Image

ബ്രിട്ടനില്‍ വിവാഹത്തട്ടിപ്പിനു ശ്രമം: 2 ഇന്ത്യാക്കാര്‍ക്ക്‌ തടവ്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 02 February, 2012
ബ്രിട്ടനില്‍ വിവാഹത്തട്ടിപ്പിനു ശ്രമം: 2 ഇന്ത്യാക്കാര്‍ക്ക്‌ തടവ്‌
ലണ്ടന്‍: യൂറോപ്യന്‍ പൗരത്വമുള്ള സ്‌ത്രീകളെ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കി യുകെയില്‍ സ്‌ഥിര താമസത്തിന്‌ അനുമതി നേടാനുളള രണ്ടു ഇന്ത്യന്‍ യുവാക്കളുടെ ശ്രമം പാളി. വധുവായി നിശ്‌ചയിച്ചിരുന്ന യുവതികള്‍ക്ക്‌ തങ്ങളുടെ വരന്‍മാരെ കൃത്യമായി തിരിച്ചറിയാന്‍ പോലും കഴിയാതിരുന്നതിനെ തുടര്‍ന്നാണിത്‌.

ഇന്ത്യന്‍ യുവാക്കളായ മന്‍പ്രീത്‌ സിങ്‌, ജസ്‌ബീര്‍ സിങ്‌ എന്നിവരായിരുന്നു വരന്‍മാര്‍. ഇവരെ വിവാഹം കഴിക്കാനിരുന്നത്‌ ലിത്വാനിയക്കാരികളായ ഒസ്‌കാന അലക്‌സാന്‍ഡ്രാവിസ്യൂട്ട്‌, സാന്‍ഡ്ര ബെലെക്കെയ്‌റ്റ്‌ എന്നിവരും.

ഇവരെ കണ്ടപ്പോള്‍ തന്നെ റജിസ്‌ട്രാര്‍ക്കു സംശയം തോന്നി. ഭാഷ മനസിലാകാത്തതിനാല്‍ വധൂവരന്‍മാര്‍ക്കു പരസ്‌പരം സംസാരിക്കാന്‍ കഴിയുന്നില്ലെന്നതും റജിസ്‌ട്രാര്‍ ശ്രദ്ധിച്ചു.

ഇതെത്തുടര്‍ന്ന്‌ ഇമിഗ്രേഷന്‍ ഉദ്യോഗസ്‌ഥരെ വിവരമറിയിക്കുകയും, അവരെത്തി വിവാഹ പാര്‍ട്ടിയെ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു. ഇതു സംഘടിപ്പിച്ച ആളും പിടിയിലായിട്ടുണ്ട്‌. ജസ്‌പാല്‍ സഹോട്ട (51) എന്ന ഇന്ത്യാക്കാരനാണ്‌ ഇതിനു ഒത്താശ ചെയ്‌തത്‌.

ഇമിഗ്രേഷന്‍ ഉദ്യോഗസ്‌ഥര്‍ വന്ന ശേഷം സ്‌തീകളോട്‌ വരനെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞു. എന്നാല്‍, രണ്ടു പേര്‍ക്കും കൃത്യമായി പറയാന്‍ സാധിച്ചില്ല. ഇതോടെ തട്ടിപ്പാണെന്ന്‌ പൂര്‍ണമായി വ്യക്‌തമാകുകയായിരുന്നു.

അറസ്‌റ്റിലായ മന്‍പ്രീത്‌ സിങ്‌, ജസ്‌ബീര്‍ സിങ്‌ എന്നിവരെ കോടതിയില്‍ ഹാജരാക്കുകയും അന്വേഷണ ഉദ്യോഗസ്‌ഥര്‍ നല്‍കിയ തെളിവിന്റെ അടിസ്‌ഥാനത്തില്‍ ഇവരെ യഥാക്രമം 12, 11 മാസം തടവിനു ശിക്ഷിക്കുകയും ചെയ്‌തു. തടവിനു ശേഷം ഇരുവരെയും ഇന്ത്യയിലേക്ക്‌ നാടുകടത്തും.

എന്നാല്‍ ലിത്വാനിയന്‍ യുവതികള്‍ക്ക്‌ 304 ദിവസത്തെ തടവു ശിക്ഷയാണ്‌ ലഭിച്ചത്‌. ഇടനിലക്കാരനായി നിന്ന ജസ്‌പാല്‍ സഹോട്ടയ്‌ക്ക്‌ 2 വര്‍ഷത്തെ തടവും കോടതി വിധിച്ചു.
ബ്രിട്ടനില്‍ വിവാഹത്തട്ടിപ്പിനു ശ്രമം: 2 ഇന്ത്യാക്കാര്‍ക്ക്‌ തടവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക