Image

ജോയി ജോണ്‍ വധം: ഷെറിന്റെ മൊഴികള്‍ പൊലീസിനെ ഞെട്ടിച്ചു

Published on 01 June, 2016
ജോയി ജോണ്‍ വധം: ഷെറിന്റെ മൊഴികള്‍ പൊലീസിനെ ഞെട്ടിച്ചു
ചെങ്ങന്നൂര്‍: സ്വത്തിനുവേണ്ടി മക്കള്‍ പിതാവിനെ വകവരുത്തിയ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍,   ആജന്മശത്രുവിനെപ്പോലെ മരിക്കുന്നതുവരെ പിതാവിനെ വെടിവെക്കുകയും മൃതദേഹം പല കഷണങ്ങളാക്കി അജ്ഞാത കേന്ദ്രങ്ങളില്‍ എറിയുകയും ചെയ്ത സംഭവം അപൂര്‍വമാണ്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണിന് മകന്‍ ഷെറിന്‍ ജോണ്‍ നല്‍കിയ അന്ത്യവിധി നിയമപാലന രംഗത്തെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഞെട്ടലുളവാക്കി. 

അല്‍പംപോലും പ്രായശ്ചിത്തമോ ഖേദമോ ഇല്ലാതെയാണ് ഷെറിന്‍ തന്റെ മൊഴികള്‍ ഒന്നൊന്നായി പൊലീസിന് മുന്നില്‍ നിരത്തിയത്. മൃഗത്തെ വെട്ടിനുറുക്കുന്നതുപോലെ പിതാവിന്റെ മൃതശരീരം പല കഷണങ്ങളാക്കി കാറില്‍ ഒളിപ്പിച്ച് രാത്രിയുടെ മറവില്‍ പല സ്ഥലങ്ങളില്‍ വലിച്ചെറിയാന്‍ കഴിയുന്ന മാനസികാവസ്ഥ ഒരു മകന് ഉണ്ടാകുക എന്നത് പൊലീസിന് ചിന്തിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു. പിണക്കങ്ങളും വൈരാഗ്യങ്ങളും ഒരുദിവസം കൊണ്ട് ഉണ്ടായതല്ല എന്നാണ് ഇതില്‍നിന്ന് അനുമാനിക്കുന്നത്. ഭാരിച്ച സ്വത്തിന്റെയും വസ്തുവകകളുടെയും അവകാശത്തര്‍ക്കം ജോയ് ജോണിന്റെ ദാരുണമായ അന്ത്യത്തിലേക്ക് എത്തിയതോടെ ഒട്ടേറെ കഥകളും നാട്ടില്‍ പരക്കാന്‍ തുടങ്ങി.

അമേരിക്കയില്‍ നല്ലനിലയില്‍ കഴിഞ്ഞിരുന്ന ജോയിയുടെ ആരാച്ചാരായി മകന്‍ മാറുകയായിരുന്നു. സ്വത്ത് തര്‍ക്കം മാത്രമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നില്ല. 2010ലാണ് ഷെറിന്‍ വിവാഹം കഴിച്ചത്. രണ്ടുവര്‍ഷത്തിനു ശേഷം വിവാഹബന്ധം ഒഴിഞ്ഞു. ബംഗളൂരു സ്വദേശിനിയായിരുന്നു ഭാര്യ. ആ ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ വിവാഹ ആല്‍ബവും വിഡിയോയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. പണത്തിന്റെയും ആധുനിക ജീവിതസാഹചര്യങ്ങളുടെയും ഉന്മാദാവസ്ഥയില്‍ ജീവിച്ച ഐ.ടി വിദഗ്ധന്‍ കൂടിയായ ഷെറിന്‍ എങ്ങനെ പിതാവിനെ നിഷ്ഠുരമായി കൊലപ്പെടുത്തുന്നതിന് വേണ്ട അവസ്ഥയിലേക്ക് എത്തി എന്നത് കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ മനസ്സിലാകൂ.

പൊലീസിന്റെ പിടിയിലായശേഷം പലതവണ മൊഴി മാറ്റിപ്പറയുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി എല്ലാം കരുതിക്കൂട്ടി ചെയ്തുവെന്ന മനോഭാവത്തിലാണ് പ്രതികരിച്ചത്. മൃതദേഹത്തിന്റെ മധ്യഭാഗത്ത് വയര്‍ കീറിയാണ് ഇയാള്‍ കത്തിച്ചത്. തിരുവനന്തപുരത്തുനിന്ന് മകനുമായി മടങ്ങിയ ജോയ് ജോണ്‍ സ്വത്തിനെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഷെറിനോട് പിണങ്ങിയത്രെ. നേരത്തേതന്നെ പിതാവിന്റെ നടപടികളെ ചോദ്യംചെയ്യുകയും തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്ത മകന്‍ മറ്റാരുമില്ലാത്ത അവസരത്തില്‍ നേരത്തേ നിശ്ചയിച്ച മാനസിക തീരുമാനം നടപ്പാക്കുകയായിരുന്നു.

ജോയ് ജോണിന്റെ വലതുകൈ 31-ാം തീയതി ഉച്ചയോടെ പമ്പാനദിയിലെ മാന്നാര്‍ പാവുക്കര ചിറയില്‍ കടവില്‍ നിന്നു ലഭിച്ചിരുന്നു. മല്‍സ്യബന്ധനം നടത്തിവന്ന തൊഴിലാളികളാണു കൈ കണ്ടത്. ഒഴുകിപ്പോകാതിരിക്കാന്‍ പായലും ചെറുചുള്ളി കമ്പുകളും ഉപയോഗിച്ചു തടഞ്ഞു നിര്‍ത്തിയ ശേഷം അവര്‍ പൊലീസില്‍ അറിയിച്ചു. മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി കോട്ടപള്ളത്തിനു സമീപത്തെ വീടിന്റെ പറമ്പില്‍ നിന്നു പൊലീസ് കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ മകന്‍ ഷെറിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഷെറിനുമായി തെളിവെടുപ്പ് നടത്തുമെന്ന് ഡി.വൈ.എസ്.പി കെ.ആര്‍. ശിവസുതന്‍ പിള്ള പറഞ്ഞു. അമേരിക്കന്‍ പൗരനായതിനാല്‍ ഷെറിനെ അറസ്റ്റ് ചെയ്ത വിവരം അമേരിക്കന്‍ കോണ്‍സുലേറ്റില്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. 

കണ്ടെടുത്ത കത്തി തന്നെയാണോ കൊല്ലാനുപയോഗിച്ചതെന്നതു സംബന്ധിച്ചു കൂടുതല്‍ പരിശോധന നടത്തേണ്ടിവരും. പോസ്റ്റ്‌മോര്‍ട്ടത്തിനു മുന്‍പായി ജോയിയുടെ മക്കളായ ഡോ. ഷെറിലും ഡോ. ഷേര്‍ളിയും ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. ഷെറിന്‍ വെടി വയ്ക്കാന്‍ ഉപയോഗിച്ച തോക്കു സംബന്ധിച്ചു പൊലീസിനു സംശയമുണ്ട്. ഒന്നില്‍ കൂടുതല്‍ തോക്കുകള്‍ ഷെറിന്റെ പക്കല്‍ ഉണ്ടായിരുന്നെന്നാണു സൂചന. പിതാവിന്റെ പക്കലുള്ള തോക്ക് ഷെറിനില്‍ നിന്നു കണ്ടെടുത്തിരുന്നു. എന്നാല്‍, വെടി വയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഷെറിന്‍ നശിപ്പിച്ചു കളഞ്ഞതായാണു സംശയം. മൃതദേഹവും കത്തിയും ഉപേക്ഷിക്കുകയും തുണി കത്തിച്ചുകളയുകയും ചെയ്ത ഷെറിന്‍ തോക്കു മാത്രം കൈയില്‍ സൂക്ഷിച്ചെന്നു പൊലീസ് കരുതുന്നില്ല.

ജോയി ജോണ്‍ വധം: ഷെറിന്റെ മൊഴികള്‍ പൊലീസിനെ ഞെട്ടിച്ചു
Join WhatsApp News
Texan American 2016-06-01 14:13:32
Editor, please remove the picture. No US papers will publish pics like this. Please. That will disturb some people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക