Image

ഫോമയിലെ അപസ്വരങ്ങള്‍ ഒഴിവാക്കാന്‍ അഡൈ്വസറി കൗണ്‍സില്‍ രംഗത്ത്

Published on 03 June, 2016
ഫോമയിലെ അപസ്വരങ്ങള്‍ ഒഴിവാക്കാന്‍ അഡൈ്വസറി കൗണ്‍സില്‍ രംഗത്ത്
ഫോമയില്‍ ഉരുണ്ടുകൂടുന്ന അസ്വസ്ഥതകള്‍ക്ക് ശാശ്വതമായ.പരിഹാരം കാണാന്‍ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ രംഗത്ത്. കൗണ്‍സില്‍ ഭാരവാഹികളും ഫോമ ഭാരവാഹികളും ഇക്കാര്യത്തെപ്പറ്റി ഉള്ളുതുറന്ന ചര്‍ച്ചകള്‍ നടത്തിയതായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ ഇടപെട്ടത്. 

ഫോമ ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ഡെലിഗേറ്റുകളുടെ ലിസ്റ്റ് പൂര്‍ണ്ണമായിട്ടില്ലെങ്കിലും അവ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്ക് നല്‍കാന്‍ സമിതി നിര്‍ദേശിച്ചു. ലിസ്റ്റ് പൂര്‍ണ്ണമാകുമ്പോള്‍ ജൂണ്‍ 11-നു വീണ്ടും പ്രസിദ്ധീകരിക്കണം. 

ഇലക്ഷന്‍ കാര്യങ്ങളില്‍ നിന്നു ഭാരവാഹികള്‍ വിട്ടുനില്‍ക്കുകയും അക്കാര്യം ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്ക് പൂര്‍ണ്ണമായും വിട്ടുകൊടുക്കുകയും ചെയ്യണമെന്നതാണ് മറ്റൊരു നിര്‍ദേശം. 

അതാത് അസോസിയേഷന്റെ പരിധിയില്‍ വരുന്നവര്‍ മാത്രമേ ഡെലിഗേറ്റാകാവൂ. വിദൂരത്തുനിന്നുള്ളവരെ ഡെലിഗേറ്റുകളാക്കരുത്. അതുപോലെ ലീഗല്‍ റസിഡന്റ്‌സിനു മാത്രമേ ഡെലിഗേറ്റാകാന്‍ അനുവാദമുള്ളൂ. 

ഭാരവാഹികള്‍ സുതാര്യമായ പ്രവര്‍ത്തനം നടത്തണം. ഭാര്യയും മക്കളും സ്ഥിരമായി താമസിക്കാത്ത സ്ഥലത്തെ അസോസിയേഷന്റെ ഡെലിഗേറ്റുകളായി അവര്‍ വരുന്നത് ശരിയല്ല. 

ഫോമ നേതാക്കള്‍ വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണം. അത് അവരുടേയും സംഘടനയുടേയും സല്‍പ്പേര് കളയും. 

ഫോമയുടെ നിലവിലുള്ള ഭരണസമിതിയുടെ വാര്‍ത്തകള്‍ ബഹിഷ്കരിക്കാനും നിസഹകരിക്കാനുള്ള ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ തീരുമാനം നിര്‍ഭാഗ്യകരവും, ധൃതിയിലുള്ളതുമായിപ്പോയെന്ന് കൗണ്‍സില്‍ വിലയിരുത്തി. ഫോമ നേതൃത്വം കടുത്ത പദപ്രയോഗം നടത്തുകയും മാധ്യമങ്ങളെ വെറുപ്പിക്കുകയും ചെയ്തത് ഒട്ടും ശരിയായില്ല. തങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ ഫോമയുടെ മറ്റു സ്ഥാപനങ്ങളായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായോ, അഡൈ്വസറി കൗണ്‍സിലുമായോ ഫോമാ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടതുമില്ല. ഫോമയും മാധ്യമങ്ങളും തമ്മിലുള്ള വര്‍ഷങ്ങളായുള്ള ഊഷ്മളമായ ബന്ധം കണക്കിലെടുത്ത് ഫോമ ഭാരവാഹികളും മാധ്യമങ്ങളും പക്വതയോടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടതായിരുന്നുവെന്നും കൗണ്‍സില്‍ വിലയിരുത്തി. 

എട്ടുവര്‍ഷത്തെ മികച്ച പ്രവര്‍ത്തന പാരമ്പര്യമാണ് ഫോമയ്ക്കുള്ളത്. ആരും ഫോമയ്ക്ക് അതീതരല്ല. നമുക്ക് ഒരു ദേശീയ പ്രവര്‍ത്തന മണ്ഡലം ഉള്ളത് ഫോമ ഉള്ളതു കൊണ്ടാണ്. 

ഒരു ഭരണഘടനയും ഭാവിയിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മുന്‍കൂട്ടി പരിഹാരം നിര്‍ദേശിക്കാറില്ല. ഉന്നതമായ ധാര്‍മ്മികതയും, മാന്യതയും പുലര്‍ത്തുകയും സംഘടനയെ നല്ല രീതിയില്‍ നിസ്വാര്‍ത്ഥമായി കൊണ്ടുപോകുകയും ചെയ്യാന്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് ഭാരവാഹികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഫോമയുടെ യശസ് ഉയര്‍ത്തും. 

ജോണ്‍ ടൈറ്റസ് ചെയര്‍മാനായ കൗണ്‍സിലില്‍ ജോസഫ് ഔസോ (വൈസ് ചെയര്‍), ഈശോ സാം ഉമ്മന്‍ (സെക്രട്ടറി), സിബി പാത്തിക്കല്‍ (ജോ. സെക്രട്ടറി) എന്നിവരാണ് അംഗ­ങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക