Image

അമ്മയിലെ രാജി; സലീംകുമാറിനെതിരെ വീണ്ടും ഗണേഷ്‌

Published on 07 June, 2016
അമ്മയിലെ രാജി; സലീംകുമാറിനെതിരെ വീണ്ടും ഗണേഷ്‌
നടന്‍ സലീം കുമാറിനെതിരെ വീണ്ടും പത്തനാപുരം എം.എല്‍.എയും നടനുമായ ഗണേഷ്‌കുമാര്‍ രംഗത്ത്. സലീം കുമാര്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്നും രാജിവെച്ചതിനെതിരെയാണ് ഗണേഷ്‌കുമാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അമ്മയില്‍ നിന്നും ഈ നേരം വരെയും സലീം കുമാര്‍ രാജിവെച്ചിട്ടില്ല. രാജിവെച്ചാല്‍ പിന്നെ എല്ലാ നിബന്ധനകളും പാലിച്ച് രണ്ടാമത് അംഗത്വം എടുക്കുകയേ വഴിയുള്ളൂവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ രണ്ടുദിമവസം മുമ്പുവരേയും അമ്മയില്‍ നിന്നും സലീംകുമാര്‍ ആനുകൂല്യം വാങ്ങിച്ചിരുന്നു. അമ്മയുടെ ഒരു ഭാരവാഹിക്കും രാജിക്കത്ത് കൈമാറിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമശ്രദ്ധ നേടാനുള്ള ശ്രമമായിരുന്നു ഇതെന്നും ഗണേഷ്‌കുമാര്‍ പറയുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പലയിടങ്ങളിലും പ്രസംഗിച്ചുനടന്ന സലീംകുമാറിന് മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ യോഗ്യതയില്ല. രാജി പ്രഖ്യാപനം നടത്തി സലീംകുമാര്‍ എല്ലാവരേയും കബളിപ്പിക്കുകയായിരുന്നുവെന്നും ഗണേഷ് പറഞ്ഞു. പത്തനാപുരത്ത് ഗണേഷ്‌കുമാറിന് പ്രചാരണത്തിന് മോഹന്‍ലാല്‍ എത്തിയതുമായുള്ള തര്‍ക്കമാണ് സലീംകുമാറിന്റെ രാജിയില്‍ എത്തിച്ചത്. മോഹന്‍ലാലിന്റെ വരവിനെതിരെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ജഗദീഷും രംഗത്തെത്തിയിരുന്നു.

ഇതിനിടെ ഗണേഷ് കുമാറിന് ചുട്ട മറുപടിയുമായി നടന്‍ സലീംകുമാര്‍. ഇതുവരെയും അമ്മയില്‍ നിന്നു ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നു സലീംകുമാര്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു. ആനുകൂല്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നറിയില്ലെന്നും എന്താണെങ്കിലും തനിക്കിതുവരെ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഷുറന്‍സ് കാശാണ് ആനുകൂല്യം എന്ന് ഇവര്‍ പറയുന്നത്. ഇത് അമ്മയിലെ തന്നെപ്പോലുള്ള നൂറു കണക്കിന് കലാകാരന്മാര്‍ പരിപാടി അവതരിപ്പിച്ച് ഉണ്ടാക്കിയതാണ്. അല്ലാതെ ഒരാളുടെയും ആനയെ വിറ്റ് ഉണ്ടാക്കിയതല്ല. കലാകാരന്മാര്‍ കഷ്ടപ്പെട്ടതിന്റെ ഒരു ഓഹരിയാണ് ഇത്. ആ സ്‌റ്റേജ് ഷോയിലും ഞാന്‍ ഗണേഷ്‌കുമാറിനെ ഒരു സ്‌കിറ്റിലോ ഒരു പാട്ടിലോ ഒന്നിലും കണ്ടിട്ടില്ല. ഞാന്‍ അതിന് അദ്ദേഹത്തെ കുറ്റം പറയുന്നുമില്ല. കാരണം സ്‌റ്റേജില്‍ കയറി പാട്ടു പാടാനും സ്‌കിറ്റു കളിക്കാനുമൊക്കെ കലാകാരനായിരിക്കണം സലീം കുമാര്‍ പറഞ്ഞു.

ഞാന്‍ രാജിക്കത്ത് കൊടുക്കേണ്ട ആള്‍ മമ്മൂട്ടി ആണ്. ഞാന്‍ അദ്ദേഹത്തിനാണ് രാജിക്കത്ത് കൊടുത്തത്. ഗണേഷ്‌കുമാറിന്റെ കൈയില്‍ കൊടുക്കേണ്ട ആവശ്യമില്ല. ഇതൊന്നും ഒരു രാഷ്ട്രീയക്കാരനു മനസിലാകില്ല. ഇത്തരം കാര്യങ്ങള്‍ അമ്മയില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക