Image

ഭൂഗര്‍ഭ റെയില്‍വേ ഗതാഗതത്തിനായി തുറന്നു

Published on 01 June, 2016
ഭൂഗര്‍ഭ റെയില്‍വേ ഗതാഗതത്തിനായി തുറന്നു

 ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ആഴമുള്ളതുമായ ഭൂഗര്‍ഭ റെയില്‍വേ തുരങ്കം (ഗോര്‍ട്ട്ഹാര്‍ട്ട് ബേസ് ടണല്‍) സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഗതാഗതത്തിനായി ജൂണ്‍ ഒന്നിനു ഔദ്യോഗികമായി തറന്നുകൊടുത്തു. 

57.5 കിലോമീറ്റര്‍ (35 മൈല്‍) ദൂരമുള്ള ഇരട്ടപാതയാണ് ഈ തുരങ്കത്തിലൂടെ സജ്ജമാക്കിയിരിയ്ക്കുന്നത്. ആല്‍പ്‌സ് പര്‍വതത്തിന് അടിയില്‍ക്കൂടി നിര്‍മിച്ചിരിക്കുന്ന ടണല്‍ യൂറോപ്പിനെ വടക്കും കിഴക്കുമായി ഗതാഗതത്തിനായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ടണല്‍വഴി യൂറോപ്പിലെ ചരക്കു നീക്കത്തിന് വിപ്‌ളവം സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രണ്ടുപതിറ്റാണ്ടുകള്‍ കൊണ്ടു നിര്‍മിച്ച ടണലില്‍ക്കൂടി ഒരു വര്‍ഷത്തില്‍ ഓടുന്ന മില്യണ്‍ ലോറികളിലൂടെ നടത്തുന്ന ചരക്കു നീക്കം മേലില്‍ റെയില്‍പാതയിലൂടെ ആയിരിക്കും ഉണ്ടാവുക.

ഇതോടെ ലോകത്തിലെ ഏറ്റവും നീളംകൂടിയ ജപ്പാനിലെ സൈക്കന്‍ ടണല്‍ (നിര്‍മാണം 1988, 53.9 കിമീ നീളം) രണ്ടാം സ്ഥാനത്തേയ്ക്കും ബ്രിട്ടനേയും ഫ്രാന്‍സിനേയും ബന്ധിപ്പിക്കുന്ന ചാനല്‍ ടണല്‍ (നിര്‍മാണം 1994, 50.5 കി.മീ നീളം) മൂന്നാം സ്ഥാനത്തേയ്ക്കും തള്ളപ്പെട്ടു.

യുല്‍ഹിയോണ്‍ ടണല്‍, നിര്‍മാണം 2015 സൗത്ത് കൊറിയ, 50.3 കി.മീ, ലോട്ഷ്ബര്‍ഗ് ബേസ് ടണല്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, 2007, 34.6 കി.മീ, ന്യൂ ഗുവാന്‍ജിയാവോ ടണല്‍ ചൈന, 2014, 32.6 കി.മീ, ഗ്വാഡറാമാ ടണല്‍ സ്‌പെയിന്‍, 2007, 28.4 കി.മീ എന്നിവയാണ് ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള പ്രശസ്തമായ മറ്റു ടണലുകള്‍.

ഗോര്‍ട്ട്ഹാര്‍ട്ട് ബേസ് ടണലിന്റെ വടക്കന്‍ ഭാഗമായ എര്‍സ്റ്റ്‌ഫെല്‍ഡില്‍ നടന്ന ചടങ്ങില്‍ സ്വിസ് പ്രസിഡന്റ് യോഹാന്‍ ഷ്‌നൈഡര്‍ അമ്മാന്‍ ടണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യൂറോപ്പിന്റെ പുതിയ വിശേഷണമായി ടണല്‍ മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ്, ഇറ്റാലിന്‍ പ്രധാനമന്ത്രി റെന്‍സി, ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യാന്‍ കേണ്‍, യൂറോപ്യന്‍ കമ്മീഷന്‍ ക്‌ളൗദ് യുങ്കര്‍ തുടങ്ങിയ പ്രമുഖരുടെ നീണ്ടനിര ചടങ്ങിലുണ്ടായിരുന്നു. കലാ സാംസ്‌കാരികത വിളിച്ചോതുന്ന ഷോകളും ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. 

എര്‍സ്റ്റ്‌ഫെല്‍ഡില്‍ ആരംഭിക്കുന്ന ടണല്‍ അവസാനിക്കുന്നത് കിഴക്കുഭാഗത്തുള്ള ബോഡിയോ എന്ന പ്രദേശത്താണ്. മൈനുകളുടെ പേട്രണായ സെന്റ് ബാര്‍ബറായുടെ പ്രതിമയും ടണലില്‍ സ്ഥാപിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിനു രാവിലെ ടണലിന്റെ ആശീര്‍വാദവും നടത്തി. 

സര്‍ക്കാര്‍ 1992 ല്‍ സ്വിസ് പൗരന്മാരില്‍ ഹിതപരിശോധന നടത്തിയാണ് ടണല്‍ നിര്‍മിക്കാന്‍ അനുമതി നേടിയത്.ആല്‍പ്‌സിന്റെ മുകള്‍പ്പരപ്പില്‍ നിന്നും 2.3 കിമീ താഴ്ചയിലുള്ള ടണലിന്റ ഉള്ളില്‍ 46 ഡിഗ്രിയാണ് താപനില. ടണലില്‍ 73 തരം പാറകളുണ്ട്. 28 മെട്രിക് ടണ്‍ പാറ തുരന്നു നീക്കിയാണ് ടണല്‍ പൂര്‍ത്തീകരിച്ചത്. 12 ബില്യന്‍ ഡോളറാണ് നിര്‍മാണചെലവ്. 2600 ജോലിക്കാരാണ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. 4,000, 000 കുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് 17 വര്‍ഷത്തെ പ്രയത്‌നം കൊണ്ട് ടണല്‍ പൂര്‍ത്തീകരിച്ചു. ദിവസവും 269 ചരക്കു തീവണ്ടികളും 65 പാസഞ്ചര്‍ ട്രെയിനുകളും ഈ ടണലിലൂടെ ഇത്രയും (57.5 കി.മീ) ദൂരം താണ്ടുന്നത് 17 മിനിറ്റുകൊണ്ട് എന്നതും വളരെ ശ്രദ്ധേയം.

ഭാവിയില്‍ റോട്ടര്‍ഡാം, ജനീവ, ഇറ്റലി എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് റെയില്‍വേ സൗകര്യം വികസിപ്പിക്കും. അടുത്ത ഡിസംബറോടെ ഈ പാത പൂര്‍ണമായും ഗതാഗത യോഗ്യമാക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക