Image

ടെലിവിഷന്‍ അഭിമുഖത്തിനിടെ റോംനിയ്ക്ക് നാക്കു പിഴച്ചു; അലിയുടെ പരിശീലകന്‍ എയ്ഞ്ചലോ ഡുന്‍ഡീ അന്തരിച്ചു;ദ് ഗ്രേ യുഎസ് ബോക്‌സോഫീസില്‍ ഒന്നാമത്

Published on 02 February, 2012
ടെലിവിഷന്‍ അഭിമുഖത്തിനിടെ റോംനിയ്ക്ക് നാക്കു പിഴച്ചു; അലിയുടെ പരിശീലകന്‍ എയ്ഞ്ചലോ ഡുന്‍ഡീ അന്തരിച്ചു;ദ് ഗ്രേ യുഎസ് ബോക്‌സോഫീസില്‍ ഒന്നാമത്
ഫ്‌ളോറിഡ: ഫ്‌ളോറിഡ പ്രൈമറിയിലെ വിജായഘോഷം തീരുന്നതിന് മുമ്പ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മുന്‍നിരയിലുള്ള മുന്‍ മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിയ്ക്ക് നാക്കു പിഴച്ചു. ഒരു ടെലിവിഷന്‍ ചാനലിന്റെ പ്രഭാത പരിപാടിയ്ക്കിടെയാണ് റോംനിയ്ക്ക് നാക്കു പിഴച്ചത്. തീരെ പാവപ്പെട്ടവരെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്ന റോംനിയുടെ പരാമര്‍ശമാണ് വിവാദമായത്. " സമൂഹത്തിലെ തീരെ പാവപ്പെട്ടവരെക്കുറിച്ച് എനിക്ക് ആശങ്കയില്ല. കാരണം അവര്‍ക്കായി ഒരു സുരക്ഷാ വലയുണ്ട്. അതില്‍ എന്തെങ്കിലും തകരാറുണ്‌ടെങ്കില്‍ പരിഹരിക്കും. വളരെ ധനികരായവരെക്കുറിച്ചും എനിക്ക് ആശങ്കയില്ല. അവര്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുന്നുണ്ട്.

എന്നാല്‍ 90-95 ശതമാനത്തോളം വരുന്ന ഭൂരിഭാഗം അമേരിക്കന്‍ ഹൃദയങ്ങളെക്കുറിച്ചാണ് എനിക്ക് ആശങ്ക' എന്നായിരുന്നു റോംനിയുടെ പ്രസ്താവന. ഇത് ച്രചാരണത്തിനിടെയും അദ്ദേഹം പറഞ്ഞിട്ുണ്‌ടെങ്കിലും ഒരു ദേശീയ ടെലിവിഷനില്‍ അഭിമുഖത്തിനിടെ പറഞ്ഞതാണ് ഏറെ വിവാദമായത്. എന്നാല്‍ താന്‍ പറഞ്ഞ രീതിയി
ല്ല പിന്നീട് കാര്യങ്ങള്‍ നീങ്ങിയതെന്ന് റോംനി സമ്മതിച്ചു. മധ്യവര്‍ഗ അമേരിക്കക്കാരെക്കുറിച്ചാണ് തനിക്ക് ആശങ്കയെന്നാണ് താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പാവപ്പെട്ടവരെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന കാര്യം മാത്രം എടുത്തു കാണിക്കുകയായിരുന്നുവെന്നും റോംനി പറഞ്ഞു.

അലിയുടെ പരിശീലകന്‍ എയ്ഞ്ചലോ ഡുന്‍ഡീ അന്തരിച്ചു

ഫ്‌ളോറിഡ: ലോക ബോക്‌സിംഗ് താരങ്ങളായ മുഹമ്മദ് അലി, സുഗര്‍ റേ ലിയോനാര്‍ഡ് എന്നിവരുടെ പരിശീലകനായിരുന്ന എയ്ഞ്ചലോ ഡുന്‍ഡീ (90) അന്തരിച്ചു. യു.എസിലെ ഫ്‌ളോറിഡയിലായിരുന്നു അന്ത്യമെന്ന് ഡുന്‍ഡീയുടെ മകന്‍ ജിമ്മി മാധ്യമങ്ങളെ അറിയിച്ചു. 'തന്റെ ദൗത്യം പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങിയെന്ന്' ജിമ്മി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ന്യുയോര്‍ക്കില്‍ നിന്നും ബോക്‌സിംഗ് മേഖലയില്‍ എത്തിയ ഡുന്‍ഡി 1960 കളിലാണ് അലിക്കൊപ്പം പ്രവര്‍ത്തിച്ചത്. കഴിഞ്ഞമാസം കെന്റുക്കിയില്‍ സംഘടിപ്പിച്ച അലിയുടെ 70ാം പിറന്നാള്‍ ആഘോഷത്തിലും ഡുന്‍ഡി പങ്കെടുത്തിരുന്നു.

ദ് ഗ്രേ യുഎസ് ബോക്‌സോഫീസില്‍ ഒന്നാമത്

ലോസ്ഏയ്ഞ്ചല്‍സ്: ലിയാം നീസണ്‍ നായകനായ ആക്ഷന്‍ ചിത്രം "ദ് ഗ്രേ' യുഎസ് ബോക്‌സോഫീസില്‍ തകര്‍ത്തുവാരുന്നു. 20 മില്യണ്‍ ഡോളറാണ് ചിത്രം ഒരാഴ്ചകൊണ്ട് വാരിക്കൂട്ടിയത്. അലാസ്കയില്‍ തകര്‍ന്നുവീഴുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെടുന്ന നായകനും കൂട്ടരും പ്രതികൂല കാലവസ്ഥയോട് പൊരു രക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഴിഞ്ഞ ആഴ്ചവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അണ്ടര്‍വേള്‍ഡ് അവേക്കനിംഗ് ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ആഴ്ച 12.5 മില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. 11.8 മില്യണ്‍ ഡോളര്‍ നേടിയ കോമഡി ചിത്രമായ വണ്‍ ഫോര്‍ ദ് മണി ആണ് ബോക്‌സോഫീസില്‍ മൂന്നാമത്. ഓസ്കര്‍ നോമിനേഷന്‍ നേടിയ ഹ്യൂഗോ, ദ് ആര്‍ട്ടിസ്റ്റ്, ദ് ഡിസെന്‍ഡന്റ്‌സ് എന്നിവയും ബോസ്‌കോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

അമേരിക്കല്‍ എയര്‍ലൈന്‍സ് 13,000 ജീവനക്കാരെ പിരിച്ചുവിടുന്നു

വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ വിമാന കമ്പനിയായ അമേരിക്കന്‍ എയര്‍ലൈന്‍സ് സാമ്പത്തിക ബാധ്യത വെട്ടിക്കുറയ്ക്കാന്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. കമ്പനി 13,000 തൊഴിലാളികളെ വെട്ടിക്കുറയ്ക്കും. മൊത്തം ജീവനക്കാരില്‍ 15 ശതമാനം കുറവാണ് വരുത്തുന്നത്. ഇതുവഴി ജീവനക്കാര്‍ക്കുള്ള ചെലവ് 20 ശതമാനം കുറയ്ക്കാമെന്നും കമ്പനി അറിയിച്ചു. പ്രതിവര്‍ഷം 200 കോടി ഡോളറാണ് ചെലവില്‍ കുറവുവരുന്നത്. ഇതിലൂടെ വരുമാനം 100 കോടിയെങ്കിലും ഉയര്‍ത്താന്‍ കഴിയുമെന്നൂം കമ്പനി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്ന് കമ്പനി കഴിഞ്ഞവര്‍ഷം നവംബറില്‍ ആവശ്യപ്പെട്ടിരുന്നു. സ്റ്റാഫ് പെന്‍ഷനിലും മാറ്റം വരുത്താന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൂന്നു യൂണിയനുകളിലായി 88,000 ജീവനക്കാരാണ് അമേരിക്കന്‍ എയര്‍ലൈന്‍സിലുള്ളത്. പുതിയ നയത്തെ യൂണിയനുകള്‍ അംഗീകരിച്ചിട്ടില്ല. 2011 ല്‍ ആദ്യ ഒന്‍പതു മാസങ്ങളില്‍ കമ്പനി 8840 ലക്ഷം ഡോളറാണ് നഷ്ടം നേരിട്ടത്. ഡിസംബറില്‍ ഇത് 9060 ലക്ഷം ഡോളറായി ഉയര്‍ന്നു. 2001 മുതല്‍ കമ്പനിക്ക് 1100 കോടിയ്ക്കു മേലാണ് നഷ്ടം രേഖപ്പെടുത്തി വരുന്നത്.


താലിബാനുമായുള്ള ബന്ധം പാക്കിസ്ഥാന്‍ ഉപേക്ഷിക്കണമെന്ന് യുഎസ്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ തീവ്രവാദികളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ യുഎസ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. പാക്ക് ചാരസംഘടന ഐഎസ്‌ഐ അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്നതായി നാറ്റോ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. താലിബാന്‍കാരുടെ ഒളിയിടങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു. സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ പാക്ക് സന്ദര്‍ശനത്തിനിടെ പങ്കുവച്ച ആശങ്കകളാണ് നാറ്റോ റിപ്പോര്‍ട്ടില്‍ പറയുന്നവയില്‍ മിക്കവയുമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിക്‌ടോറിയ നുലാന്‍ഡ് പ്രതികരിച്ചു. തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാനെ ഒരുമിച്ചു നിര്‍ത്തുന്നത് തുടരുക തന്നെ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടിലുള്ളത് കാലങ്ങളായി യുഎസ് ഉന്നയിക്കുന്ന ആശങ്കകളാണെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയും പറഞ്ഞു. താലിബാന്‍കാരുടെ ഒളിത്താവളങ്ങള്‍ക്കു നേരെ പാക്ക് നടപടിയുണ്ടാകണമെന്ന് യുഎസ് നേരത്തേ ആവശ്യപ്പെട്ടതാണ്. ഐഎസ്‌ഐ-താലിബാന്‍ ബന്ധം ഇല്ലാതാകണമെന്നാണ് യുഎസ് ആഗ്രഹിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക