Image

ഫോമാ കണ്‍വന്‍ഷന് കൂടുതല്‍ രജിസ്‌ട്രേഷന്‍, എല്ലാം ഭംഗിയായി മുന്നേറുന്നു: ആനന്ദന്‍ നിരവേല്‍

Published on 29 May, 2016
ഫോമാ കണ്‍വന്‍ഷന്  കൂടുതല്‍ രജിസ്‌ട്രേഷന്‍, എല്ലാം ഭംഗിയായി മുന്നേറുന്നു: ആനന്ദന്‍ നിരവേല്‍
മയാമി: ഫോമാ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പ്രതീക്ഷിച്ചപോലെ ഭംഗിയായി മുന്നേറുന്നുവെന്നു പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍. പ്രതീക്ഷിച്ചതിലും 20 ശതമാനം പേര്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നഷ്ടം വരാത്ത കണ്‍വന്‍ഷന്‍ എന്നതാണ് പ്രതീക്ഷ. കാന്‍സര്‍ പ്രൊജക്ടിനു ഉദ്ദേശിച്ച ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ സമാഹരിക്കാനായി. അതില്‍ 50,000 ഡോളര്‍ കൊടുത്തു. ബാക്കി പണി തീരുന്ന മുറയ്ക്ക് നല്‍കും.

നാട്ടില്‍ നിന്ന് ഒരു മ്യൂസിക് ബാന്‍ഡ്, മജീഷ്യന്‍, മൈന്‍ഡ് റീഡര്‍ തുടങ്ങി ഏതാനും പ്രോഗ്രാമുകള്‍ കൂടി ഉള്‍പ്പെടുത്തുന്നുണ്ട്. അവര്‍ക്ക് വിസ കിട്ടിയശേഷം പരസ്യപ്പെടുത്താമെന്നു കരുതി. വിജയ് യേശുദാസിന്റെ ഗാനമേള നേരത്തെ തീരുമാനിച്ചതാണ്. നടന്‍ സുരാജ് വെഞ്ഞാറമൂടിനും യാത്രാരേഖകള്‍ ലഭിച്ചു.

തോറ്റാലും ജയിച്ചാലും വരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞതാണ്. പക്ഷെ അദ്ദേഹത്തേയോ, മന്ത്രിമാരേയോ കിട്ടുമോ എന്ന് ഉറപ്പില്ല. ഏതു രാഷ്ട്രീയ നേതാവാണ് വരികയെന്നത് ഉറപ്പിച്ചിട്ടില്ല.

ഫോമാ ഇലക്ഷന്റെ പശ്ചാത്തലത്തിലുള്ളതാണ് പ്രസ് ക്ലബുമായുള്ള പ്രശ്‌നങ്ങള്‍. ഏതാനും മാധ്യമങ്ങള്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. നാലു മുറി നല്‍കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ കൊടുക്കാനാവില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയൊന്നുമില്ല.

വാര്‍ത്തകള്‍ ബഹിഷ്‌കരിക്കുമെന്നതൊന്നും പ്രശ്‌നമല്ല. ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പുമില്ല. മീഡിയ വരരുതെന്നൊന്നും പറഞ്ഞിട്ടില്ല. പ്രസ് ക്ലബ് ഭാരവാഹികളുമായി സംസാരിച്ചതുമാണ്.

ഫോമയ്ക്ക് ബജറ്റുണ്ട്. ആനന്ദന്റെ ബജറ്റുമുണ്ട്. അതിനപ്പുറം സാമ്പത്തിക ഭാരം ഏറ്റെടുക്കാനാവില്ല. മറ്റാര്‍ക്കെങ്കിലും സാമ്പത്തിക സൗകര്യം ചെയ്യാനാവുമെങ്കില്‍ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും വിരോധമില്ല.

ഫോമ ഇലക്ഷന്റെ ഭാഗമാണ് ഇതെല്ലാം. ഇത്രയധികം വാശി ദോഷമാണ്. മത്സരം തന്നെ ഉണ്ടാകരുതെന്ന പക്ഷക്കാരനാണ് താന്‍. ഇലക്ഷന്‍ വന്നാല്‍ വാശിയും വീറും ഉണ്ടാകും.

ഇലക്ഷനില്ലായിരുന്നുവെങ്കില്‍ ഏറ്റവും മികച്ച കണ്‍വന്‍ഷനായിരിക്കും മയാമിയില്‍ നടക്കുക. ഇലക്ഷന്‍ ഉപയോഗിച്ച് കണ്‍വന്‍ഷനെ ദുര്‍ബലപ്പെടുത്തുന്ന സ്ഥിതിയുണ്ട്.

ഈ പ്രശ്‌നങ്ങളെല്ലാം കണ്‍വന്‍ഷനെ ബാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കേണ്ട സ്ഥിതിവരുന്നതിനാല്‍ കണ്‍വന്‍ഷനില്‍ മാത്രം ശ്രദ്ധിക്കാനാവുന്നില്ല.

ഇലക്ഷന്‍ കാരണം ഒരു രജിസ്‌ട്രേഷന്‍ പോലും കൂടിയിട്ടില്ല. ഫിലാഡല്‍ഫിയ കണ്‍വന്‍ഷനുമായുള്ള വ്യത്യാസം അതാണ്. ഫാമിലിയായി വരുന്നവര്‍ പലരും ഇലക്ഷന്‍ കാരണം ഒറ്റയ്ക്കു വരികയോ, ഇലക്ഷനു ബന്ധപ്പെട്ടവരുമായി വരുന്ന സ്ഥിതിയോ ആയി. ഫാമിലി കണ്‍വന്‍ഷനാണ് താന്‍ ആഗ്രഹിച്ചത്. അത് എത്രകണ്ട് ഫലവത്താകുമെന്ന് അറിയില്ല.

ഡെലിഗേറ്റുകളായി തന്റെ രണ്ടു മക്കളെ കൊണ്ടുവരുമെന്നു പറയുന്നത് സത്യം തന്നെയാണ്. അവര്‍ താമസിക്കുന്നത് ജാക്‌സണ്‍ വില്ലിലാണ്. അവിടെ അസോസിയേഷന്‍ അംഗങ്ങളാണവര്‍. അസോസിയേഷന്‍ പ്രസിഡന്റ് സര്‍ട്ടിഫൈ ചെയ്ത അംഗങ്ങളാണവര്‍. പ്രസിഡന്റിനെ എന്റെ സ്വന്തം ചെലവില്‍ കൊണ്ടുവന്ന് ഇക്കാര്യങ്ങളൊക്കെ ജനറല്‍ബോഡിയില്‍ വിശദീകരിക്കും.

ഡെലിഗേറ്റ് ലിസ്റ്റ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്ക് എപ്പോള്‍ കൊടുക്കണമെന്ന് ബൈലോയില്‍ പറയുന്നില്ല. ഡെലിഗേറ്റുകളാകാനുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 10 ആണ്. പിറ്റേന്നു രാവിലെ 8 മണിക്കു മുമ്പായി ലിസ്റ്റ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് ഇമെയില്‍ വഴി ലഭിച്ചിരിക്കും. അതിനു ശേഷവും ഇലക്ഷന് ഒരു മാസത്തോളമുണ്ട്. കുറച്ചു പേരുടെ ലിസ്റ്റ് ഇപ്പോഴും, ബാക്കി പിന്നെയും കൊടുക്കുന്നതു ശരിയല്ല.

ഇലക്ഷനില്‍ ഒരു വിഭാഗത്തേയും താന്‍ പിന്തുണയ്ക്കുന്നില്ല. എല്ലാവരുടെ കൂടെ നിന്നും ഫോട്ടോ എടുക്കും. അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. ആര്‍ക്കുവേണ്ടിയും വോട്ട് ചോദിക്കാന്‍ പോയിട്ടില്ല. അങ്ങനെ ചെയ്യെരുതെന്ന് ചട്ടമൊന്നുമില്ല. ഒരു ഗ്രൂപ്പിന്റെ ഭാഗമായി തന്നെ ചിത്രീകരിക്കുന്നുണ്ട്.

തനിക്കെതിരേ അഴിമതി ആരോപിച്ച് ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ കണ്ടു. അതിനും കൊടുത്തു ഒരു ലൈക്ക്.

ഫോമ പിളര്‍പ്പിലേക്കാണോ നീങ്ങുന്നതെന്നു പറയാനുള്ള മാന്ത്രികശക്തിയൊന്നും തനിക്കില്ല. സംഘടനയെ സ്‌നേഹിക്കുന്നവര്‍ അങ്ങനെ ആലോചിക്കുകപോലും ചെയ്യും എന്നു കരുതുന്നില്ല.

പഴയ ഫൊക്കാനയുടെ സ്ഥിതിയിലേക്ക് ഫോമ പോകുന്നു എന്നു പറയാനാവില്ല. എന്നാല്‍ ഫൊക്കാനയുടെ സാന്‍ഹൊസെ കണ്‍വന്‍ഷനു (2000) തൊട്ടു മുമ്പിലുള്ള സ്ഥിതിയിലാണ് കാര്യങ്ങള്‍ എന്നു പറയാം. അന്നത്തെ പലരും ഇപ്പോഴും നേതൃരംഗങ്ങളിലുണ്ട്.

കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ പോകണം എന്നാണാഗ്രഹം. വീട്ടില്‍ നിന്നു പണം കൊണ്ടുവരാതെ ആര്‍ക്കും നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന് തെളിയിക്കാനാണത്.

എന്തായാലും ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ട്. എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക