Image

ജോയി വധം: ഷെറിനെ കസ്റ്റഡിയില്‍ വയ്ക്കില്ല, കോടതിയില്‍ ഹാജരാക്കും

Published on 06 June, 2016
ജോയി വധം: ഷെറിനെ കസ്റ്റഡിയില്‍ വയ്ക്കില്ല, കോടതിയില്‍ ഹാജരാക്കും
ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളി ജോയി ജോണിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനുശേഷം മകന്‍ ഷെറിനെ ബുധനാഴ്ച പോലീസ് കോടതിയില്‍ തിരികെ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇയാളെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടെന്നാണ് പോലീസ് തീരുമാനം. കിഞ്ഞ വ്യാഴാഴ്ചയാണ് കോടതി ഷെറിനെ എട്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്. 

ഒന്‍പതിന് വൈകിട്ട് നാലുവരെയാണ് കസ്റ്റഡി കാലാവധി. എന്നാല്‍, പ്രതീക്ഷിച്ചതിലും മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായി. അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍മൂലം പ്രതിയുടെ അമേരിക്കയിലെ ക്രിമിനല്‍ പശ്ചാത്തലത്തെപ്പറ്റി കൃത്യമായ വിവരം ലഭിക്കാന്‍ സഹായിച്ചു. ഷെറിന്‍ കോടതിയില്‍ പറഞ്ഞപ്രകാരം പാസ്‌പോര്‍ട്ടും ഒ.സി.ഐ. കാര്‍ഡും കണ്ടെടുക്കാനും ഇയാളുടെ പെണ്‍സുഹൃത്ത് അടക്കമുള്ളവരെ ചോദ്യംചെയ്യാനുമായി ബംഗളൂരുവില്‍ പോകാനുള്ള തീരുമാനം പോലീസ് ഉപേക്ഷിച്ചു. 

താമസിക്കാനാവശ്യമായ രേഖകളൊന്നും പ്രതിയുടെ കൈവശമില്ലെന്ന് അമേരിക്കന്‍ കോണ്‍സുലേറ്റ് അധികൃതരുടെ സാന്നിധ്യത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് യാത്ര ഉപേക്ഷിച്ചത്. തിങ്കളാഴ്ച ഷെറിനുമായി ചെങ്ങന്നൂര്‍ സി.ഐ. ജി.അജയനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോയിയുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച ചങ്ങനാശ്ശേരിയിലെ വെരൂര്‍, ചിങ്ങവനത്തെ ട്രാവന്‍കൂര്‍ ഇലക്ട്രോകെമിക്കല്‍ ലിമിറ്റഡ് വളപ്പ്, കൃത്യത്തിനുശേഷം ഷെറിന്‍ കാര്‍ കഴുകാന്‍ ഏല്‍പ്പിച്ച വര്‍ക്ക്‌ഷോപ്പ് ഉടമയും ഇയാളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍, ഷെറിന്‍ പമ്പയാറ്റിലേക്ക് വലിച്ചെറിഞ്ഞെന്നു കരുതുന്ന ജോയിയുടെ ഇടതുകാല്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

അതേസമയം ജോയിയെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. അമേരിക്കന്‍ നിര്‍മിത തോക്ക്, മൃതശരീരം മുറിക്കാന്‍ ഉപയോഗിച്ച ഒരടി നീളമുള്ള കത്തി, അസ്ഥികള്‍ വെട്ടിമുറിക്കാന്‍ ഉപയോഗിച്ച മണ്‍വെട്ടി എന്നിവയാണ് കണ്ടെടുത്തത്. ചെങ്ങന്നൂര്‍ ടൗണില്‍ ജോയ് വി ജോണിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഗോഡൗണില്‍ വെച്ചാണ് മൃതദേഹം കത്തിച്ചതും വെട്ടിമുറിച്ചതും. ഇതിന് സമീപത്തുള്ള സ്‌റ്റോര്‍ റൂമില്‍ നിന്ന് ബാഗിലാക്കിയ നിലയിലാണ് തോക്ക് കണ്ടെടുത്തത്. അഞ്ച് വെടിയുണ്ടകള്‍ ഇതില്‍ ബാക്കിയുണ്ട്. 

അമേരിക്കന്‍ നിര്‍മിത തോക്കിന് കൈയിലെ നടുവിരലിന്റെ വലുപ്പമേയുള്ളൂ. പെട്രോള്‍ വാങ്ങിയ ജാറുകള്‍, കത്തിക്കാനായി മൃതദേഹം കിടത്തിയ ടിന്‍ഷീറ്റ്, സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാല, മോതിരം, പഴ്‌സ് എന്നിവയും കണ്ടെടുത്തു. പഴ്‌സില്‍ അമേരിക്കന്‍ ഡോളറും ഇന്ത്യന്‍ രൂപയും ഉണ്ടായിരുന്നു. ആയുധങ്ങള്‍ കൃത്യത്തിനുശേഷം ഗോഡൗണിലെ സ്‌റ്റോറില്‍ പൂട്ടിയ നിലയിലായിരുന്നു. 

ഇതിന്റെ താക്കോല്‍ കണ്ടത്തൊന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. ആയുധങ്ങള്‍ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിനും തോക്കും തിരകളും ബാലസ്റ്റിക് വിഭാഗത്തിനും കൈമാറി. ജോയ് ജോണ്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ എവിടെയുണ്ടെന്നതിനെപ്പറ്റിയും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിരവധി കേസുകളില്‍ പ്രതിയായ ഷെറിന്‍ അവിടെ റിമാന്‍ഡ് കാലാവധിക്കുശേഷം 2003ല്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കാതെ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക