Image

സിബിഎസ്ഇ ഫലം: ഇന്ത്യന്‍ സ്‌കൂള്‍ ഗോബ്രയില്‍ മലയാളിത്തിളക്കം

Published on 01 June, 2016
സിബിഎസ്ഇ ഫലം: ഇന്ത്യന്‍ സ്‌കൂള്‍ ഗോബ്രയില്‍ മലയാളിത്തിളക്കം

 മസ്‌കറ്റ്: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഗോബ്രാ ഇന്ത്യന്‍ സ്‌കൂളില്‍ മലയാളിത്തിളക്കം. സയന്‍സ് സ്ട്രീമില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം 96.4 ശതമാനം മാര്‍ക്കോടെ കാര്‍ത്തിക് ഗിരീഷും 96 ശതമാനം മാര്‍ക്കോടെ അശ്വിന്‍ മുരളീധരനും കരസ്ഥമാക്കി. 

കൊമേഴ്‌സ് സ്ട്രീമില്‍ സ്റ്റീവ് ജോര്‍ജ് രണ്ടാം സ്ഥാനം (93 ശതമാനം) കരസ്ഥമാക്കി. 

പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശി ഗിരീഷ്-മായ ദമ്പതികളുടെ പുത്രനാണ് കാര്‍ത്തിക്. അച്ഛന്‍ അല്‍ മദീനാ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ഐടി വിഭാഗം മേധാവിയാണ്. മൃദംഗവും സംഗീതവും യോഗയും മുടക്കമില്ലാതെ അഭ്യസിക്കുന്ന കാര്‍ത്തിക് കംപ്യൂട്ടര്‍ എന്‍ജിനീയര്‍ കൂടിയായ അമ്മ വഴി കാട്ടിയാണ്. ഐഐറ്റി യില്‍ നിന്ന് ബിരുദവും ഐഐഎമ്മില്‍ ബിരുദാനന്തര പഠനവും ലക്ഷ്യം വയ്ക്കുന്ന കാര്‍ത്തിക് അമ്മയോടൊപ്പം ഒരു വര്‍ഷം ഐഐറ്റി പ്രവേശന പരീക്ഷക്ക് തയാറെടുക്കുവാന്‍ പൂനയിലേക്ക് മാസാവസാനം യാത്രയാകും.

ഡല്‍മാ എനര്‍ജിയില്‍ ഉദ്യോഗസ്ഥനായ എറണാകുളം കളമശേരി അഞ്ജലിയില്‍ പി.ജി.മുരളീധരന്‍ -അജി ദമ്പതികളുടെ ഏക പുത്രനാണ് രണ്ടാം സ്ഥാനക്കാരനായ അശ്വിന്‍. കോണ്‍പൂര്‍ ഐഐറ്റി യില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ പ്രവേശനം ലക്ഷ്യം വയ്ക്കുന്ന അശ്വിന്‍ എറണാകുളം രാജഗിരിയില്‍ പ്രവേശനം ഉറപ്പിച്ചിട്ടുണ്ട്.

കൊമേഴ്‌സ് സ്ട്രീമില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്റ്റീവ് ജോര്‍ജ് പത്തനംതിട്ട ജില്ലയില്‍ മൈലപ്ര കരിംകുറ്റിക്കല്‍ ജോര്‍ജ് മാത്യു-ബീന 

ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ്. പിതാവ് ജോര്‍ജ് മസ്‌കറ്റ് ഹില്‍സ് റിസോര്‍ട്ടിന്റെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറായി ജോലി നോക്കുന്നു. ഗിത്താറില്‍ 

കഴിവ് തെളിയിച്ചിട്ടുള്ള സ്റ്റീവ് ഗാനങ്ങള്‍ ആലപിക്കുന്നതിലും തത്പരനാണ്. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ ബിബിഎക്ക് (എസിസിഎ ആന്‍ഡ് സിഎസ്) ചേര്‍ന്ന ഈ കൊച്ചുമിടുക്കന്റെ ഏക സഹോദരി ജൂലിയ കരോള്‍ ക്രൈസ്റ്റ് കോളജില്‍ തന്നെ സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ് കോഴ്‌സ് വിദ്യാര്‍ഥിയാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക