Image

രണ്ടാം തവണയും ജര്‍മന്‍ പ്രസിഡന്റാകാനില്ലെന്ന് ഗൗക്ക്

Published on 05 June, 2016
രണ്ടാം തവണയും ജര്‍മന്‍ പ്രസിഡന്റാകാനില്ലെന്ന് ഗൗക്ക്

 ബെര്‍ലിന്‍: ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൗക്കിന് ഒരു ടേം കൂടി തല്‍സ്ഥാനത്തു തുടരാന്‍ ആഗ്രഹമില്ലെന്നു സൂചന. അടുത്ത ചൊവ്വാഴ്ച ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി നടത്തുന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മനസു തുറക്കുമെന്നു കരുതുന്നു.

ഗൗക്ക് ഇതിനകം തന്നെ തന്റെ മനോഗതം മെര്‍ക്കലിനെ അറിയിച്ചു കഴിഞ്ഞുവെത്രെ. അതിന്റെ കാരണങ്ങള്‍ കൂടുതല്‍ വിശദീകരിക്കാനാണ് ചൊവ്വാഴ്ചത്തെ സ്വകാര്യ വിരുന്ന്. 

പ്രായത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ ജര്‍മന്‍ രാഷ്ട്രീയ രംഗം പിന്തുടര്‍ന്നു വരുന്ന പല കീഴ്‌വഴക്കങ്ങളും ഗൗക്കിനു വേണ്ടി ഇളവു ചെയ്യാന്‍ മെര്‍ക്കല്‍ തയാറായേക്കുമെന്നും അറിയുന്നു. എങ്കിലും ഗൗക്ക് തന്റെ തീരുമാനത്തില്‍ നിന്ന് പിടാറില്ലെന്നാണ് അറിയുന്നത്.

ആരോഗ്യവും പ്രായാധിക്യവും കാരണം ഈ ടേമോടെ ഗൗക്ക് പിന്‍മാറുമെന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഡാനിയേല ഷാറ്റും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സിഡിയു, എസ്പിഡി, ഗ്രീന്‍ പാര്‍ട്ടി എന്നിവര്‍ അദ്ദേഹം തുടരുന്നതിനോടു യോജിക്കുന്നു.

എന്നാല്‍ മെര്‍ക്കലിന്റെ വിശാലമുന്നണിയും 70 ശതമാനം ജനതയും 76 കാരനായ ഗൗക്ക് ഒരിക്കല്‍ക്കൂടി പ്രസിഡന്റാവണമെന്നാണ് ആഗ്രഹിക്കുന്നത്. 2017 ഫെബ്രുവരി 12 നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്നത്. അതുപോലെതന്നെ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ മെര്‍ക്കലും പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. സൗമ്യനും പൊതുവേ സ്വീകാര്യനുമായ ഗൗക്കിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം ജര്‍മന്‍ ജനത ഏറെ ഇഷ്ടപ്പെടുന്നു.

ഇനിയും പുതിയ പ്രസിഡന്റ് ആരാണെന്നുള്ള ചര്‍ച്ചയും പിന്‍ഗാമിയെ കണ്‌ടെത്തലും മെര്‍ക്കലിനും കക്ഷിക്കും കീറാമുട്ടിയാവാനും സാധ്യതയുണ്ട്. അതേ സമയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും കൂടി മെര്‍ക്കലിനു ബഹൂഭരിപക്ഷവും ഉണ്ട്. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക