Image

വിതുമ്പലടക്കാതെ ജോയിയുടെ മക്കള്‍; കരഞ്ഞു തളര്‍ന്ന് ഭാര്യ മറിയാമ്മ; പ്രതി ഷെറിന് ചികില്‍സ

Published on 02 June, 2016
വിതുമ്പലടക്കാതെ ജോയിയുടെ മക്കള്‍; കരഞ്ഞു തളര്‍ന്ന് ഭാര്യ മറിയാമ്മ; പ്രതി ഷെറിന് ചികില്‍സ
ചെങ്ങന്നൂര്‍: സ്‌നേഹനിധിയായ പ്രിയ പപ്പയെ അവസാനമായി ഒരുനോക്കുകാണാനും അന്ത്യചുംബനം നല്‍കാനും കഴിയാതെ ശവസംസ്‌കാരച്ചടങ്ങില്‍, മകന്‍ ഉയിരെടുത്ത അമേരിക്കന്‍ മലയാളി ജോയി ജോണിന്റെ വലിയ ഫോട്ടോയും കെട്ടിപ്പിടിച്ച് വിതുമ്പുകയായിരുന്നു മകള്‍ ഡോ. ഷേര്‍ലി. ഇടയ്ക്കിടെ വിതുമ്പല്‍ പൊട്ടിക്കരച്ചിലിന് വഴിമാറി. കരഞ്ഞുതളര്‍ന്ന ഇവരെ ജോയിയുടെ അമ്മ അമ്മിണി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ജോയിയുടെ ഭാര്യ മറിയാമ്മ ഒന്നു പൊട്ടിക്കരയാന്‍പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.  ശവസംസ്‌കാരച്ചടങ്ങുകള്‍ക്കിടെ വികാരി ജോയിയുടെ പേര് ഉച്ചരിച്ചപ്പോള്‍ മറിയാമ്മ നിയന്ത്രണം വിട്ട് വിതുമ്പി. പിന്നെ, കണ്ണടച്ച് ഹൃയവേദനയോടെ പ്രാര്‍ത്ഥനയില്‍ മുഴുകി. 

ഏറ്റവും ഇളയ മകന്‍ ഡോ. ഷെറില്‍ ജോണ്‍ ദുഖം കടിച്ചമര്‍ത്തി അമ്മയെയും സഹോദരിയെയും ഇടയ്ക്കിടെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ചെങ്ങന്നൂര്‍ ബെഥേല്‍ മാര്‍ ഗ്രിഗോറിയസ് അരമന പള്ളിയില്‍ അന്തിമ ശുശ്രൂഷകള്‍ക്കുശേഷം ജൂണ്‍ ഒന്നിന് വൈകിട്ട് മൂന്നിനാണ് സെമിത്തേരിയില്‍ സംസ്‌ക്കരിച്ചത്.  ജോയിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി നൂറുകണക്കിനാളുകള്‍ ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. സംസ്‌കാരച്ചടങ്ങുകള്‍ക്ക് ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അന്തിമോപചാരം അര്‍പ്പിക്കാനായി ടെക്‌സാസില്‍ ജോയി അംഗമായുള്ള ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്ന് പ്രതിനിധിയെത്തിയിരുന്നു. പോലീസ് സര്‍ജ്ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം ആശുപത്രിയില്‍വച്ച് പെട്ടിയില്‍ അടക്കംചെയ്തശേഷം പുറത്തെടുത്തിരുന്നില്ല.  

അതേസമയം, പത്രത്തില്‍ നല്‍കിയ ജോയിയുടെ ശവസംസ്‌കാര അറിയിപ്പില്‍ മക്കളുടെ സ്ഥാനത്തുനിന്ന് കൊലക്കേസില്‍ പ്രതിയായ മകന്‍ ഷെറിന്റെ പേര് ഒഴിവാക്കിയിരുന്നു. ഭാര്യയുടെയും മക്കളുടെയും മരുമകന്റെയും പേരുകള്‍ മാത്രമാണ് നല്‍കിയത്. ഷെറിന്റെ സഹോദരന്‍ ഡോ. ഷെറിലിന്റെ പേര് ഡേവിഡ് ജോണ്‍ എന്നാണ് നല്‍കിയിരുന്നത്. അമേരിക്കന്‍ ഇംഗ്ലീഷില്‍ ഉച്ചരിക്കുമ്പോള്‍ ഷെറിന്റെ പേരിനോട് സാദൃശ്യം തോന്നുന്നതുകൊണ്ടാണ് ഡേവിഡ് എന്ന് പേരുമാറ്റിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഷെറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി ചെങ്ങന്നൂര്‍ സി.ഐ, ജെ. അജയ്‌നാഥ് കോടതില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ശരീരവേദനയും പനിയും പിടിപെട്ടതിനെ തുടര്‍ന്ന് മാവേലിക്കര സബ് ജയിലില്‍ കഴിയുന്ന ഷെറിനെ മാവേലിക്കര ഗവ. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇയാളെ സബ്ജയിലിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിന് വാഹനത്തില്‍ കയറ്റുമ്പോള്‍ തടിച്ചുകൂടിയ ജനം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ജയില്‍ വാഹനത്തില്‍ ്രൈഡവറും ഒരു പൊലീസുകാരനും മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഏറെ പണിപ്പെട്ടാണ് ആശുപത്രിയുടെ പിന്നിലൂടെ ഇയാളെ വാഹനത്തിലത്തെിച്ചത്.

ജോയ് ജോണിന്റെ ശരീരം വെട്ടിമുറിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വെട്ടുകത്തി പൊലീസ് കണ്ടെടുത്തു. കോട്ടയം പള്ളം മേലേടത്ത് ചാക്കോയുടെ പുരയിടത്തില്‍നിന്നാണ് കത്തി കണ്ടത്തെിയത്. ഇതുപയോഗിച്ചാണ് പിതാവിനെ ആറു കഷണമാക്കി വെട്ടിനുറുക്കിയതെന്ന് ഷെറിന്‍ പൊലീസിനോട് പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ലഭിച്ച വെടിയുണ്ടയുടെയും ആന്തരാവയവങ്ങളുടെയും പരിശോധനാഫലം ലഭിച്ചിട്ടില്ല. കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തി എന്നുകരുതുന്ന ഷെറിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും സൈബര്‍ സെല്ലിന്റെ തിരുവനന്തപുരത്തുള്ള ഓഫിസിലത്തെിച്ച് വിദഗ്ധപരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്. ഇതിന്റെ ഫലവും ഇതുവരെ പുറത്തുവന്നിട്ടില്ല.

പിതാവിന്റെ തോക്ക് കൈക്കലാക്കി വെടിവെക്കുകയായിരുന്നുവെന്നാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞത്. ഈ തോക്ക് പ്രതിയുടെ കൈയില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ശക്തിയേറിയ ഈ തോക്കുപയോഗിച്ചാണോ വെടിയുതിര്‍ത്തതെന്ന് പൊലീസിന് സംശയമുണ്ട്. കാരണം, ഇതുപയോഗിച്ചാണ് വെടിവെച്ചതെങ്കില്‍ തലയോട്ടി തകര്‍ത്ത് വെടിയുണ്ടകള്‍ പുറത്തുപോകേണ്ടതാണ്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ വെടിയുണ്ടകള്‍ തലക്കുള്ളില്‍ തറച്ചനിലയിലാണ് കണ്ടത്തെിയത്. പ്രതിയെ കോട്ടയത്തുനിന്ന് പിടികൂടുമ്പോള്‍ തോക്ക് കൈവശമുണ്ടായിരുന്നു. ജോയിയുടെ ശരീരഭാഗങ്ങളില്‍ ഇടതുകാല്‍ കൂടി കണ്ടുകിട്ടാനുണ്ട്. 

ജോയിയുടെ നിര്യാണത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി., അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി.സുദീപ്, ബി.ജെ.പി. ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍, മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്, തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. 

വിതുമ്പലടക്കാതെ ജോയിയുടെ മക്കള്‍; കരഞ്ഞു തളര്‍ന്ന് ഭാര്യ മറിയാമ്മ; പ്രതി ഷെറിന് ചികില്‍സ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക