനാന്‍ തിരുമേനി നമ്മെ വിട്ടുപിരിഞ്ഞിട്ട് (ജൂണ്‍ 21, 2015) ഏതാണ്ട് ഒരു വര്‍ഷം തികയുന്നു. എങ്കിലും ആ സ്‌നേഹത്തിന്റെ, സൗഹാര്‍ദ്ദത്തിന്റെ അലയടികള്‍ നമ്മുടെ ഹൃദയങ്ങില്‍ എന്നും ധ്വനിക്കും, പ്രവര്‍ത്തികളില്‍ എന്നും പ്രതിഫലിക്കും. സംശയമില്ല.

ജോര്‍ജ് നൈനാന്‍ ബിഷപ്പിന്റെ പ്രവര്‍ത്തനശൈലികള്‍ മറ്റുള്ളവരില്‍നിന്നും വളരെ വ്യത്യസ്ഥമായിരുന്നു. അടിയുറച്ചു വിശ്വസിച്ച ക്രിസ്തീയ തത്വങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ ശ്രമിച്ച ഒരു ഇടയശ്രഷ്ഠനായിരുന്നു ബിഷപ്പ് ജോര്‍ജ് നൈനാന്‍. പ്രസംഗങ്ങള്‍ക്കുപരി പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്കിയ, ക്രിസ്തു സ്‌നേഹം പ്രവര്‍ത്തിയിലൂടെ അനേകര്‍ക്കു പകര്‍ന്നു നല്കിയ ഒരു ഇടയശ്രഷ്ഠനായിരുന്നു ബിഷപ്പ് ജോര്‍ജ് നൈനാന്‍ തിരുമേനി.

ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാല് ഓഗസ്റ്റ് മാസം നാലാം തീയതി തിരുവല്ലയ്ക്കടുത്ത് കവിയൂരില്‍ അമ്പാട്ട് കുടുംബത്തില്‍ നൈനാന്‍ ജോര്‍ജ് - മറിയാമ്മ ജോര്‍ജ് ദമ്പതികളുടെ പുത്രനായാണ് അദ്ദേഹത്തിന്റെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ആലപ്പുഴ എസ്. ഡി. കോളേജില്‍ നിന്ന് ഇക്കണോമിക്‌സിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം നേടി. ആ കാലഘട്ടങ്ങളില്‍ ക്രിസ്തീയ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വളരെ യേറെ സ്വാധീനം ചെലുത്തിയിരുഫ സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ എസ്.സി.എം ഒരു സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പ്രാഥമിക കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ക്രിസ്തീയ ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായി സി. എസ്. ഐ. മധ്യകേരള മഹായിടവകയുടെ കീഴിലുള്ള ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആലപ്പിയില്‍ ചേര്‍ന്നു.

ആലപ്പുഴ ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടും അവിടുത്തെ പ്രവര്‍ത്തനങ്ങളും പില്‍ക്കാലത്ത് തിരുമേനിയുടെ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തി എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. കടലും കായലുമായി ഇടപിണഞ്ഞു കിടക്കുന്ന പ്രകൃതി മനോഹരമായ ആലപ്പുഴ പട്ടണത്തെക്കുറിച്ചും പാശ്ചാത്യ മിഷനറിമാരാല്‍ സ്ഥാപിതമായ ആലപ്പുഴ സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയത്തെക്കുറിച്ചും ആലപ്പുഴ ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പില്‍ക്കാലങ്ങളില്‍ അദ്ദേഹം വളരെ വാചാലമായി സംസാരിക്കുമായിരുന്നു.

ആലപ്പുഴ ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ആയിരത്തിതൊള്ളായിരത്തി അന്‍പത്തെട്ടില്‍ ക്രിസ്തീയ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട പ്രത്യേക പഠനത്തിനും പരിശീലനത്തിനുമായി അദ്ദേഹത്തെ തെരെഞ്ഞൈടുക്കുന്നതും ആദ്യത്തെ വിദേശയാത്രയ്ക്കായി വളരെ ചെറുപ്രായത്തില്‍ തന്നെ ജപ്പാനിലേക്കു പുറപ്പെടുന്നതും. ജപ്പാനിലെ പഠനവും ജീവിതവും പില്‍ക്കാലങ്ങളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ക്കു തീര്‍ച്ചയായും ഒരു നവദര്‍ശനം നല്കി എന്നുള്ളതില്‍ സംശയമില്ല.
ജപ്പാനില്‍നിന്നും മടങ്ങിയെത്തിയശേഷം അക്കാലങ്ങളില്‍ ക്രിസ്തീയ യുവജനങ്ങളുടെ ഇടയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്ന മധ്യകേരള മഹായിടവകയുടെ യുവജനപ്രസ്ഥാനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും പില്‍ക്കാലങ്ങളില്‍ അതിന്റെ സെക്രട്ടറിയായി അദ്ദേഹം ചുമതല ഏല്‍ക്കുകയും ചെയ്തു.

1961- ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ചെങ്ങന്നൂര്‍ കൊച്ചുകളീക്കല്‍ റവ. കെ. ജെ. ചാക്കോ - മറിയാമ്മ ചാക്കോ ദമ്പതികളുടെ പുത്രി റേച്ചലാണ് അദ്ദേഹത്തിന്റെ ജീവിത സഖി. തിരുമേനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഒരു സജീവപങ്കാളിയായിരുന്നു റേച്ചല്‍ കൊച്ചമ്മ.
ജപല്‍പൂര്‍ ലേണാര്‍ഡ് തീയോളജിക്കല്‍ കോളേജില്‍ നിന്നാണ് ബിഷപ്പ് ജോര്‍ജ് നൈനാന്‍ ദൈവശാസ്ത്രത്തില്‍ ബിരുദമെടുത്തത്. ആ കാലഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം ദറ്റിണേന്ത്യാസഭയുടെ സഹോദരി സഭയായ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്‍ഡ്യയുടെ പരിധിക്കുള്ളിലായിരുന്നു. അതുകൊണ്ടുതന്നെയാണ് 1964- ല്‍ ബിഷപ്പ് ജോര്‍ജ് നൈനാന്‍ അവിടുന്നു തന്നെ വൈദികപട്ടം സ്വീകരിക്കുന്നതും അവിടെ തന്നൈ ഒരു വൈദികനായി ആത്മീയശുശ്രൂഷയ്ക്ക് തുടക്കം കുറിക്കുന്നതും.

റെയ്ച്ചല്‍ കൊച്ചമ്മയുമൊത്താണ് 1970- ല്‍ ജോര്‍ജ് നൈനാന്‍ തിരുമേനി ആദ്യമായി നോര്‍ത്തമേരിക്കയിലെ ഒക്കലഹോമയിലുള്ള ഫിലിപ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനായി എത്തിച്ചേരുന്നത്. അന്നത്തെ അമേരിക്കന്‍ ജീവിതം എല്ലാം കൊണ്ടും അവരുടെ ജീവിതത്തില്‍ പുതുമയാര്‍ന്ന ഒരു അനുഭവമായിരുന്നു. ഭാരതത്തില്‍ മടങ്ങിയെത്തിയശേഷം സി. എന്‍. ഐ. സഭയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ദക്ഷിണേഷ്യ കേന്ദ്രീകരിച്ച്് വിവിധ ക്രിസ്തീയ സംഘടനകള്‍ക്ക് നേതൃത്വം നല്കുകയും ചെയ്തു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്‍ഡ്യയില്‍ പ്രഗത്ഭനായ ഒരു പട്ടക്കാരനായാണ് ബിഷപ്പ് ജോര്‍ജ് നൈനാന്‍ അറിയപ്പെട്ടിരുന്നത്. അക്കാലങ്ങളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തിലും ഏഷ്യയിലെ ഇതര രാഷ്ട്രങ്ങളില്‍ പോലും മതിപ്പും ബഹുമാനവും ഉളവാക്കിയിരുന്നു.

അര്‍ബന്‍ ഇന്‍ഡസ്ട്രിയല്‍ ലീഗ് ഫോര്‍ ഡവലപ്‌മെന്റ് ഡയറക്ടറായും അര്‍ബന്‍ റൂറല്‍ മിഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡ്യയുടെ അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ നഗരത്തില്‍ Slum മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം രൂപം നല്കിയ സംഘടനയാണ് BUILD. മുബൈ നഗരത്തില്‍ യാതനയും ദുരിതവും അനുഭവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരുടെ ഇടയില്‍ ബിഷപ്പ് ജോര്‍ജ് നൈനാന്‍ തിരുമേനി തുടങ്ങിവെച്ച കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇന്നും പലരും ഉപകാരസ്മരണയോടാണ് അനുസ്മരിക്കുന്നത്. ബിഷപ്പ് ജോര്‍ജ് നൈനാന്‍ മെമ്മോറിയല്‍ മിഷന്‍ എന്ന പേരില്‍ ധാരാളം പേര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഇന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനേകര്‍ പങ്കാളികളാകുന്നുണ്ട്.

അക്രമത്തിനും അനീതിക്കും എതിരെ ബിഷപ്പ് ജോര്‍ജ് നൈനാന്‍ എക്കാലവും ശക്തമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഭാരതത്തില്‍ മിഷനറിപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയ്ന്‍സും മക്കളും ഓറീസായില്‍ കൊല്ലപ്പെട്ടപ്പോള്‍ ആദ്യമായി അതിനെതിരെ ശക്തമായ നിലപാടെടുത്ത ഒരാളായിരുന്നു ജോര്‍ജ് നൈനാന്‍ തിരുമേനി. സ്വന്തം ജീവിതം അപകടത്തിലാണെന്ന് അറിഞ്ഞിട്ടുപോലും തന്റെ നിലപാടില്‍ നിന്ന് വ്യതിചലിക്കുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. സാമൂഹിക നീതിക്കു വേണ്ടിയുള്ള സന്ധിയില്ലാത്ത അദ്ദേഹത്തിന്റെ നിലപാടുമൂലം ഏഷ്യയിലെ പല രാജ്യങ്ങളിലും അദ്ദേഹത്തിനു പ്രവേശനം പോലും നിഷേധിച്ചിരുന്നു.

1994- ലാണ് സി.എന്‍.ഐ നാസിക്ക് മഹായിടവകയുടെ അദ്ധ്യക്ഷപദവിയിലേക്കു അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത്. മഹായിടവക അദ്ധ്യക്ഷനായുള്ള അഭേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സി.എന്‍.ഐ. സഭയ്ക്കും പ്രത്യേകിച്ചു നാസിക്ക് മഹായിടവകയ്ക്കും വളരെയേറെ അനുഗ്രഹപ്രദമായിരുന്നു. 1998 - ലെ റായല്‍സീമ സി.എസ്.ഐ. സിനഡില്‍ പ്രധാന ചിന്തകള്‍ക്ക് നേതൃത്വം നല്കിയത് ബിഷപ്പ് ജോര്‍ജ് നൈനാന്‍ തിരുമേനിയായിരുന്നു.

1999- ല്‍ നാസിക്ക് മഹായിടവകയുടെ അദ്ധ്യക്ഷപദവിയില്‍ നിന്നു വിരമിച്ചശേഷം എക്യുമെനിക്കല്‍ രംഗങ്ങളില്‍ ഒട്ടേറെ പദവികള്‍ അദ്ദേഹം അലങ്കരിക്കുകയുണ്ടായി. കമ്മ്യൂണ്യന്‍ ഓഫ് ചര്‍ച്ചസ് എന്ന പേരില്‍ സി.എസ്.ഐ, സി.എന്‍.ഐ, മാര്‍ത്തോമ്മാ ജോയിന്റ് യൂണിയന്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറിയായി ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചു. പീപ്പിള്‍സ് റിപ്പോര്‍ട്ടര്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ആരംഭ നേതാക്കളില്‍ ഒരാളായിരുന്നു ബിഷപ്പ് ജോര്‍ജ് നൈനാന്‍.

2001- ലാണ് ആംഗ്‌ളിക്കന്‍ സഭയില്‍ സേവനത്തിനായി അദ്ദേഹം കാനഡയില്‍ എത്തിച്ചേര്‍ന്നത്. അവിടെ ഉണ്ടായിരുന്ന മൂന്നുവര്‍ഷക്കാലം പട്ടത്വശുശ്രൂഷയ്ക്കും പഠിപ്പിക്കുന്നതിനുമായി അദ്ദേഹം ചെലവിട്ടു. കാനഡയിലെ ജീവിതരീതിയോട് വളരെയേറെ ഇണങ്ങിച്ചേര്‍ന്ന തിരുമേനി കുടുംബസമേതം വിശ്രമജീവിതം നയിക്കുവാനാണ് 2004- ല്‍ ന്യൂയോര്‍ക്കിലെത്തിച്ചേര്‍ന്നത്. വിശാലചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഉടമയായ തിരുമേനി സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണ് വാലികോട്ടേജിലുള്ള സി.എസ്.ഐ., സി.എന്‍.ഐ. സഭകളുടെ സഹോദരിസഭയായ ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ സഭയ്ക്ക് നേതൃത്വം നല്കുവാന്‍ നിര്‍ബന്ധിതനാകുന്നതും തുടര്‍ന്ന് അവിടെയുള്ള സി. എസ്. ഐ. അംഗങ്ങളുമായി ഇടപഴകുന്നതും. അവിടെ ഒരു എപ്പിസ്‌കോപ്പല്‍ - സി.എസ്. ഐ. ആരാധനയ്ക്ക് തുടക്കം കുറിക്കുന്നത് ബിഷപ്പ് ജോര്‍ജ് നൈനാന്‍ തിരുമേനിയാണ്. 2006 മുതല്‍ 2010 വരെ അവിടെ അദ്ദേഹം സി.എസ്. ഐ. - എപ്പിസ്‌കോപ്പല്‍ സഭയ്ക്ക് നേതൃത്വം നല്‍കി. അവിടുത്തെ ശുശ്രൂഷയ്ക്കുശേഷം തന്റെ അന്ത്യം വരെയും ന്യൂയോര്‍ക്കിലെ എപ്പിസ്‌കോപ്പല്‍ ഇടവകകളില്‍ ആരാധനകള്‍ക്കു എപ്പിസ്‌കോപ്പല്‍ ചുമതലകള്‍ക്കും നേതൃത്വം നല്‍കി വരികയായിരുന്നു.

ശുശ്രൂഷയില്‍ നിന്നു വിരമിച്ചശേഷവും അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ ന്യൂയോര്‍ക്കിലെ എപ്പിസ്‌കോപ്പല്‍ സഭകളില്‍ ഒരു എപ്പിസ്‌കോപ്പയ്ക്കു ലഭിക്കുന്ന എല്ലാ അധികാരത്തോടും ആദരവോടും ബഹുമാനത്തോടുമാണ് ബിഷപ്പ് ജോര്‍ജ് നൈനാന്‍ തിരുമേനിയെ കരുതിയിരുന്നത്.
വിശ്രമജീവിതം നയിക്കുമ്പോഴും നോര്‍ത്തമേരിക്കയിലെ മലയാളികളുടെ ഇടയില്‍ എപ്പോഴും എന്നാ ആവശ്യങ്ങള്‍ക്കും അദ്ദേഹം മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു.

സരസമായ ഭാഷയില്‍ ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള അദ്ദേഹത്തിന്റെ നര്‍മ്മമേറിയ പ്രസംഗശൈലി എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. വിശ്രമജീവിതം നയിച്ച് നോര്‍ത്തമേരിക്കയില്‍ കഴിഞ്ഞിരുന്ന അവസാന കാലഘട്ടങ്ങളിലും അദ്ദേഹം വളരെയേറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മീറ്റിംഗ് പോയിന്റ് എന്ന എക്യുമെനിക്കല്‍ ക്രിസ്തീയ മാസിക, ASIAAC (All Saints Institute for Asian American Concerns) എന്നീ പ്രസ്ഥാനങ്ങള്‍ അദ്ദേഹത്തിന്റെ വിശാല ഭാവനയില്‍ നിന്നുളവായതാണ്.

തന്റെ ജീവിതം പോലെ തന്നെ വളരെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യവും. അദ്ദേഹത്തിന്റെ വിയോഗം ഭാരതത്തിലും ഏഷ്യയിലാകമാനവും നോര്‍ത്തമേരിക്കയിലും ലേകത്തെത്ഭാടുമുള്ള ജനങ്ങള്‍ക്ക് ഒരു തീരാനഷ്ടമാണ്, സംശയമില്ല.

അവസാനശ്വാസം വരെ ക്രിസ്തീയ സേവനത്തിലും സാമൂഹിക ക്ഷേമത്തിനും സാധാരണക്കാരുടെ ജീവിത ഉന്നമനത്തിനും വേണ്ടി പോരാടിയ ബിഷപ്പ് ജോര്‍ജ് നൈനാന്‍ തിരുമേനിയുടെ പുഞ്ചിരിതൂകുന്ന മുഖപ്രസാദം ഈ ലോകത്തില്‍ ഇനി നേരില്‍ കാണുവാനോ, അദ്ദേഹത്തിന്റെ സരസമായ ക്രിസ്തീയ വചനങ്ങള്‍ നേരില്‍ കേള്‍ക്കുവാനോ, അദ്ദേഹം നേരിട്ടു രൂപം നല്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേരില്‍ പങ്കെടുക്കുവാനോ ഒരുപക്ഷേ നമുക്കു കഴിഞ്ഞു എന്നു വരില്ല എങ്കിലും അദ്ദേഹത്തിന്റെ ഈ ലോക പ്രവര്‍ത്തനങ്ങളില്‍ കൂടി നമുക്കു പകര്‍ന്നു നല്കിയ സ്‌നേഹവും, സന്ദേവും, ഉപദേശങ്ങളും എക്കാലവും നമ്മുടെ ഹൃദയത്തില്‍ പ്രതിഫലിക്കും, ജീവിതത്തില്‍ സ്വാധീനം ചെലുത്തും. സംശയമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക