Image

മോഹന്‍ലാല്‍ അന്ധനാകുന്ന "ഒപ്പം' ചിത്രീകരണം പുരോഗമിക്കുന്നു

Published on 06 June, 2016
മോഹന്‍ലാല്‍ അന്ധനാകുന്ന "ഒപ്പം' ചിത്രീകരണം പുരോഗമിക്കുന്നു
മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്ന പ്രിയദര്‍ശന്റെ ഒപ്പം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. ഒരു അന്ധന്റെ ജീവിതം രസകരവും ഉദ്വേഗജനകവുമാക്കി മാറ്റുന്ന പരീക്ഷണമാണ് പ്രിയദര്‍ശന്‍ നടത്തുന്നത്.

മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രമായ ജയരാമനെ അവതരിപ്പിക്കുന്നത്. നഗരത്തിലെ ഒരു ഫ്‌ളാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്ററാണ് അയാള്‍. സ്‌നേഹപൂര്‍ണമായ പെരുമാറ്റം കൊണ്ട് ഏവരുടേയും സ്‌നേഹവിശ്വാസങ്ങള്‍ നേടിയെടുക്കാന്‍ ജയരാമന് കഴിഞ്ഞിട്ടുണ്ട്. ജയരാമന് ഒരുപാട് ബന്ധുക്കളുണ്ട്. അന്ധനാണെങ്കിലും തറവാട്ടിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതും നടന്നുപോകുന്നതും ജയരാമന്‍ വഴിയാണ്. തന്റെ അന്ധതയെ ജയരാമന്‍ ഒരിക്കലും കുറവായി കാണുന്നില്ല. ആരുടേയും സഹതാപം നേടാന്‍ അയാള്‍ ആഗ്രഹിക്കുന്നുമില്ല. തന്റെ കൈയ്യില്‍ വിലപിടിപ്പുള്ള പല കാര്യങ്ങളും ഉള്ളതുകൊണ്ട് തന്നെയും ആ വസ്തുക്കളും സംരക്ഷിക്കുന്നതിനായി അയാള്‍ കളരിയഭ്യാസവും പഠിച്ചിട്ടുണ്ട്. ശബ്ദം കൊണ്ടും സ്പര്‍ശം കൊണ്ടും ഗന്ധം കൊണ്ടും ചുറ്റുപാടുകളെ തിരിച്ചറിയണം എന്ന കളരിവാക്യം അനുസരിച്ച് ജീവിക്കുന്ന ജയരമാന് പക്ഷേ ഈ കഴിവ് ജീവിതത്തില്‍ പല പ്രതിസന്ധികളും ഉണ്ടാക്കുന്നു. സ്വന്തം ജീവിതം തന്നെ അപകടത്തിലാക്കുന്ന വിധത്തിലേക്ക് അയാള്‍ മാറുകയാണ്. അന്ധനായ ജയരാമന്‍ കണ്ടെന്നും കേട്ടെന്നും പറഞ്ഞാല്‍ വിശ്വസിക്കാത്ത സമൂഹത്തിനു മുന്നില്‍ ജയരാമന്‍ ഒറ്റപ്പെടുന്നു. അവിടെ നിന്നുള്ള ജയരാമന്റെ പോരാട്ടമാണ് സിനിമ. പോരാട്ടം മുന്നേറുമ്പോള്‍ ജയരാമനൊപ്പം ആരെല്ലാമുണ്ട്.?

തുടക്കം മുതല്‍ ഏറെ ചിരികളിയുമായി നീങ്ങുന്ന സിനിമ പിന്നീട് ഉദ്വേഗത്തിന് വഴിമാറുന്നു. ഗോവിന്ദ് വിജയന്റെ കഥയ്ക്ക് പ്രിയദര്‍ശന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ സിദ്ദിഖ്, മാമുക്കോയ, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ബാലാജി, കലാശാല ബാബു, മണിക്കുട്ടന്‍, അര്‍ജുന്‍, നന്ദകുമാര്‍, അരുണ്‍ ബെന്നി, അരുണ്‍ സിദ്ദാര്‍ത്ഥ്, വിജയന്‍ പെരിങ്ങോട്, എന്‍.സി മോഹന്‍, ജെയിംസ് പാറയ്ക്കല്‍, നന്ദു, പൊതുവാള്‍, അന്‍വര്‍, മാസ്റ്റര്‍ ചേതന്‍, കവിയൂര്‍ പൊന്നമ്മ, ശ്രീലത, അഞ്ഡലി, അനീഷ്, സോന, ശില്‍പ രമേഷ്, ബേബി മീനാക്ഷി, ജസ്പാല്‍ സിംഗ്, ബിന്ദു മുകളി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

കൊച്ചിയില്‍ പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം വാഗമണ്‍, തിരുവനന്തപുരം, ഊട്ടി എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
മോഹന്‍ലാല്‍ അന്ധനാകുന്ന "ഒപ്പം' ചിത്രീകരണം പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക