Image

രക്ഷകന്റെ വരവ് (ടി പത്മനാഭന്‍)

ടി പത്മനാഭന്‍ Published on 06 June, 2016
രക്ഷകന്റെ വരവ് (ടി പത്മനാഭന്‍)
പഴയ കാലത്ത് ഹൃദയത്തിലേറ്റിവച്ച ബിംബങ്ങള്‍ അവിടെത്തന്നെയുണ്ട്. ആകെയുള്ള ഒരു വ്യത്യാസം കൃഷ്ണപിള്ളയുടെ അരികില്‍, അദ്ദേഹത്തിന്റെ നെഞ്ചോടുചേര്‍ന്നുതന്നെ, പുതുതായി ഒരാള്‍ക്ക് കൂടി ഇടംകൊടുത്തിട്ടുണ്ട് എന്നതാണ്. ഈ പുതിയ ആളാണ് പിണറായി വിജയന്‍.

സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണജ്വാലകളേറ്റുവളരാന്‍ ഭാഗ്യമുണ്ടായ അനേകരില്‍ ഒരുവനാണ് ഞാന്‍. ഘോഷയാത്രകള്‍, സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍, സൈക്കിള്‍ ജാഥകള്‍, ദിവസങ്ങളോളം കോണ്‍ഗ്രസ് ആഫീസിലുള്ള അന്തിയുറക്കം.

 1945ല്‍ അവിഭക്ത മദ്രാസ് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കണ്ണൂരില്‍നിന്ന് പാലക്കാട്ടുവരെയും കൊച്ചിയിലും പ്രസംഗിച്ചുനടന്നു. അന്തമില്ലാത്ത ആവേശത്തിന്റെ നാളുകളായിരുന്നു അത്. 

ദീപ്തമായ ചില രാഷ്ട്രീയ ബിംബങ്ങള്‍ അന്ന് മനസ്സില്‍ സൂക്ഷിച്ചുവച്ചിരുന്നു. കേളപ്പന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, മൊയ്തുമൌലവി, സി കെ ഗോവിന്ദന്‍ നായര്‍. ഇവര്‍ക്കെല്ലാം മേലെയായിരുന്നു പി കൃഷ്ണപിളള.

 കടുത്ത കോണ്‍ഗ്രസുകാരനായ എനിക്ക് കൃഷ്ണപിള്ളയുടെ രൂപം മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ഒരു വിഷമവുമുണ്ടായിരുന്നില്ല. ഒരുപക്ഷേ, കൃഷ്ണപിള്ളയുടെ ദുരന്ത ജീവിതത്തിന്റെ കാല്‍പനിക ഭംഗിയായിരിക്കാം എന്റെ കവിഹൃദയത്തെ ഏറെ സ്വാധീനിച്ചത്. 

കൃഷ്ണപിള്ളയെ ഒരു പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. കൊല്ലങ്ങള്‍ക്കുമുമ്പ് ഈ കൂടിക്കാഴ്ചയെക്കുറിച്ച് പി ഗോവിന്ദപിള്ളയോട് പറഞ്ഞപ്പോള്‍– അന്നദ്ദേഹം ദേശാഭിമാനിയുടെ പത്രാധിപരായിരുന്നു– അദ്ദേഹം ആവേശത്തോടെ പറഞ്ഞു: 

'താനിതിനെപ്പറ്റി എഴുതണം.''

ഈ നിര്‍ദേശമനുസരിച്ചായിരുന്നു ദേശാഭിമാനി ദിനപത്രത്തില്‍ കൃഷ്ണപിള്ളയെ കണ്ടതിനെക്കുറിച്ച് എഴുതിയത്. 

1947നുശേഷം ഞാന്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്നു. ഇതിന് ഒരു കാരണമുണ്ടായിരുന്നു.

 സ്വാതന്ത്ര്യസമരത്തെയും കോണ്‍ഗ്രസിനെയും എതിര്‍ത്തിരുന്നവരും സത്യഗ്രഹമിരുന്ന കേളപ്പന്റെയും എകെജിയുടെയും തലയില്‍ കുമ്മായവെള്ളമൊഴിച്ചവരും മറ്റും കോണ്‍ഗ്രസിന്റെ തലപ്പത്ത് വരുന്നത് ഞാന്‍ കണ്ടു. കേളപ്പന് കോണ്‍ഗ്രസില്‍ സ്ഥാനമില്ലാതാവുന്നതും കണ്ടു. 

എങ്കിലും 1943ല്‍ തുടങ്ങിയ ഖദര്‍ധാരണം ഇപ്പോഴും തുടരുന്നു. 

ആ പഴയ കാലത്ത് ഹൃദയത്തിലേറ്റിവച്ച ബിംബങ്ങളും അവിടെത്തന്നെയുണ്ട്. ആകെയുള്ള ഒരു വ്യത്യാസം കൃഷ്ണപിള്ളയുടെ അരികില്‍, അദ്ദേഹത്തിന്റെ നെഞ്ചോടുചേര്‍ന്നുതന്നെ, പുതുതായി ഒരാള്‍ക്ക് കൂടി ഇടംകൊടുത്തിട്ടുണ്ട് എന്നതാണ്. ഈ പുതിയ ആളാണ് പിണറായി വിജയന്‍. 

ഏതാനും കൊല്ലങ്ങള്‍ക്ക് മുമ്പ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണംകാത്തുകിടക്കുമ്പോഴായിരുന്നു ഞാന്‍ ആദ്യമായി പിണറായിയെ കാണുന്നത്. അരമണിക്കൂറോളം എന്റെ അരികിലിരുന്ന് അദ്ദേഹം എന്നെ സമാശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ കൂടെ ഭാര്യ കമലയും ഉണ്ടായിരുന്നു. 

പിണറായി വിജയന്റെ കൂടെ പ്രസംഗവേദി പങ്കിടാനും തീവണ്ടിയില്‍ യാത്രചെയ്യാനുമൊക്കെ എനിക്ക് ഏറെ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അവസരങ്ങള്‍ അദ്ദേഹത്തിലെ മനുഷ്യനെ മനസ്സിലാക്കാന്‍ എന്നെ ഏറെ സഹായിക്കുകയുണ്ടായി. 

വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍. കര്‍ക്കശക്കാരന്‍, ചിരിക്കാത്തവന്‍, സംസാരിക്കാത്തവന്‍– അങ്ങനെ പലതും.

 പക്ഷേ, അദ്ദേഹത്തെ 'മനസ്സിലാക്കി'യവര്‍ക്കൊക്കെ അറിയാം ഇതൊക്കെ തെറ്റാണെന്ന്. പരദുഃഖത്തില്‍ ഏറെ അലിയുന്ന ഒരു ഹൃദയത്തിന്റെ ഉടമയാണ് അദ്ദേഹം. അദ്ദേഹം ചിരിക്കാറുണ്ട്– പക്ഷേ, വിഡ്ഢിച്ചിരി ചിരിക്കാറില്ല. അദ്ദേഹം ആളുകളോട് സംസാരിക്കാറുണ്ട്– പക്ഷേ, 'വളിപ്പ്' പറയാറില്ല. 

ഇന്ന് ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ അദ്ദേഹത്തെപ്പോലെ കൊടിയ മര്‍ദനങ്ങള്‍ സഹിച്ച വേറെയാരെങ്കിലുമുണ്ടോ എന്ന് സംശയമാണ്.

 കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പദവിയില്‍ പിണറായി വിജയനെത്തിയത് ദുഷ്‌കരമായ കനല്‍വഴികള്‍ താണ്ടിയാണ്. തീര്‍ത്തും ദരിദ്രമായ തൊഴിലാളി കുടുംബത്തില്‍ പിറന്ന ഒരു വ്യക്തി ഈ ഉന്നത പദവിയില്‍ എത്തുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന് പറയേണ്ടതുണ്ട്. 

നേരിന്റെ നല്ലവഴിയില്‍നിന്ന് ഇന്നേവരെ മാറി സഞ്ചരിച്ചിട്ടില്ലാത്ത ഈ ജനനേതാവ് മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതിനുമുമ്പായി നടത്തിയ പത്രസമ്മേളനത്തില്‍ ചിലകാര്യങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. 

1. താന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. 
2. അഴിമതി പൊറുക്കില്ല.
3. എന്നോടുള്ള 'അടുപ്പം' പറഞ്ഞുകൊണ്ട് ചില 'അവതാരങ്ങള്‍' നടക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് കേട്ടു. അത്തരക്കാരെക്കുറിച്ചുള്ള വല്ല വിവരവും കിട്ടിയാല്‍ ദയവായി ഉടനെ വിവരം എന്നെ അറിയിക്കണം. 
4. മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടരുത്. ഒഴിച്ചുകൂടാത്ത അറ്റകുറ്റപ്പണി ഉണ്ടെങ്കില്‍ അതുമാത്രംചെയ്യുക. 

എല്ലാം നല്ലകാര്യങ്ങള്‍. പക്ഷേ, ശ്രദ്ധയില്ലെങ്കില്‍ നാലാമത് പറഞ്ഞ വിഷയത്തില്‍ 'അറ്റകുറ്റപ്പണി' എന്ന പഴുതിലൂടെ കടന്ന് ചെയ്യുന്ന ലക്ഷങ്ങളുടെ മോടികൂട്ടലിന് നാം സാക്ഷികളാവേണ്ടിവരും. 

ഈ സന്ദര്‍ഭത്തില്‍ അടുത്തകാലത്ത് കേരളത്തിലെ ഒരു ചീഫ് സെക്രട്ടറി താന്‍ താമസിക്കുന്ന കൊട്ടാരസദൃശമായ ഗവണ്‍മെന്റ ്മന്ദിരത്തിന് ഭംഗി പോരാത്തതിനാല്‍ തലസ്ഥാന നഗരിയില്‍ കോടികള്‍ ചെലവാക്കി (ഗവര്‍ണ്‍മെന്റ ് ചെലവില്‍ത്തന്നെ) മറ്റൊരു 'വീട്' പണിയുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും ചാനലുകളില്‍ വന്നത് ഓര്‍ത്തുപോകുന്നു.

 ഗാന്ധി താമസിച്ചതുപോലുള്ള കുടിലില്‍ ഐഎഎസ് യജമാനന്മാര്‍ താമസിക്കണമെന്നൊന്നും ഞാന്‍ പറയില്ല. എങ്കിലും പൊതുചെലവില്‍ ഇത്രയ്ക്കും വേണോ? 

അതുപോലെതന്നെ മന്ത്രിമന്ദിരങ്ങളിലും പ്രതിപക്ഷ നേതാക്കളുടെ കൊട്ടാരങ്ങളിലും ചെലവാക്കുന്ന വൈദ്യുതിക്കും ഒരു പരിധി നിശ്ചയിക്കുന്നത് നല്ലതാണ്. സാധാരണക്കാരന്‍ വൈദ്യതി ലഭിക്കാതെ വിഷമിക്കുന്ന നാട്ടില്‍ മന്ത്രിയും പ്രതിപക്ഷ നേതാവും മാസം നാലായിരത്തിലധികം യൂണിറ്റ് ചെലവാക്കുന്നത് പാതകമല്ലേ?

മുഖ്യമന്ത്രി പിണറായി വിജയന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയം ഇവിടത്തെ– പ്രത്യേകിച്ച് കണ്ണൂരിലെ– സമാധാനത്തിലാണെന്ന് എനിക്ക് തോന്നുന്നു.

 ഇവിടെ നിത്യമെന്നോണം ആളുകള്‍ ആക്രമിക്കപ്പെടുന്നു. വീടുകളും വാഹനങ്ങളും– ആരാധനാലയംപോലെ പവിത്രത കല്‍പ്പിക്കപ്പെടുന്ന ഗ്രന്ഥാലയങ്ങള്‍പോലും– അഗ്‌നിക്കിരയാക്കപ്പെടുന്നു. 

കൊല്ലപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. 

ഈ കലാപത്തില്‍ എപ്പോഴും ഒരു ഭാഗത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ടിയുണ്ട്. മറുഭാഗത്ത് ആര്‍എസ്എസ്– ബിജെപിയും. രണ്ടുകൂട്ടര്‍ക്കും പറയാന്‍ ഏറെ ന്യായങ്ങളുമുണ്ട്. 

ഇതുപോലുള്ള ഒരു അന്തരീക്ഷം കണ്ണൂരില്‍ 16 കൊല്ലത്തിന് മുമ്പുണ്ടായിരുന്നു. അന്നും കക്ഷികള്‍ ഇവര്‍തന്നെയായിരുന്നു. പക്ഷേ, ഒരു ഘട്ടത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ടി ഏകപക്ഷീയമായ ഒരു തീരുമാനമെടുത്തു.

 'ഇല്ല, ഞങ്ങള്‍ ഇനി കൊല്ലാനും കൊള്ളിവയ്ക്കാനുമില്ല– ഇങ്ങോട്ടാക്രമിച്ചാലും ഞങ്ങള്‍ തിരിച്ചാക്രമിക്കില്ല.'' തികച്ചും ആത്മാര്‍ഥമായ ഒരു തീരുമാനമായിരുന്നു ഇത്. ഇതിന്റെ ഫലമാകട്ടെ അത്ഭുതാവഹവും. 

അന്ന് ഈ നല്ലകാര്യത്തെക്കുറിച്ച്, 'കണ്ണൂരില്‍ ഇപ്പോള്‍ സ്ഥിതി ശാന്തമാണ്' എന്ന പേരില്‍ ഞാന്‍ 'മലയാള മനോരമ'യില്‍ ഒരു ലേഖനമെഴുതിയിരുന്നു.

 ഈ ലേഖനം പൂര്‍ണ പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച എന്റെ 'ബുധദര്‍ശനം' എന്ന പുസ്തകത്തിലുണ്ട്. ആ ലേഖനത്തിലെ ഏതാനും വാചകങ്ങള്‍ ഞാന്‍ ഉദ്ധരിച്ചുകൊള്ളട്ടെ:

'...ഇതിനുശേഷം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആരാണ് ആദ്യം ആക്രമിച്ചത് എന്ന് തങ്ങള്‍ നോക്കുകയില്ല. ഇങ്ങോട്ടാക്രമിച്ചാലും തിരിച്ചടിക്കില്ല എന്ന് പരസ്യമായി പറഞ്ഞു. 

എന്നിട്ട് ഇരുവരും ബിജെപി നേതാക്കളും ആശുപത്രിയില്‍ചെന്ന് പരിക്കേറ്റവരെ കക്ഷിഭേദമില്ലാതെ സമാശ്വസിപ്പിച്ചു.

 ഈ പ്രവൃത്തികളൊന്നുംതന്നെ ഭീരുത്വത്തില്‍നിന്നോ ദൌര്‍ബല്യത്തില്‍നിന്നോ ഉണ്ടായതായിരുന്നില്ല. ആത്മപരിശോധനക്കുശേഷം ഉണ്ടായ വിവേകപൂര്‍ണമായ നടപടികള്‍ തന്നെ ആയിരുന്നു.''

എന്നാല്‍ കഷ്ടമെന്ന് പറയട്ടെ, ഈ നല്ലകാലം അധികനാള്‍ നീണ്ടുനിന്നില്ല. പിന്നീട് ചില താത്വികാചാര്യന്‍മാരുടെ ഇടപെടലുകള്‍ മൂലമാണ് സംഗതികള്‍ വീണ്ടും പഴയ പടിയിലേക്ക് പോയത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു കണ്ണൂര്‍കാരനെന്ന നിലയില്‍ ഞാന്‍ ചോദിക്കട്ടെ: 

നമുക്ക് വീണ്ടും ആ പഴയ ആ സമാധാനശ്രമം വീണ്ടും ഒന്ന് പുനരുജ്ജീവിപ്പിച്ചുകൂടെ? 

ആരംഭിക്കേണ്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ടിയാണ്. അവരാണ് കൂടുതല്‍ ശക്തര്‍. അവരാണ് നാടുഭരിക്കുന്നവര്‍. അതുകൊണ്ട് അവര്‍ക്ക് ഒരു നഷ്ടവും വരില്ല. സല്‍പ്പേര് വരും. നാട്ടില്‍ സമാധാനം പുലരുകയുംചെയ്യും. 

ചരിത്രത്തിന്റെ ചില ദശാസന്ധികളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ ഒരു രക്ഷകനുവേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കാറുണ്ട്. അവരുടെ പ്രാര്‍ഥന കേള്‍ക്കുന്ന ദൈവം (ദൈവം ഉണ്ടോ ഇല്ലയോ എന്ന കാര്യം അവിടെ നില്‍ക്കട്ടെ) അവര്‍ക്ക് നല്ലവനായ ഒരു രക്ഷകനെ അയച്ചുകൊടുക്കുകയും ചെയ്യും. ഇപ്പോഴിതാ കേരളത്തിലെ ജനങ്ങള്‍ക്ക് അങ്ങനെയൊരു രക്ഷകനെ ലഭിച്ചിരിക്കുന്നു. 


കേരളത്തിലെ ജനകോടികളുടെ പ്രാര്‍ഥനകളും പ്രതീക്ഷകളും സാക്ഷാത്കരിക്കാന്‍ പിണറായി വിജയനെന്ന ഈ ചെറുപ്പക്കാരന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .
Join WhatsApp News
PT Kurian 2016-06-06 10:13:03


ജ്ജാൻ ഒരു സഹ്യ്ത്യകാരൻ

അല്ല എങ്കിലും പരയെട്റ്റ്
മലയാള ഭാഷയില ഇന്ന് ജീവിച്ചിരിക്കുന്ന  പ്രമുഖ
സഹ്യ്ത്യകരെന്റെ
 ഇ അഭിപ്രായം  ശ്രദ്ധേയമാണ്.  ശ്രീ പ്രിനരായ്
വിജയന് എന്റെ ASHAMSAKAL


 വിജയന്
എന്റെ ആശംഷകൾ


Justice 2016-06-06 11:58:16
കേരളത്തിലെ രാഷ്ട്രീയ കുലപാതകങ്ങളുടെ ചുരുളുകൾ അഴിച്ചു കൊണ്ട് മുഖ്യന്ത്രി സമാധാനം പുനസ്ഥാപിക്കട്ടെ.  അങ്ങനെ എങ്കിലും പീ റ്റി ചന്ദ്രശേഖരനായരുടെ ആത്മാവിനു മോക്ഷം ലഭിക്കട്ടെ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക