Image

മോഡി സര്‍ക്കാര്‍ മഹത്തായ മൂന്നാം വര്‍ഷത്തിലേക്ക് (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 06 June, 2016
 മോഡി സര്‍ക്കാര്‍ മഹത്തായ മൂന്നാം വര്‍ഷത്തിലേക്ക് (ഡല്‍ഹികത്ത്: പി.വി.തോമസ്)
മോഡി ഗവണ്‍മെന്റ് മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതിന്റെ ഉത്സവതിമിര്‍പ്പിലാണ് ഭാരതീയ ജനതപാര്‍ട്ടിയും നരേന്ദ്രമോഡിയും. ആഘോഷങ്ങള്‍ കെങ്കേമം ആയിരുന്നു. പ്രത്യേകിച്ചും ഇന്‍ഡ്യ ഗേറ്റ് പുല്‍ത്തകിടിയിലേത്. വെട്ടിത്തിളങ്ങുന്ന താരപ്രഭയായിരുന്നു അവിടെ. ഹിന്ദി സിനിമനടി കാജോള്‍ പോലും മോഡിയുമായി തനിക്ക് അഭിപ്രായ സമന്വയം ഉണ്ടെന്ന് പ്രഖ്യാപിച്ചു. വേറെന്തു വേണം? സൂപ്പര്‍ സ്റ്റാര്‍ അമിതാ ബച്ചന്‍ വേറെ. പിന്നെ, മുന്‍ ബോളിവുഡ് സെക്‌സ് ബോംബ് റവീണ ടാന്റന്‍. ഇവരൊക്കെയാണല്ലോ മോഡിയുടെ ഭരണ നിപുണതയുടെ സാക്ഷ്യപ്പെടുത്തല്‍ നടത്തേണ്ടത്. ഇതിനുമുമ്പ് ബോളിവുഡ് മാതകത്തിടമ്പ് മല്ലിക ഷെരാവത്തും പറഞ്ഞിട്ടുണ്ട് ഇതാണ് കേമന്‍ ഭരണമെന്ന്. പിന്നെന്തു വേണം?
സാറെ, ഞാനും ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണക്കാരനായ പൗരനാണ്. എനിക്ക് ഈ രണ്ട് വര്‍ഷകാലവും ഇത്ര കെങ്കേമമായി ഒന്നും കാണുവാന്‍ സാധിച്ചിട്ടില്ല. മറിച്ച് ചില ആപല്‍ സൂചനകള്‍ ലഭിക്കാതെയുമില്ല.

ഒരു ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം-ജയം, പരാജയം-എങ്ങനെയാണ് വിലയിരുത്തുക? ഞാന്‍ അത് എന്നില്‍ നിന്നും ആരംഭിക്കും. പിന്നെ എന്റെ ചുറ്റും ഉള്ള സഹജീവികളുടെ ജീവിതാനുഭവത്തില്‍ നിന്നും ആ ലാഭ-നഷ്ടകണക്കുകള്‍ എടുക്കും. എന്താണ് ഗവണ്‍മെന്റിന്റെ നയം? രാഷ്ട്രീയമായി, സാമ്പത്തീക വികസനപരമായി, സാമൂഹ്യമായി, വിദേശനയപരമായി, ദേശീയ സുരക്ഷാപരമായി എന്നതൊക്കെ പരിശോധിക്കണം. എന്നില്‍ നിന്നും ആരംഭിച്ചാല്‍ എനിക്ക് എന്ത് ലഭിച്ചു? സാമ്പത്തീകമായി, രാഷ്ട്രീയമായി അങ്ങനെ. സാമ്പത്തീകമായി എനിക്ക് മൂന്ന് രൂപയുടെ ഫലം ലഭിച്ചു മോഡി സര്‍ക്കാര്‍ അധികാരത്തില്‍, വന്നതിന് ശേഷം. ഇത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള എന്റെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്റെ കാര്യമാണ്. 997 രൂപയായിരുന്ന പെന്‍ഷന്‍ മോഡി അധികാരത്തില്‍ വന്നതിനുശേഷം 1000 രൂപയായി ഉയര്‍ന്നു. കാരണം ഗവണ്‍മെന്റിന്റെ ഒരു തീരുമാനപ്രകാരം പെന്‍ഷന്‍ തുക കുറഞ്ഞത് 1000 രൂപ ആയിരിക്കണം. ഇതിന്റെ പ്രയോജനം എനിക്കും ലഭിച്ചു. പക്ഷേ, ഇതില്‍ ഒന്നര രൂപയുടെ ക്രെഡിറ്റെ ഞാന്‍ മോഡി ഗവണ്‍മെന്റിന് നല്‍കുകയുള്ളൂ. കാരണം ഈ തീരുമാനം തത്വത്തില്‍ അംഗീകരിച്ചത് മന്‍മോഹന്‍ സിംങ്ങിന്റെ യു.പി.എ. ഗവണ്‍മെന്റ് ആണ്. ആയതിനാല്‍ ഒന്നര രൂപയുടെ ക്രെഡിറ്റ് മന്‍മോഹന്‍സിംങ്ങ് ഗവണ്‍മെന്റിനുള്ളതാണ്. അത് നടപ്പിലാക്കിയ മോഡി ഗവണ്‍മെന്റിന് ഒന്നരരൂപയുടെ ക്രെഡിറ്റും. പിന്നൈ മറ്റ് സാമ്പത്തീക വികസനങ്ങള്‍. ലക്ഷങ്ങളും കോടികളും അവിടെയും ഇവിടെയും നിക്ഷേപിച്ചു എന്ന് പറയുന്ന വികസന വീരവാദങ്ങളോട് എനിക്ക് തെളിവില്ലാതെ കണ്ണടച്ച് വിശ്വസിക്കുവാന്‍ ആവുകയില്ല. ഇന്‍ഡ്യയിലെ 125 കോടി ജനങ്ങളും പറയട്ടെ അവര്‍ക്ക് എന്ത് ലഭിച്ചു എന്ന്. നിങ്ങളില്‍ ഓരോരുത്തരും സാക്ഷ്യപ്പെടുത്തക ഈ ഭരണം കൊണ്ട് നിങ്ങള്‍ക്ക് എന്തു ഗുണം ലഭിച്ചുവെന്ന്. അതാണ് യഥാര്‍ത്ഥമായ, സത്യസന്ധമായ കണക്കെടുക്കല്‍. അല്ലാതെ കോടികള്‍ മുടക്കിയുള്ള അച്ചടി-ദൃശ്യ മാധ്യമ പരസ്യങ്ങള്‍ അല്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ ഗവണ്‍മെന്റിന് കോടിക്കണക്കിന് ബജറ്റുള്ള പരസ്യകലാ വിഭാഗം ഉണ്ട്. വ്യക്തിപരമായി ഞാന്‍ വീണ്ടും അസ്വസ്ഥനും അസംതൃപ്തനും വൃണിതനും ആണ്. രാഷ്ട്രീയ, സാമൂഹ്യ കാര്യങ്ങള്‍ നോക്കുമ്പോള്‍.

എനിക്ക് വ്യക്തിസ്വാതന്ത്ര്യവും, ചിന്താസ്വാതന്ത്ര്യവും ഒരു ജനാധിപത്യത്തിന്റെ അവിഭാജ്യഘടം ആണ്. ആയതിനാല്‍ എനിക്ക് ദാബോല്‍ക്കറെയും പന്‍സാരെയും കല്‍ബുര്‍ഗിയെയും മൊഹമ്മദ് ഇക്കലാക്കിനെയും രോഹിത് വെമൂലയയെയും കന്നയ്യകുമാറിനെയും മറ്റ് നിരവധി പേരെയും മറക്കുവാന്‍ ആവുകയില്ല. ഇതില്‍ ദളിതനായ വെമൂലക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു ഗവണ്‍മെന്റിന്റെയും വലതുപക്ഷ ഹിന്ദുത്വ വാദികളുടെയും പീഡനത്തെ തുടര്‍ന്ന്. കന്നയ്യക്ക് ജയിലില്‍ പോകേണ്ടി വന്നു. ബാക്കിയുള്ളവരെ വലതുപക്ഷ ഹിന്ദുത്വവാദികള്‍ വെടിവെച്ചു കൊന്നു. എന്തിന്? അവര്‍ വ്യത്യസ്തമായി ചിന്തിച്ചതിന്റെ പേരില്‍. പ്രധാനമന്ത്രി മോഡി ഈ സംഭവങ്ങളോട് എങ്ങനെ പ്രതികരിച്ചു? എന്ത് നടപടിയെടുത്തു? ഒന്നും ചെയ്തില്ല.

വിലക്കയറ്റം തടഞ്ഞോ? കള്ളപ്പണം വിദേശത്തു നിന്നും കൊണ്ടുവന്നോ? പനാമ പേപ്പേഴ്‌സിന്റെ പേരില്‍ എന്ത് നടപടിയെടുത്തു? ക്രിസ്തീയ ദേവാലയങ്ങള്‍ എന്തുകൊണ്ട് ആക്രമിക്കപ്പെട്ടു? ഗാന്ധിഘാതകനായ നാഥുറാം ഗോഡ്‌സെക്ക് ആര് അമ്പലം പണിതു? എന്തായിരുന്നു ഈ ഘര്‍വാപ്പസി എന്ന മത പുനര്‍പരിവര്‍ത്തനത്തിന്റെ സന്ദേശം? എന്താണീ ലൗ ജിഹാദ്? എത്രയെത്ര സാംസ്‌ക്കാരിക അതിക്രമങ്ങള്‍? മത- സാംസ്‌ക്കാരിക അസഹിഷ്ണുത? അവാര്‍ഡ് വാപ്പസി? മാംസം സൂക്ഷിച്ചതിന്റെ പേരില്‍ വീടാക്രമിച്ച് കൊലപാതകം? ഇതെല്ലാം എന്തിന്റെ അടയാളം ആണ്? ജനാധിപത്യത്തിന്റെയോ ഫാസിസത്തിന്റെയോ? ഉത്തരം പറയണം. 
മോഡിയുടെ ഭരണത്തില്‍ ഇന്‍ഡ്യക്ക് ലഭിച്ചിട്ടുള്ളത് കുറെ മുദ്രാവാക്യങ്ങള്‍ ആണ്. അതിന് യാതൊരു കുറവും ഇല്ല. അനുദിനം എന്നവണ്ണം അത് ഓരോന്നായി കൂണ്‍ മുളക്കുന്നതുപോലെ പെരുകുകയാണ്. ആര് ഇത് പ്രാവര്‍ത്തികം ആക്കും?
ഭൂരിപക്ഷ മതധ്രുവീകരണം ആണ് മറ്റൊരു ആപല്‍ സൂചന. ന്യൂനപക്ഷ മതധ്രൂവീകരണവും അപകടകരമാണ്. പക്ഷേ, ആദ്യത്തേത് ഫാസിസത്തിലേക്ക് വഴിതെളിക്കും. ലോകചരിത്രത്തില്‍ അതിന് ഉദാഹരണങ്ങള്‍ ഉണ്ട്? ആസാമിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് അതാണ്. ഇനി അടുത്തവര്‍ഷം ഉത്തര്‍പ്രദേശിലും പരീക്ഷിക്കപ്പെടുവാന്‍ പോകുന്നത് അതാണ്. അപകടകരമായ ഒരു പ്രവണതയാണത്.

മോഡി ഭരണത്തിന്റെ മറ്റൊരു മുഖമദ്രയായിരുന്നു കപടദേശീയത? ഭരണകൂടത്തെ എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തി ജയിലില്‍ അടക്കുന്നത് ഫാസിസത്തിന്റെ ഒരു അടവ് ആയിരുന്നു എന്നും. ഈ സാമ്രാജിത്വ നിയമം മോഡിഭരണം നിര്‍ല്ലോഭം ഉപയോഗിച്ചിട്ടുണ്ട് ഈ രണ്ടു വര്‍ഷത്തെ ഭരണകാലത്ത് പ്രതിയോഗികളെ ഇല്ലാതാക്കുവാനും വിമതന്മാരുടെ ശബ്ദം അടയ്ക്കുവാനും.

കോപ്പറേറ്റീവ് ഫെഡറലിസം  എന്ന ആശയവുമായി അധികാരത്തില്‍ വന്ന മോഡി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളെ അട്ടിമറിക്കുവാനും അസ്ഥരമാക്കുവാനും ശ്രമിച്ചതാണ് അരുണാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഇപ്പോള്‍ മേഘാലയയിലും കാണുന്നത്? ഇത് ഇന്‍ഡ്യയുടെ ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്തതാണ്.

കാവി ഭീകരാക്രമണ കേസിലെ പ്രതികളെ ഒന്നൊന്നായി കുറ്റവിമുക്തരാക്കുന്നത് തികച്ചും അസ്വസ്ഥജനകമായ ഒരു സ്ഥിതിവിശേഷം ആണ്. അതുപോലെതന്നെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ പ്രതികളെയും. മലേഗാവും സംയോഥാ എക്‌സ്പ്രസ് സ്‌ഫോടനവും ഇഷത്ത് ജഹനാര വ്യാജ ഏറ്റുമുട്ടലും ചില ഉദാഹരണങ്ങള്‍ മാത്രം ആണ്. എന്തുകൊണ്ട് ഇവ സംഭവിക്കുന്നു? ഇത് ദേശീയ സുരക്ഷയെ എങ്ങനെ ബാധിക്കും? ദാവൂദ് ഇബ്രാഹിം എന്ന ഭീകരവാദിയുമായി ബന്ധം ഉണ്ടെന്നപേരിലും അഴിമതി ആരോപണത്തിന്റെ പേരിലും മഹാരാഷ്ട്രയിലെ ഒരു ബി.ജെ.പി. മന്ത്രിക്ക് രാജി വയ്‌ക്കേണ്ടി വന്നതും ഭരണകക്ഷിയുടെ തനിനിറം വെളിപ്പെടുത്തുന്നു. വ്യാപം കുംഭകോണത്തിലും രാജസ്ഥാന്‍-ഝാര്‍ഖണ്ഡ് അഴിമതികേസുകളിലും മോഡി എന്ത് നയം സ്വീകരിച്ചു? അതുപോലെ തന്നെ ലളിത് മോഡി-വിജയ് മല്യ കേസുകളിലും?
മോഡിയുടെ ഏറ്റവും വലിയ വിജയം ആയിട്ട് ചൂണ്ടികാണിക്കപ്പെടുന്നത് അദ്ദേഹം നാല്പത്തിയഞ്ചോളം വിദേശരാജ്യങ്ങള്‍ ഈ കാലയളവില്‍ സഞ്ചരിച്ചുവെന്നതാണ്. നല്ലതു തന്നെ. ഇപ്പോള്‍ ഇതാ മൂന്നാമതും ഒരു അമേരിക്കന്‍ സന്ദര്‍ശനം. അതിന്റെ പാരമ്യത കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും ആയിരിക്കും. അതും വളരെ നല്ലതുതന്നെ. പക്ഷേ, ചോദ്യം ഇവിടെ ഇതൊന്നും അല്ല. ഈ വിദേശ സന്ദര്‍ശങ്ങള്‍ കൊണ്ട് ഇന്‍ഡ്യ എന്തുനേടി? നിക്ഷേപം? സൗഹാര്‍ദ്ദം? സഹകരണം? ഇത് കണ്ടും പഠിച്ചും അനുഭവിച്ചും അറിയണം. 

ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മൂന്ന് അയല്‍ രാജ്യങ്ങള്‍ ആണ് പാക്കിസ്ഥാന്‍, ചൈന, നേപ്പാള്‍. ഈ രാജ്യങ്ങളുമായിട്ടുള്ള നയതന്ത്രബന്ധത്തില്‍ കാര്യമായ യാതൊരു പുരോഗതിയും മോഡിയുടെ വിദേശനയം കൊണ്ട് സാധിച്ചിട്ടില്ല. പാക്കിസ്ഥാനുമായുള്ള സമാധാന സംഭാഷണങ്ങള്‍ വഴിമുട്ടിനില്‍ക്കുകയാണ്. ഇതിനിടെ മോഡിയുടെ ജന്മദിന നയതന്ത്ര പരീക്ഷണം ഡിസംബറില്‍ പരാജയപ്പെട്ടു. പത്താന്‍കോട്ട് വ്യോമകേന്ദ്രം ആക്രമിക്കപ്പെട്ടു. അതുകൊണ്ട് മോഡിയുടെ വിദേശനയത്തില്‍ കാര്യമായ യാതൊരു വിജയവും അവകാശപ്പെടുവാന്‍ ഇല്ല. നാടമുറിക്കലും അത്താഴസദ്യയും അല്ല വിദേശനയതന്ത്രവിജയത്തിന്റെ വിജയം. എങ്കില്‍ തന്നെയും യു.പി.എ. ഗവണ്‍മെന്റ് അവഗണിച്ചിട്ടിരുന്ന ഒട്ടേറെ മേഖലകള്‍ കവര്‍ ചെയ്യുവാന്‍ മോഡിക്ക് സാധിച്ചു.
പുരോഗതിയുടെ മുദ്രാവാക്യങ്ങള്‍ വളരെ കേട്ടതാണ്. അടിയന്തിരാവസ്ഥ കാലത്തെ ഇന്ദിര ഗാന്ധിയുടെ ഇരുപതിന പരിപാടികള്‍ കുപ്രസിദ്ധം ആണ്. അതുകൊണ്ടൊന്നും കാര്യം നടക്കുകയില്ല. മോഡി ഇന്‍ഡ്യക്ക് ലഭിച്ച നിധിയാണെന്ന് അടുത്തയിടെ വെങ്കയ്യ നായ്ഡു പറയുകയുണ്ടായി. അതും പുതുമയല്ല. അടിയന്തിരാവസ്ഥകാലത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദേവകാന്ത് ബറുവ പറയുകയുണ്ടായി ഇന്ദിര ആണ് ഇന്‍ഡ്യയെന്ന്. ഇന്‍ഡ്യ ഇന്ദിരയും. ഈ വക ഫാസിസ്റ്റ് മുദ്രാവാക്യങ്ങള്‍ വിലപ്പോവുകയില്ല. മോഡി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പറഞ്ഞു: ചെറിയ ഗവണ്‍മെന്റ് വലിയ ഭരണം. അതെവിടെ? അദ്ദേഹം പിന്നീട് പറഞ്ഞു: ശൗചാലയങ്ങളാണ് പ്രധാനം, അമ്പലങ്ങള്‍ അല്ല. എന്നിട്ട് അത് എവിടെ. അദ്ദേഹം പിന്നെയും പറഞ്ഞു വിഗ്രഹങ്ങള്‍ അല്ല വികസനം ആണ് പ്രധാനം. അതും വളരെ നല്ലതു തന്നെ. പക്ഷേ, അതും ഭരിച്ച് തെളിയിക്കണം.
വാജ്‌പേയിയുടെ ബി.ജെ.പി. ഗവണ്‍മെന്റിലെ മന്ത്രിയും മുന്‍ പത്രാധിപരുമായ അരുണ് ഷൂറി മോഡിയെ വിമര്‍ശിച്ചത് മോഡി രാഷ്ട്രപതി ഭരണമാതൃകയിലുള്ള ഒറ്റയാള്‍ ഭരണമാണ് നടത്തുന്നതെന്ന് പറഞ്ഞാണ്. അദ്ദേഹത്തെ നിയന്ത്രിക്കുവാനോ ഉപദേശിക്കുവാനോ ആരും ഇല്ലത്രെ! ഷൂറി പറഞ്ഞത് ശരിയായിരിക്കാം. പക്ഷേ, അത് അപകടം ആണ്. അതുപോലെ തന്നെ മോഡിയുടെ അനുതാപം ഇല്ലായ്മയെയും ഷൂറി വിമര്‍ശിക്കുന്നുണ്ട്. ഇത് ഗുജറാത്ത് കലാപം മനസില്‍ കണ്ട് കൊണ്ടായിരിക്കാം. അതും ശരിയായിരിക്കാം. മോഡിയുടെ ഉദേദശം സംഘട്ടനത്തിലൂടെയുള്ള വര്‍ഗ്ഗീയ ധ്രൂവീകരണം ആണെന്നും ഷൂറി പറയുന്നു. ഇതും വന്‍ വിപത്താണ്. മോഡിക്ക് മൂന്നാം വര്‍ഷത്തിലേക്ക് സ്വാഗതം

 മോഡി സര്‍ക്കാര്‍ മഹത്തായ മൂന്നാം വര്‍ഷത്തിലേക്ക് (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക