Image

ഒ.സി.ഐ., പി.ഐ.ഒ. കാര്‍ഡുകള്‍ ഏകീകരിക്കും

Published on 02 February, 2012
ഒ.സി.ഐ., പി.ഐ.ഒ. കാര്‍ഡുകള്‍ ഏകീകരിക്കും
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് നല്‍കിവരുന്ന ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാര്‍ഡും പെഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ.) കാര്‍ഡും ഏകീകരിക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായ കാലത്താണ് ഒ.സി.ഐ. നല്‍കാന്‍ തുടങ്ങിയത്. ഇന്ത്യയിലേക്ക് ആയുഷ്‌കാലം മുഴുവന്‍ വിസ ലഭ്യമാക്കുന്ന ഒ.സി.ഐ. കാര്‍ഡുകള്‍ ഇതുവരെ പത്തുലക്ഷം ഇന്ത്യക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

മുത്തച്ഛനോ മുത്തശ്ശിക്കോ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതായി തെളിയിക്കാന്‍ കഴിഞ്ഞാല്‍ വിദേശത്തെ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നതാണ് പെഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകള്‍. ഇവ രണ്ടും ഏകീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍നിന്ന് പാകിസ്താനും ബംഗ്ലാദേശുമൊഴികെ, മറ്റു രാജ്യങ്ങളില്‍ കുടിയേറി അവിടത്തെ പൗരത്വം നേടിയ ഇന്ത്യക്കാര്‍ക്കാണ് ഒ.സി.ഐ. നല്‍കിയിരുന്നത്. ഇതുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരാന്‍ വിസ വേണ്ട.

അതേസമയം, പി.ഐ.ഒ. കാര്‍ഡ് ഉള്ളവര്‍ക്ക് ഈ സൗകര്യം 15 വര്‍ഷത്തേക്കാണ് നല്‍കുന്നത്. ഒ.സി.ഐ. ഉള്ളവര്‍ ഇന്ത്യന്‍പോലീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ട കാര്യവുമില്ല. എന്നാല്‍, പി.ഐ.ഒ. കാര്‍ഡുള്ളവര്‍ 180 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങണമെങ്കില്‍ പോലീസിനെ വിവരം അറിയിക്കണം.

രണ്ടുതരത്തിലുള്ള കാര്‍ഡുകള്‍ വിദേശഇന്ത്യക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിദേശത്ത് പല കാരണങ്ങളാല്‍ വഴിയാധാരമാകുന്ന ഇന്ത്യക്കാര്‍ക്കുവേണ്ടി ഈ സാമ്പത്തികവര്‍ഷംമുതല്‍ 1.2 കോടി ഡോളറിന്റെ നിധി രൂപവത്കരിക്കുമെന്നും വിദേശകാര്യവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എന്നാണ് ഇത് അറിയപ്പെടുക. ആധുനികസൗകര്യങ്ങള്‍ ഉള്ളവയാണ് 2008-ന് ശേഷം ആരംഭിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍. 50 എണ്ണം ഇതിനകം പ്രവര്‍ത്തിച്ചുതുടങ്ങി. ആകെ 77 എണ്ണമാണ് വിഭാവനം ചെയ്തത്. 15 മിനികേന്ദ്രങ്ങള്‍കൂടി തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.

വിദേശസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് എത്തിയ ശേഷം വിസ നല്‍കുന്ന പരിപാടി (വിസ ഓണ്‍ അറൈവല്‍) എന്ന സൗകര്യം ഇപ്പോള്‍ 12 രാജ്യങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിലിപ്പോള്‍ അഞ്ചുകോടി ആളുകള്‍ക്കാണ് പാസ്‌പോര്‍ട്ടുള്ളത്. ഓരോ വര്‍ഷവും പാസ്‌പോര്‍ട്ട് ആവശ്യക്കാരുടെ എണ്ണം 18 ശതമാനം വര്‍ധിക്കുന്നതായും വിദേശമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.
Mathrubhumi
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക