Image

കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്‌

Published on 02 February, 2012
കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്‌
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തുന്നതിന് കെ.പി.സി.സി വിലക്ക് ഏര്‍പ്പെടുത്തി. പരസ്യ പ്രസ്താവനകള്‍ നടത്തുന്നതിനും, ചര്‍ച്ചയിലോ പ്രകടനങ്ങളിലോ പങ്കെടുക്കുന്നതിനും വിലക്ക് ബാധകമാണ്. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു.

ചില നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നത് ആയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുന്നകാര്യങ്ങള്‍ പൊതുജനങ്ങളോട് പറയുന്നതിനും വിലക്കുണ്ടെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വക്കം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കും. സമഗ്രമായ റിപ്പോര്‍ട്ടാണ് വക്കം കമ്മിറ്റി സമര്‍പ്പിച്ചിട്ടുള്ളത്. ഒരു ദിവസംകൊണ്ട് അവ നടപ്പാക്കാന്‍ കഴിയില്ല. കെ.പി.സി.സി പുന:സംഘടന അടഞ്ഞ അധ്യായമല്ല. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തില്‍ കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന ലഭിച്ചില്ല എന്നത് സത്യമാണ്. പട്ടിക ഫിബ്രവരി നാലിന് പ്രഖ്യാപിക്കും. കണ്ണൂരിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും. ഈ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ശരിയാണ്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളോട് മാന്യമായി പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക